ഓണം വരവായി
Saturday, August 26, 2023 12:06 PM IST
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃഷിപ്പണികൾ തുടങ്ങിയാൽ ചിങ്ങമാസമാണു വിളവെടുപ്പുകാലം. ഓണക്കൊയ്ത്ത്, ചിങ്ങക്കൊയ്ത്ത് എന്നെല്ലാം ഇതിനു പേരുമുണ്ട്.
ചിലപ്പോൾ ഇതു കന്നിമാസം വരെ നീളുമെന്നതിനാൽ കന്നിക്കൊയ്ത്ത് എന്നും പറയും. പ്രധാന കൃഷിക്കാലം ആരംഭിക്കുന്നത് അശ്വതി ഞാറ്റുവേലയിലും അവസാനിക്കുന്നതു മകം ഞാറ്റുവേലയിലുമാണ്.
കേരളത്തിന്റെ നെല്ലറകളായ കുട്ടനാട്ടിലും പാലക്കാട്ടും ഇക്കാലം ബൃഹത്തായ വിളവെടുപ്പുകാലമാണ്. എല്ലാ ദുരിതങ്ങളും നിശബ്ദം സഹിച്ച് അധ്വാനത്തിന്റെ താളത്തിൽ മുറുകെപ്പിടിച്ചു വിളവെടുപ്പോളം എത്തിക്കുന്ന കർഷക സമൂഹത്തിന്റെ ആഘോഷവേള.
പണ്ടു കുട്ടനാട്ടിലും മറ്റും കർഷകർ കുടുംബസമേതം വള്ളങ്ങളിലാണു പാടശേഖരങ്ങളിലേക്കു പോയിരുന്നത്. കുറച്ചുനാൾ താമസിക്കാനുള്ള വസ്തുക്കൾ കരുതിയിട്ടുമുണ്ടാകും. പാടശേഖരത്തിനടുത്തു താത്കാലിക വാസസ്ഥലങ്ങളൊരുക്കി താമസിച്ചാണു വിളവെടുപ്പും മറ്റും നടത്തിയിരുന്നത്.

ഇതിനടുത്ത് ഒരുക്കിയിരിക്കുന്ന മെതിക്കളങ്ങളിലാണു വിളവെടുത്ത കറ്റകൾ മെതിച്ചെടുത്തിരുന്നത്. പൊലിയോ പൊലി എന്നു പാടിക്കൊണ്ടുള്ള കറ്റമെതിക്കൽ പലപ്പോഴും ദിവസങ്ങളോളം നീളും. വലിയ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു അത്.
വിളവെടുപ്പുകാലം എന്നതു മാത്രമല്ല ചിങ്ങത്തിന്റെ പ്രാധാന്യം. ചിങ്ങക്കൊയ്ത്തിന്റെ വിളവ് അടുത്ത ഒരു വർഷത്തേയ്ക്കു സൂക്ഷിച്ചു വയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതും നടീൽ കാലത്തിനു വേണ്ടി കാന്പും കാതലുമുള്ള വിത്തുകൾ ശേഖരിച്ചു സൂക്ഷിക്കുന്നതും ഇക്കാലത്താണ്.
വിളവെടുപ്പിനു മുന്പാണ് നിറ. കർക്കടകത്തിലെ ആദ്യ ഞായറാഴ്ചയാണ് അത്. പൂർണചന്ദ്രനുശേഷം വരുന്ന ഈ ദിവസം ഇല്ലം നിറ ആണ്. നെല്ല് ധാന്യപ്പുരകളിലും പത്തായപ്പുരയിലുമൊക്കെ സംഭരിക്കുന്നതിന്റെ തുടക്കം.
ഉത്തര മലബാറിൽ ഉത്രാടം വരെ നിറ നീളും. കാസർഗോഡ് ഭാഗത്ത് ഉത്രാടനിറ എന്നാണ് ഇത് അറിയപ്പെടുന്നത്. നിറയെത്തുടർന്ന് ആദ്യം വിളവെടുക്കുന്ന നെല്ല്-പുത്തരി ഉപയോഗിച്ചാണ് പുന്നെല്ലരി നിവേദ്യം തയാറാക്കുന്നത്.
പുത്തരി പായസം, പുത്തരി ചോറ്, പുത്തരി അവൽ എന്നിവയും ഇതുപയോഗിച്ചു തയാറാക്കും. പുത്തരി തന്നെ രണ്ടു വിധത്തിലുണ്ട് ചെറിയ പുത്തരിയും വലിയ പുത്തരിയും. ചിലയിടങ്ങളിൽ ഓണം പോലെ തന്നെ ആഘോഷമായി കൊണ്ടാടിയിരുന്നു പുത്തരിയും.
കർക്കടകത്തിൽ രണ്ടോണം-ഇല്ലന്നറയും പുത്തരിയും എന്നാണ് പഴഞ്ചൊല്ല്. ഇത്തരത്തിൽ ഓണത്തെ ഒരു കാർഷികോത്സവമായി ഊട്ടിയുറപ്പിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അനവധി.
ഓണം ഒരു പാരന്പര്യം
ഓണം ഒരു പാഠമാണ്. ഒരുപാട് നട്ടറിവുകളും കഥകളും ഈട്ടംകൂടിയ ഒരു പാഠം. മലയാളികൾക്ക് ഓണം ഒരാഘോഷം മാത്രമല്ല. അതൊരു പാരന്പര്യം കൂടിയാണ്. സംസ്കാരമാണ്, ജീവിതശൈലിയാണ്, അനുഷ്ഠാനമാണ്, പൈതൃകവും മനോഭാവുമാണ്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാബന്ധത്തിന്റെ ആവിഷ്കാരമാണ് ദേശീയോത്സവമായ ഓണം. ഇതിനെല്ലാമുപരി ഓണം ഒരു കാർഷികോത്സവമാണ്. ഏതു പ്രതിസന്ധിക്കിടയിലും ഓണനിലാവും ഓണപ്പൂക്കളുമായി പ്രകൃതി പോലും വിളവെടുപ്പിനൊരുങ്ങി നിൽക്കുന്ന കാലം.
ഓണപ്പഴമയും ഓണപ്പെരുമയും എത്ര പറഞ്ഞാലും തീരില്ല. ഓണം എന്നതു നിത്യവും പുതുമ തേടുന്ന ഒരു പാരന്പര്യമാണ്.
പ്രകൃതിയിലെ സസ്യലതാദികളാലും ഫലമൂലാദികളാലും മനസിനോട് ഇഴചേർന്ന് ഉർവരതയുടെ പര്യായമായി ആഘോഷിക്കുന്ന ഈ കാർഷികോത്സവം മണ്ണിനു മുന്നിൽ നമ്രശിരസ്കനാകുന്ന കർഷകന്റെ ആത്മാവിനെയാണു സംവഹിക്കുന്നത്.
പച്ചപ്പരവതാനി വിരിച്ച പാടശേഖരങ്ങളിൽ തുടങ്ങി അടുക്കളപ്പുറത്തെ കറിവേപ്പിലയിൽ വരെ കർഷകന്റെ വിയർപ്പുവീണു സഫലമായ ഹരിതാഭസമൃദ്ധിയുടെ നേർക്കാഴ്ച കൂടെയാകുന്നു ഓരോ ഓണക്കാലവും.
ശോഭ പകരും പൂക്കളങ്ങൾ
പൂക്കളം ഒരുക്കിയാണ് ഓണഘോഷത്തിന്റെ തുടക്കം. പാറപ്പരപ്പുകളിൽ നീലവസന്തം തീർക്കുന്ന കാക്കപ്പൂവ്, തോടുകളിലും കുളങ്ങളിലും വിടർന്നുല്ലസിക്കുന്ന ആന്പലും താമരയും, പൊന്തക്കാടുകളെ വർണാഭമാക്കുന്ന
കൃഷ്ണകിരീടവും വട്ടപ്പെരുവലവും പാതയോരങ്ങൾക്കു നിറച്ചാർത്ത് പകരുന്ന കാശിത്തുന്പയും മേന്തോന്നിയും തകരയും തുടങ്ങി അന്യം നിന്നുപോകുന്ന നെല്ലിപ്പൂവും കാതിൽപ്പൂവും ചേരണിപ്പൂവും കരിംകൂവളവും തുടങ്ങി വയൽപ്പൂക്കളുടെ നീണ്ട നിര തന്നെയുണ്ട് പൂക്കളങ്ങൾക്കായി.

ഭൂമിക്ക് ശോഭ പകരുന്ന ചിത്രകല എന്നാണു പൂക്കളങ്ങളെ വിശേഷിപ്പിക്കുന്നത്. വൃത്താകൃതിയിലോ അർധവൃത്താകൃതിയിലോ മെഴുകിയ കളങ്ങളിൽ വിവിധ രൂപങ്ങളിൽ പൂക്കളമൊരുക്കുക ഓണക്കാലത്തെ ഒരു പ്രധാന ചടങ്ങാണ്.
ഇതിന് ഒട്ടനവധി പ്രാദേശിക ഭേദങ്ങളും സങ്കല്പഭേദങ്ങളുമുണ്ട്. അത്തം വരുന്നത് ഏതാഴ്ചയാണോ അതിനനുസരിച്ചു പൂക്കൾ തെരഞ്ഞെടുക്കുന്ന രീതിയും ചിലയിടങ്ങളിലുണ്ട്. ഇതു സൂചിപ്പിക്കുന്ന ഒരു പഴയ പാട്ട് ശ്രദ്ധിക്കുക.
അൻപെഴും തൂന്പപ്പൂ തിങ്കളാഴ്ച്ച
കൊന്പനം ചെന്പരത്തി ചൊവ്വാനാളിൽ
കൂന്പിലേം പൂവും ബുധനൊരുക്കാൻ
വസനശോകപ്പൂ വ്യാഴനാകാം
തങ്കപ്പൂ വെള്ളിക്കു ചേരുമല്ലോ
ഇന്ദ്രനീലപ്പൂ ശനിക്കു തന്നെ
ചെന്പനരളിപ്പൂ ഞായറാഴ്ച
മങ്കമാരെല്ലാമെറിഞ്ഞു കൊള്ളൂ...
മലയാളിക്ക് ഓണം കൂടാൻ പൂക്കളം അവിഭാജ്യമെങ്കിലും കേരളത്തിൽ ഇനിയും അതിനു വേണ്ടത്ര പൂക്കൾ ഇറുത്തെടുക്കാനുണ്ടോ എന്ന സംശയം ബാക്കിയാണ്. നാട്ടുപൂക്കളിൽ നല്ലൊരു പങ്കും കളമൊഴിഞ്ഞു. വിദേശപൂച്ചെടികളാവട്ടെ വേണ്ടത്ര തോതിൽ നമ്മുടെ മണ്ണിൽ വേരോടിയതുമില്ല.
ചിങ്ങമാസത്തിലെ തെളിഞ്ഞ കാലാവസ്ഥയാണ് പണ്ടുമുതൽക്കേ ഓണക്കാലത്തിന് പശ്ചാത്തലമൊരുക്കിയിരുന്നത്. അധികം ചൂടും തണുപ്പുമില്ലാത്ത സമശീതോഷ്ണമായ കാലാവസ്ഥയാണിത്.
ഋതുഭേദങ്ങളിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണു കാർഷികോത്സമായ ഓണത്തിന് വേദിയൊരുക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി രാജ്യത്താകെ സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനം ആഘോഷങ്ങളുടെ മാത്രമല്ല സാധാരണഗതിയിലുള്ള മനുഷ്യജീവിതത്തിന്റെ തന്നെ മാറ്റു കുറച്ചു എന്നു പറയാതെ വയ്യ.
കാലവും കണക്കും തെറ്റിയെത്തുന്ന മഴ ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുന്നതു നെൽകൃഷിയെയാണ്. സാധാരണഗതിയിൽ ഏപ്രിൽ അവസാനത്തോടെ വിത്ത് വിതച്ച് ഓഗസ്റ്റ് മൂന്നാമത്തെ ആഴ്ചയാകുന്പോഴേക്കും കൊയ്യാൻ പാടങ്ങൾ ഒരുങ്ങി നിൽക്കേണ്ടതാണ്.
എന്നാൽ വേണ്ടത്ര മഴ കിട്ടാതെ വരണ്ടുണങ്ങിയ പാടത്ത് എങ്ങനെയാണ് ഏപ്രിലായാലും മെയ് ആയാലും വിത്ത് വിതയ്ക്കാൻ കഴിയുക? അപ്പോൾതന്നെ വിതയ്ക്കൽ വൈകി ജൂണോളം നീളുന്നു.
അങ്ങനെ വന്നാൽ, കൊയ്ത്ത് ഒക്ടോബർ-നവംബറിലേക്ക് മാറുകയായി. ഇതിനെല്ലാം പുറമെ അപ്രതീക്ഷിതമായി ഓഗസ്റ്റിലുണ്ടാകുന്ന പ്രളയം നെൽച്ചെടികളെ പാടേ നശിപ്പിക്കാനും മതി.
ഓണനെല്ല് എന്ന പതിവു സങ്കല്പം തന്നെ പാടേ മാറ്റിമറിക്കുന്ന കാലാവസ്ഥവ്യതിയാനം എങ്ങനെയാണ് നാം കണ്ടില്ല എന്നു നടിക്കുക.
മാറിമാറി അരങ്ങേറുന്ന വരൾച്ചയും വെള്ളപ്പൊക്കവും ഒക്കെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നതും പ്രതിസന്ധിയിലാക്കുന്നതും കാർഷികമേഖലയെയും കർഷകരെയുമാണ്.
അസ്ഥിരമായ മഴക്കാലമാണ് ഒരു പക്ഷെ കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളുടെയെല്ലാം ആണിക്കല്ല് എന്നു സമ്മതിച്ചേ തീരൂ.
വെള്ളത്തിന്റെ സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെടുത്തുന്ന മനുഷ്യന്റെ ഇടപെടലുകൾ അനുദിനം വർധിച്ചുവരുന്ന നഗരവത്കരണം, കൃഷിരീതികളിൽ സംഭവിച്ച വ്യതിയാനം, ഭൂവിനിയോഗത്തിൽ സംഭവിച്ച വ്യത്യാസങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം കനത്ത മഴ വീഴുന്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ ശതഗുണീഭവിച്ചിട്ടേയുള്ളൂ.
പ്രളയങ്ങളും മണ്ണിടിച്ചിലുമൊക്കെ കേരളത്തിൽ വാർഷിക പരിപാടികൾ പോലെ അരങ്ങേറുന്നു. കാലാവസ്ഥാവ്യതിയാനം ഒരു യാഥാർഥ്യമായിരിക്കുന്നു എന്നാണു വർത്തമാനകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും പഠിപ്പിക്കുന്നതും.
അങ്ങനെയെങ്കിൽ ഈ സാഹചര്യത്തെ അഭിമുഖീകരിക്കാനും യഥോചിതം മാറി കടക്കാനും ഒറ്റപോംവഴി മാത്രമേ നമ്മുടെ മുന്നിലുള്ളൂ.
കാലാവസ്ഥയുടെ അപ്രതീക്ഷിതമായ മാറ്റങ്ങളെ നേരിടാൻ പ്രാപ്തമായ കാലാവസ്ഥാവ്യതിയാന പ്രതിരോധ തന്ത്രങ്ങളിൽ കാർഷക സമൂഹത്തെ പ്രാപ്തമാക്കുക.
ഈയൊരു പ്രതിരോധമനസ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്കും പകർന്നു നൽകാൻ കഴിഞ്ഞാൽ മാത്രമേ വരും കാല ഓണങ്ങൾക്കും പകിട്ടും പൊലിമയും കാത്തുവയ്ക്കാൻ നമുക്ക് കഴിയുകയുള്ളൂ.
ഫോണ്: 9446306909
സുരേഷ് മുതുകുളം
പ്രിൻസിപ്പൽ
ഇൻഫർമേഷൻ ഓഫീസർ (റിട്ട.)
ഫാം ഇൻഫർമേഷൻ ബ്യൂറോ