ഏത്തവാഴയിൽ കേമൻ പെടലമറിയൻ
Thursday, August 24, 2023 1:27 PM IST
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു പോലെ തന്നെ വിളവൊത്തു കിട്ടിയാൽ ഓരോ കുലയും 35 കിലോയോളം തൂക്കം വരും.
കൃഷ്ണനും രാധയ്ക്കും വിശ്രമമില്ലാത്തതുപോലെ അവർ മണ്ണിനെയും വെറുതെയിടാറില്ല. ഒരുവിള തീരുന്നതിനുമുന്പ് അടുത്തത് എന്നതാണ് ദന്പതികളുടെ രീതി.
ഇവരുടെ മൂന്നേക്കറോളം വരുന്ന കൃഷിയിടത്തിൽ കഴിഞ്ഞ സീസണിൽ 64 ഇനം പച്ചക്കറികളാണു വിളയിച്ചെടുത്തത്. പച്ചക്കറികൾ തീർന്നതോടെയാണ് പെടലമറിയൻ വാഴയും ആറുമാസ കപ്പയും കൃഷി ചെയ്യുന്നത്. കപ്പയ്ക്ക് ഇടവിളയായി ബീൻസുമുണ്ട്.

ഹൈറേഞ്ചിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ആറുമാസ കപ്പ. വെയിൽ ആയാലും മഴയായാലും രാവിലെ ആറിനു കൃഷിയിടത്തിലെത്തിയാൽ ഇരുട്ട് വീഴുന്നതു വരെ ഇരുവരും അവിടെയുണ്ടാകും.
കേരളത്തിലെ എല്ലാ ജില്ലകളിലേയും മറ്റു സംസ്ഥാനങ്ങളിലേയും കർഷകരുമായി ഫോണ് വഴി കൃഷി അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൃഷ് ണൻ, അവരുടെ അനുഭവ സന്പത്തും കേട്ടറിഞ്ഞ് കൃഷി നടത്തുന്നതിനാൽ നൂറുമേനി വിളവാണു ലഭിക്കുന്നത്.
രാജാക്കാട് വിഎഫ്പിസികെയുടെ കർഷക ചന്തയിൽ തന്റെ വിളകൾ വിൽക്കുന്നതിനൊപ്പം ദൂരദേശങ്ങളിൽ നിന്നു വ്യാപാരികൾ നേരിട്ടെത്തി മികച്ച വില നൽകി പച്ചക്കറികൾ വാങ്ങിക്കൊണ്ടു പോകുകയും ചെയ്യു ന്നു. അതിനാൽ വിപണി അദ്ദേഹത്തിനൊരു പ്രശ്നമല്ല.
കൂർക്ക, തക്കാളി, ബീറ്റ് റൂട്ട്, കാരറ്റ്, കോളിഫ്ളവർ, നിലക്കടല, വൻകടല, എള്ള്, സവോള, മല്ലി വിവിധതരം പയറുകൾ, ചേന്പ്, ചേന, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി, കടുക്, സൂര്യകാന്തി, തുടങ്ങിയ വിളകളാണ് കഴിഞ്ഞ സീസണിൽ വിളയിച്ചെടുത്തത്.
അടുത്ത സീസണിൽ 101 ഇനം വിളകളാണ് ലക്ഷ്യമിടുന്നത്. അതി നുള്ള മുന്നൊരുക്കങ്ങൾ ഇരുവരും തുടങ്ങിക്കഴിഞ്ഞു. കൃഷിഭവൻ, പഞ്ചായത്ത്, ബ്ലോക്ക്, വിഎഫ് പിസികെ എന്നിവിടങ്ങളിൽ നിന്ന് മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഫോണ്: 9544680520
ജിജോ രാജകുമാരി