ചില്ലറക്കാരനല്ല വാഴ നാര്
Wednesday, June 7, 2023 12:03 PM IST
നേന്ത്രനോ, ഞാലിപ്പൂവനോ, പാളയൻകോടനോ എന്തുമാവട്ടെ, വിളവെടുപ്പ് കഴിഞ്ഞാൽ വാഴപ്പിണ്ടിയും വാഴയിലയും എവിടെ തള്ളുമെന്നു തലപുകയ്ക്കുന്നവരാണു കർഷകരിലേറെയും. അവയൊന്നും അങ്ങനെ തള്ളിക്കളയേണ്ടതല്ലെന്നും അതിൽ നിന്നൊക്കെ നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാമെന്നും ശാസ്ത്രീയമായി തെളിയിച്ചിട്ടു വർഷങ്ങൾ പലതു കഴിഞ്ഞു.
എന്നാൽ, അതിനു വേണ്ടത്ര പ്രചാരണം ലഭിച്ചോ എന്ന ചോദ്യം മാത്രം ബാക്കിയാണ്. വാഴനാരിൽ നിർമിച്ച ഹാൻഡ്ബാഗ്, പായ, മേശവിരി, സെർവിംഗ് ട്രേ, ഫ്രൂട്ട് ബാസ്കറ്റ്, ഫ്ളവർവെയ്സ്, വിളക്ക്, ഷേഡുകൾ, ചുമർ അലങ്കാരങ്ങൾ എന്നിങ്ങനെ എത്രയെത്ര ശ്രദ്ധേയമായ ഉത്പന്നങ്ങൾ.
യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്കു വൻ ഡിമാൻഡാണ്. ഇതു മുതലെടുക്കാൻ കഴിഞ്ഞാൽ നമ്മുടെ കർഷകരുടെ ജീവിത നിലവാരം എത്ര ഉയരത്തിലാകും!. ഇന്ത്യയിൽ തന്നെ ആദ്യത്തെ വാഴപ്പഴ വിതരണ ശൃംഖല സൃഷ്ടിച്ച മലയാളികളുടെ സ്റ്റാർട്ടപ്പ് ഗ്രീനിക്ക്, വാഴപ്പിണ്ടിയിൽ നിന്നു വാഴ നാര് വേർതിരിച്ചെടുത്തു വിവിധ ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിച്ചു തുടങ്ങി.

ഒപ്പം ആഭ്യന്തര, ആഗോള വിപണികളിൽ ഈ ഉത്പന്നങ്ങളോടുള്ള താത്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, സംരംഭകർക്കും കരകൗശല വിദഗ്ധർക്കും ആവശ്യത്തിനു വാഴ നാര് എത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നു ഗ്രിനിക്ക് സ്ഥാപകരായ ഫാരിഖ് നൗഷാദും പ്രവീണ് ജേക്കബും അറിയിച്ചു.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ചെറുകിട സംരംഭകർക്കു പരിശീലനം നൽകുന്നതിനും വാഴ നാരുകൾ വിപണിയിൽ ലഭ്യമാക്കുന്ന തിനുള്ള ക്രമീകരണങ്ങളും ഗ്രീനിക്ക് ഇതിനകം ചെയ്തിട്ടുണ്ട്.
ഒരു വശത്ത് തോട്ടങ്ങളിൽ വാഴപ്പിണ്ടികൾ വെറുതേ വെട്ടിയരിഞ്ഞു കുഴിച്ചു മൂടുന്പോൾ, മറുവശത്ത് വർഷങ്ങളായി വാഴ നാരിൽ നിന്നു ഹാൻഡ് ബാഗ് നിർ മിച്ചുകൊണ്ടിരുന്ന എറണാകുളത്തെ ഒരു യൂണിറ്റ് വേണ്ടത്ര അസംസ്കൃത വസ്തു ലഭിക്കാത്തതിനെത്തുടർന്നു ഉത്പാദനം നിർത്തിവയ്ക്കേണ്ട സ്ഥിതി പോലുമുണ്ടായി.
ഇവിടെയാണു സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഇടപെടൽ ആവശ്യമായി വരുന്നത്. വൻതോതിൽ വാഴ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നു വാഴനാര് ശേഖരിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചാൽ അതു കർഷകർക്ക് ഏറെ സഹായകരവും അധികവരുമാന ത്തിനുള്ള മാർഗവുമാകും. ഉദാഹരണത്തിന് ഏഴു കിലോ വാഴ നാര് വേർ തിരിച്ചെടുക്കാൻ 70 മുതൽ 80 വരെ വാഴത്തണ്ടുകൾ സംസ്കരിക്കണം.
സംസ്കരണ കേന്ദ്രവുമായി വാഴകൃഷിക്കാരനെ ബന്ധപ്പെടുത്തിയാൽ ആ പ്രശ്നം തീരാവുന്നതേയുള്ളൂ. അസംസ്കൃത വസ്തുക്കൾ വേണ്ടത്ര ലഭ്യമാക്കിയില്ലെങ്കിൽ ഒന്നോ രണ്ടോ യന്ത്രങ്ങൾ ഉപയോഗിക്കുന്ന യൂണിറ്റ് ലാഭകരമാകില്ല. ഉത്പന്ന ങ്ങളുടെ മികവ് നിർണയിക്കുന്ന മാനദണ്ഡങ്ങളുടെയും നിർദേശ ങ്ങളുടെയും അഭാവമാണു മറ്റൊരു പ്രശ്നം.

ഓരോ യൂണിറ്റും ലഭ്യമായ വാഴനാരിന്റെ നിറം, ടെൻസൈൽ ശക്തി, സെല്ലുലോസ് എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത ഗുണനിലവാരമുള്ള ഫൈബറുകളാണ് ഉപയോഗിക്കുന്നത്. വിപണി കണ്ടെത്തുന്ന തിലെ ബുദ്ധിമുട്ടുകൾ, പരിശീലനത്തിനും രൂപകല്പനയ്ക്കുമുള്ള പിന്തുണക്കുറവ് എന്നിവയും പ്രതികൂല ഘടകങ്ങളാണ്.
ലോകത്തിൽതന്നെ ഏറ്റവുമധികം വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ 120ഓളം വാഴ ഇനങ്ങളുണ്ട്. വർഷത്തിൽ ഏതാണ്ട് മുഴുവൻ സമയവും വാഴയുടെ വിളവെടുപ്പ് നടത്തുന്ന കേരള ത്തിൽ ടണ് കണക്കിന് വാഴത്തണ്ട് കത്തിക്കു കയോ പാഴാകുകയോ ചെയ്യുകയാണ്.
തമിഴ്നാട്ടിൽ തേനിയിലെ വാഴ ഗവേഷണ വികസന മാതൃകയിൽ വാഴനാര് ഉത്പന്ന ങ്ങൾക്കായി വാഴത്തണ്ടിന്റെ സംഭരണവും വിതര ണവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ഗ്രീനി ക്ക് ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി 45ലേറെ ഇനം വാഴപ്പഴങ്ങളിൽ ഗ്രീനിക്ക് പരിശോധന നടത്തി.
അവയുടെ നിറം, ടെൻസൈൽ ശക്തി, സെല്ലുലോസ് എന്നിവ അടിസ്ഥാനമാക്കി മൂന്നു ഫൈബർ ഇനങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കി. 12 വ്യത്യസ്ത വ്യവസായ ങ്ങളിൽ വാഴനാരിന്റെ ആവശ്യകതയിൽ വർധനവു ണ്ടാക്കാൻ ഈ ശ്രമങ്ങൾ കാരണമായതായി ഗ്രീനിക്ക് പ്രതിനിധികൾ അവകാശപ്പെട്ടു.
തോമസ് വർഗീസ്