ഡോക്ടർ അകത്തില്ല; കൃഷിയിടത്തിലാണ്
Wednesday, May 31, 2023 4:49 PM IST
രോഗികളെ നോക്കിക്കഴിഞ്ഞാൽ പിന്നെ സെബാസ്റ്റ്യൻ ഡോക്ടർ മുഴുവൻ സമയവും കൃഷിയിടത്തിലാണ്. രോഗനിവാരണത്തിനു മരുന്നു കുറിക്കുന്നത്ര സൂക്ഷ്മതയോടെയാണു കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നെടുവട്ടംകുന്നിലെ കല്ലറയ്ക്കൽ സെബാസ്റ്റ്യൻ ഡോക്ടർ കൃഷിയിടങ്ങളെയും പരിപാലിക്കുന്നത്.
വീടിനോടനുബന്ധിച്ചുള്ള പുരയിടത്തിലും ഇരിട്ടിക്കടുത്ത് പായത്തെ കാഞ്ഞി രക്കുന്നിലുള്ള പതിനഞ്ചേക്കറോളം വരുന്ന സ്ഥലത്തും വ്യത്യസ്ത കൃഷികളാണു ഡോക്ടർ ചെയ്തിരിക്കുന്നത്.
2004ൽ ഡിഎംഒ ആയി സർക്കാർ സർവീസിൽ നിന്നു വിരമിച്ചെങ്കിലും ഡോക്ടർ ഇപ്പോഴും വീട്ടിൽ രോഗികളെ കാണുന്നുണ്ട്. രോഗികളുടെ തിരിക്കിൽ നിന്ന് ഒഴിവ് കിട്ടുന്പോഴെല്ലാം പായത്തുള്ള കൃഷി ഭൂമിയിൽ ഭാര്യ ലൂസിയുമായി ഡോക്ടർ എത്തും.
പിന്നെ, എല്ലാം മറക്കും. പെട്ടെന്നു കൃഷിയുമായി ഇഴുകിച്ചേരും. ഒരോ ചെടിയെയും തൊട്ടു തലോടും. കുശലം പറയും. സമയം പോകുന്നതു പോലും അറിയില്ല. വെള്ളവും വളവും മരുന്നും കൃത്യമായി നിൽകുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല.

റബർ, പലതരം കശുമാവുകൾ, വാഴകൾ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, കമുകുകൾ, പ്ലാവുകൾ, വിവിധതരം ഔഷധച്ചെടികൾ തുടങ്ങി എല്ലാം തന്നെ കൃഷിയിടത്തിലുണ്ട്. അപ്പുറത്ത് പച്ചക്കറി കൃഷിയുമുണ്ട്. തണ്ണിമത്തൻ, ചെരങ്ങ, കുന്പളം, ചീര, കാരറ്റ് തുടങ്ങിയവ സമൃദ്ധമായി വിളയുന്നു.
കൃഷിയിടങ്ങളിൽ വെള്ളമെത്തി ക്കാൻ വലിയൊരു കുളവുമുണ്ട്. സ്പ്രിംഗളർ ഉപയോഗിച്ചാണു നന. കാട്ടുപന്നികളെ ചെറുക്കാൻ ചെത്തി ക്കൊടുവേലിയും കൃഷിയിടത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുണ്ട്.
കൃഷികാര്യത്തിൽ ഡോക്ടറെ സഹായിക്കാൻ പരിസരവാസിയായ ഇളന്പിലാൻ കുഞ്ഞിക്കൃഷ്ണനും സതി ബാലനും പായത്തെ കൃഷിയിടത്തിലുണ്ട്. വീടിനെ മോടിപിടിപ്പിച്ച് നല്ല ഒന്നാന്തരം പൂച്ചെടികളുമുണ്ട്. കൂടാതെ വീടിനോട് ചേർന്നു വ്യത്യസ്തമായ നിരവധി പഴവർഗ ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.
ഡ്രാഗണ് ഫ്രൂട്ട്, മിറക്കിൾ ഫ്രൂട്ട്, ഗാക് ഫ്രൂട്ട്, മുള്ളാത്ത, വിവിധ തരത്തിലുള്ള സപ്പോട്ടകൾ, ബാലി ചാന്പ തുടങ്ങി യവ അവയിൽ ചിലതുമാത്രം. വ്യത്യസ്തമായ നിരവധി മാവുകളും പ്ലാവും മട്ടന്നൂർ നെടുവട്ടംകുന്നിലെ ഇവരുടെ വീട്ടിലുണ്ട്.
നല്ല പരിചരണവും മരുന്നും ലഭിച്ചാൽ മാത്രമാണ് അസുഖങ്ങൾ ഭേദമാകുന്നത്. അതുപോലെ തന്നെയാണു കൃഷിയും എന്നാണ് ഡോക്ടറുടെ അഭിപ്രായം. രോഗം അറിഞ്ഞ് ചികിത്സക്കുന്നതുപോലെ എന്തു കൃഷി ചെയ്താലും അവയ്ക്കു വേണ്ട പരിചരണം ഉറപ്പാക്കാൻ കഴിയണം. ഇനിയും ധാരാളം വ്യത്യസ്ത രീതിയിലുള്ള കൃഷി ചെയ്യാനുള്ള തയാറെ ടുപ്പിലാണ് ഡോക്ടറും കുടുംബവും.
ഫോണ് :9447064568
ഉന്മേഷ് പായം