അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
Wednesday, May 17, 2023 5:20 PM IST
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തോന്പ്രാക്കുടി രാജപ്പന്റെ ഹരിത ബയോ പാർക്കിൽ പൂത്തുലഞ്ഞു നിൽക്കുന്ന അമേരിക്കൻ ലെമണ്‍ വൈനിൽ ആരുടെയും കണ്ണുടക്കും.
നിരവധി കാർഷിക വിളകളും വ്യത്യസ്തങ്ങളായ പക്ഷികളും മീനുകളും ഔഷധ സസ്യങ്ങളും സുഗന്ധവിളകളും നിറഞ്ഞ കൃഷിയിടത്തിലെ ശ്രദ്ധാകേന്ദ്രമാണ് ഈ അലങ്കാരച്ചെടി.
കുലകുലയായി വർഷം മുഴുവൻ പൂക്കുന്ന വള്ളിച്ചെടിയുടെ കായ്കൾക്കു വലിയ നെല്ലിക്കയോളം വലിപ്പം വരും. വെളുത്ത നിറത്തിലുള്ള പൂക്കൾക്ക് ഒരു ദിവസം മാത്രമേ ആയുസുള്ളൂ.
ഗുണങ്ങൾ
അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ജ·നാടെങ്കിലും നമ്മുടെ നാട്ടിലും അമേരിക്കൻ ലെമണ്‍ വൈൻ നന്നായി വളരും. പെരെസ്കിയ അക്യൂലേറ്റ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇതിനു പോഷകഗുണങ്ങൾ ഏറെയുണ്ട്.
മറ്റ് ഫലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവയുടെ കായ്കളിൽ വളരെ ചെറിയ ഇലകൾ കാണപ്പെടുന്നുണ്ട്. കായ്കൾക്കു ചെറിയ പുളിരസമാണ്. തക്കാളിക്കു പകരം കറികളിൽ ഉപയോഗിക്കുന്ന കായ്കൾ പച്ചയ്ക്ക് അച്ചാറിടുകയും ചെയ്യാം.
പഴുത്ത കായ്കൾകൊണ്ട് ജ്യൂസും ജാമും ഉണ്ടാക്കാം. ഇലകളും ഭക്ഷ്യയോഗ്യമാണ്. ഉണങ്ങിയ ഇലയിൽ 30 ശതമാനം വരെ പ്രോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇലകൾ പ്രധാനമായും സലാഡുകളിലാണു ചേർക്കുന്നത്.

നടീലും പരിചരണവും
കായ്കളിലുള്ള ചെറിയ വിത്തുകളാണു നടീൽ വസ്തു. ഇവ ശേഖരിച്ചു പാകി മുളപ്പിച്ചു തൈകൾ ഉണ്ടാക്കാം. തണ്ടുകൾ മുറിച്ചു നട്ടാലും മതി. പൂക്കൾ വിരിഞ്ഞ് കായ്കൾ ഉണ്ടായ വള്ളികളാണു മുറിച്ചു നടേണ്ടത്.
നടാൻ എടുക്കുന്ന തണ്ടിന് ഒരടി മുതൽ ഒന്നരയടി വരെ നീളം വേണം. നിലത്തും ചട്ടികളിലും നടാം. ചാണകപ്പൊടി, ചകിരിച്ചോർ, മണലോ മണ്ണോ സമം ചേർത്ത മിശ്രിതമാണ് ചട്ടികളിൽ നിറക്കേണ്ടത്.
നിലത്താണെങ്കിൽ ഒരടി താഴ്ചയുള്ള കുഴികളെടുത്ത് ചാണകപ്പൊടിയും കന്പോസ്റ്റും ചേർത്തു മേൽമണ്ണിട്ടു മൂടിയശേഷമാണ് തണ്ടുകൾ നടേണ്ടത്. ഒരു കുഴിയിൽ രണ്ട് തണ്ടുകൾ ആകാം.
നടുന്നതിനു മുന്‍പു നന്നായി നനയ്ക്കണം. രാവിലെ നനച്ചു വൈകുന്നേരം നടുന്ന രീതിയാണ് നല്ലത്. തണ്ടുകൾ നട്ടു കഴിഞ്ഞ് നേരിയ തോതിൽ നനച്ചു കൊടുക്കണം.
വിത്തുകൾ പാകി മുളപ്പിച്ചെടുക്കുകയാണെങ്കിൽ മൂന്നു നാല് ഇലകൾ വന്നശേഷമാണു നടേണ്ടത്. വേനൽക്കാലത്ത് വേരുകൾ പിടിക്കുന്നതു വരെ തണൽ നൽകണം. ചുവട്ടിൽ എപ്പോഴും ഈർപ്പം നിലനിർത്തുകയും വേണം.
നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. 30 മീറ്ററോളം നീളത്തിൽ പ്രധാന ശിഖരം വളരും. ഇതിൽ നിന്നു നിരവധി ശാഖകൾ ഉണ്ടാകും. പന്തൽ കെട്ടിയും വളർത്താം.
തൈകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണം. അഞ്ച് വർഷം വരെ നല്ല രീതിയിൽ പുഷ്പിച്ച് കായ്കളുണ്ടാകും.ഒരു അലങ്കാരച്ചെടിയായി അറിയപ്പെടുന്ന ലെമണ്‍ വൈനിന് അധിക പരിചരണം ആവശ്യമില്ല.
വേനൽക്കാലത്ത് നന മുടക്കരുതെന്നു മാത്രം. വർഷത്തിൽ രണ്ടു തവണ ചാണകപ്പൊടിയും കംന്പോസ്റ്റും നൽകുന്നതു നല്ലതാണ്. തൈകൾ നട്ട് ആറ് മാസമാകും മുന്‍പേ പുഷ്പിച്ചു തുടങ്ങും.
ചില സ്ഥലങ്ങളിൽ ഒരു വർഷം വരെ എടുക്കും. കായ്കൾക്ക് ആദ്യം പച്ച നിറമാണ്. മൂപ്പെത്തിയാൽ മഞ്ഞ നിറമാകും. പിന്നീട് പുഴുത്ത് ചുവപ്പ് നിറമാകും. നന്നായി പഴുത്ത് കഴിഞ്ഞാൽ പുളി കുറയും.
കായ്കൾ പഴുത്തു തുടങ്ങുന്നതോടെ അടുത്ത പൂക്കുലകൾ ഉണ്ടായി തുടങ്ങും. ചെടിയെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകാൻ കർഷകനായ രാജപ്പൻ തയാറാണ്.
ഫോണ്‍: 9446746119
ആഷ്ണ തങ്കച്ചൻ