വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
Thursday, May 11, 2023 11:34 AM IST
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത് കിട്ടുന്ന വിലയ്ക്കു വിറ്റ് ജീവിക്കുക. തന്റെ വിയർപ്പിനു വിലയിട്ട് പണമുണ്ടാക്കുന്നവർ മണ്ണിൽ ചവിട്ടാത്തവരാണെന്ന് അറിയാമെങ്കിലും പലപ്പോഴും കർഷകൻ നിസഹായനാണ്. അതു മുതലെടുത്താണ് ഇടനിലക്കാരും വൻകിടക്കാരുമൊക്കെ ഇരട്ടിയും മൂന്നിരട്ടിയും നാലിരട്ടിയുമൊക്കെ ആദായമുണ്ടാക്കുന്നത്.
എന്നാൽ, അവിടെയാണു പത്തനംതിട്ട സീതത്തോട് സ്വദേശി ഡാർവിൻ വ്യത്യസ്തനാകുന്നത്. സ്വന്തം ടിഷ്യു കൾച്ചർ ലാബിൽ വിത്ത് ഉത്പാദിപ്പിച്ച്, സ്വന്തം മണ്ണിൽ നട്ട് വിളയിച്ച്, സ്വന്തമായി വിപണി കണ്ടെത്തി, ആദായമുണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. തുടക്കത്തിൽ വാഴകൃഷിയിലാണു ശ്രദ്ധ.
ഇതിനായി ഡാർവിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇടുക്കി അമരാവതിയി ലെ ഗ്രീൻസീഡ് അഗ്രോ ബയോ ലാബിൽ നിന്നു ജി-9 (ഗ്രാൻഡ് നയൻ) ഇനം വാഴവിത്തുകൾ ഉത്പാദിപ്പിച്ചു തുടങ്ങി. 40 കിലോ വരെ തൂക്കം കിട്ടുന്ന കുലകളാണ് ജി-9 വാഴയിലുണ്ടാകുന്നത്.
കൃഷിക്കു സൗജന്യ വൈദ്യുതിയും വെള്ളവും ഉറപ്പു നൽകുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലെ അതിവിസ്തൃതമായ കൃഷിയിടങ്ങളിലാണു ഡാർവിൻ തന്റെ സ്വപ്ന പദ്ധതികൾക്കു നിറം പകരുന്നത്.
കേരളത്തോട് ചേർന്നു കിടക്കുന്ന തേനിയെ നേന്ത്രപ്പഴ ഉത്പാദന ഹബ്ബാക്കി മാറ്റാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനവും അമരാവതിയിൽ നിന്ന് ഒരു മണിക്കൂറിൽ താഴെ മാത്രമുള്ള വാഹനദൂരവും കുറഞ്ഞ കൂലിച്ചെലവും മുല്ലപ്പെരിയാറിൽ നിന്ന് ഉറപ്പുള്ള ജലലഭ്യതയും ഡാർവിനെ തേനിയിലേക്ക് ആകർഷിക്കാൻ കാരണമായി.
ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം 200 ഏക്കറിലധികം ഭൂമി അദ്ദേഹത്തിന്റെ കന്പനിയായ ഗ്രീൻ സീഡ് ബിസിനസ് സൊല്യൂഷ്യൻസ് കണ്ടെത്തിക്കഴിഞ്ഞു. ജി-9, നേന്ത്രൻ, ഞാലിപ്പൂവൻ, ക്വിന്റൽ, സ്വർണമുഖി, റെഡ് ബനാന എന്നീ ഇനങ്ങളിൽപ്പെട്ട ഒന്നേകാൽ ലക്ഷം വാഴവിത്തുകളാണ് ഗ്രീൻ സീഡ് ലാബിൽ നിന്ന് എല്ലാ മാസവും പുറത്തിറങ്ങുന്നത്. ഇതിൽ കൂടുതലും ജി-9 വിത്തുകളാണ്.
ഇതു കൂടാതെ അഗ്ലോനിമ, അലോക്കേഷ്യ, സിംഗോണിയം, ഓക്സാലിയം, ഓർക്കിഡുകൾ തുടങ്ങി നിരവധി അലങ്കാരചെടികളുടെ തൈകളും ഉത്പാദിപ്പിക്കുന്നു. തൈ ഒന്നിന് 15 രൂപ ക്രമത്തിലാണു കർഷകർക്കു വിൽക്കുന്നത്. ജി-9, നേന്ത്രൻ, റെഡ് ബനാന തൈകൾക്ക് തമിഴ്നാട്ടിൽ വൻ ഡിമാൻഡാണ്.
പദ്ധതിയുടെ ആദ്യഘട്ടമായി തന്റെ ലാബിൽ ഉത്പാദിപ്പിച്ച 25,000 ജി-9 വാഴവിത്തുകൾ ചുരുളിപ്പട്ടിയിലേയും ഹനുമന്തൻപട്ടിയിലെയും കൃഷിയിടങ്ങളിൽ നട്ടു. മൂന്നു മാസം പ്രായമായ ഈ വാഴകൾ വിളവെടുക്കാറാകുന്പോഴേക്കും അടുത്ത ബാച്ചുകൾ കൂടി നടും. അങ്ങനെ വർഷം മുഴുവൻ എല്ലാദിവസവും വിളവെടുക്കത്തക്ക വിധത്തിൽ വാഴ നടാനാണു ഡാർവിന്റെ പദ്ധതി.
സാധാരണ നിലയിൽ ജി-9 വാഴ വിളവെടുക്കാൻ 11 മാസം വേണം. ടിഷ്യു കൾച്ചർ വിത്തിൽ നിന്നു മൂന്നു തവണ വരെ വിളവെടുക്കാം. രണ്ടാമത്തെയും മൂന്നാമത്തെയും കുലവെട്ടാൻ ഏഴ് മാസം വീതം മതി. പക്ഷേ, തൂക്കം കുറയുമെന്നു മാത്രം.
വേലികെട്ടി സംരക്ഷിക്കുന്ന ഓരോ തോട്ടത്തിനും പ്രത്യേക കാവൽക്കാരും ലോകത്തിലെവിടെയിരുന്നും തോട്ടം നനയ്ക്കാൻ കഴിയുന്ന മൊബൈൽ ആപ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തോട്ടത്തിന്റെ മേൽനോട്ടക്കാരിലേറെയും ശബരിമല വനപ്രദേശങ്ങളിൽ നിന്നുള്ള ആദിവാസികളാണ്. ഇവർ കുടുംബസമേതമാണ് തോട്ടങ്ങളിൽ താമസിക്കുന്നത്.
ഉഴുന്നതും കിളയ്ക്കുന്നതും കള പറിക്കുന്നതും വളമിടുന്നതുമെല്ലാം യന്ത്രങ്ങളാണ്. വർഷം മുഴുവൻ ലഭ്യത ഉറപ്പാക്കിയിട്ടുള്ള കോഴിക്കാഷ്ടവും സ്വന്തമായി കൾച്ചർ ചെയ്തെടുക്കുന്ന ജീവാണു വളങ്ങളുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
വിപണത്തിന് ഡാർവിൻ ചില സമാന്തര സംവിധാനങ്ങളും ആലോചിച്ചു വരുന്നു. കേരളത്തിലെ ചെറുതും വലുതുമായ 100 പട്ടണങ്ങളിൽ ന്ധബിഗ് ഫാർമർ’ ലേബലിൽ വലിയ കുടകൾ (ബീച്ച് അംബ്രല്ല) സ്ഥാപിച്ച് അവയ്ക്കു കീഴെ പഴങ്ങൾ വിൽക്കാനാണ് പദ്ധതി. ഇത്തരത്തിലുള്ള തെരുവ് വ്യാപാരത്തിനായി പ്രത്യേക കച്ചവടക്കാരെയും തെരഞ്ഞെടുക്കും.
ആണ്ടിൽ മുഴുവൻ ദിവസവും പഴം ലഭിക്കാൻ കുലകൾ തമിഴ്നാട്ടിലെ റൈപ്പനിംഗ് കേന്ദ്രത്തി ലെത്തിച്ചു പഴുപ്പിക്കും. കിലോയ്ക്ക് ഒരു രൂപ മാത്രമാണ് നിരക്ക്. ഒരു കിലോ പഴം വില്പനയ്ക്കായി കുടയ്ക്കു കീഴിൽ എത്തുന്പോൾ മൊത്തം 12 രൂപ ചെലവാകും. മാർക്കറ്റ് റേറ്റിലോ അതിൽ കുറച്ചോ വിറ്റാലും നല്ല ലാഭം കിട്ടുമെന്നു ഡാർവിൻ പറഞ്ഞു.
വാഴകൃഷിയുടെ ഇടവേളകളിൽ മറ്റു പച്ചക്കറികളും ഉത്പാദിപ്പിച്ചു കുടകൾക്കു കീഴിൽ വിൽക്കാനും ഡാർ വിന് പദ്ധതിയുണ്ട്. കേരളത്തിൽ വിൻ ഡിമാൻഡുള്ള ചീര, കപ്പളങ്ങ, പാവ യ്ക്ക എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്. സ്വന്തം ബ്രാൻഡിൽ മസാല ചിപ്സ്, ബനാന ഫിഗ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളും വിപണിയെത്തിക്കും.
കൃഷിക്കൊപ്പം വിവിധ ഫാം ടൂറിസം പദ്ധതികളും ഡാർവിന്റെ മനസിലുണ്ട്. തുടക്കത്തിൽ മുന്തിരികൃഷി നടത്തി സന്ദർശകരെ ആകർഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ലോവർ പെരിയാറിൽ 15 ഏക്കർ സ്ഥലം കണ്ടെത്തി ഒരുക്കങ്ങൾ തുടങ്ങി. കൃഷിയിടത്തിലെ തെങ്ങുകളും മറ്റു മരങ്ങളുമെല്ലാം മുറിച്ചു മാറ്റി.
അധികം വൈകാതെ മുന്തിരിച്ചെടികൾ നട്ടുതുടങ്ങും. മുന്തിരിത്തോട്ടം കണാനെത്തുന്നവർക്കായി വിശാലമായ പാർക്കിംഗ് സ്ഥലവും ചിൽഡ്ര ൻസ് പാർക്കും മറ്റ് ഉല്ലാസ സൗകര്യങ്ങളും ക്രമീകരിക്കും. മുന്തിരിപ്പഴം വാങ്ങുന്നതിനൊപ്പം ചായ കുടിച്ചു വിശ്രമിക്കാനും സൗകര്യമുണ്ടാകും.
കൃഷിമേഖലയിൽ സമാന താത്പര്യമുള്ളവരുമായി കൈകോർത്ത് വാഴകൃഷി നടത്താനും തായാറാണെന്നു ഡാർവിൻ പറഞ്ഞു. ജോയിന്റ് വെഞ്ച്വർ എഗ്രിമെന്റ് പ്രകാരമായിരിക്കും സംരംഭം. ലീസ് ഒഴികെ ഒരു വാഴക്കുലയ്ക്ക് ആവർത്തനച്ചെലവ് 200 രൂപയോളം വരും. പങ്കാളികളാകുന്നവർ ഇതിന്റെ പാതി മുടക്കണം. വിത്ത്, വളം തൊഴിലാളികൾ, കൃഷിപ്പണി, മണ്ണു പരിശോധന തുടങ്ങിയവ കന്പനി ക്രമീകരിക്കും. 400 മുതൽ 1000 രൂപ വരെ ഒരോ കുലയ്ക്കും വില കിട്ടും.
ബിസിനസ് പങ്കാളികൾക്ക് എപ്പോ ൾ വേണമെങ്കിലും തോട്ടത്തിൽ വന്നു താമസിക്കാനും കൃഷിപ്പണികളിൽ പങ്കെടുക്കാനും നേതൃത്വം നൽകാനും അവസരമുണ്ടാകുമെന്നു ഡാർവിൻ പറഞ്ഞു. (പദ്ധതിയിൽ പങ്കാളികളാകുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം തീരുമാനമെടുക്കാൻ).
ടിഷ്യു കൾച്ചർ തൈകൾ?
ഗുണമേ·യുള്ള മാതൃസസ്യത്തിന്റെ ഒരു കോശത്തിൽ നിന്നും സമാനഗുണമേ·യുള്ള ലക്ഷക്കണക്കിന് തൈകൾ ചുരുങ്ങിയ കാലയളവിൽ ഉത്പാദിപ്പിച്ചു ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ടിഷ്യു കൾച്ചർ ടെക്നോളജി. അണുവിമുക്തവും അതീവ സുരക്ഷാ സംവിധാനങ്ങളുള്ളതും താപനില ക്രമീകരിക്കാവുന്നതുമായ ലാബുകളിലാണ് ടിഷ്യു കൾച്ചർ തൈകൾ ഉത്പാദിപ്പിക്കുന്നത്.
ഗുണമേ·യുള്ള മാതൃസസ്യം കണ്ടെത്തി അതിന്റെ കോശം എടുക്കുന്നതാണ് ആദ്യപടി. അണുവിമുക്തമായ ലാബിലെ ലാമിനാർ ഫ്ളോയിൽ മാതൃസസ്യത്തിന്റെ കോശം സ്റ്റെറിലൈസ് ചെയ്ത ശേഷം കോശത്തിനു വളരാനുള്ള അഗർ മീഡിയത്തിലേക്കു മാറ്റും.
നാല് ആഴ്ചകൾ കഴിയുന്പോൾ ആ വിത്ത് കാലസ് കൾച്ചറായി മാറും. കാലസ് കൾച്ചറിനെ മൾട്ടിപ്ലിക്കേഷൻ മീഡിയത്തിലേക്ക് മാറ്റി ഗ്രോത്ത് റൂമിൽ നാലാഴ്ച സൂക്ഷിക്കും. അതിനുശേഷം റൂട്ടിംഗ് റൂമിലേക്കു കൾച്ചർ മാറ്റും.
അവിടെയും നാലാഴ്ചയാണ് വളർച്ചാസമയം. ഇവിടെ വച്ചാണു തൈകൾക്കു വേരുണ്ടാകുന്നത്. വേരു പിടിച്ച കൾച്ചർ ഈർപ്പം കൂടുതലുള്ള ടണലുകളിൽ 28 ദിവസം നട്ടു വയ്ക്കും. ഇതിനെ ദൃഢീകരണം (ഹാർഡനിംഗ്) എന്നാണു പറയുന്നത്. അതിനുശേഷം പോളി ബാഗിലേക്കോ പോട്ടിലേക്കോ തൈകൾ മാറ്റും. ആ തൈകളാണു കർഷകർക്കു നൽകുന്നത്. ഇങ്ങനെ ഒരു തൈ മണ്ണിൽ വളരാൻ പാകമാകുന്നതിന് 10 മാസം വേണ്ടി വരും.
ഫോണ്: 9400194808
ജിമ്മി ഫിലിപ്പ്