പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
Wednesday, May 10, 2023 3:30 PM IST
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നതോടെ, നിലങ്ങൾ ഏക്കറൊന്നിന് 120 കിലോ കുമ്മായം വിതറി കട്ടകൾ ഉടച്ച് നല്ലവണ്ണം ഉഴുത് പാകപ്പെടുത്തിയെടുക്കണം. കട്ടകൾ നന്നായി ഉടയ്ക്കാൻ റോട്ടവേറ്റർ ഉപയോഗിച്ച് അവസാനത്തെ ഉഴവ് നടത്തണം.
രണ്ടു പൂട്ടലുകൾക്കിടയിൽ ചെറിയ ഒരിടവേള കൊടുക്കുന്നതു കള നിയന്ത്രണത്തി നും രോഗനിയന്ത്രണത്തിനും സഹായിക്കും. അടിവളമായി ഏക്കറൊന്നിന് രണ്ട് ടണ് ജൈവവളം ചേർക്കണം. പറിച്ചു നടുന്ന പാടങ്ങളിൽ കാലവർഷത്തിനു മുന്പു ലഭിക്കുന്ന ആദ്യമഴയോടുകൂടി പച്ചിലവളച്ചെടികളായ ഡെയിഞ്ച, സെസ്ബേനിയ, ചണന്പ് എന്നിവ വളർത്തിയാൽ കൃഷിക്കാവശ്യമായ ജൈവവളം ലഭിക്കും. ഏക്കറൊന്നിന് എട്ട് കിലോ വിത്ത് വേണ്ടിവരും.
വിതയ്ക്കുന്ന പാടങ്ങളിൽ ഏക്കറൊന്നിന് 32-40 കിലോ വിത്തും നുരിയിടുന്നതിന് 35 കിലോയും വേണ്ടിവരും. വിത്തു വിതയ്ക്കുന്ന പാടങ്ങളിൽ സീഡ് ഡ്രിൽ ഉപയോഗിച്ചാൽ കൃത്യ അകലത്തിൽ വരിവരിയായി വിത്തിടാം. കരനെൽക്കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്.
ഇഞ്ചി, മഞ്ഞൾ നടീൽ കാലം
ഇഞ്ചിയുടെയും മഞ്ഞളിന്റെയും നടീൽകാലമായി. ഒരു മീറ്റർ വീതിയിൽ സൗകര്യപ്രദമായ നീളത്തിൽ 40 സെ.മീ അകലത്തിൽ തടങ്ങളെടുത്താണ് നടുക. കൂടാതെ ഇഞ്ചിക്ക് സെന്റൊന്നിന് 1 കിലോ റോക്ക് ഫോസ്ഫേറ്റ്, 200 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, മഞ്ഞളിന് ഇവ യഥാക്രമം 600 ഗ്രാം, 200 ഗ്രാം അടിവളമായി ചേർക്കണം. തടങ്ങൾ നിരപ്പാക്കി 20 സെ.മീ. അകലത്തിൽ ചെറുകുഴികളെടുത്ത് വിത്ത് നടാം.
ഇഞ്ചി നടുന്പോൾ മൈക്കോറൈസ, ട്രൈക്കോഡെർമ, സ്യൂഡോമോണസ് എന്നിവയുടെ കൾച്ചർ ചേർക്കുന്നത് മൂടുചീയൽ പോലുള്ള രോഗങ്ങൾ ചെറുക്കാൻ സഹായിക്കും. നട്ടശേഷം കുഴികളിൽ ചാണകം ഇട്ടുകൊടുക്കുക. (സെന്റൊന്നിന് 100-120 കി.ഗ്രാം ചാണകം). അതിനു മുകളിൽ പച്ചില കൊണ്ട് പുതയിടണം. രണ്ട് മാസത്തിനുശേഷം വീണ്ടും പുതയിടാം. ഒരു സെന്റിന് ഏകദേശം 6 കിലോ വിത്ത് വേണം.
തെങ്ങ്
തെങ്ങിന് മഴ ലഭിക്കുന്നതുവരെ ജലസേചനം തുടരണം. വേനൽമഴ നല്ലവണ്ണം കിട്ടിയെങ്കിൽ തടം തുറന്ന് 1 കിലോ കുമ്മായം ചേർത്തുകൊടുക്കണം. തെങ്ങിൻതൈകൾ നടാൻ കുഴി തയാറാക്കാം. അതുപോലെ ഇടവിളകൾക്കും തടമെടുക്കാം.
തെങ്ങോലപ്പു ഴുവിന്റെ ആക്രമണം കാണുന്നുവെങ്കിൽ കീടാക്രമണം ഗുരുതരമായുള്ള ഓലകൾ വെട്ടി നീക്കി കത്തിച്ചു കളയുക. കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാരസൈറ്റ് ബ്രീഡിംഗ് കേന്ദ്രങ്ങളെ സമീപിച്ച് എതിർപ്രാണികളെ വൻതോതിൽ തുറന്നു വിട്ട് തെങ്ങോലപുഴുക്കളെ നശിപ്പിക്കാം.
മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളിൽ അസാഡിറാക്ടിൻ അടങ്ങിയ ജൈവകീടനാശിനി 4 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കണം. കീടനാശിനി മോടത്തിന് പുറമെയും മോടത്തിന്റെ ഇതളുകൾക്ക് ചുറ്റും മച്ചിങ്ങകളുടെയും 4-5 മാസം പ്രായമുള്ള ഇളം തേങ്ങകളുടെയും പുറത്തു തളിക്കാൻ ശ്രദ്ധിക്കണം.
കൊന്പൻചെല്ലിയുടെ ആക്രമണത്തിൽ മുൻകരുതലെന്ന നിലയിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂന്പോലയ്ക്കു ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളിൽ പാറ്റാഗുളിക 10 ഗ്രാം (4 എണ്ണം) വച്ചു മണൽ കൊണ്ട് മൂടുകയോ വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം) തുല്യ അളവിൽ മണലുമായി ചേർത്തിടുകയോ ചെയ്യുക.
ചെന്നീരൊലിപ്പു രോഗം കാണുന്ന ഭാഗങ്ങളിലെ പുറംതൊലി മൂർച്ചയുള്ള ഉളികൊണ്ട് ചെത്തി മാറ്റിയശേഷം മുറിപ്പാടുകളിൽ 5 മി.ലി. കാലിക്സിൻ 100 മി.ലി. വെള്ളത്തിൽ എന്ന തോതിൽ കലക്കി പുരട്ടുക.
മാവ്
നന തുടരാം. മാങ്ങ വലിപ്പം വയ്ക്കുന്ന സമയത്ത് ജലസേചനം നൽകുന്നത് വിളവ് വർധിപ്പിക്കും.
വാഴ നന തുടരണം. ആവശ്യമില്ലാത്ത കന്നുകൾ നശിപ്പിക്കണം. താങ്ങ് കൊടുക്കണം. പുതിയ കന്നുകൾ നട്ടു തുടങ്ങാം. മഴയുടെ ലഭ്യതയനുസരിച്ചു ജലസേചനം ക്രമീകരിക്കണം.
കൈതച്ചക്ക
വിളവെടുപ്പ് തുടരാം. പുതിയ നടീലിനുള്ള കന്നു ശേഖരണം ആരംഭിക്കാം. കീടരോഗവിമുക്തമായ ആരോഗ്യമുള്ള ചെടികളിൽനിന്നും നടാനുള്ള കന്ന് ശേഖരിക്കണം. മഴ തുടങ്ങുന്നതോടെ പുരയിടം കളകളും കട്ടകളും മാറ്റി ഉഴുതിടണം.
കമുക്
ജലസേചനം തുടരാം. മഴ ലഭിച്ചാലുടൻ അരക്കിലോ കുമ്മായവും 25 കിലോ ജൈവവളവും വീതം ഓരോ തടത്തിലും ചേർത്തു കൊടുക്കാം. നാടൻ കമുകിന് 100 ഗ്രാം യൂറിയ, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 120 ഗ്രാം പൊട്ടാഷ് വളം, ഉത്പാദന ശേഷി കൂടിയ ഇനങ്ങൾക്ക് മേൽപ്പറഞ്ഞവ യഥാക്രമം 165,150,175 ഗ്രാം വീതം.
ഒരു വർഷം പ്രായമായവയ്ക്ക് ഈ അളവിന്റെ മൂന്നിലൊന്നും രണ്ടു വർഷമായതിനു മൂന്നിൽ രണ്ടും ചേർക്കണം. മൂപ്പെത്താത്ത അടക്ക കൊഴിച്ചിലിനെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ 1-2 ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ഫ്ലൂറസൻസ് ഉപയോഗിക്കാം.
എള്ള് വിളവെടുക്കാം
എള്ളിന് വിളവെടുപ്പ് സമയമാണ്. കായ്കൾക്ക് മഞ്ഞനിറമാകുന്പോൾ ചെടികൾ പിഴുതെടുക്കണം. രാവിലെയാണ് വിളവെടുക്കേണ്ടത്. വേരുകൾ മുറിച്ചുമാറ്റിയശേഷം കെട്ടുകളാക്കി 3-4 ദിവസം വയ്ക്കുക.
ഇലകൾ കൊഴിഞ്ഞുകഴിയുന്പോൾ വെയിലത്ത് നിരത്തി വടികൊണ്ടടിച്ച് കായ്കൾ പൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇതാവർത്തിക്കണം. ആദ്യത്തെ ദിവസം എടുക്കുന്ന എള്ള് വിത്തിനായി ഉപയോഗിക്കാം. വിത്ത് സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് ഏഴ് ദിവസത്തെ ഉണക്ക് വേണ്ടി വരും.
വിത്ത് സൂക്ഷിക്കൽ
പോളിത്തീൻ കൂടുകളിലോ തകരപ്പാത്രങ്ങളിലോ, മരപ്പാത്രങ്ങളിലോ, മണലിട്ടപാത്രങ്ങളിലോ വിത്ത് സൂക്ഷിച്ചാൽ ഒരുവർഷം വരെ അങ്കുരണശേഷി നിലനിൽക്കും. ചാരവുമായി കലർത്തിയാൽ വിത്തിന്റെ മുളയ്ക്കൽശേഷി വളരെ കുറയുമെന്നതിനാൽ ഒരു കാരണവശാലും അത് പാടില്ല.
കശുമാവ്
വിളവെടുപ്പ് തുടരാം. പുതിയ തോട്ടം പിടിപ്പിക്കാനുള്ള സ്ഥലം ഒരുക്കുക. കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നല്ലയിനം ഒട്ടുതൈകൾ ലഭ്യമാണ്.
കുരുമുളക്
മഴ കിട്ടിയാൽ താങ്ങുകാലുകൾ നട്ടു തുടങ്ങാം. വിസ്താരം കുറഞ്ഞതും 30-45 സെ.മീ ആഴമുള്ള കുഴികൾ നിശ്ചിത അകലത്തിൽ എടുത്ത് അതിൽ താങ്ങുകാലുകൾ ഇറക്കിവച്ച് മണ്ണിട്ട് നന്നായി ഉറപ്പിക്കണം. ശക്തിയായ വെയിൽ തട്ടുന്ന സ്ഥലമാണെങ്കിൽ താങ്ങുകാലുകൾ പൊതിഞ്ഞു കെട്ടേണ്ടിവരും.
ഈ മാസം കാലുകളുടെ ചുവട്ടിൽനിന്നും 15 സെ.മീ. അകലം വിട്ട് വടക്കുഭാഗത്തായി 50 ത 50 ത 50 സെമീ വലിപ്പമുള്ള കുഴികൾ എടുത്ത് മേൽമണ്ണും കാലിവളവും ചേർത്തിടണം. തോട്ടത്തിലെ രോഗം ബാധിച്ച കുരുമുളക് ചെടികൾ പറിച്ച് മാറ്റി നശിപ്പിക്കണം. നിലവിലുള്ള കൊടികൾക്ക് ഒരു മൂടിന് 500 ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം.
ഏലം
തൈനടീലിനുള്ള കുഴികൾ എടുക്കുന്നത് തുടരാം. എടുത്ത കുഴികളിൽ ജൈവവളങ്ങളും മേൽമണ്ണും ഇട്ട് മൂടണം.
ജാതി, ഗ്രാന്പൂ
ജാതി, ഗ്രാന്പൂ വിളവെടുപ്പ് തുടരാം. മഴ ലഭിക്കുന്നതുവരെ നന തുടരണം.
ചേന
കുംഭച്ചേനയ്ക്ക് ആദ്യവളമായി ചുവടൊന്നിന് 10 ഗ്രാം യൂറിയയും 20 ഗ്രാം രാജ്ഫോസും 10 ഗ്രാം പൊട്ടാഷും ചേന വിത്ത് നട്ട് ഒന്നര മാസമാകുന്പോൾ ചേർത്തു കൊടുക്കുക. ഒപ്പം മണ്ണണച്ചു കൊടുക്കുകയും വേണം.
കാച്ചിൽ
മഴ കിട്ടിയാലുടൻ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, 1-1.25 കിലോ ജൈവവളം ചേർത്ത് മേൽമണ്ണ് കൊണ്ട് മുക്കാൽ ഭാഗം മൂടുക. ചാണകപ്പാലിൽ മുക്കിയെടുത്ത കഷണങ്ങൾ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി പുതയിടണം. നല്ലയിനം കാച്ചിൽ വിത്തുകൾക്ക് കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാം.
ഫോണ്-0471-2598551
അടുക്കളത്തോട്ടത്തിൽ
വേനൽപച്ചക്കറികൾക്ക് നിർബന്ധമായും ജലസേചനം നൽകുക. പടരുന്ന പ്രായത്തിലുള്ള വെള്ളരിവിളകൾക്ക് സെന്റിന് 160-320 ഗ്രാം യൂറിയ നൽകുക. വളം ചെടികൾക്കു ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുന്നതോടൊപ്പം കളകൾ നീക്കുകയും ഇളകിയ മണ്ണ് ചുവട്ടിൽ കൂട്ടുകയും നനയ്ക്കുകയും ചെയ്യണം.
ഇടയ്ക്കിടെ പച്ചച്ചാണകം കലക്കിയൊഴിക്കുന്നതും നല്ലതാണ്. വിളവെടുത്ത ചീരയിൽ 10 ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിച്ചാൽ കൂടുതൽ വിളവെടുക്കാം. കണിവെള്ളരിയുടെ വിളവെടുപ്പ് ഈ മാസം പകുതിയോടെ തുടങ്ങാം.
അനിത സി.എസ്