വില്ലനാകും വില്ലുവാതം
Wednesday, May 3, 2023 5:32 PM IST
മനുഷ്യനടക്കമുള്ള സസ്തനികളിൽ കാണപ്പെടുന്ന മാരകമായ ബാക്ടീരിയൽ രോഗമാണു ടെറ്റനസ് അഥവാ വില്ലുവാതം. ഇത് എല്ലാ മൃഗങ്ങളേയും ബാധിക്കുമെങ്കിലും കുതിര, ആട്, ചെമ്മരിയാട് എന്നിവയെയാണു കൂടുതലായി ബാധിക്കുന്നത്. കുതിരകളെ കൂടുതലായി ബാധിക്കുന്നതുകൊണ്ടു കുതിരസന്നി എന്നും, മുറിവുകളിൽ കൂടി രോഗബാധ ഉണ്ടാകുന്നതിനാൽ ക്ഷത സന്നി എന്നും ഈ രോഗം അറിയപ്പെടുന്നു.
ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയയാണു രോഗഹേതുക്കൾ. ഇവയുടെ സ്പോറുകൾ മണ്ണിൽ കാണപ്പെടുന്നു. മുറിവുകളിലൂടെ ഈ അണുക്കൾ ശരീരത്തിൽ കടന്നു പെരുകി പുറപ്പെടുവിക്കുന്ന വിഷാംശം ഞരന്പുകളിലേക്ക് വ്യാപിക്കുന്നതു മൂലമാണു രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.
കുട്ടികൾ ജനിച്ച് ഒന്നുരണ്ട് ആഴ്ചക്കുള്ളിൽ പൊക്കിൾ കൊടിയിലൂടെയുള്ള അണുബാധമൂലമാണു രോഗമുണ്ടാകുന്നത്. പ്രസവത്തോടനുബന്ധിച്ചു ജനനേന്ദ്രിയത്തിൽ ഉണ്ടാകുന്ന മുറിവുകളിൽക്കൂടിയും രോഗബാധയുണ്ടാകാം. രോഗാണുക്കൾ ഉത്പാദിപ്പിക്കുന്ന വിഷാംശം നാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ത·ൂലം മാംസപേശികൾ ദൃഢമാവുകയും പേശികൾക്കു വലിച്ചിലും കോച്ചിപ്പിടുത്തവും ഉണ്ടാകുകയും ചെയ്യും.
രോഗലക്ഷണങ്ങൾ
മുറിവിന്റെ ആഴം, അകത്തു പ്രവേശിക്കുന്ന രോഗാണുക്കളുടെ എണ്ണം, മുറിവുകളിലെ വായുവിന്റെ അഭാവം എന്നിവയ്ക്ക് അനുസൃതമായി രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടാഴ്ച മുതൽ ഒരു മാസം വരെ സമയമെടുക്കും. വയറു വീർക്കലാണു പ്രാഥമിക ലക്ഷണം. പിന്നീടു കൈകാലുകൾ, കഴുത്ത് എന്നിവ ദൃഢമാകുകയും തല വലിച്ചു പിടിക്കുകയും ചെയ്യും.
വൈകാതെ ശരീരം ദൃഢമായി മരക്കുതിരയുടെ പോലെയാകും. രോഗം ബാധിച്ച മൃഗങ്ങൾ ചെറിയ സ്പർശം, ശബ്ദം, വെളിച്ചം എന്നിവയോട് അമിതമായി പ്രതികരിക്കും. വായ് തുറക്കാൻ ബുദ്ധിമുട്ടും. ചെവിയും വാലും ബലമായി പൊക്കിപ്പിടിക്കുകയും ചെയ്യും. വായിൽനിന്നു നുരയും പതയും വരും. രോഗത്തിന്റെ അവസാനഘട്ടത്തിൽ ശ്വാസതടസവും ഉണ്ടാകും. ഓക്സിജന്റെ അഭാവംമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ഒടുവിൽ ഹൃദയാഘാതവും മരണവും സംഭവിക്കും.
ചികിത്സ
രോഗലക്ഷണങ്ങൾ പ്രകടമായതിനുശേഷമുള്ള ചികിത്സ ഫലപ്രദമല്ല. രോഗത്തിന്റെ ആരംഭദശയിൽ ഡോക്ടറുടെ നിർദേശാനുസരണം ടെറ്റ്നസ് ആന്റിടോക്സിൻ ഉപയോഗിച്ചുള്ള ചികിത്സ ചിലപ്പോൾ ഫലിച്ചേക്കും. നാഢീവ്യൂഹങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് വിഷാംശത്തെ നിർവീര്യമാക്കാൻ ടെറ്റ്നസ് ആന്റിടോക്സിൻ ഉപകാരപ്രദമാണ്. ആന്റിബയോട്ടിക്കുകളും പേശികളുടെ വലിച്ചിൽ കുറയ്ക്കാനുള്ള മരുന്നുകളും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കും.
ചികിത്സയോടൊപ്പം രോഗബാധിതരായ മൃഗങ്ങളുടെ പരിചരണവും പ്രധാനമാണ്. രോഗമുള്ള മൃഗങ്ങളെ അധികം വെളിച്ചവും ശബ്ദവുമില്ലാത്ത ശാന്തമായ സ്ഥലത്ത് കിടത്തണം. ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്ലത്. ഭക്ഷണം കഴിക്കാൻ സാധിക്കാത്തതുകൊണ്ടുള്ള ക്ഷീണം അകറ്റാൻ ഗ്ലൂക്കോസ് അടങ്ങിയ ലായിനികൾ കുത്തിവയ്ക്കേണ്ടി വരും. തുടർച്ചയായി കിടക്കുന്നതുമൂലം ശരീരത്തിൽ വൃണങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ വൈക്കോലോ മാർദവമുള്ള വസ്തുക്കളോ ഉപയോഗിച്ച് മെത്തപോലെ രൂപപ്പെടുത്തിയ സ്ഥലത്തുവേണം കിടത്തേണ്ടത്. പരിസരം വൃത്തിയായി സൂക്ഷിക്കണം.
പ്രതിരോധമാർഗങ്ങൾ
രോഗപ്രതിരോധമാണു ചികിത്സയേക്കാൾ ഫലപ്രദം. ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ അവ കഴുകി വൃത്തിയാക്കി അണുനാശിനികൾ പുരട്ടുകയും ഒപ്പം തന്നെ പ്രതിരോധകുത്തിവയ്പായ ടെറ്റ്നസ് ടോക്സോയിഡ് (റ്റിറ്റി ഇഞ്ചക്ഷൻ) നൽകുകയും വേണം. പ്രസവത്തോടനുബന്ധിച്ചുള്ള മുറിവുകൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഒന്നോ രണ്ടോ ആഴ്ച പ്രായമായ ആട്ടിൻകുഞ്ഞുങ്ങളിൽ ടെറ്റ്നസ് വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്.
മണ്ണിലുള്ള ബാക്ടീരിയകൾ പൊക്കിൾക്കൊടി വഴി ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഇതിനു കാരണം. അതുകൊണ്ടു ജനിച്ചയുടനെ പൊക്കിൾക്കൊടി അയഡിൻ ലായനിയോ മറ്റ് അണുനശീകരണ ലേപനങ്ങളോ ഉപയോഗിച്ച് അണുവിമുക്തമാക്കി പൊക്കിളിന് ഒരു ഇഞ്ച് താഴെ വച്ച് വൃത്തിയുള്ള നൂല്കൊണ്ട് കെട്ടി അതിന് താഴെവച്ച് മുറിച്ചു കളയണം. പൊക്കിൽക്കൊടി ഉണങ്ങുന്നതു വരെ അണുനാശിനി ലേപനങ്ങൾ പുരട്ടാനും ശ്രദ്ധിക്കണം.
രോഗപ്രതിരോധത്തിന് ടെറ്റ്നസ് ടോക്സോയിഡ് കുത്തിവയ്പ് ഫലപ്രദമാണ്. ടെറ്റ്നസ് രോഗബാധ കൂടുതലായി കാണുന്ന പ്രദേശങ്ങളിൽ ഗർഭിണികളായ കന്നുകാലികൾക്ക് പ്രത്യേകിച്ച് ആടുകൾക്ക് ഒരു ഡോക്ടറുടെ നിർദേശാനുസരണം കുത്തിവയ്പ് നിർബന്ധമായും നൽകണം.
ഇതുവഴി അവയ്ക്കും ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ആവശ്യമായ പ്രതിരോധശക്തി ഉണ്ടാകും. ആടുകളിൽ ഗർഭത്തിന്റെ മൂന്നാം മാസത്തിലും നാലാം മാസത്തിലും ഓരോ കുത്തിവയ്പ് വീതം നൽകണം. ശരിയായ പരിപാലനത്തിലൂടെയും പ്രതിരോധത്തിലൂടെയും പൂർണമായും ഒഴിവാക്കാൻ കഴിയുന്ന രോഗമാണു വില്ലുവാതം.
ഡോ.പി.വി.ട്രീസാമോൾ, ഡോ.പി.വിൻസി
വൈറ്ററിനറി കോളജ്, മണ്ണുത്തി