ചെറുവയൽ രാമൻ ഇനി പദ്മശ്രീ രാമേട്ടൻ
Tuesday, March 28, 2023 10:21 PM IST
പരന്പരാഗത നെൽവിത്ത് സംരക്ഷണത്തിൽ മലയാളിക്ക് അഭിമാനത്തോടെ എടുത്തു പറയാൻ ഒരു പേരു മാത്രമേയുള്ളൂ. അതു രാമേട്ടൻ എന്നു പ്രായഭേദന്യെ എല്ലാവരും വിളിക്കുന്ന കുറിച്യ ഗോത്രവർഗത്തിൽപ്പെട്ട ചെറുവയൽ രാമനാണ്.
അതിന്റെ പേരിൽ, പുല്ലുമേഞ്ഞ മേൽക്കൂരയ്ക്കു കീഴെ ചാണകം മെഴുകിയ തറയിൽ ജീവിക്കുന്ന രാമേട്ടനെ തേടി രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലെന്നായ പദ്മശ്രീയും എത്തി. പാരന്പര്യ കൃഷിയിൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ചെറുവയൽ തറവാടിന്.
അതിന്റെ തുടർച്ചയും പടർച്ചയുമാണു രാമേട്ടൻ. നൂറിലേറെ വർഷങ്ങൾക്ക് മുന്പു കൃഷി ചെയ്തിരുന്ന മുപ്പതോളം നെൽവിത്തുകളാണ് അദ്ദേഹം ഇന്നും കൃഷി ചെയ്യുന്നത്. ഇതടക്കം 55 പാരന്പര്യ നെൽവിത്തുകളുടെ സംരക്ഷനുമാണ് 20 ഏക്കർ സ്ഥലത്തിനുടമയായ ചെറുവയൽ രാമൻ. എല്ലാം മൂന്നു മാസം മുതൽ ആറു മാസം വരെ മൂപ്പുള്ള വയനാട്ടിലെ പരന്പരാഗത നെൽവിത്തുകൾ.

വിത്തുകൾ സംരക്ഷിക്കുന്നതിനു പ്രത്യേത രീതി തന്നെയുണ്ടു രാമേട്ടന്. വിളവെടുത്ത നെല്ല് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കും. തുടർന്നു മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ല് അതിൽ സംഭരിക്കും. വൈക്കോൽ കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെൽസംരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ പരന്പരാഗത രീതി വഴി രണ്ടു വർഷംവരെ മുളയ്ക്കൽ ശേഷി നഷ്ടപ്പെടാതെ നെൽവിത്ത് സൂക്ഷിക്കാൻ കഴിയും.
മൂന്ന് ഏക്കറിലാണ് ഇപ്പോൾ നെല്ല് കൃഷി ചെയ്യുന്നത്. ഓരോ ഇനവും ഒന്നോ രണ്ടോ സെന്റിൽ മാത്രം. ഇതിൽ നിന്നും ലഭിക്കുന്ന നെല്ല് വീണ്ടും വിത്തിനായി സംരക്ഷിക്കും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നെൽവിത്തുകൾ രാമേട്ടൻ കൃഷി ചെയ്യാറില്ല. എന്നാൽ നെൽകൃഷി വ്യാപകമായി ചെയ്യുന്ന ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ രാമേട്ടന്റെ പക്കൽ നിന്നു നെൽവിത്തുകൾ വാങ്ങി കൃഷി ചെയ്യാറുണ്ട്.
അഞ്ചാം ക്ലാസ് വരെ കമ്മനയിലെ സ്കൂളിലായിരുന്നു പഠനം. 1969 ൽ കണ്ണൂരിലെ ഡിഎംഒ ഓഫീസിൽ വാർഡനായി ജോലി ലഭിച്ചെങ്കിലും സ്വീകരിച്ചില്ല. 15-ാം വയസിൽ പാടത്തിറങ്ങി. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. 45 വർഷമായി തുടരുന്ന സപര്യ. പാരന്പര്യ പച്ചക്കറി ഇനങ്ങൾ, ഔഷധ സസ്യങ്ങൾ, വിവിധയിനം വൃക്ഷങ്ങൾ എന്നിവയുടേയും സംരക്ഷകനാണു രാമേട്ടൻ. പരന്പരാഗത ജൈവകൃഷിയെക്കുറിച്ചു പഠിക്കാൻ വിദേശ സർവകലാശാലകളിലേതടക്കമുള്ള വിദ്യാർഥികളും ഗവേഷകരും രമേട്ടന്റെ കൃഷിയിടത്തിൽ എത്താറുണ്ട്. കേരള ജനത ജൈവകൃഷിയെക്കുറിച്ചു കേൾക്കുന്നതിനു വളരെ മുന്പേ അദ്ദേഹം തുടങ്ങിയതാണു ജൈവ നെൽകൃഷി.
രാമേട്ടൻ താമസിക്കുന്നതും പഴമയുടെ ഗന്ധമുള്ള വീട്ടിലാണ്. മണ്ണും വയ്ക്കോലും ചൂരലും മുളയും ഈട്ടിയും ഉപയോഗിച്ചു നിർമിച്ചതാണ് ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വീട്. കൊടിയ വേനലിലും വീടിനുള്ളിൽ ചൂട് അനുഭവപ്പെടില്ല.
ഇന്ത്യക്കകത്തും പുറത്തും കൃഷിസംബന്ധമായി നിരവധി ക്ലാസുകൾ എടുത്തിട്ടുള്ള രാമേട്ടന് ഇക്കാലയളവിൽ നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2016 ലെ ദേശീയ ജനിതക സംരക്ഷണ പുരസ്കാരം അതിൽ ശ്രദ്ധേയമാണ്. സസ്യജനുസുകളുടെയും കർഷ കരുടെ അവകാശങ്ങളുടേയും സംര ക്ഷണ അഥോറിറ്റി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത് എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയവും കേരളകാർഷിക സർവകലാശാലയുമായിരുന്നു.
2011ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണ ത്തിനായുള്ള 11 രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചതും ചെറുവയൽ രാമനാണ്. സുവർണ ഫലകവും ഒരു ലക്ഷം രൂപയുമടങ്ങുന്ന സംസ്ഥാന സർക്കാരിന്റെ അക്ഷര ജ്യോതി പുരസ്കാരം, ഫോക് ലോർ അക്കാദമി ഏർപ്പെടുത്തിയ 2022ലെ കാർഷിക പുരസ്കാരം, ബോധി ചാരിറ്റബിൾ സൊസൈറ്റി പുരസ്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ ഗീത, മക്കളായ രമണി, രമേശൻ, രാജേഷ്, രജിത എന്നിവരടങ്ങുന്നതാണ് രാമേട്ടന്റെ കുടുംബം.
അദീപ് ബേബി