ആമ്പല്ലൂരിന് അഴക് പകരും വര്ണപ്പൂക്കള്
Sunday, March 26, 2023 4:54 PM IST
ആദ്യം കടും വയലറ്റ്. പിന്നെ ഇളം വയലറ്റ്. അതുകഴിഞ്ഞ് നല്ല തൂവെള്ള. കണ്ണുകള്‍ക്കു കുളിര്‍മ പകരുന്ന ഇത്തരം പൂക്കളുടെ സമൃദ്ധിയിലാണു തിരുവനന്തപുരം ഗൗരീശപട്ടത്തെ ആമ്പല്ലൂര്‍ വീട്. വര്‍ണങ്ങളില്‍ നിന്നു വര്ണങ്ങളിലേക്കു രൂപമാറ്റം സംഭവിക്കുന്ന ലാവന്‍ഡറിന്റെ നനുഞ്ഞ സുഗന്ധമുള്ള ഈ മാന്ത്രിക ചെടി എത്രനേരം നോക്കി നിന്നാലും മതിയാവില്ല.
യെസ്റ്റര്‍ഡേ ടുഡേ ടുമാറോ എന്ന പേരുള്ള ഈ ചെടി ഇന്നലെയില്‍ നിന്ന് നാളെയിലേക്ക് സഞ്ചരിക്കുന്നതിന്റെ നേര് സാക്ഷ്യമാണ്. റിസര്‍വ് ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ ഗോപിനാഥ് ഗോപാലിന്റെയും ഭാര്യ ഡോ. മൃദുലാദേവിയുടെയും പരിചരണത്തില്‍ ഇവിടെ വിരിയുന്നതു പുക്കളുടെ പറുദീസ.
ചെത്തിയും ചെമ്പരത്തിയും ജമന്തിയും ശംഖുപുഷ്പവും നന്ദ്യാര്‍വട്ടവും പിച്ചിയും മുതല്‍ പര്‍പ്പിള്‍ ഷാംറോക്ക് ലോറോ പെറ്റലം വരെയുള്ള ചെടികള്‍ ഈ ഉദ്യാനത്തിലെ സുന്ദര കാഴ്ചകളാണ്. വെള്ള, ചുവപ്പ്, ഇരുവര്ണങ്ങള് ഇടകലര്‍ന്നവ ഉള്‍പ്പെടെ വിവിധ ഇനം ബോഗേന്‍വില്ലകള്‍, ചുവപ്പ് വയലറ്റ്, വെള്ള തുടങ്ങി വിവിധ വര്‍ണങ്ങളിലുള്ള നിത്യകല്ല്യണി (വിന്‍ക റോസിയ) പൂക്കള്‍, ഓര്‍ക്കിഡുകള്‍, പത്തുമണി ചെടികള്‍, പെറ്റൂണിയ, അഡീനിയ, കടും ചുവപ്പ് നിറത്തില്‍ നിറയെ പൂവിട്ട് നില്ക്കുന്ന റോസാച്ചെടികള്‍...
ആമ്പല്ലൂരിലെ ചില സവിശേഷ പുഷ്പച്ചെടികളെ പരിചയപ്പെടാം.
ലോറോ പെറ്റാലം
അതിലോലവും സുഗന്ധമുള്ള പൂക്കള്‍ വിടരുന്ന ലോറോപെറ്റാലം നിത്യഹരിത ചെടിയാണ്. കേരളത്തില്‍ അധികം കാണാത്ത ഇവയുടെ പൂക്കള്‍ പോലെ തന്നെ ഭംഗിയാര്‍ന്നതാണ് ഇലകളും. ചുവപ്പ്, പച്ച എന്നിങ്ങനെ വര്‍ഷം മുഴുവന്‍ ഇലകളുടെ നിറങ്ങളും മാറി മാറി വരും. ചൈനീസ് ഫ്രിഞ്ജ് ഫ്ളവര്‍ എന്ന പേരും ഇതിനുണ്ട്. ഫ്രില്ല് വച്ചതു പോലുള്ള പൂക്കളായതിനാലാണ് ഈ പേര് കിട്ടിയത്.
ബട്ടര്‍ ഫ്ളൈ പ്ലാന്റ്
വീട്ടു മുറ്റത്ത് ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ വന്നിറങ്ങുന്ന ചാരുതയാണ് ഈ ബട്ടര്‍ ഫ്ളൈ ചെടികള്‍ പകര്‍ന്നു നല്‍കുന്നത്. പര്‍പ്പിള്‍ ഷാംറോക്ക് എന്നറിയപ്പെടുന്ന ഈ ചെടിയുടെ ഇലകളാണ് മുഖ്യ ആകര്‍ഷകം. നല്ല പര്‍പ്പിള്‍ നിറത്തില്‍ ത്രികോണ ആകൃതിയില്‍ കാണപ്പെടുന്ന ഇലകള്‍. അതുകൊണ്ട് തന്നെ oxalis Triangularis എന്ന ശ്സ്ത്ര നാമത്തില്‍ അറിയപ്പെടുന്നു. പൂക്കള്‍ക്ക് ഇളം വയലറ്റ് നിറമാണ്.
ബ്ലീഡിംഗ് ഹാര്‍ട്ട്
ഹൃദയത്തില്‍ രക്തം കിനിഞ്ഞു നില്ക്കുന്നതു പോലുള്ള പൂവിതളുകളുമായി നില്ക്കുന്ന ബ്ലീഡിംഗ് ഹാര്‍ട്ട് വള്ളിച്ചെടി പൂന്തോട്ടത്തിലെ മറ്റൊരു ആകര്‍ഷണമാണ്. Clerodendrum Thom Soniae എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഇതിന്റെ വളര്‍ച്ച നാലു മീറ്ററോളം വരും. വീടിന്റെ മുന്‍വശത്തെ മതിലിന് ഭംഗി കൂട്ടുന്ന രീതിയിലാണ് ബ്ലീഡിംഗ് ഹാര്‍ട്ട് പുഷ്പങ്ങള്‍ പൂത്ത് നില്‍ക്കുന്നത്.

മെലാസ്റ്റോമ
നല്ല വയലറ്റ് നിറമുള്ള ഇതളുകളാണ് മെലാസ്റ്റോമ പുഷ്പങ്ങള്‍ക്കുള്ളത്. നടുവില്‍ പ്രകൃതി തന്നെ തുന്നിച്ചേര്‍ത്തതു പോലെയുള്ള കേസരങ്ങള്‍ കാണാം. ചെങ്ങന്നൂര്‍ സ്വദേശിയാണു ഗോപിനാഥ് ഗോപാല്‍. പറമ്പും, പാടങ്ങളുമുള്ള പമ്പയാറിന്റെ ഓരം പറ്റിയുള്ള പ്രദേശത്ത് ജനിച്ച് വളര്‍ന്നതു കൊണ്ട് തന്നെ ചെടികളോടും കൃഷിയോടുമുള്ള സ്നേഹം ചെറുപ്പം മുതലേയുണ്ട്.
ജോലിയില്‍ നിന്നു വിരമിച്ചതോടെയാണു കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ദിവസവും രണ്ട് മണിക്കൂറെങ്കിലും പൂന്തോട്ടത്തില്‍ ചെലവഴിക്കും. വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ വാഴയും പച്ചക്കറികളുമുണ്ട്.
സംഘര്‍ഷം നിറഞ്ഞ ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിനിടയില്‍ കിട്ടുന്ന വലിയ ആശ്വാസമായാണ് ഡോ. മൃദുലാദേവി ഉദ്യാനപരിപാലനത്തെ കാണുന്നത്. വ്യത്യസ്തമായ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതില്‍ വലിയ താത്പര്യവുമുണ്ട് നഴ്സറികളില്‍ നിന്നും, സുഹൃത്തുക്കളുടെ വീടുകളില്‍ നിന്നും ഇഷ്ട ചെടികള്‍ ശേഖരിക്കാറുണ്ട്. രാവിലെ ആശുപത്രിയില്‍ പോകും മുന്‍പും വൈകിട്ട് വീട്ടില്‍ എത്തികഴിഞ്ഞും ഏറെനേരം ചെടികള്‍ക്കൊപ്പം കഴിയും. ചെടികള്ക്കുവെള്ളം ഒഴിക്കുന്നതും വളമിടുന്നതും കളപരിക്കുന്നതുമെല്ലാം ഇരുവരും ചേര്‍ന്നാണ്.
തേയിലക്കൊത്ത്, മുട്ടത്തോട്, പഴങ്ങളുടെ തൊലി എന്നിവയാണ് ചെടികള്‍ക്കു നല്കുന്ന പ്രധാന വളങ്ങള്‍. ചെടികളുടെ പരിപാലനത്തെകുറിച്ച് യൂ ട്യൂബുകളില്‍ വരുന്ന വിവരങ്ങളും ശ്രദ്ധിക്കാറുണ്ടെന്നു ഡോ. മൃദുലാദേവി പറഞ്ഞു. മക്കളായ ഡോ. ശ്രുതിക്കും ഡോ. അകിതയ്ക്കും മരുമക്കളായ അമിത് പിള്ള, ശ്യാം ഗിരീഷ് എന്നിവര്‍ക്കും പൂക്കളോടും ചെടികളോടും വലിയ ഇഷ്ടം തന്നെ.
എസ്. മഞ്ജുളാദേവി