ആശങ്ക പടര്‍ത്തി കാലികളില്‍ ചര്‍മ മുഴ
ആശങ്ക പടര്‍ത്തി  കാലികളില്‍ ചര്‍മ മുഴ
Tuesday, February 28, 2023 3:36 PM IST
കന്നുകാലികളില്‍ പാല്‍ ഉത്പാദനവും പ്രത്യുത്പാദനവും ഗണ്യമായി കുറയാന്‍ ഇടയാക്കുന്ന സാംക്രമിക രോഗമാണു ചര്‍മ മുഴ. പോക്‌സ് വൈറസുകളുടെ കുടുംബത്തിലെ കാപ്രിപോക്‌സ് വിഭാഗത്തിലെ എല്‍എസ്ഡി വൈറസുകളാണു ചര്‍മ മുഴയുണ്ടാക്കുന്നത്.

കൊതുക്, കടിയീച്ച, ചെള്ള്, പട്ടുണ്ണി തുടങ്ങിയ രക്തം കുടിക്കുന്ന ബാഹ്യപരാദങ്ങള്‍ വഴിയാണ് പ്രധാനമായും രോഗം പടരുന്നത്. രോഗബാധയുള്ള പശുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ പശുക്കുട്ടിയിലേക്കും പശുവിന്റെ ഉമിനീരും മറ്റു സ്രവങ്ങളും കലര്‍ന്ന തീറ്റയും വെള്ളവും കഴിക്കുന്നതിലൂടെയും മറ്റു പശുക്കളിലേക്കും രോഗം പടരും.

കൂടുതല്‍ സങ്കരയിനങ്ങളില്‍

നാടന്‍ ഇനങ്ങളെക്കാള്‍ സങ്കര ഇനം കന്നുകാലികളിലാണ് രോഗസാധ്യത കൂടുതല്‍. ഗര്‍ഭിണി പശുക്കളേയും കിടാരികളേയും രോഗം കൂടുതലായി ബാധിക്കും. രോഗ പകര്‍ച്ചാ നിരക്ക് അഞ്ചു മുതല്‍ 45 ശതമാനവും മരണനിരക്ക് പത്തു ശതമാനത്തില്‍ താഴെയുമാണ്.

ലക്ഷണങ്ങള്‍

ചെറിയ പനി, തീറ്റമടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്ന് ഉമിനീര് പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം, പാല്‍ ഉത്പാദനത്തില്‍ കുറവ് എന്നിവയാണ് പ്രഥമ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായി നാലു മുതല്‍ 28 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

രണ്ടാംഘട്ടത്തില്‍ ത്വക്കില്‍ രണ്ടു മുതല്‍ അഞ്ചു സെന്റിമീറ്റര്‍ വ്യാസ മുള്ള മുഴകള്‍ പ്രത്യക്ഷപ്പെടും. നല്ല കട്ടിയുള്ളതും തൊലിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്നതു മാണു മുഴകള്‍. തല, കഴുത്ത്, കൈകാലുകള്‍, അകിട് എന്നിവിട ങ്ങളിലും മുഴകള്‍ കാണും. ചില കന്നുകാലികളില്‍ ശരീരം മുഴുവനും മുഴയുണ്ടാകും.

ദിവസങ്ങള്‍ കഴിയുന്നതോടെ ഇവ നീരു വന്നു വലിയ മുഴകളായി മാറുകയും പൊട്ടിയൊലിച്ച് വ്രണങ്ങളുണ്ടാകുകയും ചെയ്യും. വായിലും അന്നനാള ത്തിലും മുഴ വരുന്നതോടെ തീറ്റയെടു ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ശ്വാസനാള ത്തിലും ശ്വാസകോശത്തിലും വരുന്ന മുഴകള്‍ ന്യൂമോണിയ ഉണ്ടാക്കും. ഇത് പൊട്ടിയൊലിക്കുന്നത് മരണകാര ണമാകും.

വലിയ നഷ്ടം

രോഗം വരുന്ന കന്നുകാലികള്‍ കര്‍ഷകന് വലിയ നഷ്ടമുണ്ടാക്കും. ഗര്‍ഭം അലസല്‍, മദി കാണിക്കാതി രിക്കല്‍, മദിചക്രത്തിന് താളം തെറ്റല്‍ എന്നിവയുണ്ടാക്കും. എന്നാല്‍, രോഗം മാറിയ ഉരുക്കളില്‍ ആജീവനാന്ത പ്രതിരോധശേഷി കണ്ടുവരുന്നു.

രോഗ നിര്‍ണയം

രോഗലക്ഷണം കണ്ടാല്‍ പിസിആര്‍ ടെസ്റ്റ് മുഖേന രോഗനിര്‍ണയം നടത്താം. അടര്‍ത്തിയെടുത്ത മുഴകള്‍, മുറിവിലെ പൊറ്റ, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, സെമന്‍, രക്തസാമ്പിളുകള്‍ എന്നിവ ശേഖരിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. മൃഗസംരക്ഷണ വകു പ്പിന്റെ സംസ്ഥാന റഫറല്‍ ആശുപത്രി യായ തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ രോഗനിര്‍ണയ സൗകര്യമുണ്ട്.


സംസ്ഥാനത്ത് വ്യാപകം

പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് രോഗവ്യാപനം കൂടു തല്‍. കോട്ടയം, ഇടുക്കി, തിരുവന ന്തപുരം ജില്ലകളിലും രോഗം പടരു ന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ല കളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കുത്തിവയ്പിനായി 10 ലക്ഷം ഡോസ് വാക്‌സിന്‍ സംഭരിച്ചുകഴിഞ്ഞു.

രോഗം എത്തിയത് ആഫ്രിക്കയില്‍ നിന്ന്

ആഫ്രിക്കന്‍ രാജ്യമായ സാംബി യയില്‍ 1929 കളുടെ തുടക്കത്തിലാണ് ചര്‍മ മുഴ രോഗം ആദ്യം കണ്ടെ ത്തിയത്. 1949ല്‍ ദക്ഷിണാഫ്രിക്കയില്‍ 80 ലക്ഷം കന്നുകാലികളെ ബാധിച്ചു. 1989ല്‍ ഇസ്രേലില്‍ രോഗം പടര്‍ന്നു പിടിച്ചു.

ഇന്ത്യയില്‍ ആദ്യം ഒഡീഷയില്‍

ചര്‍മ മുഴ രോഗം ഇന്ത്യയില്‍ ആദ്യ മെത്തിയത് 2019ല്‍ ഒഡീഷയില്‍. കേരളത്തില്‍ രണ്ടുവര്‍ഷം മുമ്പ് തൃശൂര്‍, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ കണ്ടെത്തി.

സൗജന്യ കുത്തിവയ്പ്

കന്നുകാലികളിലെ ചര്‍മ മുഴക്കെ തിരേ ഒരു മാസം നീളുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പിന് സംസ്ഥാ നത്ത് തുടക്കമായി.

രോഗപ്രതിരോധ മാര്‍ഗങ്ങള്‍

1. രോഗബാധയുള്ള ഉരുക്കളോടുള്ള മറ്റു മൃഗങ്ങളുടെ സന്പര്‍ക്കം ഒഴിവാക്കുക.

2. രോഗത്തിന് ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ല. അകിടുവീക്കം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്‌ള മേറ്ററി, വേദന സംഹാരികള്‍, കരള്‍ സംരക്ഷണ പ്രതിരോധശേഷി കൂട്ടുന്ന തിനുള്ള മരുന്നുകള്‍, ജീവ ധാതുലവണ മിശ്രിത കുത്തിവയ്പുകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശത്തില്‍ നല്‍കാം.

3. മുഴകള്‍ പൊട്ടി വ്രണമാകാതിരി ക്കാനും പുഴുവരിക്കാതിരിക്കാനും ഈച്ചകളെ അകറ്റാനും മുറിവ് ഉണങ്ങാനും ലേപനങ്ങളോ സ്‌പ്രേ കളോ ഉപയോഗിക്കുക.

4. രോഗബാധയേറ്റ മുഴകളിലെ വൈറസ് ആഴ്ചകളോളം ജീവനോടെ നിലനില്‍ക്കും. അതിനാല്‍ രോഗ പകര്‍ച്ച തടയാന്‍ ഒരു ശതമാനം ഫോര്‍മാലിന്‍, 23 ശതമാനം സോഡിയം ഹൈപോക്ലോറേറ്റ്, രണ്ടു ശതമാനം ഫീനോള്‍, ക്വാര്‍ട്ടണറി അമോണിയം കോമ്പൗണ്ടുകള്‍ തുടങ്ങിയ അണു നാശിനികള്‍ ഉപയോഗിച്ച് തൊഴുത്തും പരിസരവും ഉപകരണങ്ങളും വൃത്തി യാക്കുക.

5. പട്ടുണ്ണി നാശിനികള്‍, കൊതുക് നാശിനികള്‍ എന്നിവ ഉരുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസ രത്തും പ്രയോഗിക്കുക.

6. രോഗബാധയുള്ള ഉരുക്കളെ മാറ്റി പാര്‍പ്പിക്കുക.
7. രോഗബാധയുള്ള പ്രദേശത്തു നിന്ന് ഉരുക്കളെ വാങ്ങാതിരിക്കുക.
8. പുതിയതായി വാങ്ങുന്ന ഉരുക്കളെ മാറ്റി പാര്‍പ്പിക്കുക.

വൈ.എസ്. ജയകുമാര്‍