കുരുമുളക് കൊടിയുടെ മുകളിലുള്ള തലയെയാണു കേറുതലകള്‍ (ഏറുതലകള്‍). കുരുമുളക് കൃഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങളില്‍ ഭൂരിഭാഗം കര്‍ഷകരും കേറുതലകള്‍ ഉപയോഗിച്ചുള്ള അതിസാന്ദ്രതാ കൃഷിയാണു ചെയ്തു വരുന്നത്.
നട്ട് അടുത്ത വര്‍ഷം തന്നെ വിളവ് കിട്ടുമെന്ന പ്രത്യേകതയുമുണ്ടിതിന്. സാധാരണ കൊടികളില്‍ നിന്നു വ്യത്യസ്തമായി ഏറ്റവും താഴെ നിന്നുപോലും പാര്‍ശ്വശിഖരങ്ങള്‍ വരുമെന്നതും ഈ രീതിയെ ആകര്‍ഷകമാക്കുന്നു.
ആരോഗ്യവും ഉത്പാദനക്ഷമതയുമുള്ള മാതൃകൊടിയെ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ കണ്ടെത്തുകയും വേനല്‍ മഴക്കുശേഷം ഇവയില്‍ നിന്ന് 5-7 മുട്ടുകളോടുകൂടിയ കേറുതലകള്‍ മുറിച്ചെടുക്കുകയും വേണം. കണ്ണിത്തലകളെ അപേക്ഷിച്ചു വേരു പിടിക്കാനുള്ള സാധ്യത ഇവയ്ക്കു കൂടുതലാണ്. ഇവ 45 സെക്കന്‍ഡ് ഐബിഎ ലായനിയില്‍ മുക്കിയശേഷം പോട്ടിംഗ് മിശ്രിതത്തില്‍ നടാം.
കമ്പി വലകൃഷി ഒരു കൊടിയില്‍ നിന്നു ലാഭ്യമാകുന്ന കേറു തലകളുടെ എണ്ണം വളരെ തുച്ഛമായതിനാലും ഇവ ശേഖരിക്കാനുള്ള പ്രയാസവും കണക്കിലെടുത്തു പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം കുരുമുളകിന്റേയും നടീല്‍ വസ്തുക്കളുടേയും ഉത്പാദനത്തിനായി കമ്പി വല കൃഷിരീതി വികസിപ്പിച്ചിട്ടുണ്ട്.
താങ്ങുകാലുകള്‍ക്കു പകരം ഒന്നര മീറ്റര്‍ ഉയരവും മുക്കാല്‍ മീറ്റര്‍ വ്യാസവുമുള്ള വൃത്താകൃതിയുള്ള ജി.ഐ. കമ്പിവലത്തൂണുകള്‍ കേറുതല കൃഷിക്ക് ഉപയോഗിക്കാം. ഇവ നിലത്ത് 20 സെ. മീ. വീതിയുള്ള വൃത്താകൃതിയിലുള്ള ചാലെടുത്ത് സ്ഥാപിക്കണം. ഇതിലേക്ക് 50 സെ. മീ. ഉയരത്തില്‍ മണ്ണിടുക. കമ്പിവലത്തൂണുകള്‍ നിലത്ത് സ്ഥാപിക്കുന്നതിനു പകരം വലിയ ചട്ടിയിലോ ഉപയോഗശൂന്യമായ പഴയ ഡ്രമ്മുകളുടെ അടിഭാഗം മുറിച്ചെടുത്തോ സ്ഥാപിക്കാം.
കമ്പിവലത്തൂണിന് ചുറ്റും 20 സെ.മീ. അകലത്തില്‍ 15 സെ.മീ. ആഴവും വീതിയുമുള്ള ചാലെടുത്ത് അതില്‍ മേല്‍മണ്ണും 10 ഗ്രാം ട്രൈക്കോഡെര്‍മയും ചാണകപ്പൊടിയും ചേര്‍ക്കുക. ചാലില്‍ 25സെ.മീ. അകലത്തില്‍ വേരുപിടിച്ച കേറുതലകള്‍ നടുകയോ ഇവ ലഭ്യമല്ലാത്ത പക്ഷം മണ്‍സൂണ്‍ ആരംഭത്തോടുകൂടി ആരോഗ്യമുള്ള മാതൃസസ്യത്തില്‍ നിന്നു കേറുതലകള്‍ നേരിട്ടും നടാവുന്നതാണ്.
ഇവയില്‍ 90 ശതമാനത്തോളം വേര് പിടിക്കാറുണ്ട്. കമ്പിവല കൂട്ടില്‍ ഉണങ്ങിയ ഇലകള്‍ നിറയ്ക്കുന്നതു കൊടി കമ്പിവലക്കുള്ളിലേക്കു വളരുന്നതു തടയും. വര്‍ഷത്തില്‍ ഏകദേശം 500 ഗ്രാം കുരുമുളക് കമ്പിവലയില്‍ നിന്ന് ലഭിക്കും. തുറസായ സ്ഥലത്തും മഴമറയിലും പോളീഹൗസിലുമെല്ലാം കമ്പിവലകൃഷി ചെയ്യാം.
വളപ്രയോഗം 15 ഗ്രാം കടലപ്പിണ്ണാക്ക്, 10 ഗ്രാം എല്ലുപൊടി എന്നിവ രണ്ടുമാസത്തിലൊരിക്കല്‍ ഒരു യൂണിറ്റിന് എന്ന തോതില്‍ നല്‍കുന്നത് കൊടികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. വേര് പിടിച്ച തൈകള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ വെള്ളത്തില്‍ ലയിക്കുന്ന വളങ്ങളായ 19:19:19 ഇലകളില്‍ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ തളിക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും.
വേനല്‍ മഴയ്ക്കുശേഷം ഒരു യൂണിറ്റിന് 20 ഗ്രാം യൂറിയ 25 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 30 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഇവ നല്‍കുന്നതിന് രണ്ടാഴ്ച മുമ്പു കുമ്മായം ചൂവട്ടില്‍ നല്‍കണം.
താങ്ങുകാലുകളില്‍ കുരുമുളക് കൃഷി ചെയ്യാന്‍ സ്ഥല പരിമിതിയുള്ളവര്‍ക്ക് വീട്ടുവളപ്പില്‍ തന്നെ കുരുമുളക് ഉത്പാദിപ്പിക്കാന്‍ ഇത്തരത്തിലുള്ള എട്ട് യൂണിറ്റുകള്‍ സ്ഥാപിച്ചാല്‍ മതിയാകും. ഒരു യൂണിറ്റ് സ്ഥാപിക്കാനായി ഏകദേശം 500-700 രൂപ ചെലവ് വരും. തുറസായ സ്ഥലത്ത് സ്ഥാപിക്കുന്ന കമ്പിവലകള്‍ 8-10 വര്‍ഷം വരെ കേടുകൂടാതിരിക്കും.
കെ.കെ. ദിവ്യ, സി. കെ. ഐറിന, പി. നിമാവി, സി. കെ. യാമിനിവര്‍മ കുരുമുളക് ഗവേഷണ കേന്ദ്രം, പന്നിയൂര്‍, കണ്ണൂര്‍