ഐസക്കിയേലിന്റെ ഏദൻതോട്ടം
Thursday, February 2, 2023 7:05 PM IST
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാനിക്കരയിലുണ്ട്. ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ എസക്കിയേൽ പൗലോസിന്റെ കൃഷിത്തോട്ടമാണ് വൈവിധ്യങ്ങളിൽ വൈവിധ്യമൊരുക്കി ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
ഔഷധസസ്യങ്ങളും പച്ചക്കറികളും അപൂർവയിനം വൃക്ഷങ്ങളും തുടങ്ങി കൗതുകവും വിജ്ഞാനവും പകരുന്ന ഒട്ടനവധി സസ്യലതാദികളും പക്ഷിമൃഗാദികളുമാണ് എസക്കിയേലിന്റെ തോട്ടത്തിൽ വിരാജിക്കുന്നത്.
പിതാവ് പകർന്നു നൽകിയത്
പിതാവ് എ.സി. പൗലോസിൽനിന്നാണ് എസക്കിയേലിന് ഔഷധസസ്യങ്ങളോട് പ്രിയം തോന്നിത്തുടങ്ങിയത്. ഒഎൻജിസി ജീവനക്കാരനായിരുന്ന പിതാവ് ജോലി സംബന്ധമായി യാത്ര പോകുന്ന സ്ഥലങ്ങളിൽ കാണുന്ന ഔഷധ സസ്യങ്ങളും അപൂർവ ഇനം മരങ്ങളുടെ തൈകളും വീട്ടിൽ കൊണ്ടുവന്നു നട്ടുപരിപാലിക്കുന്നത് കണ്ട മകന് കൃഷിയോട് അറിയാതെ പ്രിയം തോന്നിത്തുടങ്ങുകയായിരുന്നു.
റബർ വെട്ടിമാറ്റി ചെയ്ത കൃഷി
ലക്ഷങ്ങൾ വരുമാനം ലഭിച്ചിരുന്ന മൂന്നര ഏക്കർ പുരയിടത്തിലെ റബർ മരങ്ങൾ വെട്ടിമാറ്റിയാണ് ഐടി പ്രഫഷണലായ എസക്കിയേൽ പൗലോസ് വൈവിധ്യമാർന്ന കൃഷി രീതികൾ പരീക്ഷിച്ചത്. ആദ്യം കൗതുകത്തിന് നട്ട ചെടികൾ വളരെ നന്നായി വളർന്നു. ഇതോടെ എസക്കിയേലിന് കൃഷിയോടുള്ള ആഭിമുഖ്യവും വർധിച്ചു.
ആദ്യം നട്ട രുദ്രാക്ഷമരം ഇപ്പോൾ 48 അടി ഉയരത്തിലായിക്കഴിഞ്ഞു. പുരാണത്തിലെ ശിംശിപ 10 അടിയും ഉയരത്തിലായിട്ടുണ്ട്. വീടിനു ചുറ്റും തൊടിയിലും പറന്പിലുമെല്ലാം ഔഷധസസ്യങ്ങളും വിദേശ ഇനത്തിൽപ്പെട്ട അപൂർവ ഇനം മരങ്ങളും നിറഞ്ഞു നിൽക്കുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
വീടിന്റെ പ്രവേശന കവാടത്തിന് ഇരുവശത്തും അപൂർവ ഇനം ഔഷധസസ്യങ്ങളെ പ്രത്യേകം സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്. 14 വർഷം മുൻപ് ആരംഭിച്ച ഈ കൃഷിത്തോട്ടം ഇപ്പോൾ ഏകദേശം അഞ്ഞൂറിൽ പരം ഔഷധസസ്യങ്ങളുടെ കലവറയായിക്കഴിഞ്ഞു.
ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന എസക്കിയേൽ വാരാന്ത്യ ഒഴിവു ദിനങ്ങളിൽ നാട്ടിലെത്തിയാണ് തന്റെ കൃഷിത്തോട്ടത്തെ ഈ വിധം പരിപാലിച്ചെടുത്തത്. ഇപ്പോൾ വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി എസക്കിയേലും ഭാര്യ ശ്രീഷയും വീട്ടിൽത്തന്നെയിരുന്നാണ് ജോലിയും കൃഷി പരിപാലനവും ഒരുമിച്ചു കൊണ്ടു പോകുന്നത്.
ചെടികളിലെ വൈവിധ്യം
അകിൽ, കൃഷ്ണ ആൽ, കമണ്ഡലു, ഊത്, കായം, നീർമരുത്, താന്നി, വലംപിരി, ഇടംപിരി, മുറികൂട്ടി, കോലിഞ്ചി ഇങ്ങനെ ഒട്ടനവധിയായ ചെടികളാണ് ഇവിടെ വളരുന്നത്. ഇവയുടെ കൂട്ടത്തിൽ, തോട്ടത്തിൽ വരുന്ന പ്രാണികളെയും മറ്റും ഭക്ഷണമാക്കാൻ ഇരപിടിയൻ സസ്യവുമുണ്ടിവിടെ.
കായാന്പൂ, ചുവന്നതും കറുത്തതുമായ കറ്റാർവാഴ, ഉദരരോഗങ്ങൾക്ക് ഉപയോഗിക്കുന്ന അയ്യപ്പന, പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന അംഗോലം, രാസ്നാദി ചെടിയായ അരത്ത, ചിലന്തി വിഷത്തിന് പ്രതിരോധ മരുന്നായ എട്ടുകാലി പച്ച, ഗുൽഗുലു, കുട്ടികൾക്ക് ആരോഗ്യ സംരക്ഷണത്തിനുപയോഗിക്കുന്ന പാവട്ടം, മരമഞ്ഞൾ, അശ്വഗന്ധ തുടങ്ങിയവയെല്ലാം തന്നെ പ്രത്യേകമായിട്ട് സംരക്ഷിച്ചാണ് വളർത്തുന്നത്.
മുറിവുണക്കാൻ ഉപയോഗിക്കുന്ന ബെറ്റാഡിൻ പ്ലാന്റ് എന്ന അപൂർവ സസ്യവും ഇവിടെയുണ്ട്. എസക്കിയേലിന്റെ ഔഷധ തോട്ടത്തെക്കുറിച്ചറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നും വൈദ്യൻമാരും മറ്റും മരുന്നാവശ്യത്തിനായി ഇവിടെയെത്തുന്നുണ്ട്.
ഒലിവ്, പിയർ, മിറക്കിൾ ഫ്രൂട്ട് തുടങ്ങി ആധുനികവും വിദേശികളുമായ സസ്യ ഫലവർഗങ്ങളോടൊപ്പം നാടൻ പഴവർഗങ്ങളായ കീരിപ്പഴം, ഞാറപ്പഴം, ഓടപ്പഴം, കാരക്ക തുടങ്ങിയവും എസക്കിയേലിന്റെ പുരയിടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും എസക്കിയേൽ സ്വന്തം തോട്ടത്തിൽനിന്ന് വിളവെടുക്കുകയാണ്.
മത്സ്യക്കൃഷിയും
ഒന്നര ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന കുളത്തിൽ മത്സ്യക്കൃഷിയും ഇവിടെ നടക്കുന്നുണ്ട്. ഇവിടെനിന്നുള്ള വെള്ളം തന്നെ തോട്ടത്തിൽ നനയ്ക്കാനും ഉപയോഗപ്പെടുത്തുന്ന എസക്കിയേൽ സംയോജിത ജൈവ കൃഷി രീതിയാണ് പിന്തുടരുന്നത്. പോത്ത്, താറാവ്, കരിങ്കോഴി, ഫ്ളൈയിംഗ് ഡക്ക് തുടങ്ങിയവയും എസക്കിയേൽ സംരക്ഷിച്ചു പോരുന്നു.
താളിയോലകളും ഗ്രന്ഥങ്ങളും
കൃഷിയിലുള്ള വൈവിധ്യം കൂടാതെ വിവിധയിനം താളിയോലകളും ഗ്രന്ഥങ്ങളും പഴയകാല ശേഖരങ്ങളും എസക്കിയേലിന്റെ കൈവശമുണ്ട്. സ്കൂൾ വിദ്യാർഥികളായ മക്കൾ സെഫന്യായ്ക്കും സെനീറ്റയ്ക്കും മാതാപിതാക്കളുടെ കൃഷിപ്പണികളോട് താൽപര്യമാണ്.
ഷിബു ജേക്കബ്