അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്‍
അറിയാനുണ്ട്,  ചില കാലിക്കാര്യങ്ങള്‍
1. പശുവിന്‍റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള്‍ പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.

2. പശു പ്രസവിക്കുമ്പോള്‍ കിടാവിന്‍റെ തലമാത്രം പുറത്തേക്കുവന്നാല്‍ ശ്രദ്ധാപൂര്‍വം തല അകത്തേക്ക് തള്ളിവിടുക. പിന്നീട് പുറത്തേക്ക് വരുന്നത് ശരിയായ രീതിയില്‍ കാലും തലയും ഒന്നിച്ചായിരിക്കും.

3. പശുക്കള്‍ ഇരട്ട പെറുമ്പോള്‍ കുട്ടികളില്‍ ഒരാണും ഒരു പെണ്ണും ആണെങ്കില്‍ പെണ്‍കിടാങ്ങളില്‍ തൊണ്ണൂറു ശതമാനത്തിനും പ്രത്യുത്പാദനക്ഷമത ഉണ്ടാവുകയില്ല.

4. പശു പ്രസവിച്ചു കഴിഞ്ഞാല്‍ കിടാവിനു നല്‍കുന്ന ആദ്യഭക്ഷണം കൊളസ്ട്രം എന്നറിപ്പെടുന്ന ആദ്യ മുലപ്പാലായിരിക്കണം. അതു കിടാവിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ശാരീരികാരോഗ്യം മെച്ചപ്പെടുക്കുകയും ചെയ്യും.

5. പശു പ്രസവിച്ചു കഴിഞ്ഞു കിടാവിനു വെളുത്തുള്ളിയും ഉപ്പും പുളിയും സമം ചേര്‍ത്തരച്ചു ചെറിയ ഉരുകളാക്കി കൊടുത്താല്‍ വയറ്റിലുണ്ടാകുന്ന അസുഖങ്ങള്‍ ഒഴിവാകും.

6. കന്നു കുട്ടികള്‍ക്കു ശരീരഭാരത്തിന്‍റെ പത്തുശതമാനം പാല്‍ ദിവസവും നല്‍കണം.

7. പ്രസവാനന്തരം തൊണ്ടി, തേരകത്തിന്റെ ഇല, മാവില എന്നിവ നല്‍കിയാല്‍ മുറുപിള്ള പോകുന്നത് അനായാസകരമാകും.

8. മറുപിള്ള വേഗം പോകാന്‍ മുളയുടെ പച്ച കൂമ്പ്, പുഴുങ്ങിയ നെല്ല്, കുന്നില, പച്ചകൈതച്ചക്ക, എന്നിവയും കൊടുക്കുന്നത് നല്ലതാണ്. പൂവന്‍വാഴയുടെ കൂമ്പോ ചെറുചൂടുള്ള കഞ്ഞിവെള്ളമോ കൊടുക്കുന്നതും നല്ലതാണ്.

9. മറുപിള്ളപോകാന്‍ വൈകിയാല്‍ പ്ലാവിലയും കടുകെണ്ണയും നല്‍കുക.

10. പശുക്കള്‍ മറുപിള്ള തിന്നാനിടയായാല്‍ ദഹനകേടും വയറിളക്കവും ഉണ്ടാകാം.

11. തലതാഴേക്കായി കന്നുകാലികളെ കിടത്തിയാല്‍ ഗര്‍ഭപാത്രം തള്ളിവരുന്ന അസുഖം കുറയും.


12. മാസം തികയാറാകുമ്പോള്‍ തീറ്റയും വെള്ളവും കുറയ്ക്കുക. ഗര്‍ഭപാത്രം തള്ളിവരുന്നത് കുറയും.

13. പ്രസവം കഴിഞ്ഞാലുടന്‍ അകിട് അയയുന്നതിന് ഹോസിലൂടെ വെള്ളം ശക്തിയായി അകിടിലേയ്ക്ക് ചീറ്റിക്കുക.

14. അകിടുവീക്കം തടയാന്‍ അകിടില്‍ ചിതല്‍പ്പുറ്റിലെ മണ്ണ് അരച്ചു പുരട്ടുകയോ അപ്പക്കോച്ചിയില അരച്ച് പുരട്ടുകയോ കടുക്ക പൊട്ടിച്ച് തേനില്‍ ചാലിച്ച് പുരട്ടുകയോ ചെയ്യുക.


15. കന്നുകാലികളെ ചെള്ള് കടിക്കുന്നതില്‍ നിന്നു സംരക്ഷിക്കാന്‍ സീതപ്പഴച്ചെടിയുടെ ഇല അരച്ചു പുരട്ടുക.

16. പാലിന്‍റെ കൊഴുപ്പുകൂട്ടാന്‍ അര ഔണ്‍സ് നല്ലെണ്ണ ദിവസവും കൊടുക്കുക.

17. കന്നുകാലികളുടെ പ്രസവം കഴിഞ്ഞ് നാലഞ്ച് ദിവസത്തേക്ക് അധികം ജലാംശം ഉള്ളില്‍ ചെല്ലരുത്. ഈ സമയത്ത് പച്ചനെല്ല് ഉമികളഞ്ഞ് പുഴുങ്ങി കൊടുക്കുന്നത് നല്ലതാണ്. മാവിലയിട്ട വെള്ളത്തില്‍ നെല്ല് പുഴുങ്ങി കൊടുക്കുന്നതും പ്രസവ രക്ഷയ്ക്ക് ഉത്തമം.

18. പ്രസവിച്ച് നാലാംദിവസം മുതല്‍ കുറച്ചു ദിവസത്തേക്ക് ഉഴുന്നു പൊടി, അരിപ്പൊടി, ചക്കര ഇവ സമം ചേര്‍ത്ത് കുറുക്കി കൊടുക്കുക, പിന്നീട് കഞ്ഞി, പുല്ല്, കച്ചി എന്നിവ കൊടുക്കാം.

19. കറവപ്പശുക്കള്‍ക്ക് എള്ളിന്‍ പിണ്ണാക്കു പതിവായി കൊടുക്കുക. വേഗത്തില്‍ പാല്‍ ചുരത്തും.

20. കൂടുതല്‍ പാല്‍ കിട്ടാന്‍ ആഹാര കാര്യത്തില്‍ സമയ ക്ലിപ്തത പലിക്കുക.

21. അഗത്തിച്ചീരയില കൊടുക്കുന്നതു പാല്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും.

22. പയറിന്റെ കച്ചി കന്നുകാലികള്‍ക്ക് നല്ല പോഷകദായകമായ തീറ്റയാണ്.

23. കറവ നടന്നുകൊണ്ടിരിക്കുന്ന സങ്കര ഇനം പശുക്കള്‍ ചെന പിടിച്ചാലും കിട്ടുന്ന പാലിന്റെ അളവു കുറയില്ല.

24. പ്രതിദിനം ശരാശരി പത്തുലിറ്റര്‍ പാല്‍ നല്‍കുന്ന പശുക്കള്‍ക്ക് ദിവസം 50 ലിറ്റര്‍ വെള്ളം വേണം

25. കറവയുള്ള പശുവിന് ഒരോ മൂന്ന് കിലോ പാലിനും പ്രതിദിനം ഒന്നരകിലോ ഖരാഹാരം കൂടുതല്‍ നല്‍കണം.

26. അകിടു വീക്കം മാറാന്‍ കടുക്കാപൊടിച്ചു തേനില്‍ ചാലിച്ച് പുരട്ടുക. സമുദ്രപ്പഴം തേനില്‍ ചാലിച്ച് പുരട്ടുന്നതും ചതകുപ്പ കാടിയില്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നതും നല്ലതാണ്.

27. പ്രസവശേഷം കന്നുകാലികളില്‍ കാണുന്ന നീരു മാറാന്‍ തൊട്ടാവാടി അരച്ചു പുരട്ടുകയോ ചോക്കുപൊടി വിന്നാഗിരിയില്‍ ചാലിച്ചു പുരട്ടുകയോ നീരുള്ള ഭാഗത്തേക്ക് പ്രത്യേകിച്ച് പുറകുവശത്തേക്ക് ഹോസില്‍ വെള്ളം ശക്തിയായി അടിച്ചു കൊടുക്കുകയോ ചെയ്യുക.

ജോര്‍ജ് തോപ്പിലാന്‍