നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
Tuesday, January 31, 2023 10:35 PM IST
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുലവാട്ടം, പോള രോഗം, പോള ചീയല്‍, ബാക്റ്റീരിയല്‍ ഇല കരിച്ചില്‍, ലക്ഷമി രോഗം എന്നിവയാണ് സാധാരണ കാണപ്പെടുന്ന രോഗങ്ങള്‍.
കുലവാട്ടം :
പൈറികുലേറിയ ഒറൈസ എന്ന കുമിളാണു രോഗഹേതു. ഇടവിട്ടുള്ള മഴയും വെയിലും, കുറഞ്ഞ താപനില, മൂടിക്കെട്ടിയ അന്തരീക്ഷം, വര്‍ധിച്ച അന്തരീക്ഷ ഈര്‍പ്പം തുടങ്ങിയ സാഹചര്യങ്ങള്‍ നെല്‍ച്ചെടികളില്‍ കുലവാട്ടം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
നെല്ലോലപ്പരപ്പില്‍ കണ്ണിന്റെ ആകൃതിയിലുള്ള പുള്ളിക്കുത്തുകളാണ് കുലവാട്ടത്തിന്റെ പ്രധാന ലക്ഷണം. രോഗം രൂക്ഷമാകുമ്പോള്‍ ചെടികള്‍ ഉണങ്ങി നശിക്കുന്നു. കതിര്‍ക്കുലയുടെ കഴുത്തില്‍ രോഗം ബാധിച്ചാല്‍ അവ ഒടിഞ്ഞു തൂങ്ങുകയും മണികള്‍ പതിരായി തീരുകയും ചെയ്യും.
നിയന്ത്രണ മാര്‍ഗങ്ങള്‍
1. കള നിയന്ത്രണം പാടത്തും വരമ്പിലും ഉറപ്പു വരുത്തുക.
2. അമിതമായ തോതില്‍ നൈട്രജന്‍ അടങ്ങിയ വളങ്ങളിടുന്നതു രോഗം വര്‍ധിപ്പിക്കും. ഉമി കരിച്ചു പാടത്തിടുന്നതു നല്ലതാണ്.
3. 10 ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 1 കിലോ വിത്ത് 12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം വിതയ്ക്കുക.
4. നെല്ലിന് 35 ദിവസം മൂപ്പായ ശേഷം ഹെക്ടറിന് 2.5 കിലോ സ്യുഡോ മോണസ് 50 കിലോ ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്തു വിതറണം. 45 ദിവസം മൂപ്പാകുമ്പോള്‍ ഹെക്ടറിന് 1 കിലോ സ്യുഡോമോണസ് 500 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിക്കുന്നതു ഫലപ്രദമാണ്.
5. െ്രെടഫ്‌ലോക്‌സിസ്‌ട്രോബിന്‍ + ടെബുകൊണസോള്‍ എന്നീ കുമിള്‍ നാശിനികള്‍ അടങ്ങിയ സംയുക്ത കുമിള്‍നാശിനി (നേറ്റിവോ) 4 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളി ക്കുക.
പോളരോഗം:
റൈസക്‌ടോണിയ സൊളാനി എന്ന കുമിളാണു രോഗഹേതു. ചിനപ്പ് പൊട്ടുന്ന സമയം രോഗാക്രമണം തുടങ്ങുന്നു. ജലനിരപ്പിനു മുകളില്‍ നില്‍ക്കുന്ന നെല്‍ച്ചെടികളുടെ പോള കളില്‍ തിളച്ചവെള്ളം വീണു പൊള്ളി യതു പോലെ പാടുകള്‍ കാണുകയും തുടര്‍ന്നു പോളകളും ഇലകളും കരിഞ്ഞു ചെടി അവിഞ്ഞു പോകു കയും ചെയ്യുന്നു.
രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ നെല്ലോല പോളകളിലും നെല്‍പ്പാടത്തും വെള്ള ത്തിന്റെ മുകളിലും കാണപ്പെടുന്നു. അനുകൂല സാഹചര്യങ്ങളില്‍ ഇവ മുളച്ചു ചെടികളില്‍ രോഗം പരത്തുന്നു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ രോഗം പെട്ടെന്ന് അധികരിക്കാന്‍ കാരണമാകും.
നിയന്ത്രണ മാര്‍ഗങ്ങള്‍
1. വയലിലെയും വരമ്പുകളിലെയും കളകള്‍ നീക്കംചെയ്യുക.
2. നിലം ഉഴുതു മറിച്ചു വെള്ളം കെട്ടി നിറുത്തി വാര്‍ത്തു കളയുക.
3. വേപ്പിന്‍പിണ്ണാക്ക് ഏക്കറിന് 250 കിലോ എന്ന തോതില്‍ ഉപയോ ഗിക്കുക.
4. പൊട്ടാസിയം അടങ്ങിയ വളങ്ങള്‍ നല്‍കുക.
5. െ്രെടക്കോഡെര്‍മ ഉപയോഗിച്ചു വിത്ത് പരിചരണം നല്‍കുക. (1 കിലോ വിത്തിന് 10 കിലോ െ്രെടക്കോഡെര്‍മ ഉപയോഗിക്കുക.) 35 ദിവസം മൂപ്പെ ത്തിയ നെല്‍ച്ചെടികള്‍ക്കു മണ്ണില്‍ 2.5 കിലോ െ്രെടക്കോഡെര്‍മ നല്‍കാം.
6. രോഗ നിയന്ത്രണത്തിനു കുമിള്‍ നാശിനിയായ ടെബുകോണാസോള്‍ 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
പോളചീയല്‍:
സാരാക്‌ളോഡിയം ഒറൈസ എന്ന കുമിളാണു രോഗഹേതു. കതിരിനെ പൊതിഞ്ഞിരിക്കുന്ന കൊതുമ്പിലയില്‍ തവിട്ടു നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുകയും കതിരുകള്‍ പുറത്തു വരാതിരിക്കുകയും മണികള്‍ പതിരാവുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍
1. പാടത്തു വേപ്പിന്‍പിണ്ണാക്ക് ഇടുക.
2. പൊട്ടാസ്യം 50 ശതമാനം അധിക മായി നല്‍കുക. ചിനപ്പ് പൊട്ടുന്ന സമയത്തു വേണം പൊട്ടാസ്യം നല്‍കേണ്ടത്.
3. രോഗനിയന്ത്രണത്തിന് കുമിള്‍ നാശിനിയായ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് (കൊസൈഡ്) 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു നല്‍കാം. അല്ലെങ്കില്‍ കാര്‍ബെന്‍ഡാസിം 500 ഗ്രാം ഒരു ഹെക്ടറില്‍ (1 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍) നല്‍കു ന്നതും ഫലപ്രദമാണ്.
നെല്ലിലെ ഫാള്‍സ് സ്മട്ട് (ലക്ഷമി രോഗം)
നെല്ലിലെ ഫാള്‍സ് സ്മട്ട് അഥവ ലക്ഷമി രോഗം ഉണ്ടാക്കുന്നത് അസ്റ്റിലാജിനോയിഡിയ വൈറെന്‍സ് എന്ന ഫംഗസാണ്. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ഈ രോഗം സമ്പ ത്തിന്റെയും സമൃദ്ധിയുടെയും പ്രതീക മായിട്ടാണ് അറിയപ്പെടുന്നത്. പൂവിടുമ്പോള്‍ മാത്രമാണു ചെടികളില്‍ രോഗ ലക്ഷണങ്ങള്‍ ദൃശ്യമാകുന്നത്. കതിരിന്റെ ചില മണികളില്‍ മാത്രമാണു സാധാരണയായി രോഗബാധയുണ്ടാവുക.
പാകമാകുന്ന നെല്‍ക്കതിരു കളിലെ കുറച്ചു ധാന്യങ്ങള്‍ വെല്‍വെറ്റ് രൂപത്തിലുള്ള പച്ചകലര്‍ന്ന കുമിള്‍ ബോളുകളായി പരിവര്‍ത്തനപ്പെടുകയും രോഗം ബാധിച്ച ധാന്യങ്ങള്‍ കുമി ളുകളുടെ കലവറയായി രൂപാന്തര പ്പെടുകയും ചെയ്യുന്നു. ചെറുതായി ഉണ്ടാകുന്ന സ്‌പോര്‍ ഗോളങ്ങള്‍ ക്രമേണ വലുതായി ഉള്ളില്‍ പച്ചക ലര്‍ന്ന മഞ്ഞ ബോളായി മാറുന്നു.
ഇവ ആദ്യം ഒരു നേര്‍ത്ത പാടയാല്‍ മൂടപെടുകയും പിന്നീട് കോശങ്ങള്‍ പാകമാകുന്ന സമയത്ത് ഇതു പൊട്ടി ത്തെറിച്ചു ഓറഞ്ച് നിറമോ പിന്നീട് മഞ്ഞകലര്‍ന്ന പച്ചയോ പച്ചകലര്‍ന്ന കറുപ്പോ ആയി മാറുകയും ചെയ്യും. ഇത്തരത്തില്‍ സ്മട്ട് ബാധിച്ച നെന്മ ണികള്‍ വന്ധ്യത ബാധിച്ചു വിളവ് കുറയുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
1. അണു വിമുക്തമായ ആരോഗ്യമുള്ള വിത്തുകള്‍ നടാനായി ഉപയോഗിക്കുക.
2. രോഗബാധയുള്ള പാടങ്ങളില്‍ നിന്നു വിത്ത് ശേഖരിക്കാതിരിക്കുക.
3. വിളവെടുപ്പ് സമയത്ത്, രോഗം ബാധിച്ച ചെടികള്‍ നീക്കം ചെയ്യു കയും നശിപ്പിക്കുകയും ചെയ്യുക.
4. കൃഷിയിടത്തിലും ജലസേചന ചാലുകളിലുമുള്ള കളകള്‍ ഒഴി വാക്കുക.
5. നൈട്രജന്‍ വളങ്ങളുടെ അമിത പ്രയോഗം ഒഴിവാക്കുക.
6. നെല്‍ വിത്തുകള്‍ നടുന്നതിനു മുമ്പായി ചൂടു വെള്ളത്തില്‍ (52 ഡിഗ്രി സെല്‍ഷ്യസ്) പത്തു മിനിട്ട് മുക്കി വച്ചോ രാസ കുമിള്‍നാശിനിയായ കാര്‍ ബന്‍ഡാസിം (2.0 ഗ്രാം ഒരു കിലോ നെല്‍വിത്തിന് എന്ന തോതില്‍) ഉപയോഗിച്ചോ വിത്തുകള്‍ അണുവിമു ക്തമാക്കുക.
7. രോഗബാധ കണ്ടു വരുന്ന പ്രദേശ ങ്ങളില്‍ നെല്‍ച്ചെടികള്‍ പൂക്കുന്നതിനു മുമ്പായി രാസ കുമിള്‍ നാശിനികളായ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് 2.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലോ മാങ്കോ സെബ് 2.0 ഗ്രാം ഒരു ലിറ്റര്‍ വെള്ള ത്തിലോ പ്രൊപികോണസോള്‍ 1.0 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിലോ കലക്കി തളിക്കുക.
8. 50 ശതമാനം നെല്ല് കതിര്‍ ഉണ്ടായ ശേഷം കോപ്പര്‍ ഹൈഡ്രോക്‌സൈഡ് 2.0 ഗ്രാം ഒരു ലിറ്റര്‍ വെള്ള ത്തില്‍ ചേര്‍ത്തു തളിക്കുന്നതു വഴി രോഗ തീവ്രത കുറയും.
ബാക്റ്റീരിയല്‍ ഇലകരിച്ചില്‍
ഞാറ് പറിച്ചു നട്ട് 2-3 ആഴ്ച്ച യ്ക്കകം നടു നാമ്പുണക്കം ഉണ്ടാ കുന്നു. ഓല കരിച്ചിലും മഞ്ഞളിപ്പും കാണാം. ഇലയുടെ ആഗ്ര ഭാഗത്തു നിന്നും വക്കുകളില്‍ നിന്നും രോഗ ബാധ മഞ്ഞ നിറത്തില്‍ തുടങ്ങുകയും പിന്നീട് കരിച്ചിലായി മാറുകയും ചെയ്യുന്നു. ആരംഭത്തില്‍ പുറമെയുള്ള ഇലകള്‍ വാടി വെള്ളത്തില്‍ പാറി കിടക്കുന്നു. രോഗകാരിയായ ബാക്റ്റീ രിയ വിത്തില്‍ കൂടിയാണു വ്യാപി ക്കുന്നത്. ബാക്റ്റീരിയ ചെടികളുടെ ഭാഗങ്ങളില്‍ ഉണങ്ങി പിടിച്ചിരി ക്കുന്നതിനാല്‍ പാടത്തിലെ വെള്ളത്തി ലേക്കു പടരുകയും തുടര്‍ന്ന് ഒരു കണ്ട ത്തില്‍ നിന്നും മറ്റു കണ്ടങ്ങളിലേക്കു വെള്ളം ഒഴുകുന്നതുവഴി രോഗം വേഗം പടരുകയും ചെയ്യുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
1. പുതു ചാണക വെള്ളം കലക്കി തളിക്കുക. 20 ഗ്രാം പുതിയ ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി ഊറ്റിയെടുത്തു വേണം തളിക്കാന്‍.
2. ഏക്കറിന് രണ്ടു കിലോ ബ്ലീച്ചിംഗ് പൗഡര്‍ കിഴി കെട്ടി ചാലുകളില്‍ നിക്ഷേപിക്കുക.
3. നടുമ്പോള്‍ ശരിയായ അകലം പാലിക്കുകയും ഞാറിന്റെ ഇല മുറിക്കാ തെയും ശ്രദ്ധിക്കുക.
4. പാടത്തെ അമിത വെള്ളക്കെട്ട് രോഗം അധികരിക്കാന്‍ കാരണമാകും.
5. സ്‌ട്രെപ്‌റ്റോസൈക്ലിന്‍ പത്തു ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഉപ യോഗിക്കുന്നതു ഫലപ്രദമാണ്.
നേരത്തെയുള്ള രോഗനിര്‍ണയം, സമയ ബന്ധിതമായ രോഗനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയിലൂടെ ഇത്തരം രോഗ ങ്ങളുടെ പകര്‍ച്ചയും തീവ്രതയും കുറയ്ക്കാം.
ഫോണ്‍: 8547621889
ഡോ. പി. ജെ.കൃഷ്ണപ്രിയ, ഡോ. ആര്‍. ഐഷ
അസി. പ്രഫസേര്‍സ്, കാര്‍ഷിക കോളജ്, വെള്ളായണി