ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍  ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്‍ഘകാലവിളയാണു കോവല്‍. കോക്‌സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളായ ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാകരോട്ടീന്‍ എന്നിവയുടെ സ്രോതസായതിനാല്‍ കോവയ്ക്ക നിത്യേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതില്‍ കോവലിനെ പ്രകൃതിയുടെ ഇന്‍സുലിനായും കണക്കാക്കുന്നു.

വേലിയിലോ പന്തല്‍ നാട്ടിയോ നല്ല വെയില്‍ കിട്ടുന്നിടത്തു നന്നായി വളര്‍ത്താന്‍ കഴിയും. നല്ല കായ്ഫലം തരുന്ന വള്ളികളില്‍ നിന്നു ശേഖരിച്ച 30-40 സെന്റി മീറ്റര്‍ നീളമുള്ള തണ്ടാണു നടാനായി തെരഞ്ഞെടുക്കേണ്ടത്. നാലു മീറ്റര്‍ അകലത്തില്‍ വരമ്പുകളെടുത്ത് അതില്‍ നടാനുള്ള കമ്പുകള്‍ മൂന്നു മീറ്റര്‍ അകലത്തില്‍ കുഴിയെടുത്തു നടുന്നതാണു രീതി.

ഒരു ഹെക്ടറിലേക്ക് ഏകദേശം 835 കമ്പുകള്‍ വേണം. ഗുണമേന്മയുള്ള കമ്പുകളുടെ അഭാവം കര്‍ഷകര്‍ക്കു പലപ്പോഴും ചെറുതല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇവിടെയാണു ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യയുടെ പ്രസക്തി.

ടിഷ്യൂകള്‍ച്ചര്‍

മാതൃസസ്യങ്ങളുടെ കോശങ്ങളോ ചെറുഭാഗങ്ങളോ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ കൃത്രിമ മാധ്യമങ്ങളില്‍ ലബോറട്ടറികളില്‍ വളര്‍ത്തിയെടുത്തു നൂറു കണക്കിന് തൈകള്‍ ഒറ്റയടിക്ക് ഉത്പാദിപ്പിക്കുന്ന ശാസ്ത്രീയ രീതിയാണ് ടിഷ്യൂകള്‍ച്ചര്‍ അഥവാ മൈക്രോപ്രൊപ്പഗേഷന്‍.

ടിഷ്യൂകള്‍ച്ചര്‍ ചെയ്യുന്നതിനായി തെരഞ്ഞെടുക്കുന്ന സസ്യഭാഗത്തെ എക്‌സ്പ്ലാന്റ് എന്നാണ് പറയുന്നത്. അനുയോജ്യമായ അളവില്‍ മൂലകങ്ങളും ഹോര്‍മോണുകളും വിറ്റാമിനും അടങ്ങിയ വളര്‍ച്ചാമാധ്യമവും അണുവിമുക്തമാക്കിയ ലബോറട്ടറി അന്തരീക്ഷവും ടിഷ്യൂകള്‍ച്ചര്‍ ചെയ്യുന്നതിന് ആവശ്യമാണ്.

മുറാഷീഗ് സ്‌കൂജ് (എം.എസ്. മീഡിയം) എന്ന വളര്‍ച്ചാ മാധ്യമത്തിലെ ഹോര്‍മോണുകള്‍ക്കു വളരെ നിര്‍ണായകമായ പങ്കാണുള്ളത്. പൊതുവെ ഓക്‌സിന്‍സ്, സൈറ്റോകൈനിന്‍ എന്നിവയാണു പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോ ഹോര്‍മോണിന്റെയും ഉപയോഗം വ്യത്യസ്തമാണ്.ഇന്‍ഡോള്‍ അസെറ്റിക് ആസിഡ് (ഐ.എ.എ) ഇന്‍ഡോള്‍ ബ്യൂട്ടൈറിക് ആസിഡ്, (ഐ.ബി.എ) എന്നീ ഹോര്‍മോണുകള്‍ വേരുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നവയാണ്. എന്നാല്‍ കൈനെറ്റിന്‍ ബെന്‍സൈല്‍ അഡെനില്‍ (ബി.എ) എന്നിവ ബഹുമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു.

കള്‍ച്ചര്‍ ചെയ്യുന്നതിനായി കൃഷി സ്ഥലത്തു നിന്നു ശേഖരിക്കുന്ന എക്‌സ്പ്ലാന്റുകള്‍ പലപ്പോഴും സൂക്ഷ്മാണുക്കള്‍ നിറഞ്ഞതായിരിക്കും. അതിനാല്‍ വളര്‍ച്ചാമാധ്യമത്തിലേക്കു മാറ്റുന്നതിനു മുമ്പായി സോഡിയം ഹൈപ്പോക്ലോറൈറ്റ്, അല്ലെങ്കില്‍ മെര്‍ജറിക് ക്ലോറൈഡ് എന്നിവയില്‍ ഏതെങ്കിലും അണുനാശിനികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇത്തരത്തില്‍ തയാറാക്കിയ എക്‌സ്പ്ലാന്റിനെ അണുവിമുക്തമാക്കിയ വളര്‍ച്ചാ മാധ്യമത്തിലേക്കു മാറ്റണം. ഈ പ്രക്രിയയെ ഇനോക്കുലേഷന്‍ എന്നു പറയും. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളായാണു ടിഷ്യൂകള്‍ച്ചര്‍ ചെടികള്‍ ഉത്പാദിപ്പിക്കുന്നത്.


കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളജില്‍ കോവലില്‍ ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിനു കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള സുലഭ എന്ന കോവല്‍ ഇനമാണ് തെരഞ്ഞെടുത്തത്. ഇവയുടെ മുട്ടുഭാഗങ്ങളാണ് എക്‌സ് പ്ലാന്റായി തെരഞ്ഞെടുത്തത്.

അണുവിമുക്തമാക്കിയ ഇവയെ കൈനെറ്റിന്‍ ബെന്‍സൈല്‍ അഡെനിന്‍ (ബി.എ.) എന്നിവ വിവിധ അളവില്‍ അടങ്ങിയിട്ടുള്ള എം. എസ്. മീഡിയത്തിലേക്ക് മാറ്റുകയും അവയില്‍ ബഹുമുകുളങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കുകയും ചെയ്തു. എം. എസ്. മീഡിയത്തോടൊപ്പം ബി.എ. 1 പി.പി.എം. (ഒരു മി. ഗ്രാം ഒരു ലിറ്ററിന്) നല്‍കിയപ്പോള്‍ ബഹുമുകുളങ്ങള്‍ കുടുതലായി ഉണ്ടാകുന്നതായി കണ്ടെത്തി.

ഈ ബഹുമുകുളങ്ങളില്‍ നിന്നു ചെറുതലപ്പുകള്‍ വേര്‍പെടുത്തി വീണ്ടും മുകുളങ്ങള്‍ ഉണ്ടാകുന്നതിനും തുടര്‍ന്നു വേരുപിടിക്കുന്നതിനുള്ള മാധ്യമങ്ങളിലേക്ക് മാറ്റി. എം. എസ്. മീഡിയത്തോടൊപ്പം ബി. എ. 1 പി.പി.എമ്മും വിവിധ അളവില്‍ ഐ.എ.എ, ഐ.ബി.എ. തുടങ്ങി ഹോര്‍മോണുകളും ചേര്‍ത്താണു മുകുളങ്ങളുടെ വിഭജനത്തിനും വേരുപിടിക്കുന്നതിനായും മാധ്യമം തയാറാക്കിയത്.

എം. എസ.് മീഡിയ+ബി.എ.1 പി.പി.എം+ഐ.ബി.എ.0.3 പി.പി.എം. എന്ന മിശ്രിതം മുകുളങ്ങളുടെ വിഭജനത്തിനും എം. എസ് മീഡിയം +ബി.എ. 1 പി.പി.എം + ഐ.ബി.എ. 0.2 പി.പി.എം എന്ന വളര്‍ച്ചാമാധ്യമ മിശ്രിതം വേരുപിടിക്കുന്നതിനും അഭികാമ്യമായി കണ്ടെത്തി.

ഏകദേശം മൂന്നു മാസത്തോളം സംരക്ഷിച്ചു ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്ത, ഇത്തരത്തില്‍ വേരു പിടിപ്പിച്ച ചെടികളെ അണുവിമുക്തമാക്കിയ മണ്ണ്, മണല്‍, ചകിരിച്ചോര്‍ കമ്പോസ്റ്റ് 1:1:1 എന്ന അനുപാതത്തില്‍ നിറച്ച പ്രോട്രോകളിലേക്ക് മാറ്റണം. നല്ല ഈര്‍പ്പമുള്ള അന്തരീക്ഷത്തിലാണ് ഇവയെ സൂക്ഷിക്കേണ്ടത്. വളര്‍ച്ചയുടെ തോതനുസരിച്ച് 2-3 ആഴ്ചകള്‍ക്ക് ശേഷം ഇവയെ ചെറിയ ചട്ടിയിലേക്കു മാറ്റാം. തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കായി ഏകദേശം 15 ദിവസം ഗ്രീന്‍ഹൗസ് അന്തരീക്ഷത്തില്‍ ഇവയെ സൂക്ഷിക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ഇലകള്‍ ഉണ്ടാകും. പിന്നീട് ഇവ കൃഷിയിടത്തിലേക്ക് പറിച്ചു നടാവുന്നതാണ്.ഫോണ്‍: 7561816498

തസ്‌നി എ
ഡോ. ശാരദ. എസ്
ഡോ. സ്വപ്ന അലക്‌സ്