ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
Wednesday, December 28, 2022 3:25 PM IST
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായംകുളം കൃഷ്ണപുരത്ത് പച്ചക്കുളം ഇല്ലത്താണു വീട്ടുകാര്‍ക്കൊപ്പം പശുക്കളും സ്വാതന്ത്ര്യത്തോടെ കഴിയുന്നത്. 50 വര്‍ഷമായി ചെറുവള്ളി പശുക്കള്‍ ഉള്‍പ്പടെയുള്ള നാടന്‍ പശുക്കളെ ഇല്ലത്ത് പരിപാലിക്കുന്നുണ്ട്. പച്ചക്കുളത്ത് ഇല്ലത്ത് വാസുദേവന്‍ പോറ്റിക്കും ഭാര്യ ശ്രീലതയ്ക്കും മകന്‍ ജ്യോതിഷ് പോറ്റിക്കും ഭാര്യ ആര്യയ്ക്കും കുടുംബാംഗങ്ങളെ പോലെയാണ് ഈ പശുക്കളും.

ചെറുവള്ളി, വെച്ചൂര്‍, കാസര്‍കോഡ് പശുക്കള്‍ ഉള്‍പ്പടെ ഏഴ് നാടന്‍ പശുക്കളാണ് ഇവിടെയുള്ളത്. വീട്ടിനുള്ളില്‍ ഏതു മുറിയിലേക്കു പ്രവേശിക്കാനും ഇഷ്ടമുള്ളത് എടത്തു കഴിക്കാനും ഈ പശുക്കള്‍ക്കും സ്വാതന്ത്ര്യമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്നോ രണ്ടു പശുക്കള്‍ മാത്രമാണുണ്ടായിരുന്നത്. പശുക്കളെ വില്‍ക്കാറില്ലാത്തതിനാല്‍ പിന്നീട് എണ്ണം കൂടി.

വാസുദേവന്‍ പോറ്റിക്ക് മധ്യപ്രദേശിലെ ബിര്‍ള കമ്പനിയിലായിരുന്നു ജോലി. ജോലിയില്‍ നിന്നു വിരമിച്ച് നാട്ടിലെത്തിയപ്പോഴാണ് നാടന്‍ പശുക്കളോട് കൂട്ടുകൂടാന്‍ പ്രത്യേക താത്പര്യമുണ്ടായത്. ആരോടും അത്ര പെട്ടന്ന് ഇണങ്ങാത്ത ചെറുവള്ളി പശുക്കള്‍ പോലും ഇവിടെ വീട്ടുകാരോട് കാണിക്കുന്ന സ്‌നേഹ പ്രകടനം കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. എല്ലാ പശുക്കള്‍ക്കും പേരുണ്ട്. പേരു വിളിച്ചാല്‍ അവ ഓടിയെത്തും. തൊഴുത്തിലേക്ക് കയറ്റുന്നതും പേര് വിളിച്ചാണ്.



വൈക്കോല്‍, ഗോതമ്പ്തവിട്, അരിത്തവിട്, കൊപ്രാ പിണ്ണാക്ക്, പുല്ല് എന്നിവയാണ് പ്രധാന ആഹാരം. വീട്ടുകാര്‍ക്കുള്ള ചോറും സാമ്പാറും അവിയലും കൂട്ടിയുള്ള ഉച്ചഭക്ഷണവും പായസവുമൊക്കെ പശുക്കളും വീടി നുള്ളില്‍ കയറി രുചിയോടെ കഴിക്കും.

വീടിനോട് ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് പശുക്കള്‍ പകല്‍ സമയത്ത് മേയുന്നത്. പാല്‍ വീട്ടാവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്നതു തൈരും മോരുമാക്കും. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് സംഭാരമായും മറ്റും ഇതു നല്‍കുകയും ചെയ്യും. വെണ്ണയും നെയ്യും ഇല്ലത്തോട് ചേര്‍ന്നുള്ള കുടുംബ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കുള്ളതാണ്. കൂടുത ലായി വരുന്ന നെയ്യ് ആവശ്യ ക്കാര്‍ക്ക് വില്‍ക്കും.

നൗഷാദ് മാങ്കാംകുഴി