മനംമയക്കും ജേഡ് വൈന്‍
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമേഖലയിലെ മഴക്കാടുകളില്‍ സ്വഭാവികമായി വളര്‍ന്നു പുഷ്പിക്കുന്ന വള്ളിച്ചെടി. നായ്ക്കുരണച്ചെടിയുടെ ജനുസില്‍പെടും. പൂക്കള്‍ വേഴാമ്പലിന്റെ ചുണ്ടുപൊലെ ഇരിക്കുന്നതിനാല്‍ വേഴാമ്പല്‍പ്പൂവ് എന്ന പേരും ഇതിനുണ്ട്.

10 വര്‍ഷത്തിലേറെക്കാലം നന്നായി പൂക്കളുണ്ടാകും. സമുദ്രനീല നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ജേഡ് വൈന്‍ ഇനങ്ങളുമുണ്ട്. ഈ രണ്ട് ഇനങ്ങളും അഞ്ച് വര്‍ഷമായി നട്ടു പരിപാലിക്കുന്ന പുഷ്പ സ്‌നേഹിയാണ് ഇടുക്കി ജില്ലയിലെ അടിമാലി കല്ലാര്‍ പാനികുളങ്ങര സിജോ ജോയി. ഏലത്തോട്ടത്തിനു നടുവിലെ വീടിനു മുന്നിലാണു ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത്. ഒരു വേലിപോലെ പടര്‍ത്തിയിരിക്കുന്ന ചെടികളെ പന്തലില്‍ കയറ്റി മുറ്റത്ത് തണലൊരുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ആവശ്യക്കാര്‍ക്ക് തൈകളും ഉത്പാദിപ്പിച്ച് നല്‍കുന്നുണ്ട്.

പെതുവെ വേനല്‍ക്കാലം അവസാനിക്കുന്ന സമയത്താണ് ഇതു നന്നായി പുഷ്പിക്കുന്നത്. ഒന്നര ആഴ്ചയോളം വിരിഞ്ഞു നല്‍ക്കും. അലങ്കാരത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നമ്മുടെ കാലാവസ്ഥയില്‍ ഇതു നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. രണ്ടിനങ്ങളും ഒരുമിച്ച് പടര്‍ത്തി വിട്ടാല്‍ ഇരുനിറങ്ങളിലുമുള്ള പൂക്കള്‍ ഇടകലര്‍ന്നുണ്ടാകും. നട്ടു രണ്ടു വര്‍ഷത്തിനു മുമ്പുതന്നെ പുഷ്പിച്ചു തുടങ്ങും.

തണലും കുളിര്‍മയും

തണലും കുളിര്‍മയും പകരുന്ന ചെടികളില്‍ പ്രധാനിയാണ് ജേഡ് വൈന്‍. പന്തലുകളില്‍ പൂക്കള്‍ തൂങ്ങിയാടുന്ന കാഴ്ച അതിമനോഹരമാണ്. അധികം മൂക്കാത്ത തണ്ടുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. അഞ്ച് മുട്ടുകളുള്ള തണ്ടാണു ഉത്തമം. മൂന്നു മുട്ടുകളില്‍ കുറയുകയും ചെയ്യരുത്. നടുന്നതിനു മുമ്പു റൂട്ടിംഗ് ഹോര്‍മോണില്‍ മുറിഭാഗം അല്പനേരം മുക്കിവച്ചശേഷം നട്ടാല്‍ വേഗത്തില്‍ വേരുകള്‍ പിടിക്കും. തണ്ടിലെ ഇലകള്‍ നീക്കം ചെയ്ത് ഇളക്കമുള്ള മണ്ണിലാണ് നടേണ്ടത്. കൂടുതല്‍ വെയില്‍ അടിക്കരുത്. അതിന് തണല്‍ നല്‍കണം.

നന അത്യാവശ്യമാണ്. അടിസ്ഥാനവളമായി അല്പം ചാണകപ്പൊടി ചേര്‍ക്കണം. നഴ്‌സറി കവറുകളില്‍ ചുവന്നമണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും അല്പം സ്യൂഡോമോണസ് പൊടിയും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതമാണു നടീല്‍ മാധ്യമമായി ഉപയോഗിക്കേണ്ടത്. ഈര്‍പ്പമുള്ള പരുവത്തില്‍ മാധ്യമം കവറിന്റെ മുക്കാല്‍ ഭാഗം നിറച്ച് തണ്ടുകള്‍ നടാം.


നട്ടശേഷം തണലില്‍ വയ്ക്കണം. മിശ്രിതത്തിലെ ഈര്‍പ്പം കുറയുന്നതിന് അനുസരിച്ച് വെള്ളം ഒഴിച്ചു കൊടുക്കണം. പുതിയ നാമ്പുകളും ഇലകളും വന്നു രണ്ടടിയിലേറെ വളര്‍ച്ച എത്തിയശേഷം വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നടാം. കുഴികളില്‍ കംപോസ്റ്റ് വളവും ചാണകപ്പൊടിയും ചേര്‍ത്ത് മൂടിയശേഷം നടുന്നതു വളര്‍ച്ചയ്ക്ക് സഹായകമാണ്.

പരിപാലനം

നല്ല നീര്‍വാഴ്ചയുള്ള സ്ഥലങ്ങളിലാണ് ചെടികള്‍ നടേണ്ടത്. നല്ല പരിചരണം നല്‍കിയാല്‍ ധാരാളം ശാഖകളോടെ വേഗത്തില്‍ വളരും. നല്ലരീതിയില്‍ വളരുന്ന ചെടികളുടെ കട ഭാഗം മുതല്‍ നല്ല വണ്ണവും ബലവും വച്ച് ഒരു കുറ്റിച്ചെടിപോലെ ആകും. സാധാരണ വര്‍ഷത്തില്‍ രണ്ടു തവണ പുഷ്പിക്കും. പൂക്കള്‍ തീര്‍ന്നു കഴിഞ്ഞാല്‍ കൊമ്പു കോതണം. പൂക്കളുണ്ടായ തണ്ടുകളാണു മുറിച്ചു മാറ്റേണ്ടത്. കൂടുതല്‍ ശാഖകളും പൂക്കളും ഉണ്ടാകാനാണത്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വളം നല്‍കുന്നതു നല്ലതാണ് കംപോസ്റ്റ് വളങ്ങളും ചാണകപ്പൊടിയുമാണ് ഉത്തമം. പൂങ്കുലകള്‍ക്ക് ഒരടിയിലേറെ നീളമുണ്ടാകും. ഒരു കുലയില്‍ 40 മുതല്‍ 70 വരെ പൂക്കളുണ്ടാകും. തണ്ടുകളുടെ മുട്ടുകളിലെ ഇലകള്‍ കൊഴിഞ്ഞു പോയശേഷ മാണ് പൂക്കള്‍ ഉണ്ടാകുന്നത്. പൂക്കളില്‍ തേനിന്റെ അംശം വളരെ കൂടുതലായതിനാല്‍ തേനീച്ചകളും പ്രാണികളും കൂടുതലായിരിക്കും. മഴക്കാലത്തും നന്നായി പൂക്കളുണ്ടാകുന്ന പ്രത്യേക ജേഡ് വൈന്‍ ചെടികളുമുണ്ട്.

മിതമായ തണുപ്പാണ് ഏറ്റവും അനുകൂല കാലാവസ്ഥ. അത്തരം സ്ഥലങ്ങളില്‍ വളരുന്ന ചെടികളിലെ പൂക്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും. മൂന്നാഴ്ചവരെ പൂക്കള്‍ കൊഴിയാതെ നില്‍ക്കുകയും ചെയ്യും. അനുകൂലമായ അന്തരീക്ഷമാണെങ്കില്‍ കായ്കളും ഉണ്ടാകും.

അതില്‍ നിന്നുള്ള വിത്തുകളില്‍ നിന്നു തൈകള്‍ ഉത്പാദിപ്പിക്കാം. പുതയിടുന്ന രീതി സ്വീകരിച്ചാല്‍ മണ്ണിന്റെ നനവ് നിലനിറുത്താന്‍ കഴിയും. കൊടിയ വരള്‍ച്ചയില്‍ ഇലകള്‍ കൊഴിഞ്ഞ് ചെടികള്‍ നശിക്കും. പൊതുവെ രോഗ കീടബാധകള്‍ ഒന്നും തന്നെ കാണാറില്ല. ഫോണ്‍: 9496753009

ആഷ്ന തങ്കച്ചന്‍