മധുരമേറും മുറ്റത്തെ പന്തല്‍
Thursday, December 15, 2022 12:44 PM IST
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്‍കുന്ന ഒരു ഫലം നമ്മുടെ മുറ്റത്തുണ്ടങ്കിലോ? അങ്ങനെയെങ്കില്‍ രുചിയും ഔഷധഗുണവും പോഷക സമ്പുഷ്ടവുമായ പാഷന്‍ ഫ്രൂട്ട് നടാന്‍ ഒട്ടും വൈകണ്ട. നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കുമെന്നു മാത്രമല്ല, വര്‍ഷത്തില്‍ 9 മാസവും ആദായം നല്‍കുമെന്ന പ്രത്യേകതയുമുണ്ട് പാഷന്‍ ഫ്രൂട്ടിന്.
സാധാരണ നിലയില്‍ ആറു വര്‍ഷം വരെ ആയുസുള്ള ഈ വള്ളിച്ചെടി ജൈവ രീതിയില്‍ അനായാസം കൃഷി ചെയ്യാവുന്ന വിളയാണ്. മധുരവും പുളിയും ഒത്തിണങ്ങിയ അപൂര്‍വ രുചിയും കൗതുകമുണര്‍ത്തുന്ന വലിയ വിടര്‍ന്ന പൂക്കളും മഞ്ഞ, പര്‍പ്പിള്‍ നിറങ്ങളും ഇതിന്റെ പ്രത്യേകതയാണ്. പാസിഫ്‌ളോറേസിയേ കുടുംബത്തില്‍ പാസിഫ്‌ളോറ എടുലിസ് (മഞ്ഞ) പാസിഫോളറ ഫ്‌ളാമികാര്‍പ (പര്‍പ്പിള്‍) എന്നിങ്ങനെ രണ്ടിനങ്ങളാണ് സാധാരണയായി കേരളത്തില്‍ കണ്ടുവരുന്നത്.
വിത്ത് ഉത്പാദനം
വിത്തുപാകിയും തണ്ട് മുറിച്ചു നട്ടും ചെടി നടാം. തണ്ട് മുറിച്ചു നട്ടാല്‍ പെട്ടെന്ന് കായ്ക്കും. എങ്കിലും കര്‍ഷകര്‍ കൂടുതലായി വിത്തുപാകി മുളപ്പിച്ചാണ് കൃഷി ചെയ്യുന്നത്. രണ്ട് രീതിയില്‍ വിത്ത് തയാറാക്കാം. വഴുവഴുത്ത കുരുക്കള്‍ ചാരം ചേര്‍ത്ത് 2-3 ദിവസം തണലത്ത് ഉണക്കി വിത്താക്കാം. അല്ലെങ്കില്‍ കുരുക്കള്‍ ഒരു രാത്രി നാരങ്ങ നീരില്‍ കുതിര്‍ത്തു വച്ചു പിറ്റേന്ന് നന്നായി കഴുകിയെടുത്തും വിത്തിന് ഉപയോഗിക്കാം.
വിത്ത് പാകാനായി പോളിത്തീന്‍ കവറോ ചെടിച്ചട്ടിയോ ഉപയോഗിക്കാം.
വളക്കൂറുള്ള മേല്‍മണ്ണും ചാണകപ്പൊടിയും കമ്പോസ്റ്റും (ചകിരിച്ചോറ്/മണ്ണിര) തുല്യ അളവില്‍ യോജിപ്പിച്ചു വേണം പോളിത്തീന്‍ കവറുകള്‍ നിറയ്ക്കാന്‍. ഒരു കവറില്‍ /ചട്ടിയില്‍ 5-6 വിത്ത് വരെ നടാം. നല്ല സൂര്യപ്രകാശം വേണം. ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കണം. 14-20 ദിവസം കഴിയുമ്പോള്‍ (2 ആഴ്ച) വിത്ത് മുളച്ചു വരും. ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ നന തുടരണം.
ഒരുമാസം കഴിയുമ്പോള്‍ തൈകള്‍ നേരത്തെ തയാറാക്കിയ കുഴികളിലേക്കു പറിച്ചു നടാവുന്നതാണ്. ഇവിടെയും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം. ചെടി നടുന്നതിനു രണ്ടാഴ്ച മുമ്പേ 2 അടി വീതിയും താഴ്ചയുമുള്ള കുഴിയെടുക്കണം. ഇതിലേക്ക് 1 കിലോ കുമ്മായം ചേര്‍ത്തശേഷം നടീല്‍ ദിവസം 2 കൊട്ട മേല്‍മണ്ണ് ഒരു കൊട്ട ചാണകപ്പൊടി ഒരു കൊട്ട മണ്ണിര/ചകിരിച്ചോറ് കമ്പോസ്റ്റ് ചേര്‍ത്ത് കുഴിമൂടണം. തൈ പറിച്ച് നടാന്‍ വൈകുന്നേരമാണ് നല്ലത്. ഒരു വിരല്‍/കമ്പ് കൊണ്ടോ 2 ഇഞ്ച് കുഴിയെടുത്ത് വേണം തൈകള്‍ നടാന്‍. ഒരു കുഴിയില്‍ 2-3 തൈകള്‍ നാടാം.
വള്ളി വീശി തുടങ്ങുമ്പോള്‍ ഒരാള്‍ പൊക്കത്തില്‍ (1.5 മീറ്ററില്‍ കൂടുതല്‍) താങ്ങുകാലുകള്‍ സ്ഥാപിക്കണം. ഇതിന് പിവിസി പൈപ്പോ കമ്പിയോ കോണ്‍ക്രീറ്റ് തൂണുകളോ മരത്തടികളോ ഉപയോഗിക്കാം. വളരെ ആകര്‍ഷകമായ രീതിയില്‍ വ്യത്യസ്ത ആകൃതിയില്‍ പന്തലൊരുക്കാന്‍ ശ്രദ്ധിച്ചാല്‍ പാഷന്‍ ഫ്രൂട്ട് കൃഷി മുറ്റത്തെ ഫാഷനായി മാറും. പന്തലിന് കയര്‍/വല/കമ്പി തുടങ്ങിയവ ഉപയോഗിക്കാം. കുഴികള്‍ തമ്മില്‍ 4.5 മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 3 മീറ്റര്‍ അകലവും പാലിച്ചുവേണം ചെടികള്‍ നടാനും പന്തലൊരുക്കാനും.
ചെടിക്ക് ഒരാള്‍ പൊക്കമെത്തുമ്പോള്‍ വള്ളികളുടെ അഗ്രഭാഗം മുറിച്ചു കളയണം. ഇത് ഇരുവശത്തേക്കുള്ള വള്ളിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനൊപ്പം പന്തലില്‍ വള്ളികള്‍ പടരാനും സഹായിക്കും. ഇതുവഴി പൂക്കള്‍ തമ്മിലുള്ള പരാഗണവും സുഗമമാവും.
പറിച്ചു നട്ട തൈകള്‍ക്ക് ആവശ്യാനുസരണം നന കൊടുക്കണം. ആദ്യ മൂന്നു മാസം ആഴ്ചയില്‍ ഇടവിട്ടു നനയ്ക്കുകയും പിന്നീട് മണ്ണിലെ ഈര്‍പ്പത്തിനനുസരിച്ചു നന കൊടുക്കുകയും വേണം. പൂവിടുന്ന സമയം നനയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നട്ട് രണ്ടു മാസം ഇടവിട്ട് ചെടിത്തടത്തില്‍ /ചട്ടിയില്‍ ചാണകപ്പൊടിയും കമ്പോസ്റ്റും ചേര്‍ത്തു നന്നായി നനയ്ക്കണം. ചട്ടിയിലോ ചാക്കിലോ തൈകള്‍ നട്ട് ടെറസില്‍ പന്തലൊരുക്കുന്നതും സാധാരണയായിട്ടുണ്ട്. മതില്‍ വലവച്ച് വള്ളി പടര്‍ത്തുന്നവരുമുണ്ട്.
നട്ട് 9 മാസം കഴിയുമ്പോള്‍ പൂക്ക ളായി തുടങ്ങും. പൂവിട്ട് 70-80 ദിവസത്തിനുള്ളില്‍ പഴം പാകമാകും. കേരളത്തില്‍ മേയ്-ജൂണ്‍ മാസത്തിലും സെപ്റ്റംബര്‍-ഓക്‌ടോബര്‍ മാസത്തിലുമാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. കീടരോഗബാധ വളരെ കുറവായതിനാല്‍ പരിചരണം ലളിതമാണ്.
കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഉത്തമമാണ് പാഷന്‍ ഫ്രൂട്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഈ പഴം ചര്‍മകാന്തി വര്‍ധിപ്പിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ കൂടാതെ സിങ്ക്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും നാരുകളും ഇതില്‍ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്.
വിപണിയില്‍ ഏറെ പ്രിയമുള്ള ഈ പഴത്തിന് കിലോയ്ക്കു 50 രൂപ മുതല്‍ 500 രൂപവരെ വില ലഭിക്കും. പാഷന്‍ ഫ്രൂട്ട് ജാം, ജെല്ലി, സ്‌ക്വാഷ്, സിറപ്പ്, വൈന്‍, അച്ചാര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.
ടി.പി. അന്‍സീറ
കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍, വെള്ളായണി