മാങ്കുളത്ത് പോകാം, ഏറുമാടത്തില്‍ താമസിക്കാം
മാങ്കുളത്ത് പോകാം, ഏറുമാടത്തില്‍ താമസിക്കാം
ഒന്നിനു പുറകെ ഒന്നായി എത്തുന്ന പ്രകൃതി ദുരന്തങ്ങളും വൈറസ് രോഗങ്ങളും മൂലം ദുരിതമായി മാറുന്ന കാര്‍ഷിക ജീവിതത്തിനു പുത്തന്‍ പ്രതീക്ഷയായി മാറുകയാണു ഫാം ടൂറിസം. പുതിയ ആശയമല്ലങ്കിലും ഈ രംഗം കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിച്ച് വരുന്നു. നല്ല കാലാവസ്ഥയും ശുദ്ധവായുവും ശുദ്ധജലവുമാണു നഗരവാസികളെ കൃഷിയിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.

നഗരത്തിരക്കില്‍നിന്നു മാറി നാണ്യവിളകളും പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം നിറഞ്ഞ കൃഷിയിടത്തില്‍ രണ്ടുമൂന്നു നാള്‍ തങ്ങി ജീവിതം കൂടുതല്‍ ഉണര്‍വുള്ളതാക്കാന്‍ പലരും കൊതിക്കുന്നു. കോവിഡ് നിയന്ത്രണത്തില്‍ അയവ് വന്നതോടെ ഇത്തരം ഇടങ്ങളിലേക്കു സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.

അങ്ങനെയുള്ളരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ മാങ്കുളം താളുംകണ്ടം തെക്കേല്‍ തോമസിന്റെ കൃഷിയിടം. ഇവിടെനിന്നു 15 കിലോമീറ്റര്‍ അകലെയുള്ള മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന നിരവധിപ്പേരാണു തോമസിന്റെ ഫാം ഹൗസില്‍ താമസിക്കാന്‍ എത്തുന്നത്.

ഭക്ഷണവും താമസ സൗകര്യവും

സന്ദര്‍ശകര്‍ക്കു ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു വിളകള്‍ കാണുന്നതിനും പഴവര്‍ഗങ്ങളും മറ്റും പറിച്ചു ഭക്ഷിക്കുന്നതിനും കഴിയുക എന്നതും ഫാം ടൂറിസത്തില്‍ പ്രധാനമാണ്. അതിനായി കൃഷിയിടം എപ്പോഴും വൃത്തിയായി പരിചരിക്കേണ്ടതും വൈവിധ്യമാര്‍ന്ന വിളകള്‍ നട്ടുപിടിപ്പിക്കുകയും വേണം. ഓരോ വിളകളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും സന്ദര്‍ശകര്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള അറിവും കര്‍ഷകനു വേണം.

സന്ദര്‍ശകര്‍ ഇഷ്ടപ്പെടുന്ന വിളകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും കൃഷിയിടത്തിലെ ഫലങ്ങളുമൊക്കെ ആവശ്യക്കാര്‍ക്കു വില്പന നടത്താനുള്ള സൗകരവുമുണ്ടാവണം. നാടന്‍ പാനിയങ്ങളും ഭക്ഷണവുമാണ് ഏറെ സന്ദര്‍ശകരും ഇഷ്ടപ്പെടുന്നത്. കുറഞ്ഞത് പത്ത് ഏക്കര്‍ കൃഷിയിടമുള്ളവര്‍ക്ക് ഗ്രീന്‍സ് ഫാം കേരളയുടെ ഭാഗമായി ഫാം ടൂറിസം നടപ്പാക്കാന്‍ സാധിക്കും.

മുപ്പത്തിനാല് കൊല്ലം മുമ്പ് പെരുമ്പാവൂര്‍ കോട്ടപ്പടിയില്‍ നിന്നു മാങ്കുളത്ത് കുടിയേറിയ കര്‍ഷകനാണ്. ടി.എ. തോമസ്. ഇദ്ദേഹത്തിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്ത് ഞള്ളാണി ഏലമാണ്. തണലിനായി നട്ടുപിടിപ്പിച്ച പ്ലാവിലും മറ്റും കുരുമുളക് കൊടി പടര്‍ത്തിയിരിക്കുന്നു. കൃഷിയിടത്തോട് ചേര്‍ന്നുള്ള മലയുടെ ചരിവില്‍ ഫാഷന്‍ ഫ്രൂട്ടാണ്. 20 സെന്റില്‍ നിറഞ്ഞി നില്‍ക്കുന്ന ഫാഷന്‍ ഫ്രൂട്ട് വര്‍ഷം അരലക്ഷം രൂപയോളം വരുമാനം നല്‍കും.

പച്ചവിരിച്ചു നില്‍ക്കുന്ന ഈ കൃഷിയിടത്തില്‍ രണ്ട് വര്‍ഷം മുമ്പാണു ടൂറിസം എന്ന ലക്ഷ്യത്തോടെ മൂന്ന് ഫാമിലിക്ക് താമസിക്കാവുന്ന രീതിയില്‍ വീട് നിര്‍മിച്ചത്. ഇതിലൊന്ന് ഏലത്തോട്ടത്തിന് നടുക്കുള്ള ഏറുമാടമാണ്. താളും കണ്ടത്ത് പലചരക്ക് കച്ചവടം നടത്തുന്ന തോമസിന് കൃഷിയിടം നല്ലൊരു ഫാം ടൂറിസ്റ്റു കേന്ദ്രമാക്കി മാറ്റണമെന്നാണ് ആഗ്രഹം. ഇതിനായി വിവിധ തരം ഫലവൃക്ഷങ്ങള്‍ നട്ട് പരിപാലിച്ചു വരുന്നു.


കൃഷിയിടം സമ്മിശ്രം

കൃഷിയിടത്തിലെ പ്രധാന വിള ഏലവും കുരുമുളകും തന്നെ. കരിമുണ്ട, നീലമുണ്ടി, പന്നിയൂര്‍ ഒന്ന് എന്നീ കുരുമുളക് ഇനങ്ങളാണ് പ്രധാനമായുള്ളത്. ആകെ 10 ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ മൂന്നൂറില്‍പരം ജാതി മരങ്ങളും ഇത്രയും തന്നെ കൊക്കോ ചെടികളുമുണ്ട്. മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, മാവുകള്‍ തുടങ്ങി നിരവധി ഫലവൃക്ഷങ്ങള്‍ വേറെയുമുണ്ട്.

പ്രകൃതിക്ക് കോട്ടം സംഭവിക്കാതെ കൃഷി ചെയ്യുമ്പോള്‍ ഉയര്‍ന്ന വിളവും കാണാന്‍ ചന്തവും അഴകുമുള്ള ഫലങ്ങള്‍ കൂടുതലായി വിളയിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും ഗുണമേന്മയുള്ള ഉയര്‍ന്ന വിളവ് എന്നും നിലനിര്‍ത്താന്‍ കഴിയും. അമിതമായ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാല്‍ ചെടികള്‍ക്ക് ആയുസും കൂടുമെന്നതാണ് തോമസിന്റെ അനുഭവം.

സീസണില്‍ വിളകള്‍ക്കുണ്ടാകുന്ന വിലയിടിവാണ് കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നത്. ഇതിനെ നേരിടാന്‍ ഓരോന്നിനും താങ്ങ് വില നിശ്ചയിക്കണം. ഒരു പരിതിവരെയുള്ള നഷ്ടം നികത്താന്‍ സമ്മിശ്രകൃഷി രീതി കൊണ്ടു സാധിക്കുമെങ്കിലും അതുകൊണ്ടൊന്നും കര്‍ഷകര്‍ക്കു പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണ്.

വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വില്പന നടത്തുന്ന രീതിയിലേക്ക് കര്‍ഷകര്‍ തിരിയുകയാണ് മറ്റൊരു മാര്‍ഗം. ഇതിലൂടെ മികച്ച വരുമാനം ഉറപ്പാക്കുവാന്‍ കഴിയും. ഫാം ടൂറിസം മെച്ചപ്പെടുന്നതനുസരിച്ച് കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിതമാക്കി വില്പന നടത്താനുള്ള പദ്ധതിയും ഈ തോമസിന്റെ മനസിലുണ്ട്.

പരിചരണം

കുറച്ചു പശുക്കളും നാടന്‍കോഴികളും മലബാറി ആടുകളുമുള്ളതിനാല്‍ കൃഷിയിടത്തിലെ വളപ്രയോഗത്തിന് തോമസിന് ബുദ്ധിമുട്ടില്ല. ഇവയുടെ ചാണകവും കാഷ്ടവുമാണ് പ്രധാന വളം. വര്‍ഷത്തില്‍ രണ്ടു തവണയാണ് വളം പ്രയോഗം.

എന്നാല്‍, ഏലത്തിന് നാല് തവണ ചാണക സ്‌ളറി നല്‍കും. കൂടാതെ കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം ജൈവവളങ്ങളും നല്‍കുന്നുണ്ട്. കാലാവസ്ഥ മാറ്റത്തെത്തുടര്‍ന്ന് ചൂട് കൂടിവരുന്ന ഇടുക്കി ജില്ലയില്‍ നന അത്യാവശ്യമായി മാറിക്കഴിഞ്ഞു. കൃഷിടത്തില്‍ തന്നെ നിര്‍മിച്ചിട്ടുള്ള കുളത്തിലെ വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ കുളത്തില്‍ തിലോപ്പിയ, ഗൗര മത്സ്യങ്ങളുമുണ്ട്. ഫോണ്‍: 9446380904

നെല്ലി ചെങ്ങമനാട്‌