ഏതു കാലവസ്ഥയിലും നന്നായി വളരുന്ന ചെടിയാണു പപ്പായ. തെക്കേ അമേരിക്കയാണ് ജന്മദേശം. ഇന്ത്യയില്‍ ഈ ചെടി എല്ലായിടത്തും തന്നെയുണ്ട്. പപ്പായയുടെ വിത്തുകള്‍ പഴത്തില്‍ നിന്ന് എടുത്തു ഉടന്‍ നട്ടാല്‍ 15-20 ദിവസത്തിനകം മുളയ്ക്കും. കൃഷിയായി ചെയ്യുന്നുവെങ്കില്‍ 2.5 ഃ- 3 മീറ്റര്‍ അകലത്തില്‍ വേണം നടാന്‍.

പഴയകാലത്ത് സി.ഒ1, വാഷിംഗ്ടണ്‍, ഫിലിപ്പൈന്‍സ്, പെരിയനാക്കല്‍, വാളയം, റെഡ്ഫ്‌ളഷ്ഡ്, അമേരിക്കന്‍ ജയന്റ് എന്നിവയായിരുന്നു പ്രധാന ഇനങ്ങള്‍. ഇപ്പോള്‍ നല്ല കായ്ഫലമുള്ള പുത്തന്‍ ഇനങ്ങള്‍ ധാരാളം. പണ്ട് പപ്പായച്ചെടികള്‍ നട്ടു പിടിപ്പിക്കാറില്ലായിരുന്നു. എവിടെ നിന്നെങ്കിലും വിത്തുകള്‍ വീണു കിളിര്‍ക്കുകയായിരുന്നു. നീര്‍വാര്‍ച്ചയുള്ളതും എന്നാല്‍, വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമാണ് കൃഷിക്ക് അനുയോജ്യം.

കപ്പളങ്ങ, കപ്പക്ക, ഓമക്ക തുടങ്ങിയ പേരുകളിലും പപ്പായ അറിയപ്പെടുന്നു. ഇത് മൂന്നു തരമുണ്ട്. ആണ്, പെണ്ണ്, ആണ്‍പെണ്‍. ആണ്‍ ചെടിയില്‍ നീളമേറിയ പൂങ്കുല താഴത്തേക്കു നീണ്ടിരിക്കും. ആണ്‍ചെടി കായ്ക്കാറില്ല. എന്നാല്‍, പെണ്‍ചെടികള്‍ കായ്ക്കുന്നതിന് ആണ്‍ പൂക്കളില്‍ നിന്നുള്ള പരാഗണം വേണം. 15 പെണ്‍ മരങ്ങള്‍ക്ക് ഒരു ആണ്‍മരം എന്നാണു കണക്ക്.

തടിക്ക് തീര്‍ത്തും ബലക്കുറവാണ്. വേരുകള്‍ ഭൂമിക്ക് സമാന്തരമായി പോകുന്നതിനാല്‍ ചെറിയ കാറ്റില്‍പോലും മറിഞ്ഞു വീഴും. തടി ചീയല്‍, ഇലകള്‍ ചുരുങ്ങുക, മൊസെക്ക് രോഗം, വെള്ളീച്ച ആക്രമണം തുടങ്ങിയവയാണ് പ്രധാന ശത്രുക്കള്‍. മഴക്കാലം ചെടിയുടെ കഷ്ടകാലമാണ്.





ഔഷധവും കീടനാശിനിയും

പപ്പായ നല്ലൊരു ഔഷധവും ഇലകള്‍ കീടനാശിനിയുമാണ്. ധാരാളം ഭക്ഷ്യമൂലകങ്ങളും ജീവകങ്ങളും ലവണങ്ങളും ധാതുക്കളും എന്‍സൈമുകളും അടങ്ങിയ പഴമാണിത്. ഇതില്‍ ജീവകം എ കൂടുതലുള്ളതിനാല്‍ ദഹന ശേഷി വര്‍ധിപ്പിക്കുന്നു. വയറു രോഗങ്ങള്‍ക്ക് നല്ലതാണ്. പപ്പായക്കറ പപ്പടത്തില്‍ പുരട്ടി വെയിലത്തോ തണലിലോ വച്ച് ഉണക്കി ചുട്ടു കഴിച്ചാല്‍ കൃമി നശിപ്പിക്കും.

തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദം കുറയും. ഇതിന്റെ കറ അണുനാശിനിയാണ്. പപ്പായയിലെ തൈമോപപ്പായിന്‍ എന്‍സൈം സൂക്ഷ്മാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കും. ചൊറി, ചിരങ്ങ്, അള്‍സര്‍ എന്നിവയ്‌ക്കെതിരേയും മലബന്ധം, ദഹനക്കുറവ്, വയറുവേദന തുടങ്ങിയവയ്ക്കും ഫലപ്രദമാണ് പപ്പായ. കുട്ടികളുടെ വിരശല്യം ഒഴിവാക്കാന്‍ നല്ലതാണ്.

പപ്പായക്കറ പുഴുക്കടി മാറാന്‍ നല്ലതാണ്. പപ്പായ ഇല എണ്ണ പുരട്ടി അടുപ്പ് കല്ലില്‍ വച്ചു ചൂടാക്കിയശേഷം ശരീരത്തിന്റെ വേദനയുള്ള ഭാഗത്ത് വച്ചാല്‍ ശമനം കിട്ടും. ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, കോവിഡ് എന്നിവയ്‌ക്കെതിരേയും പപ്പായ ഇല ഫലപ്രദമാണ്.
ഫോണ്‍: 9745770221

എ. വി. നാരായണന്‍