ബഫര്‍ സോണില്‍ ഇനിയും തീരാത്ത ആശങ്ക
ബഫര്‍ സോണില്‍ ഇനിയും തീരാത്ത ആശങ്ക
രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണായി നിശ്ചയിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവില്‍ ഇനിയും തീരാത്ത ആശങ്കയോടെ കര്‍ഷക കേരളം. 45.5 % സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനാവരണമുള്ള സംസ്ഥാനത്ത് അതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവു കൂടി വനമേഖലയാക്കുന്നതിനുള്ള നടപടിയാണ് ബഫര്‍ സോണിലൂടെ നടപ്പാക്കുന്നത്.

ബഫര്‍ സോണില്‍ 9-2-2011ലെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രായത്തിന്‍റെ ഇഎസ്ഇസഡ് മാര്‍ഗ നിര്‍ദേശങ്ങളാണു ബാധകമാകുന്നത്. ഇതനുസരിച്ച് വനമേഖലക്കു ചുറ്റും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.

ഇഎസ്ഇസഡ് മാര്‍ഗ നിര്‍ദേശത്തില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ നിര്‍ദേശമില്ല. എന്നാല്‍, ഇന്നത്തെ പോലെ ജീവിക്കാന്‍ കഴിയില്ല. റവന്യൂ ഭൂമിയില്‍ വന നിയമങ്ങള്‍ നടപ്പാക്കുന്ന തന്ത്രമാണു നടപ്പാക്കുന്നത്. നിലവില്‍ കേരളത്തിലെ ജനങ്ങള്‍ (ആദിവാസികള്‍ ഒഴിച്ചുള്ളവര്‍) ജീവിക്കുന്നത് റവന്യുഭൂമിയിലാണ്.

പല കാലങ്ങളിലായി ജനങ്ങള്‍ക്ക് കൃഷി ചെയ്തും മറ്റും ജീവിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ 'ഭൂമിയാണിത്. അവിടെ വനമേഖലയിലെന്നപോലെ ജനങ്ങള്‍ ജീവിക്കണമെന്ന സ്ഥിതിയാണു ബഫര്‍ സോണ്‍ മേഖലയായി പ്രഖ്യാപിക്കുന്നതോടെ സംഭവിക്കാന്‍ പോകുന്നത്.

1972ലെ വന്യ ജീവി സംരക്ഷണ നിയമവും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമവും അനുസരിച്ചാണു പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നത്. വനത്തിന്റെയും വന്യജീവികളുടെയും അപൂര്‍വ ഇനം സസ്യ സമ്പത്തുകളുടെയും നാശം തടയുക എന്നാതാണ് പ്രഥമികമായി ബഫര്‍ സോണ്‍ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. 2016ല്‍ ദേശീയ വന്യ ജീവി ബോര്‍ഡാണു ബഫര്‍ സോണ്‍ നിര്‍ദേശം വച്ചത്.

ഇതനുസരിച്ച് ആക്ഷന്‍ പ്ലാനും അവര്‍ തയാറക്കി. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ മൂന്ന് അനുസരിച്ച് കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയത്തിനു പരിസ്ഥിതി സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും എന്തു നടപടികള്‍ വേണമെങ്കിലും സ്വീകരിക്കാം. അങ്ങിനെ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനോ സംസ്ഥാന വനം വകുപ്പിനോ അതില്‍ യാതൊരു ഇടപെടലും സാധ്യമാകുകയില്ല. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് ഒരിക്കലും കേരളത്തിനായി പ്രത്യേക പരിഗണന നല്‍കാനാകില്ല.

രാജ്യം മുഴുവന്‍ ബാധകമാക്കിയുള്ള നടപടികളേ ഉണ്ടാകൂ. ജൂലൈ മൂന്നിനു സുപ്രീം കോടതി ഉത്തരവിന് ആധാരമായതു കര്‍ണാക, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഖനനങ്ങളുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികളാണ്. കേരളത്തിലെ കേസുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും സുപ്രീകോടതി വിധി കേരളത്തിലും ബാധകമായി.


ബഫര്‍ സോണില്‍ ഇഎസ്ഇസഡ് നിയന്ത്രണങ്ങള്‍ ബാധകമാകുമ്പോള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും പാറ ഖനനങ്ങള്‍ നടത്തുന്നതിനും മരങ്ങള്‍ വെട്ടുന്നതിനും രാസ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനും റെഡ്-ഓറഞ്ച് കാറ്റഗറി വ്യവസായങ്ങള്‍ നടത്തുന്നതിനും (ആശുപത്രി ഉള്‍പ്പെടെയുള്ളവ റെഡ് കാറ്റഗറിയില്‍ പെടുന്നവയാണ്) നദികള്‍ തടഞ്ഞുനിര്‍ത്തിയുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ വരും.

1980ലെ കേന്ദ്ര വന നിയമത്തോടെ വന മേഖല പൂര്‍ണമായും കേന്ദ്ര വന - പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണത്തിലായതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വനത്തിന്റെ മേലുള്ള അവകാശം നഷ്ടമായതാണ്. ബഫര്‍ സോണ്‍ കൂടി ഉണ്ടാകുമ്പോള്‍ ആ പ്രദേശങ്ങള്‍ കൂടി കേന്ദ്ര വനം - പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണത്തിലാകും.

നിലവിലുള്ള കൃഷിയും മഴവെള്ള സംഭരണവും ജൈവ കൃഷിയും ഹരിത സാങ്കേതിക വിദ്യകളും ബഫര്‍ സോണില്‍ അനുവദിക്കുമെന്നാണ് ഇഎസ്ഇസഡ് മാര്‍ഗ നിര്‍ദേശങ്ങളിലുള്ളത്. എന്നാല്‍, നിര്‍മാണ, വികസന പദ്ധതികള്‍ ഇഎസ്ഇസഡില്‍ അനുവദിച്ചിട്ടില്ല.

കേരളത്തില്‍ 23 വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ദേശീയോദ്യാനങ്ങളുമാണ് നിലിവിലുള്ളത്. ഇവയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണായി പരിഗണിക്കണമെന്നാണ് ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധി.

പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, ഇരവികുളം നാഷണല്‍ പാര്‍ക്ക്, ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറി, ബഗര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്ക്, നെയ്യാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, പേപ്പാറ വൈല്‍ഡ് ലൈഫ് സാങ്ച്വറി, പീച്ചി വൈല്‍ഡ് ലൈഫ് സാങ്ച്വറി, ഇടുക്കി വൈല്‍ഡ് ലൈഫ് സാങ്ച്വറി, ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, മുത്തങ്ങാ വൈല്‍ഡ് ലൈഫ് സാങ്ച്വറി, വയനാട് വൈല്‍ഡ് ലൈഫ് സാങ്ച്വറി, നാഗര്‍ഹോളെ വൈല്‍ഡ് ലൈഫ് സാങ്ച്വറി, തോല്‍പ്പെട്ടി, തട്ടേക്കാട്, പറമ്പിക്കുളം, കടലുണ്ടി, മതികെട്ടാന്‍ തുടങ്ങിയ സംരക്ഷിത മേഖലകള്‍ക്കു ചുറ്റുമാണ് ബഫര്‍സോണ്‍ ബാധകമാകുന്നത്.

മതികെട്ടാന്‍ ദേശീയോദ്യാനത്തിന്‍റെ ഒരു കിലോ മീറ്റര്‍ ചുറ്റളവ് 2020ല്‍ തന്നെ ബഫര്‍സോണായി പ്രഖ്യാപിച്ചതാണ്. ഫോണ്‍: 9447082268.

കെ.എസ്. ഫ്രാന്‍സീസ്