റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്‌വര്‍ഗ കര്‍ഷകന്റെ തോട്ടത്തില്‍ റിക്കാര്‍ഡ് വിള പ്രതീക്ഷയില്‍ കൂറ്റന്‍ ചേന. 363 സെന്റിമീറ്റര്‍ പൊക്കത്തിലും 53 സെന്റിമീറ്റര്‍ കടവണത്തിലും പടര്‍ന്നു നില്‍ക്കുന്ന ചേന കാണാന്‍ നിരവധിപ്പേരാണ് എത്തുന്നത്. ഡിസംബറില്‍ കാര്‍ത്തികയോടനുബന്ധിടച്ചാണ് വിളവെടുപ്പ്.

നാലിനം ചേനകളാണ് ശ്യാംകുമാറിന്റെ കൃഷിയിടത്തിലുള്ളത്. ഇതില്‍ രണ്ടിനങ്ങള്‍ തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങുവര്‍ഗ കൃഷി ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ്. ശ്രീപത്മയും ശ്രീഗജേന്ദ്രയും. മറ്റു രണ്ടിനങ്ങള്‍ കാണിക്കാരുടെ ഇനങ്ങളാണ്. മലഞ്ചേനയും കുഴി മുണ്ടനും.

കൃഷിരീതി

കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രമായ തിരുവനന്തപുരം ശ്രീകാര്യം വെള്ളായണി കാര്‍ഷിക കോളജിലെയും ശാസ്ത്രജ്ഞരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ശ്യാം കുമാറിന്റെ കൃഷി. വിത്തിന്റെ അളവിനനുസരിച്ചാണ് കുഴിയെടുക്കുന്നത്. കുഴിയെടുത്തശേഷം ഡോളോമൈറ്റ് ഇടും.

15 ദിവസം കഴിഞ്ഞ് 30 കിലോ പച്ചില, രണ്ട് ചാക്ക് കരിയില, എല്ലുപൊടി, വേപ്പുംപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ഗോമൂത്രം, ശര്‍ക്കര, ഒരു കുട്ട ചാണകപ്പൊടി, എന്നിവയ്‌ക്കൊപ്പം മൈക്രോബയോളജി ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ലഭിക്കുന്ന പിജിപിആര്‍ മിക്‌സ് കക, അരലിറ്റര്‍ അമിനോ ആസിഡ്, അരലിറ്റര്‍ ഹ്യൂമിക് ആസിഡ് എന്നിവയും ചേര്‍ത്തു കുഴി മൂടും.


65 ദിവസത്തിനു ശേഷം രണ്ടുദിവസം വായുസഞ്ചാരത്തിനായി കുഴി തുറന്നിടും. പിന്നീട് മേല്‍മണ്ണ് ചേര്‍ത്തിളക്കും. പിന്നീട് സ്യൂഡോമോണസ് 20 ഗ്രാം 10 ഒരുലിറ്റര്‍ വെള്ളം എന്ന അനുപാദത്തില്‍ മിക്‌സ് ചെയ്ത ലായനിയില്‍ വിത്ത് മുക്കി തണലത്ത് ഉണക്കിയ ശേഷം കുഴിയില്‍ നടും. വിത്തിനു ചുറ്റും ഡൈക്കോഡേര്‍മ മിശ്രിതം വിതറും. നിമാ വിരകളില്‍ നിന്നുള്ള സംരക്ഷണത്തിന് ഇത് ഉത്തമമാണ്. അതിനുശേഷം കിഴി നല്ലവണ്ണം പുതയിട്ടു സൂക്ഷിക്കുക.

മുള വന്നു 15 ദിവസത്തിനകം ആദ്യവളം കൊടുക്കണം. പൊട്ടാഷിന്റെ അംശം കൂടുതലുള്ള വളമായിരിക്കണം നല്‍കേണ്ടത്. വര്‍ഷങ്ങളായി കിഴങ്ങുവര്‍ഗ കൃഷി വിജയകരമായി നടത്തുന്ന ശ്യാംകുമാര്‍, നേരത്ത 50 കിലോ മുതല്‍ 98 കിലോ വരെ തൂക്കമുള്ള ചേനകള്‍ പറിച്ചിട്ടുണ്ട്. ഫോണ്‍ : 94977491803.