ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
Thursday, July 28, 2022 3:07 PM IST
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന്‍ നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും അതേ മനോഭാവത്തോടെയാണ് അദ്ദേഹം പരിചരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ കടപ്ര പഞ്ചായത്തിലെ പരുമല വിളയില്‍ പടിഞ്ഞാറ്റേതില്‍ ഡോ.രഘുനാഥന്‍ നായര്‍ക്ക് ആതുരശുശ്രൂക്ഷ രംഗത്ത് 35 വര്‍ഷത്തെ പാരമ്പര്യമുണ്ട്. അത്രയും തന്നെ പാരമ്പര്യം കൃഷിയിലുമുണ്ട്.

തികച്ചും വ്യത്യസ്ത കൃഷി രീതി അവംലബിക്കുന്ന ഈ ഈ ഹോമിയോ ഡോക്ടര്‍ക്ക് കൃഷി ഒരു ലഹരിയാണ്. അതുകൊണ്ടുതന്നെ ധാരാളം നവകര്‍ഷകര്‍ ഇദ്ദേഹത്തെ തേടിയെത്തുന്നുമുണ്ട്. അവര്‍ക്കു കൃഷിരീതിയെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ തെല്ലും അദ്ദേഹത്തിനു മടിയുമില്ല. ഇതിനിടെ, വിഷരഹിത ജൈവ പച്ചക്കറി വ്യാപകമാക്കുന്നതിനുവേണ്ട ബോധവത്കരണത്തിനും അദ്ദേഹം സമയം കണ്ടെത്തുകയും ചെയ്യുന്നു.

സ്വന്തമായി നിര്‍മിച്ച ജൈവവളങ്ങളും, ജൈവകീടനാശിനികളുമാണ് ഡോക്ടര്‍ തന്റെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത്. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി മിശ്രിതം, വിവിധതരം പുളിപ്പിച്ച പിണ്ണാ ക്കുകള്‍ എന്നിവയാണു പ്രധാന വളങ്ങള്‍. പച്ചക്കറികളെ ബാധി ക്കുന്ന വിവിധതരം കീടങ്ങളെ തുരുത്താന്‍ ജൈവ കീടനാശിനികളും. പതിനഞ്ചോളം ജൈവ കീടനാശിനികള്‍ ഇതിനോടകം അദ്ദേഹം സ്വയം നിര്‍മിച്ചിട്ടുണ്ട്. അവ മറ്റു കര്‍ഷകര്‍ക്കു കുറഞ്ഞ നിരക്കില്‍ നല്‍കുന്നുമുണ്ട്.

ഡോക്ടറുടെ കൃഷിയിടത്തില്‍ വിളയാത്ത പച്ചക്കറികള്‍ ഒന്നുംതന്നെയില്ലെന്നു പറയാം. ഒരോയിനത്തിനും ഒന്നിലധികം തരങ്ങളുമുണ്ട്. മൂന്നേക്കറിലാണു കൃഷി. സ്വന്തമായി ഒരേക്കറും പാട്ടത്തിനെടുത്ത രണ്ടേക്കറും. കോവല്‍ (നാലു തരം), പടവലം (മൂന്നു തരം), വിവിധതരം വെണ്ട (ആന കൊമ്പന്‍ ഉള്‍പ്പടെ), വെളളരി, കുമ്പളം, തക്കാളി, വിവിധയിനം പയര്‍, പച്ചമുളക്, കാബേജ്, കോളി ഫ്‌ളവര്‍, തണ്ണി മത്തന്‍ തുടങ്ങി 50 ഓളം ഇനം പച്ചക്കറികളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ വളരുന്നത്. ജൈവ പച്ചക്കറിയായതിനാല്‍ തന്നെ ആവശ്യക്കാരും ഏറെയാണ്.



വീടിരിക്കുന്ന സ്ഥലം ഒഴികെ എല്ലായിടങ്ങളിലും (ടെറസ് ഉള്‍പ്പടെ) കൃഷിയാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വിത്തുകളും, സ്വന്തമായി മുളപ്പിച്ചെടുത്ത തൈകളും, ജൈവ വളങ്ങളും, കീടനാശിനികളും കുറഞ്ഞ വിലയില്‍ അദ്ദേഹം വില്‍ക്കുന്നുമുണ്ട്. ഇതിനായി രണ്ട് എക്കോ ഷോപ്പുകള്‍ പരുമലയില്‍ തുറന്നിട്ടുണ്ട്. കൂടാതെ വീട്ടില്‍ നിന്നും ഇവ ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതോടൊപ്പം കോഴി, പശു, മീന്‍ എന്നിവയേയും അദ്ദേഹം വളര്‍ത്തുന്നുണ്ട്.

ഇതിനോടകം നിരവധി കാര്‍ഷിക അവാര്‍ഡുകളും ഡോക്ടറെ തേടിയെ ത്തിയിട്ടുണ്ട്. ആത്മ, ജില്ലയിലെ മികച്ച കര്‍ഷകന്‍', ജൈവശ്രീ, തുടങ്ങിയ അവയില്‍ ചിലതുമാത്രം. പ്രോത്സാഹനവുമായി ഭാര്യ അനിത, മക്കളായ അരുണ്‍, അഭിജിത്ത് എന്നി വരും ഒപ്പമുണ്ട്.ഫോണ്‍: 8086560688

ഡൊമിനിക് ജോസഫ്