മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
Thursday, June 23, 2022 3:48 PM IST
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്‌ട്രോബറിയും പിന്നെ പച്ചക്കറിയുമെല്ലാം സമൃദ്ധമായി വിളയിച്ചെടുക്കാം. വീടിന്റെ മട്ടുപ്പാവ് ഒരു ഹരിത സാമ്രാജ്യം തന്നെയാക്കി മാറ്റാം. അതിന്റെ നേര്‍സാക്ഷ്യമാണു തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ചന്ദ്രികാരാജേന്ദ്രന്‍.
വീടിന്റെ മട്ടുപ്പാവിലും മുറ്റത്തുമെല്ലാം അപൂര്‍വങ്ങളായ പഴങ്ങളും പച്ചക്കറികളും. മുന്തിരി, പ്ലം, പാഷന്‍ഫ്രൂട്ട്, റെഡ്‌ലേഡി പപ്പായ, അമ്പഴം, ലോംഗന്‍, മില്‍ക്ക് ഫ്രൂട്ട് തുടങ്ങിയ നിറഞ്ഞു കായ്ച്ചു നില്‍ക്കുന്നു. കത്തിരി, വെണ്ട, മുളക്, പെരുംജീരകം, ബ്രക്കോളി, കാബേജ്, കോളിഫ്‌ളവര്‍, ചോളം തുടങ്ങിയ പച്ചക്കറികളും. മുറ്റത്തു മാത്രമല്ല, ഗ്രോബാഗ്, ചെടിച്ചട്ടി, ഡ്രം, കുട്ട തുടങ്ങിയവയിലൊക്കെ കൃഷി ചെയ്തിട്ടുണ്ട്.
പ്രമുഖ ജൈവകര്‍ഷകന്‍ ഉള്ളൂര്‍ ആര്‍. രവീന്ദ്രന്‍ നേതൃത്വം നല്‍കിയ ആത്മ സ്‌കുളില്‍ നിന്നാണു ചന്ദ്രിക കൃഷി പാഠങ്ങള്‍ മനസിലാക്കിയത്. ഒപ്പം തന്റേതായ ചില പൊടികൈകളും അവര്‍ കൃഷിയില്‍ പ്രയോഗിക്കുന്നു. ലെയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ് രീതികളിലൂടെയും പുതിയ തൈകള്‍ വളര്‍ത്തിയെടുക്കുന്നുണ്ട്. വിത്ത് നട്ടു കിട്ടുന്നതിനെക്കാള്‍ ആരോഗ്യമുള്ള തൈകള്‍ ഈ മാര്‍ഗങ്ങളിലൂടെ ലഭിക്കുമെന്നു ചന്ദ്രിക ചൂണ്ടിക്കാട്ടി.
പുതിയ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ചന്ദ്രിക, എയര്‍ ലെയറിംഗിലൂടെ പുതിയ തൈകള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. (ഒരു ശിഖരത്തിന്റെ ചെറിയ ഭാഗം മുറിച്ചു തൊലികളഞ്ഞ് അതില്‍ മണ്ണ് വച്ച് ചെയ്യുന്നതാണ് എയര്‍ ലെയറിംഗ്). മാരകമായ വള-കീടനാശിനി പ്രയോഗങ്ങള്‍ തീര്‍ത്തും ഇല്ലാതെ ശുദ്ധമായ ജൈവവിഭവങ്ങളാണ് ചന്ദ്രിക ഉത്പാദിപ്പിക്കുന്നത്. അതുകകൊണ്ടു തന്നെ ഇവിടെ വിളയുന്നവയ്ക്കു രുചിയും, ഗുണവും മധുരവും കൂടും. ചന്ദ്രികാരാജേന്ദ്രന്റെ മട്ടുപ്പാവിലെ ചില പഴച്ചെടികളെ പരിചയപ്പെടാം.
ഇലന്തപ്പഴം
നല്ല മധുരമുള്ളതും ജലാംശം ധാരാളമുള്ളതുമായ ഇലന്തപ്പഴം ചെടിചട്ടികളില്‍ കായ്ച്ചു നില്ക്കുന്നു. രണ്ടു ഇനങ്ങളാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഇവിടെ നാല് ഇനങ്ങളുണ്ട്. ചുവപ്പ്, പച്ചയും ചുവപ്പും ഇടകലര്‍ന്ന കാഷ്മീരി, പച്ച ബോള്‍ സൈസ്, ബനാന സൈസ് എന്നിവയാണ് അവ. എട്ടുമാസം കൊണ്ട് ബെര്‍ ആപ്പിള്‍ കായ്ച്ചു. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വാങ്ങി നടുകയായിരുന്നു.
സ്‌ട്രോബറി
നഴ്‌സറിയില്‍ നിന്നു ഹൈബ്രിഡ് ഇനം വാങ്ങിയാണ് നട്ടത്. മഞ്ഞുകാല പഴമായതിനാല്‍, സ്‌ട്രോബറി നനയ്ക്കാന്‍ ഐസ് വെള്ളവും ഒഴിച്ചു കൊടുക്കാറുണ്ട്.
ഓറഞ്ച്
ബുഷ് ഓറഞ്ചും, സാധാരണ ഓറഞ്ചും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഗ്രാഫ്റ്റ് തൈകളാണ് നട്ടിരിക്കുന്നത്. നിറയെ കായ്ച്ചു നില്‍ക്കുന്ന ഓറഞ്ച് ചെടി കണ്ണിന് കുളിര്‍മ പകരും.
റെഡ് ജാക്ക്ഫ്രൂട്ട്
കടും ചുവന്ന നിറത്തിലുള്ള ചക്കപ്പഴം നല്ല മധുരമുള്ള ഇനമാണ്. ടെറസ്സില്‍ ഡ്രമ്മില്‍ മണ്ണു നിറച്ചാണ് നട്ടിരിക്കുന്നത്.
മുന്തിരി
കറുപ്പ്,ചുവപ്പ്, പച്ച എന്നീ മൂന്നു തരം മുന്തിരികള്‍ ഇവിടെയുണ്ട്. കറുത്ത മുന്തിരി മുറ്റത്ത് പന്തിലിട്ട് പടര്‍ത്തിയിരിക്കുകയാണ്. മട്ടുപ്പാവിലാണ് ചുവപ്പ്, പച്ചയും ഇനങ്ങള്‍. ഇവ ബക്കറ്റിലാണ് നട്ടിരിക്കുന്നത്.
മുന്തിരികൃഷി
മുന്തിരി നടുന്നതിനു മുമ്പു മണ്ണില്‍ രണ്ട് പിടി കുമ്മായം ഇടണം. ബക്കറ്റിലാണ് തൈ നടുന്നതെങ്കില്‍ രണ്ട് സ്പൂണ്‍ കുമ്മായം ഇട്ടാല്‍ മതി. മണ്ണിന്റെ അമ്ലത മാറ്റാനാണിത്. കുമ്മായം ഇട്ട് രണ്ടാഴ്ച കഴിഞ്ഞശേഷം മാത്രമേ തൈ നാടാവൂ. എല്ലാ മാസവും എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ കലര്‍ത്തി നല്‍കണം. ചെടി വളര്‍ന്നു തുടങ്ങുമ്പോള്‍തന്നെ പന്തല്‍ ഇടണം. തലപ്പുകള്‍ നുള്ളി വിടുന്നത് ഉചിതമാണ്.
ഇലകളില്‍ ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് എന്നിവ ഇടവിട്ട് 15 ദിവസത്തെ ഇടവേളയില്‍ തളിക്കാം. ഇലയുടെ അടിഭാഗത്തും ഇവ എത്തണം. മുന്തിരിച്ചെടി വളര്‍ന്നു കഴിഞ്ഞാല്‍ പ്രൂണിംഗ് നിര്‍ബന്ധമായും ചെയ്യണം. പ്രൂണിംഗ് മൂന്ന് തരത്തിലുണ്ട്. ചെറിയ ചെടി ആയിരിക്കുമ്പോള്‍ തലപ്പ് നുള്ളി വിടാം. ഇളം തണ്ട് മുറിക്കാം (പച്ചതണ്ട് മൂന്നാമത്തെ പ്രൂണിംഗ് കട്ടിയുള്ള തണ്ട് മുറിക്കുന്നതാണ്) 120 ദിവസങ്ങള്‍ കൊണ്ട് മുന്തിരി ചെടികളില്‍ നിന്നു വിളവെടുക്കാം. 30 വര്‍ഷത്തോളം ആയുസുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ട്
മട്ടുപ്പാവില്‍ ഗ്രോബാഗുകളിലും ബക്കറ്റുകളുമാണ് ഡ്രാഗണ്‍ഫ്രൂട്ട് കൃഷി. ചെടിയെതാങ്ങി നിര്‍ത്താന്‍ പി.വി.സി പൈപ്പുകളും റബര്‍ ടയറിനു പകരം കമ്പി വളച്ചുമാണു സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് വിളവെടുപ്പ്കാലം.

പേരയ്ക്ക
സ്‌ട്രോബെറി പേര, കിലോ പേര, മുന്തിരി പേര, ചുവന്ന പേര, വയലറ്റ് പേര എന്നിനെ ആറിനം പേര ചെടികള്‍ ഇവിടെയുണ്ട്.
മധുരം കൂടുതലുള്ള തായ്‌ലന്‍ഡ്മാവ് അത്യാകര്‍ഷകമാണ്. നീളത്തിലുള്ള ബനാന സപ്പോട്ട തായ്‌ലന്‍ഡ് ഇനമാണ്. ഉള്‍ഭാഗം ചുവപ്പാണ്. ഇതു കൂടാതെ ബോള്‍സൈസ് സപ്പോട്ടയും ഉണ്ട്.
ജൈവവളം
എല്ലുപൊടി, ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ ഇടകലര്‍ത്തി അഞ്ച് ദിവസം വച്ചശേഷം ഒരു കപ്പിനു പത്ത് കപ്പ് വെള്ളം എന്ന തോതില്‍ എടുത്ത് ചെടികള്‍ക്കു നല്കാം. ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം ഇത് ഫലപ്രദമാണ്. വളം സ്‌പ്രേ ചെയ്കുകയോ ചുവട്ടില്‍ ചേര്‍ത്ത് കൊടുക്കുകയോ ചെയ്യാം.
വേസ്റ്റ് മാനേജ്‌മെന്‍റ്
കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ (സി.ടി.സി.ആര്‍.ഐ) നിന്ന് ചന്ദ്രികയ്ക്കു കൃഷിഅറിവുകള്‍ നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്. വേസ്റ്റ് മാനേജ്‌മെന്റ് പരിശീലനം ഇവിടെ നിന്നാണ് ലഭിച്ചത്. വീട്ടിലെ പച്ചക്കറി വേസ്റ്റ്, കരിയില, ചാണകം, കലക്കിയത് എന്നിവയാണ് ജൈവവളമായി മാറ്റുന്നത്. പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്ക് നെറ്റ് തയ്ച്ച് ഒരു കവര്‍ പോലെയാക്കിയശേഷം അതിനുള്ളില്‍ ചുവട്ടില്‍ ദ്വാരമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റോ, പാത്രമോ വയ്ക്കാം. ഇതിലേക്കു ജൈവ മാലിന്യങ്ങള്‍ ഇട്ട് മുപ്പത് ദിവസം വയ്ക്കണം. മണ്ണിരയെയും ഇട്ട് കൊടുക്കണം. ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ച് കൊടുക്കണം. ചണച്ചാക്കു കൊണ്ട് ബക്കറ്റ് മൂടി വയ്ക്കുകയും വേണം.
കൃഷിയുടെ പ്രചാരക
തനിക്കു ലഭിച്ചിട്ടുള്ള കൃഷി അറിവുകള്‍ എല്ലാവര്‍ക്കും പങ്ക് വയ്ക്കാന്‍ ചന്ദ്രിക എപ്പോഴും ശ്രമിക്കാറുണ്ട്. കേരളത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നും നിരവധിപ്പേരാണ് കൃഷി കാണാനെത്തുന്നത്. പെന്‍ഷനായ പല സ്ത്രീകളും ഫോണില്‍ വിളിച്ച് ഉപദേശങ്ങള്‍ തേടാറുണ്ട്. ചോദിക്കുന്നവര്‍ക്കെല്ലാം വിത്തുകളും ചെടികളും നല്‍കാന്‍ ചന്ദ്രിക ശ്രദ്ധിക്കാറുണ്ട്. ഡ്രാഗണ്‍ഫ്രൂട്ടും മുന്തിരിയും എല്ലാവരിലും എത്തണമെന്ന ആഗ്രഹമുണ്ട്. ഭര്‍ത്താവ് രാജേന്ദ്രന്‍ സിവില്‍ എഞ്ചിനിയറാണ്.
മക്കള്‍: ചരണ്‍ (കാമറാമാന്‍). സി. രാജ്, ഉഭയാന്‍സി രാജ് (ബിസിനസ്) മരുമക്കള്‍: ശ്രീജ ചരണ്‍, ഗീതു ഉഭയാന്‍.
എസ്. മഞ്ജുളാദേവി