പശുക്കള്‍ ജീവനുതുല്യം; പാല്‍ സമൃദ്ധിയില്‍ ഷൈന്‍
പശുക്കള്‍ ജീവനുതുല്യം; പാല്‍ സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന് പശുക്കള്‍ ജീവനു തുല്യം. അവയെ തൊട്ടും തലോടിയും വിശേഷങ്ങള്‍ ചോദിച്ചും ഷൈന്‍ എപ്പോഴും തൊഴുത്തിലുണ്ടാകും. മൂന്നു ഫാമുകളിലായി 200 പശുക്കള്‍. എല്ലാം എച്ച്.എഫും ജേഴ്‌സിയും. ദിനംപ്രതി 2200 ലിറ്റര്‍ പാല്‍ വരെ കറക്കും. ഇതില്‍ 1600 ലിറ്ററും മില്‍മയ്ക്കാണു നല്‍കുന്നത്. ബാക്കി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും. ദിവസം 47 ലിറ്റര്‍ പാല്‍ വരെ കറക്കുന്ന പശുക്കളും ഷൈനിന്റെ തൊഴുത്തിലുണ്ട്.

വീടിനു ചുറ്റുമാണു പ്രധാന ഫാം. അവിടെ എല്ലാ സൗകര്യങ്ങളുമുള്ള മൂന്നു തൊഴുത്തുകളുണ്ട്. നല്ല വൃത്തിയും വെടിപ്പും. സമീപത്തു തന്നെയുള്ള കിഴക്കുംപാടത്തും കുറച്ച് അകലെ നാഗപ്പുഴയിലുമാണു മറ്റു രണ്ടെണ്ണം. ഒരു ദിവസം പോലും മുടങ്ങാതെ എല്ലാ ഫാമിലും ഷൈന്‍ എത്തും. ഒരോ പശുവിനെയും സസൂക്ഷ്മം നോക്കും. അവ തിരിച്ചും. അപ്പോഴേ ഇരുകൂട്ടര്‍ക്കും സമാധാനമാകൂ.

ഷൈന്റെ ദിവസം ആരംഭിക്കുന്നതു പാതിരാത്രിയിലാണ്. അപ്പോഴാണു കറവ തുടങ്ങുന്നത്. അത് പുലര്‍ച്ചെ അഞ്ചു മണി വരെ നീളും. കറവയ്ക്കു മുമ്പു പശുക്കളെ കുളിപ്പിക്കും. പിന്നെ തീറ്റ കൊടുക്കും. ചോളപ്പൊടി, പരുത്തിപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, കാലിത്തീറ്റ എന്നിവ നിശ്ചിത അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി ആവശ്യത്തിനു വെള്ള വും ചേര്‍ത്താണു തീറ്റയുണ്ടാക്കുന്നത്.

ഇതില്‍ ചോളപ്പൊടിയും പരുത്തിപ്പിണ്ണാക്കും കടലപ്പിണ്ണാക്കും തമിഴ്‌നാട്ടില്‍ നിന്നാണു വാങ്ങുന്നത്. ബാ ക്കിയെല്ലാം നാട്ടില്‍ നിന്നു തന്നെ. പാല്‍ കിട്ടുന്നതിനനുസരിച്ചാണു തീറ്റ കൊ ടുക്കുന്നത്. കൂടുതല്‍ പാലുള്ളവയ് ക്കു കൂടുതല്‍ തീറ്റ. കറവ കഴിഞ്ഞാലുടന്‍ വീണ്ടും തീറ്റ കൊടു ക്കും. പൈനാപ്പിള്‍ ഇലയും പച്ചപ്പുല്ലും. മിഷ്യനില്‍ അരിഞ്ഞാണു കൊടുക്കുന്നത്.

രണ്ടാം കറവ ഉച്ചയ്ക്ക് 12 നു തുടങ്ങും. വൈകുന്നേരം അഞ്ചു വരെ നീളും. അതിനു മുമ്പും കുളിപ്പിച്ചു തീറ്റ കൊടുക്കും. തീറ്റ ക്രമത്തിലോ ചേരുവകളിലോ രാത്രിയില്‍ കൊടുത്തതില്‍ നിന്നു തെല്ലും വ്യത്യാസമുണ്ടാവില്ല. നിതാന്ത ജാഗ്രതയോടെ പശുക്കളെ പരിപാലിക്കാന്‍ ഇരുപതോളം നേപ്പാളി തൊഴിലാളികള്‍ ഫാമിലുണ്ട്. ചിലര്‍ കുടുംബമായും മറ്റു ചിലര്‍ ഒറ്റയ്ക്കും.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം തേടാറുണ്ടെങ്കിലും രോഗങ്ങളെ പ്രതിരോധിക്കാനുള്ള പൊടിക്കൈകളൊക്കെ ഷൈനു വശമാണ്. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ പശുക്കളെ ഇടവിട്ട് നനയ്ക്കുന്നത് പതിവാണ്. ഇതിനുള്ള സംവിധാനം തൊഴുത്തുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. തൊഴുത്തിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ വേലി കെട്ടി തിരിച്ചു പശുക്കളെ മേയാന്‍ വിടാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്.

ഉണങ്ങിയ ചാണകത്തിന് നല്ല ഡിമാന്‍ഡുണ്ട് വെയിലത്ത് ഉണങ്ങിയ ചാണകം ചാക്കൊന്നിന് 1750 രൂപ നിരക്കിലാണു വില്‍ക്കുന്നത്. മുന്‍കൂട്ടി അറിയിച്ചാല്‍ വീടുകളില്‍ എത്തിച്ചു കൊടുക്കും. ദിനംപ്രതി 200 ലിറ്ററോളം തൈരും വിറ്റു പോകുന്നുണ്ട്. മലബാറി, ബീറ്റല്‍ ഇനങ്ങളില്‍പ്പെട്ട ആടുകളെയും ഷൈന്‍ വളര്‍ത്തുന്നുണ്ട്. പറമ്പില്‍ വാഴയും കപ്പയും ചേമ്പുമൊക്കെ സമൃദ്ധിയായി വളരുന്നു.

ചാണകവും മൂത്രവും മാത്രമാണു വളം. ഷൈന് പശുക്കളോടുള്ള ഇഷ്ടം പാരമ്പര്യമായി കിട്ടിയതാണ്. പിതാവിന് പശു വളര്‍ത്തലുണ്ടായിരുന്നു. പഠിച്ചിരുന്ന കാലത്തും പശുക്കളെ തൊഴുത്തില്‍ നിന്നിറക്കാനും കറക്കാനും തീറ്റ കൊടുക്കാനുമൊക്കെ ഷൈന്‍ പിതാവിനെ സഹായിച്ചിരുന്നു.

പിന്നീട് പശു വളര്‍ത്തല്‍ ജീവിത മാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. 15 വര്‍ഷം മുമ്പ് ആറ് പശുക്കളുമായിട്ടായിരുന്നു തുടക്കം. പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും എണ്ണം കൂടിക്കൂടി വന്നു. ഷൈന് സഹായവുമായി ഭാര്യ സുബി എപ്പോഴും കൂടെയുണ്ട്. മക്കള്‍: അഞ്ജന, നന്ദന, അഭിരാം.
ഫോണ്‍:7561830185.

ജെ പി