വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി

കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍ കൊണ്ട് തണല്‍ കൊടുക്കുകയും ഒന്നിടവിട്ട് കുമ്പിള്‍ മാറ്റി നനയ്ക്കുകയും ചെയ്യുന്ന രീതി പണ്ടുകാലത്ത് അനുവര്‍ത്തിച്ചിരുന്നു.

നെല്ല്

പുഞ്ചയ്ക്കുള്ള നടീല്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണം. അത്യുത്പാദനശേഷിയുള്ള മൂപ്പുകുറഞ്ഞ ഇനങ്ങളാണ് പുഞ്ചക്കൃഷിയ്ക്കനുയോജ്യം. ഹര്‍ഷ, വര്‍ഷ, കാഞ്ചന തുടങ്ങിയ ഇനങ്ങള്‍ കൃഷിവിദഗ്ദ്ധരുടെ ശുപാര്‍ശയോടെ കര്‍ഷകര്‍ക്ക് തെരഞ്ഞെടുക്കാം.

അടിവളപ്രയോഗവും ചിനപ്പ് പൊട്ടുന്ന പരുവത്തിലും അടിക്കണപരുവത്തിലുമുള്ള മേല്‍വളപ്രയോഗവും മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ ശുപാര്‍ശപ്രകാരം നടത്തണം. ഹ്രസ്വകാല ഇനങ്ങള്‍ക്ക് യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 30,70,25 കി.ഗ്രാം വീതവും ഇടത്തരം മൂപ്പുള്ളവയ്ക്ക് 40,90,30 കി.ഗ്രാം വീതവുമാണ് ഒരേക്കറിന് നല്‍കേണ്ടത്.

പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞും വിതച്ച് 25 ദിവസങ്ങള്‍ക്കു ശേഷവും 7-10 ദിവസത്തെ ഇടവേളകളില്‍ 5-6 തവണ ട്രൈക്കോ കാര്‍ഡുകള്‍ പാടത്ത് നാട്ടുന്നത് തണ്ടുതുരപ്പനെതിരെ ഫലപ്രദമാണ്. കുട്ടനാടന്‍ പുഞ്ചപ്പാടങ്ങളില്‍ കൊയ്ത്തിന് പ്രാരംഭമായി നിലത്തിലെ വെള്ളം ഒരാഴ്ച മുമ്പ് വാര്‍ത്തു കളഞ്ഞശേഷം കൊയ്ത്തു തുടങ്ങാം.

തെങ്ങ്

തെങ്ങിന് ജലസേചനം തുടരുക. തടം നനയില്‍ നാലുദിവസത്തിലൊരിക്കല്‍ തെങ്ങൊന്നിന് 200 ലിറ്റര്‍ വെള്ളം നല്‍കണം. ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ കണിക ജലസേചനരീതി വഴി നനയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. ഈ രീതിയില്‍ ദിവസേന തെങ്ങൊന്നിന് 30-32 ലിറ്റര്‍ വെള്ളം നല്‍കിയാല്‍ മതി. ജലസേചനം നടത്തുന്ന തോട്ടങ്ങളില്‍ നാലാം വളപ്രയോഗം നടത്തണം.

യൂറിയ, സൂപ്പര്‍ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ശരാശരി നല്ല പരിപാലനമുള്ള നാടന്‍ തെങ്ങിന് 180-270 ഗ്രാം, 275-300 ഗ്രാം, 275-500 ഗ്രാം വീതവും ഉത്പാദനശേഷി കൂടിയ സങ്കരയിനം തൈകള്‍ക്ക് 500 ഗ്രാം, 800 ഗ്രാം, 900 ഗ്രാം വീതവും നല്‍കണം. വിത്തുതേങ്ങ സംഭരണം തുടരാം. തെങ്ങോലപ്പുഴുവിന്‍റെ ആക്രമണം കാണുന്നുവെങ്കില്‍ കീടാക്രമണം ഗുരുതരമായുള്ള ഓലകള്‍ വെട്ടിനീക്കി കത്തിച്ചു കളയുക.

തെങ്ങോലപ്പുഴുവിനെതിരെയുള്ള എതിര്‍പ്രാണികളെ തെങ്ങിന്‍ തോപ്പില്‍ തുറന്നുവിട്ട് ഇതിനെ നിയന്ത്രിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.

വാഴ

വാഴയ്ക്ക് നനയാണ് പ്രധാന പണി. വാഴച്ചുവട്ടില്‍ പുതയിട്ടാല്‍ നന 3-4 ദിവസത്തിലൊന്നു മതി. അല്ലെങ്കില്‍ രണ്ടു ദിവസത്തിലൊരിക്കല്‍. ഒരു നനയ്ക്ക് ഉദ്ദേശം 40 ലിറ്റര്‍ വെള്ളം വേണം. നേന്ത്രവാഴ നട്ട് മൂന്നാമത്തെയും നാലാമത്തെയും മാസം 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേര്‍ക്കുക.

ഏലം

പ്രാഥമിക തവാരണകളില്‍ ക്രമമായ ജലസേചനം തുടരണം. ആവശ്യാനുസരണം തടങ്ങളിലെ കളയെടുപ്പും മേല്‍മണ്ണ് ചേര്‍ക്കലും നടത്തണം. ജലസേചനം, കളയെടുപ്പ്, പുതയിടല്‍, മണ്ണിടല്‍ എന്നിവയാണ് രണ്ടാം തവാരണയിലെ പ്രധാന കൃഷിപ്പണികള്‍. ഏലത്തോട്ടങ്ങളിലും ജലസേചനം നടത്തണം. ഇതിന് സൗകര്യമില്ലാത്ത തോട്ടങ്ങളില്‍ ചെറിയ ചെടികള്‍ക്ക് പന്തല്‍ നിര്‍മ്മിച്ചു തണല്‍ നല്‍കാം. പറിച്ചെടുത്ത കായ്കള്‍ വൃത്തിയാക്കി ഉണക്കി സംഭരിക്കണം.


കുരുമുളക്

കൊടിത്തലകള്‍ മുറിച്ചെടുത്ത് വേര് പിടിപ്പിക്കാനായി തവാരണകളില്‍ പാകേണ്ട സമയമാണിത്. മഞ്ഞുകാലത്തിന്റെ തണുപ്പ് നിശേഷം മാറിയെന്ന് ഉറപ്പുവരുത്തിയശേഷം വേണം കൊടിത്തലകള്‍ മുറിച്ച് തവാരണയുണ്ടാക്കാന്‍. ഇവ പോളിബാഗുകളിലും നടാം. ഏകദേശം 20 ഃ15 സെ.മീ. വലിപ്പമുള്ള പോളിബാഗുകളില്‍ 3-5 വരെ തണ്ടുകള്‍ നടാം.

തണ്ടുകള്‍ നടുമ്പോള്‍ ഒരു മുട്ട് മണ്ണിനടിയിലായിരിക്കണം. തണ്ടുകള്‍ മുളയ്ക്കുന്നതുവരെ ദിവസവും മൂന്നു നേരമെങ്കിലും നനയ്ക്കണം. ഏകദേശം മൂന്ന് നാലാഴ്ച കൊണ്ട് മുളയ്ക്കും. താങ്ങുമരങ്ങളുടെ കൊമ്പുകള്‍ മുറിച്ച് താങ്ങുകാലുകള്‍ ശേഖരിക്കുന്ന പണിയും ഈ മാസം തുടങ്ങണം.

ഇഞ്ചി, മഞ്ഞള്‍

ഇഞ്ചിയുടെയും മഞ്ഞളിന്‍റേയും വിളവെടുപ്പ് തുടരാം. ഇഞ്ചി ഏറ്റവും ശുചിയായ രീതിയില്‍ തൊലി കളഞ്ഞ് ഉണക്കി ചുക്കുണ്ടാക്കണം. വിത്തിനായി എടുത്ത ഇഞ്ചിയും മഞ്ഞളും കേടുകൂടാതെ സൂക്ഷിക്കണം.

ജാതി, ഗ്രാമ്പൂ

ജാതിയില്‍ വിളവെടുപ്പ് ആരംഭിക്കാം. കായ്കള്‍ പുറംതോട് പൊട്ടി ജാതി വിത്ത് ജാതിപത്രിയടക്കം പുറത്തു കാണുന്ന പരുവത്തില്‍വേണം വിളവെടുക്കേണ്ടത്. പറിച്ചെടുത്ത ജാതിക്ക ജാതിപത്രി നീക്കി പ്രത്യേകം ഉണക്കണം. ജാതിപത്രിക്ക് 10-15 ദിവസത്തെയും ജാതിക്കായ്ക്ക് 4-8 ആഴ്ചക്കാലത്തേയും ഉണക്കു വേണ്ടിവരും.

ഗ്രാമ്പുവിന്‍റെ പൂങ്കുലകളില്‍ പച്ച നിറം മാറി ഇളം ചുവപ്പു നിറമാവുന്ന പൂക്കളാണ് പറിച്ചെടുക്കേണ്ടത്. ഇങ്ങനെ പറിച്ചെടുത്ത ഗ്രാമ്പൂ പൂക്കള്‍ വെയിലത്ത് ഒറ്റ നിരയായി പരത്തിയിട്ട് നാലഞ്ചുദിവസം ഉണക്കുമ്പോള്‍ നല്ല തവിട്ടു നിറമാകും. ഇതാണ് ഉണക്കിന്റെ പാകം. ജലസേചനം തുടരുക.

ഉഴുന്ന്, പയര്‍

രണ്ടാഴ്ച കൂടുമ്പോള്‍ നനയ്ക്കണം. വിതച്ച് 15,30 ദിവസങ്ങളില്‍ ഇലകളില്‍ യൂറിയ തളിക്കണം. ഒരു സെന്റിലേക്ക് 20 ഗ്രാം യൂറിയ, 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കണം.

മാവ്

തൈകള്‍ക്ക് ആഴ്ചയില്‍ രണ്ടു നന. വളര്‍ന്നവയ്ക്ക് കണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാല്‍ ആഴ്ചയില്‍ ഒരു തവണ നനയ്ക്കുന്നത് നല്ലതാണ്. കായീച്ചയെ തുരത്താന്‍ മാവു പൂത്തു തുടങ്ങുമ്പോള്‍ തന്നെ മീതൈല്‍ യൂജിനോള്‍ കെണി 25 സെന്‍റിന് ഒരു കെണി എന്ന തോതില്‍ സ്ഥാപിക്കാം. ഇത് കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ചേന

ഫെബ്രുവരിയില്‍ പുതുമഴ കിട്ടിയാല്‍ ചേന നടാം. കുഴികള്‍ തമ്മില്‍ 90 സെ.മീ. അകലം. നടുന്ന കഷണത്തിന് 0.75-1 കി.ഗ്രാം തൂക്കം വേണം. ചെറിയ കുടുംബങ്ങള്‍ക്ക് 100 ഗ്രാം തൂക്കമുള്ള മുകുളങ്ങളുള്ള ചെറു കഷണങ്ങള്‍ നട്ടാല്‍ ചെറിയ ചേന വിളവെടുക്കാം. ഒരു കുഴിക്ക് രണ്ടര കിലോ ചാണകം ഇടണം. പിന്നീട് കുഴി മൂടി ചെറുകൂനയാക്കി കൂനയ്ക്കു മുകളില്‍ പുതയിടണം. അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും ജലസേചനം മുടങ്ങാതെ നടത്തുക.

സി. എസ്. അനിത