കൃഷി ആഘോഷമാക്കി ഷൈൻദാസും കുടുംബവും
കൃഷി ആഘോഷമാക്കി ഷൈൻദാസും കുടുംബവും
Monday, September 6, 2021 5:14 PM IST
പരിമിതികൾക്കു നടുവിലും തിളങ്ങുക - കൃഷിയിലും അതു പ്രസക്തമാണ്. അതാണ് അന്തസ്. ഇതു തന്‍റെ കൃഷിയിടത്തിൽ കാണിച്ചു തരികയാണു തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിൽ മൈലോട്ടുമൂഴിയിലെ സി. ഷൈൻദാസ് എന്ന യുവകർഷകൻ.

ഷൈൻദാസിന് 50 സെന്‍റു ഭൂമിയാണുള്ളത്. ആ പരിമിതിയാണു കൃഷി വൈവിധ്യവത്കരണവും കുടുംബകൃഷിയും കൊണ്ട് അഞ്ചേക്കറിന്‍റെ മൂല്യമുള്ളതാകുന്നത്. ഷൈൻദാസ് ഒറ്റയ്ക്കല്ല, കൂട്ടായാണു കൃഷി. ഭാര്യ ബിന്ദുവും മക്കളായ അഖിലും അഭിഷേകും ആതിരയുമെല്ലാം കൂടുന്പോൾ കുടുംബകൃഷിയിടതാളം അതിന്‍റെ പാരമ്യതയിലെത്തും.

റബർ, തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറികൾ, മരച്ചീനി, തീറ്റപ്പുല്ല്, ചേന, കാച്ചിൽ, ചേന്പ്, പഴവർഗ വിളകൾ, മധുരക്കിഴങ്ങ് എന്നിങ്ങനെ മണ്ണിൽ വിളയുന്നതിനെയെല്ലാം ശരിക്കങ്ങ് സമന്വയിപ്പിച്ചിട്ടുണ്ടു ഷൈൻ. കേട്ടറിഞ്ഞവയും കണ്ടറിഞ്ഞവയുമെല്ലാം സ്വന്തം നിരീക്ഷണങ്ങളുടെ പിൻബലത്തിൽ കൃഷിയറിവുകളായി. ഇവ തന്‍റെ പുരയിടത്തിൽ പ്രാവർത്തികമാക്കിയപ്പോൾ കൃഷി ആഘോഷമായി. അതിനാൽ തന്നെ ഇത്രയധികം വൈവിധ്യമാർന്ന വിളകൾ കുഞ്ഞുഭൂമിയിൽ കൃഷി ചെയ്യുന്പോഴും കൃഷി ആദായവും ആനന്ദവും പകരുന്നു.

പശുവാണു കൃഷിയഴക്

അഞ്ചു കറവപ്പശുക്കളാണു ഷൈൻദാസിനുള്ളത്. എല്ലാം മികച്ച കറവയുള്ളവ. നമ്മുടെ നാടിനിണങ്ങിയ എച്ച്എഫ്- ജേഴ്സി ക്രോസ് പശുക്കളാണിവ. രണ്ടു പശുക്കിടാക്കളുമുണ്ട്.

പശുക്കൂട്ടിലെ പണികളെല്ലാം ഷൈനും ഭാര്യയും കുട്ടിപ്പട്ടാളവും ചേർന്നു മിനിട്ടുകൾക്കകം തീക്കും. മറ്റെങ്ങുമില്ലാത്ത വൃത്തിയാണു പശുക്കൂട്ടിലും പരിസരത്തിനും. മൃഗഡോക്ടറുടെ നിർദേശാനുസരണം കൃത്യമായ തീറ്റക്രമമാണു പാലിക്കുന്നത്. ഭക്ഷണത്തോടൊപ്പം ധാതുലവണ മിശ്രിതം കൃത്യമായി നൽകും. ശരിക്കുള്ള ഇടവേളകളിൽ ഉരുക്കളുടെ വിരയിളക്കലും ഉറപ്പുവരുത്തും. പാൽ വിപണനം വീട്ടിൽ തന്നെ. ബാക്കി വരുന്നതു തൊട്ടടുത്തുള്ള മൈലോട്ടുമൂഴി ക്ഷീരോത്പാദക സഹകരണ സംഘത്തിലാണു നൽകുന്നത്. ശാസ്ത്രീയത കൃത്യമായി പാലിക്കുന്നതിനാൽ ആദായകരമാണു പശുവളർത്തൽ.

മുട്ടക്കോഴി + ഇറച്ചിക്കോഴി



മുട്ടക്കോഴി വളർത്തലിൽ നിന്നു ലാഭം നേടുന്നതിനുള്ള വഴികൾ ഷൈൻദാസ് നോക്കുന്നുണ്ട്. ബീവി- 380 ഇനത്തിനൊപ്പം നാടൻ കോഴികളെയും പരിപാലിക്കുന്നു. ഇറച്ചിക്കോഴികളുടെ ഒരു ചെറുകിട യൂണിറ്റും ഇവിടുണ്ട്. ശാസ്ത്രീയ പരിപാലനമുറകൾ, മൃഗസംരക്ഷണ വകുപ്പിന്‍റെ നിർദേശങ്ങൾ എന്നിവ പാലിച്ചാണ് ഇവയെയെല്ലാം പോറ്റിവരുന്നത്.


പട്ടിയും പ്രാവും പിന്നെ കിളികളും

മേൽത്തരം ലാബ്രഡോർ നായ്ക്കളുടെ മദർ യൂണിറ്റും ഇവിടെയുണ്ട്. നല്ലൊരു വരുമാന മാർഗമാണ് നായ് വളർത്തലെന്നാണ് ഈ കൃഷികുടുംബത്തിന്‍റെ അഭിപ്രായം.

ഗുണനിലവാരമുള്ളവയെ വളർത്തണമെന്നു മാത്രം. പ്രാവിനങ്ങളിൽ ഫാൻടെയിലിനോടാണ് ആഭിമുഖ്യം. മികച്ച വില ലഭിക്കുന്ന ഫാൻടെയിൽ എന്ന മയിൽ പ്രാവുകൾക്ക് അലങ്കാര പക്ഷികളുടെ വിപണിയിൽ നല്ല ഡിമാൻഡാണുള്ളത്. ലവ് ബേർഡ്സ്, ഫിഞ്ചസ്, ആഫ്രിക്കൻ ലുട്ടീന തുടങ്ങിയ അലങ്കാര പക്ഷികളുടെ നല്ലൊരു ശേഖരവും ഈ കൃഷിയിടത്തിനു ചാരുത പകരുന്നു.

മീനും മുയലും

വലിയ അധ്വാനമില്ലാതെ അത്യാവശ്യം കാശുണ്ടാക്കാവുന്ന കൃഷിമേഖലയാണ് അലങ്കാര മത്സ്യങ്ങളുടേത്. വിവിധയിനം ഗപ്പി മത്സ്യങ്ങളുടെ ശേഖരമാണിവിടുള്ളത്. മീൻ കുഞ്ഞുങ്ങളെ വിറ്റുകിട്ടുന്ന തുക കുട്ട്യോളുടെ കുടുക്കകളിലാണു വീഴുന്നത്. സിമന്‍റു ടാങ്കുകളിൽ തിലാപ്പിയയും മുഷിയുമെല്ലാം പുളച്ചുമറിയുന്നുണ്ട്. കുളത്തിലെ മീനെന്നാൽ കീശയിലെ കാശാണ്.

മുയലിൽ വൈറ്റ് ജയന്‍റാണു താരം. നല്ലൊരു മദർ യൂണിറ്റാണു ഷൈൻദാസിനുള്ളത്. മുയൽക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു വിൽക്കുന്നതാണ് ആദായകരം. കുഞ്ഞുങ്ങളുടെ വർഗഗുണം ഉറപ്പായതിനാൽ മികച്ച വിലയാണു ലഭിക്കുന്നത്.

കൃഷിയിലെ ഓൾറൗണ്ടർ

പറന്പിലെ കൃഷിപ്പണികളെല്ലാം കുടുംബമായാണു ചെയ്തു തീർക്കുക. കന്നുകാലിത്തൊഴുത്ത്, ശാസ്ത്രീയമായി നിർമിച്ചിട്ടുള്ള കോഴിക്കൂടുകൾ, നായ്ക്കളുടെ കൂടുകൾ, മീൻ കുളങ്ങൾ, മുയൽവീടുകൾ, പക്ഷികളുടെ വിവിധതരം കൂടുകൾ എല്ലാംതന്നെ ഷൈൻദാസ് തന്‍റെ കുട്ടിപ്പട്ടാളത്തെയും കൂട്ടിയാണു നിർമിച്ചിട്ടുള്ളത്. ഇങ്ങനെ ഷൈൻദാസും കുടുംബവും കൃഷിയിൽ പുതുഗാഥകൾ രചിക്കുകയാണ്.

ഇതുപരിഗണിച്ച് 2020 ലെ മികച്ച കർഷക മാതൃകയായി പൂവച്ചൽ കൃഷിഭവൻ ഷൈൻദാസിന്‍റെ തിളങ്ങും കൃഷിയിടത്തെ തെരഞ്ഞെടുത്തിരുന്നു. സമഗ്രമാണു ഷൈൻദാസിന്‍റെ കൃഷിയറിവുകൾ.