ഓണകൊയ്ത്തും തെങ്ങിനു വളപ്രയോഗവും
ഓണകൊയ്ത്തും തെങ്ങിനു വളപ്രയോഗവും
Wednesday, August 25, 2021 12:08 PM IST
നേരത്തേ വിതച്ച പാടങ്ങൾ ഈ മാസം ഓണക്കൊയ്ത്തിനു തയാറാകും. കൊയ്ത്തിനു രണ്ടാഴ്ച മുന്പ് വെള്ളം വാർത്തുകളയണം. വിത്തിനുള്ള നെല്ലു മാറ്റണം.

വിരിപ്പ് വൈകി നട്ട പാടങ്ങളിൽ രണ്ടാം മേൽവളപ്രയോഗത്തിനു സമയമായി. വളപ്രയോഗത്തിനു മുന്പ് പാടത്തെ വെള്ളം വാർത്തുകളയണം. വളപ്രയോഗം കഴിഞ്ഞു കുറഞ്ഞതു 12 മണിക്കൂറിനു ശേഷമേ പാടത്തു വെള്ളം കയറ്റാവൂ. 120 ദിവസം മൂപ്പുള്ള ഇനങ്ങൾക്കു അടിക്കണപരുവത്തിന് ഒരാഴ്ച മുന്പ് അതായത് വിത്തിട്ടു 55 ദിവസങ്ങൾക്കുള്ളിലോ, ഞാറുനട്ട് 35-40 ദിവസങ്ങൾക്കുള്ളിലോ അവസാനത്തെ വളപ്രയോഗം നടത്തണം. മേൽവളം പട്ടികയിൽ സൂചിപ്പിച്ച പ്രകാരം ചേർക്കണം.

ഓലചുരുട്ടിപ്പുഴുവിന്‍റെ ആക്രമണസാധ്യതയുള്ള പാടങ്ങളിൽ ഇതിനെതിരേ ട്രൈക്കോഗ്രാമ കീലോണിസ് എന്ന മിത്രപ്രാണിയുടെ കാർഡുകൾ നാട്ടണം.

പോള അഴുകൽ രോഗസാധ്യതയുള്ള പാടങ്ങളിൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പ്രയോഗിക്കുന്നത് ഫലപ്രദമാണ്. നെല്ലു കതിരാകുന്ന സമയത്തു വരാൻ സാധ്യതയുള്ള മറ്റൊരു രോഗമാണു ബാക്ടീരിയൽ ഇലകരിച്ചിൽ. ഇല മഞ്ഞളിപ്പും കരിച്ചിലുമാണു ലക്ഷണം. മഞ്ഞളിപ്പു കാണുന്ന ഇല നെടുകെ മുറിച്ചയുടൻ മുറിപ്പാട് ഒരു ചില്ലു ഗ്ലാസിലെടുത്ത വെള്ളത്തിൽ മുക്കിപിടിക്കുക. മുറിപ്പാടിൽ നിന്നു പാലുപോലുള്ള ദ്രാവകം ഉൗറിവന്നാൽ അത് ബാക്ടീരിയൽ രോഗമാണെന്ന് അനുമാനിക്കാം. 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ പുതിയ ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിയാൻ വച്ചശേഷം മുകളിലെ തെളി പാടത്തു തളിക്കുന്നത് ഇതിനെതിരേ ഫലപ്രദമാണ്. ഒരു ഏക്കറിന് 200 ലിറ്റർ തെളി വേണം. രോഗം മറ്റുഭാഗങ്ങളിലേക്കു പകരാതിരിക്കാൻ ഒരു ഏക്കറിൽ രണ്ടു കിലോ എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ കിഴി കണ്ടത്തിൽ വെള്ളം കയറുന്ന ഭാഗത്തു വയ്ക്കാവുന്നതാണ്. പിജിപിആർ- 2 മിശ്രിതം ഇലകളിൽ തളിച്ചുകൊടുക്കുന്നതും കുമിൾ, ബാക്ടീരിയൽ രോഗങ്ങൾക്കെതിരേ ഫലപ്രദമാണ്. ഇതിന്‍റെ ലഭ്യതയറിയാൻ വെള്ളായണി കാർഷിക കോളജിലെ മൈക്രോബയോളജി വിഭാഗവുമായി ബന്ധപ്പെടുക.

കതിർ നിരന്ന് പാൽപരുവത്തൽ ചാഴിയുടെ ഉപദ്രവമുണ്ടാകും. ചാഴിക്കെതിരേ ഗോമൂത്രം-കാന്താരി മിശ്രിതം തളിക്കുന്നതുപോലുള്ള ജൈവ നിയന്ത്രണമാർഗങ്ങൾ അവലംബിക്കാം.

മൂപ്പേറിയ വിത്തുകൾക്ക് മുണ്ടകൻ ഞാറ്റടി

രണ്ടാം വിളയ്ക്ക് മൂപ്പേറിയ വിത്തുകൾ ഉപയോഗിക്കുന്ന പറിച്ചു നടുന്ന പാടങ്ങളിൽ മുണ്ടകൻ ഞാറ്റടിയൊരുക്കേണ്ട സമയമാണിത്. പറിച്ചു നടേണ്ട സ്ഥലത്തിന്‍റെ പത്തിലൊന്നുഭാഗം ഞാറ്റടിയൊരുക്കണം. അതായത് ഒരേക്കറിന് പത്തു സെന്‍റിൽ. യന്ത്രമുപയോഗിച്ച് ഞാറു നടുന്നതിനായി പായ് ഞാറ്റടിയാണു തയാറാക്കുന്നതെങ്കിൽ ഒരു സെന്‍റ് മതി. സാധാരണ ഞാറ്റടിക്ക് സെന്‍റൊന്നിന് 40-50 കിലോഗ്രാം ചാണകം വിതറി നിലം ഉഴുത് പരുവപ്പെടുത്തിയശേഷം വിത്തു വിതയ്ക്കാനുള്ള തവാരണകൾ തയാറാക്കാം. ഒന്നാം വിള കൊയ്തെടുത്ത പാടത്താണു ഞാറ്റടി തയാറാക്കേണ്ടതെങ്കിൽ നിലം പാകമാകാൻ വേണ്ടി ചുരുങ്ങിയത് 10 ദിവസമെങ്കിലും കൊടുക്കണം.

രണ്ടാം കൃഷിയിറക്കിയ കുട്ടനാടൻ പാടങ്ങളിൽ രണ്ടാം മേൽവളപ്രയോഗവും സസ്യസംരക്ഷണവും വിദഗ്ധരുടെ നിർദ്ദേശപ്രകാരം ചെയ്യാം.

തെങ്ങിന്‍റെ ഇടവിളകൾക്കു വളപ്രയോഗം



ഇടവിളകൾക്കു വളപ്രയോഗവും കളയെടുപ്പും തുടരാം. പുതിയ തൈ നട്ട് മൂന്നു മാസമായാൽ വളം ചേർക്കാം. ഒരു തൈയ്ക്ക് അഞ്ചു കിലോ ജൈവവളം ചേർക്കണം. ഒപ്പം പിജിപിആർ മിശ്രിതം-1 100-200 ഗ്രാം വീതം ചേർക്കുന്നത് തൈകൾ ആരോഗ്യത്തോടെ മണ്ണിൽ വേരോടാൻ സഹായിക്കും. ശരാശരി പരിപാലനത്തിൽ വളർത്താൻ ഉദ്ദേശിക്കുന്ന തൈകൾക്ക് 75 ഗ്രാം, 100 ഗ്രാം, 125 ഗ്രാം വീതവും നല്ല പരിപാലനത്തിൽ വളർത്തുന്നവയ്ക്ക് 110 ഗ്രാം, 175 ഗ്രാം, 200 ഗ്രാം വീതവും സങ്കരയിനങ്ങൾക്ക് 210, 275,360 ഗ്രാം വീതവും യഥാക്രമം യൂറിയ, രാജ്ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ വളങ്ങൾ ചേർക്കണം. വളം തൈയ്ക്ക് ചുറ്റും വിതറി കൊത്തി ചേർക്കുകയും കുഴിയുടെ വശങ്ങൾ നേരിയ കനത്തിൽ അരിഞ്ഞിറക്കുകയും വേണം.

വലിയ തെങ്ങുകൾക്ക് മഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം വീതം ഈ മാസം ചേർക്കാം. ഏപ്രിൽ, മേയ് മാസം നട്ട പച്ചിലവളച്ചെടികൾ പിഴുതു മണ്ണിൽ ചേർക്കണം. കൂന്പുചീയൽ രോഗം ബാധിച്ച തെങ്ങുകളുടെ കൂന്പോലകൾ മഞ്ഞനിറമാകും. കൂന്പോല വെട്ടിമാറ്റി മണ്ടയുടെ ചീഞ്ഞഭാഗം ചെത്തി വൃത്തിയാക്കി ബോർഡോകുഴന്പ് തേച്ചശേഷം വായ്വിസ്താരമുള്ള ചട്ടി കമഴ്ത്തിവയ്ക്കുക. പോളിത്തീൻ ഷീറ്റുകൊണ്ട് മൂടി കെട്ടരുത്.

കമുകിന് വളപ്രയോഗം

വളപ്രയോഗം നടത്താനുള്ള സമയം. ജൈവവളമായി കാലിവളമോ കന്പോസ്റ്റോ പച്ചിലവളമോ തടത്തിൽ ചേർക്കാം. കുമ്മായവും ചേർക്കാവുന്ന താണ്. 10 ദിവസത്തിനുശേഷം 100 ഗ്രാം യൂറിയ, 100 ഗ്രാം രാജ്ഫോസ്, 120 ഗ്രാം പൊട്ടാഷ് വീതം ഇടുക. മഹാളി രോഗം കാണുന്ന തോട്ടങ്ങളിൽ ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കണം. രോഗം ബാധിച്ച് കേടായ അടയ്ക്കകൾ ശേഖരിച്ചു കത്തിക്കുക.

കശുമാവിനു പരിചരണം

തോട്ടപരിചരണം, കളനിയന്ത്രണം, തൈനടീൽ എന്നിവ തുടരാം. ആരോ ഗ്യം കുറഞ്ഞതും കെട്ടിപ്പിണഞ്ഞു കിടക്കുന്നവയും ഉണക്കച്ചില്ലകളും മുറിച്ചു മാറ്റുക. തടിതുരപ്പന്‍റെ ഉപദ്രവമുണ്ടോയെന്നു ശ്രദ്ധിക്കുക.ചെറു തൈകളുടെ ചുവട്ടിൽനിന്ന് ഒരു മീറ്റർ ഉയരം വരെ പ്രധാന തണ്ടിലുണ്ടാകുന്ന ചിനപ്പുകൾ മുറിച്ചു നീക്കണം.


വാഴ



ഓണത്തിന് മുഴുത്ത ആകർഷകമായ കുലകൾ ലഭിക്കാൻ ഓല, ചാക്ക്, വാഴയില എന്നിവയിലേതെങ്കിലും പൊതിഞ്ഞ് കുലയ്ക്ക് സംരക്ഷണം നൽകണം. മൂപ്പെത്തിയ കുലകൾ മുറിക്കാം. 3-4 മാസം പ്രായമായ ആരോഗ്യമുള്ള സൂചിക്കന്നുകൾ നിർത്തണം. കുലവെട്ടിയശേഷം ഇളക്കിയെടുക്കുന്ന കന്നുകളുടെ വേരുകൾ നീക്കി തണ്ട് അരയടി നീളത്തിൽ നിർത്തി മുറിച്ചശേഷം പച്ചച്ചാണക സ്ലറിയിൽ മുക്കി ചാരം പൂശി 3-4 ദിവസം വെയിലത്ത് ഉണക്കണം.

പിന്നീട് രണ്ടാഴ്ച മഴ നനയാതെ ഉണക്കിയശേഷം നടാം. നേന്ത്രന് നട്ട് മൂന്നാം മാസവും നാലാം മാസവും 65 ഗ്രാം വീതം യൂറിയയും 100 ഗ്രാം വീതം പൊട്ടാഷും നൽകണം. നട്ട് 4 മാസമായ പാളയൻകോടന് യൂറിയ, രാജ്ഫോസ്്, പൊട്ടാഷ് വളം എന്നിവ യഥാക്രമം തടമൊന്നിന് 110, 500, 335 ഗ്രാം വീതവും മറ്റിനങ്ങൾക്ക് 200, 500, 335 ഗ്രാം വീതവും ചേർക്കണം.

വാഴ നട്ട് നാലാം മാസം മുതൽ പിണ്ടിപ്പുഴുവിന്‍റെ ഉപദ്രവത്തിന് സാധ്യതയുണ്ട്. ഇതിനെതിരേ ബ്യൂവേറിയ എന്ന മിത്രകുമിളിന്‍റെ കൾച്ചർ ഫലപ്രദമാണ്. മിത്രകുമിളിന് അടുത്തുള്ള കൃഷിവിജ്ഞാന കേന്ദ്രത്തിലോ കൃഷിവകുപ്പിന്‍റെ കീഴിലുള്ള സംസ്ഥാന ബയോകണ്‍ട്രോൾ ലാബിലോ (0487 2374605) മുൻകൂർ ബന്ധപ്പെടുക. ഇലപ്പുള്ളി രോഗം വ്യാപകമായ തോട്ടങ്ങളിൽ ഒരുശതമാനം വീര്യമുള്ള ബോർ ഡോ മിശ്രിതം ഫലപ്രദമാണ്. കഠിനമായി രോഗം ബാധിച്ച ഇലകൾ മുറിച്ചു മാറ്റുക. കടാവർ, നന്മ, മേന്മ എന്നിവയും ഉപയോഗിക്കാവുന്ന
താണ്.

കൈതച്ചക്ക

രണ്ടാം ഗഡു വളപ്രയോഗത്തിനു സമയമായി. കളയെടുത്ത് ചാലുകളുടെ രണ്ടുവശത്തും വളം വിതറി അരിക് ചെറുതായി അരിഞ്ഞിറക്കുക. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് സെന്‍റൊന്നിന് യൂറിയ ഒരു കിലോഗ്രാമും, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 700 ഗ്രാമും ചേർക്കണം. നന കൃഷിക്ക് ഇവ യഥാക്രമം 700 ഗ്രാമും 530 ഗ്രാമുമാണ്.

ഏലം

വിത്തു ശേഖരണത്തിന് പ്രാരംഭ നടപടികൾ തുടരാം. അനുയോജ്യമായ തോട്ടങ്ങളിൽ അത്യുത്പാദന ശേഷിയുള്ളതും രോഗബാധയില്ലാത്തതുമായ മാതൃചെടികൾ വിത്തുശേഖരണത്തിന് അടയാളപ്പെടുത്തണം. രണ്ടാമത്തെയോ മൂന്നാമത്തേയോ തവണ വിളവെടുക്കുന്പോൾ ലഭിക്കുന്ന മൂത്തുപഴുത്ത കായ്കളാണ് വിത്തിന് ഏറ്റവും അനുയോജ്യം. രണ്ടാം തവാരണയിലേക്ക് പറിച്ചു നട്ട തൈകളുടെ പരിചരണം ശ്രദ്ധിക്കുക.

തോട്ടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കാം. ഇതിനുമുന്പ് പുകപ്പുരയുടെ അറ്റകുറ്റപണികൾ എന്തെങ്കിലുമുണ്ടെങ്കിൽ നടത്തണം.

കുരുമുളക്

പുതുതായി നട്ടവള്ളികൾ വേരുപിടിച്ചു വളരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. വളരുന്ന തലകൾ താങ്ങുകാലിൽ ചേർത്തുകെട്ടി മുകളിലേക്കു വളരാൻ സഹായിക്കണം. ദ്രുതവാട്ടത്തിനെതിരേ ഒരുശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തയാറാക്കി കൊടികളുടെ ഇലയിലും ചെറുതണ്ടിലും നന്നായി വീഴുംവിധം തളിക്കണം. തിരികളിൽ പരാഗണം നടന്ന് മുളകു മണിപിടിച്ചു കഴിഞ്ഞശേഷം വേണം ഇങ്ങനെ മരുന്നുതളി നടത്താൻ. കുരുമുളക് മണി രൂപം കൊണ്ടു തുടങ്ങുന്നതോടെ പൊള്ളുവണ്ടിനെതിരേയും പ്രതിരോധ നടപടി ആരംഭിക്കാം.
വേപ്പെണ്ണ, വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികൾ ഉപയോഗിക്കാം.

രണ്ടാം ഗഡു വളപ്രയോഗം ഈ മാസം നടത്താം. 50 ഗ്രാം യൂറിയ, 150 ഗ്രാം രാജ്ഫോസ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ തടത്തിൽ വിതറി മണ്ണിട്ടു മൂടണം. കോഴിക്കോടും അതുപോലെയുള്ള പ്രദേശങ്ങളിലും 200,105,100 ഗ്രാം വീതം ചേർക്കണം. കൊടിയുടെ പ്രധാനതണ്ടിൽനിന്ന് 30 സെന്‍റീമീറ്റർ അകലത്തിൽ അർദ്ധവൃത്താകൃതിയിൽ ചാലുകളെടുത്ത് വളം വിതറി മണ്ണിട്ടു മൂടണം.

ഇഞ്ചി, മഞ്ഞൾ

കളയെടുപ്പ്, മണ്ണിടീൽ, പുതയിടൽ എന്നിവ ആവശ്യാനുസരണം നടത്താം. അവസാന വളപ്രയോഗവും തുടരാം. ഇഞ്ചിക്ക് സെന്‍റൊന്നിന് നട്ട് 90 ദിവസം കഴിഞ്ഞ് 350 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും നൽകണം. മഞ്ഞളിന് 250 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും നൽകണം.

തടങ്ങളിലെ മണ്ണ് ചെറുതായി ഇളക്കി ചെടികളുടെ ഇടയിൽ നീളത്തിൽ ആഴം കുറഞ്ഞ ചാലുകീറി വളമിട്ടു മൂടണം. വളപ്രയോഗത്തോടെ തടങ്ങളിൽ പച്ചിലപ്പുതയിടുകയും വാരം പിടിപ്പിക്കുകയും വേണം. ഇഞ്ചിയുടെ മൂടുചീയലും മഞ്ഞളിന്‍റെ കടചീയലും നിയന്ത്രിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കാം. രോഗം കൂടുതലായി കണ്ടാൽ തടങ്ങളിൽ ബോർഡോമിശ്രിതം ഒഴിച്ചുകൊടുക്കണം.

ജാതി, ഗ്രാന്പൂ

രണ്ടാം വളപ്രയോഗം നടത്താനുള്ള സമയമായി. ജാതിക്ക് യൂറിയ, രാജ്ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ വളങ്ങൾ ഒരുവർഷം പ്രായമായ തൈയ്ക്ക് 25,45,45 ഗ്രാം വീതം ചേർക്കുക.

രണ്ടുവർഷം പ്രായമായതിന് 50,90,90 ഗ്രാം വീതവും മൂന്നാം വർഷം മുതൽ അളവ് ക്രമമായി കൂട്ടി 15 വർഷം മുതൽ ഇവ യഥാക്രമം 540,625,825 ഗ്രാം വീതവും ചേർക്കാം. ഗ്രാന്പുവിന് ഒരുവർഷം പ്രായമായവയ്ക്ക് 25,45,45 ഗ്രാമും രണ്ടു വർഷം പ്രായമായതിന് 45,70,85 ഗ്രാം വീതവും മൂന്നാം വർഷം മുതൽ വളത്തിന്‍റെ അളവ് ക്രമമായി ഉയർത്തുക. 15 വർഷം പ്രായമായതിന് ഇവ യഥാക്രമം 325,625,625 ഗ്രാം വീതം ചേർക്കാം. മുതിർന്ന മരങ്ങൾക്ക് ചുവട്ടിൽനിന്ന് ഒരു മീറ്റർ അകലെ വൃത്താകൃതിയിൽ ആഴം കുറഞ്ഞ ചാലുകളെടുത്ത് വളം ചേർക്കണം. കുമിൾരോഗം കാണുന്നെങ്കിൽ ബോർഡോ മിശ്രിതം തളിക്കണം.

സി.എസ്. അനിത