കൃഷിയില്‍ കൂടെക്കൂട്ടാം, പക്ഷിമൃഗാദികളെ
കൃഷിയില്‍ കൂടെക്കൂട്ടാം, പക്ഷിമൃഗാദികളെ
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും. മഹാദുരന്തങ്ങളുടെ മൗനനൊമ്പരങ്ങള്‍ക്കും കെടുതികള്‍ക്കുമിടയില്‍ ജീവിക്കാന്‍ പഠിക്കുകയാണു മലയാളി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കേരളത്തിലെ കന്നുകാലി സമ്പത്തിലുണ്ടായ വളര്‍ച്ച ചിലകാര്യങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. കൂടുതല്‍ കര്‍ഷകര്‍ ഉപജീവനത്തിനായി മൃഗസംരക്ഷണ മേഖലയെക്കൂടി കൂടെ കൂട്ടുന്നു. വളര്‍ത്തുപക്ഷികളും കൂടി കൂടുന്നതാണീ മേഖല. ഇരുപതാമതു കന്നുകാലി സെന്‍സസും ഇതിനൊരു സാക്ഷ്യപത്രമാണ്.

2018 ലെ പ്രളയം കാരണം 2019 ലാണ് ഇരുപതാമതു കന്നുകാലി സെന്‍സസ് പൂര്‍ത്തിയാക്കാനായത്. ഓരോ അഞ്ചു വര്‍ഷത്തിലുമാണ് സെന്‍സസ്. സംസ്ഥാനത്തെ 90 ലക്ഷത്തില്‍പ്പരം കുടുംബങ്ങളിലെയും 43000-ല്‍പരം കുടുംബേതര സംരംഭങ്ങളിലെയും വിവരങ്ങളാണ് സെന്‍സസിലൂടെ ശേഖരിക്കുന്നത്.

കന്നുകാലി കാനേഷുമാരിയും പക്ഷിമൃഗാദികളും

സെന്‍സസിലൂടെ പശു-കാള, എരുമ-പോത്ത്, മിഥുന്‍, യാക്കുകള്‍, ചെമ്മരിയാടുകള്‍, ആടുകള്‍, പന്നികള്‍, കുതിരകള്‍, പോണികള്‍, കഴുതകള്‍, കോവര്‍ കഴുതകള്‍, നായകള്‍, ഒട്ടകം, മുയല്‍, ആനകള്‍ തുടങ്ങി 15 തരം മൃഗങ്ങളുടെയും കോഴി, താറാവ്, ടര്‍ക്കി, എമു, കാട, ഗിനിക്കോഴി, ഒട്ടകപ്പക്ഷി, വാത്ത തുടങ്ങി എട്ടു തരം പക്ഷിവര്‍ഗങ്ങളുടെയും വിവരങ്ങളാണു ശേഖരിച്ചത്.

സെന്‍സസിലെ കണ്ടെത്തലുകള്‍

* സംസ്ഥാനത്തിന്റെ ആകെ കന്നുകാലി സമ്പത്തില്‍ 6.34 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. നിലവിലെ കന്നുകാലി സമ്പത്ത് 29,08,657 ആണ്. ഇതില്‍ കന്നുകാലി വര്‍ഗങ്ങള്‍ ( കാറ്റില്‍- 46.14 ശതമാനം), ആടുവര്‍ഗങ്ങള്‍ (46.73 ശതമാനം), എരുമ വര്‍ഗങ്ങള്‍(3.49 ശതമാനം), ചെമ്മരിയാട് വര്‍ഗങ്ങള്‍(0.05 ശതമാനം), പന്നിവര്‍ഗങ്ങള്‍ (3.57 ശതമാനം) എന്നിങ്ങനെയാണ്.
* ആകെയുള്ള 13,41,996 കന്നുകാലികളില്‍ (പശു, കാള) 94 ശതമാനവും സങ്കരയിനമായി മാറിക്കഴിഞ്ഞിരിക്കുന്നു. കന്നുകാലി വിഭാഗത്തില്‍ മാത്രം 1.01 ശതമാനമാണ് വര്‍ധനവ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയിലെ ആദ്യ വര്‍ധനവാണിതെന്നത് എടുത്തു പറയേണ്ടതാണ്.
* പശുക്കളുടെ എണ്ണം 3.29 ശതമാനം വര്‍ധിച്ച് 1,21,879 ആയി. സങ്കര, വിദേശ വര്‍ഗങ്ങളില്‍ 3.03 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. നാടന്‍ പശുക്കളിലെ വര്‍ധന 7.72 ശതമാനമാണ്.
* സങ്കര, വിദേശി കന്നുകാലിവര്‍ഗ പശുക്കളുടെ എണ്ണത്തില്‍ പാലക്കാടാണു മുമ്പില്‍. തൊട്ടടുത്തു കൊല്ലവും തൃശൂരുമുണ്ട്.
* ആകെയുള്ള പശുക്കളുടെ എണ്ണത്തിന്‍റെ 0.06 ശതമാനം മാത്രമാണ് നാടന്‍ - തനിനാടന്‍ പശുക്കള്‍.
* സംസ്ഥാനത്തെ പശുക്കളില്‍ 3.30 ശതമാനത്തിന്‍റേയും നാടന്‍ പശുക്ക ളില്‍ 7.72 ശതമാനത്തിന്റെയും വര്‍ധനവുണ്ട്.
* സംസ്ഥാനത്തെ ആകെ എരുമ വര്‍ഗങ്ങള്‍ 1,01,504 എണ്ണം വരും.
* ആടുവര്‍ഗങ്ങള്‍ 9.08 ശതമാനം വര്‍ധിച്ച് 13,59,161 ആയി.

കോഴി വളര്‍ത്തലിലും വര്‍ധന

സംസ്ഥാനത്തെ കോഴിസമ്പത്ത് 25.12 ശതമാനം വര്‍ധിച്ച് 2,97,71,905 ആയി. കോഴി(91.25 ശതമാനം), താറാവുകള്‍(5.97 ശതമാനം), മറ്റു പൗള്‍ട്രി വര്‍ഗങ്ങള്‍ (2.78 ശതമാനം) എന്നിങ്ങനെയാണിത്.

* വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലില്‍ 47 ശതമാനത്തിന്‍റേയും വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളര്‍ത്തലില്‍ 9.57 ശതമാനത്തിന്റെയും വര്‍ധനയുണ്ട്.
* താറാവുവര്‍ഗങ്ങള്‍ 3.94 ശതമാനം വര്‍ധിച്ച് 17,76,503 ആയി. വാണിജ്യാടിസ്ഥാനത്തിലുള്ള താറാവു വളര്‍ത്തലില്‍ 14.48 ശതമാനം വര്‍ധനയുണ്ട്.
* പന്നികളുടെ എണ്ണം 55,782 ല്‍ നിന്ന് 1,03,863 ആയി വര്‍ധിച്ചു.
* ആകെ കുതിര വര്‍ഗങ്ങള്‍-560.കഴുതകള്‍-65. ഒട്ടകം-26. മുയല്‍-92,693.
* നാഥനില്ലാതെ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ എണ്ണം 3,629 ആണ്.
* സംസ്ഥാനത്ത് 8,36,275 വളര്‍ത്തുനായകളും 2,89,986 തെരുവുനായകളുമുണ്ട്.

സുസ്ഥിര വികസന സൂചിക

മൃഗസംരക്ഷണ മേഖലയുടെ സുസ്ഥിര വികസനത്തിന്‍റെ ദിശാസൂചികയാണ് കന്നുകാലി കാനേഷുമാരി. സംസ്ഥാനത്തെ 19,490 തദ്ദേശഭരണ വാര്‍ഡുകളിലെ 90 ലക്ഷം കുടുംബ ങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ നടന്നത്. ഡാറ്റ ശേഖരണം ആദ്യമായി ഓണ്‍ലൈനിലാക്കിയെന്നതും ഇത്ത വണത്തെ സെന്‍സസിന്റെ പ്രത്യേ കതയാണ്.


സാധ്യത വിളിച്ചോതുന്ന കണക്കുകള്‍

2019-20 ല്‍ സംസ്ഥാനത്തെ ആളോ ഹരി പാല്‍ ലഭ്യത 191 ഗ്രാമാണ്. മുട്ടയുടേത് 60 ഗ്രാമും. എന്നാല്‍ ഉപഭോഗം 130 ഗ്രാമാണ്. മാംസ ത്തിന്റെ ആളോഹരി ലഭ്യത 34 ഗ്രാം മാത്രമാണ്. മൃഗസമ്പത്തിന്റെ അനുസ്യൂതമായ വളര്‍ച്ചയ്ക്കുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ മേഖലയിലെ കുതിപ്പും കിതപ്പും തിരിച്ചറിയേണ്ടതുണ്ട്. കോവിഡാനന്തരകാലം വറുതിയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും പീഡനകാലമാകാതിരിക്കാന്‍ ഈ മേഖലയിലും ഹ്രസ്വ - ദീര്‍ഘകാല പദ്ധതികളുണ്ടാകണം. ജന്തുജന്യ മാംസ്യാഹാരങ്ങളായ പാല്‍, മുട്ട, മാംസം എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ഈ കണക്കുകള്‍ ഈ മേഖലയിലെ സംരം ഭസാധ്യതകളിലേക്കു കൂടിയാണു വിരല്‍ചൂ ണ്ടുന്നത്.


പാലിന്‍റെ പെരുമ

104 അധികം ലോകരാജ്യങ്ങള്‍ പാലിന്റെ പെരുമയിലാണിന്ന്. സമീകൃതാഹാരമെന്ന പാലിന്റെ സവിശേഷത കണക്കിലെടുത്ത് ആഗോളതലത്തില്‍ ലോകാരോഗ്യസംഘടനയുടെ ആ ഹ്വാനമനുസരിച്ച് 2001 മുതല്‍ ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമായും ആചരിക്കുന്നുണ്ട്.

ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, അയഡിന്‍, വിറ്റാമിനുകളായ ബി2. ബി12, എ എന്നിവയാല്‍ സമ്പുഷ്ടമാണു പാല്‍. പശുവളര്‍ത്തല്‍ ഒരു ഉപതൊഴില്‍ എന്നതിലുപരി ഒരു മുഖ്യജീവനോപാധിയായിക്കഴിഞ്ഞു. പാലിന്റെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നുണ്ട്. എങ്കിലും പാലിന്റെ ഉത്പാദനം ഇനിയും ഉയരേണ്ടതുണ്ട്.

കണക്കുകള്‍ കണ്ണുതുറക്കുമ്പോള്‍

2011-12-ല്‍ 334 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന കേരളത്തില്‍ പാലിന്‍റെ ആളോഹരി ലഭ്യത 223 ഗ്രാമായിരുന്നു. 2019-20 ല്‍ അത് 191 ഗ്രാമായി കുറഞ്ഞു. ജനസംഖ്യ 364.1 ലക്ഷമായിട്ടുണ്ടെന്നത് ഇതിനൊരു കാരണമാണ്. 2011-12 ല്‍ പാലുത്പാദനം 27.168 ലക്ഷം ടണ്ണായിരുന്നെങ്കില്‍ പ്രളയക്കെടുതികള്‍ക്കിടയിലും ഇത് 25.42 ലക്ഷം ടണ്ണായി പിടിച്ചു നിര്‍ത്താന്‍ നമുക്കായി. പുതിയ സംരംഭങ്ങളെ നെഞ്ചിലേറ്റിയ, ഈ മണ്ണിന്റെ ചൂരുമാറാത്ത മൂന്നേമുക്കാല്‍ ലക്ഷത്തിലധികമുള്ള ക്ഷീരകര്‍ഷകരുടെയും വകുപ്പിന്റെയും പരിശ്രമങ്ങള്‍ ഇതിനു പിന്നിലുണ്ട്.

1960 കളിലും മറ്റും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പാല്‍ ഒരവശ്യ ഘടകമല്ലായിരുന്നു. ക്ഷീരവികസനവും മൃഗസംരക്ഷണവും ജനകീയ സംരംഭങ്ങളായതോടെ കൂടുതല്‍ ക്ഷീരകര്‍ഷകര്‍ പാലുപയോഗിച്ച് വന്‍ കാര്‍ഷിക വ്യവസായങ്ങള്‍ കെട്ടിപ്പടുത്തു തുടങ്ങി. ദിവസവും രണ്ടുനേരം ലാഭം തരുന്ന ആധുനിക വ്യവസായമായി അതുമാറി. ഊര്‍ജിത കന്നുകാലി വികസന പദ്ധതി സാധ്യമാക്കിയ സങ്കര പ്രജനനത്തിലൂടെ കേരളത്തിലെ 94 ശതമാനം പശുക്കളും സങ്കരവര്‍ഗങ്ങളായി മാറിക്കഴിഞ്ഞു. പാലുത്പാദനത്തില്‍ മികവു പുലര്‍ത്തുന്നവയാണ് സങ്കരയിനം. സുസ്ഥിര വികസനത്തിലൂടെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ സാമൂഹിക സാമ്പത്തിക ഗുണനിലവാരത്തിലൂടെ ക്ഷീരമേഖലയെ സമ്പുഷ്ടമാക്കുകയാണ് ഇനി വേണ്ടത്.

ഗുജറാത്തിലെ ആനന്ദിന്‍റെ ഇതിഹാസ നായകനായ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ ജനുവരി-26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ ക്ഷീരവിപ്ലവത്തിന് ഒരു ജനകീയ ബദലായി ദേശീയ ക്ഷീകരവികസന ബോര്‍ഡ്. ക്ഷീരസംഘത്തിലെ ഒരു കെമിസ്റ്റാണ് 1957-ല്‍ 'അമുല്‍' എന്ന പേരു നിര്‍ദ്ദേശിച്ചതെന്നോര്‍ക്കണം. ധവള വിപ്ലവത്തിന്റെ പിതാവായ കോഴിക്കോട്ടുകാരന്‍ ഡോ. വര്‍ഗീസ് കുര്യന്‍ അത് അംഗീകരിച്ചു. ക്ഷീര കര്‍ഷകന്‍റെ സഹകരണത്തിലൂന്നിയുള്ള ഈ ചാലകശക്തിയാണ് ക്ഷീരമേഖലയെ മുന്നോട്ടു നയിക്കുന്നത്. കേരളത്തിലെ 3635 ക്ഷീരസംഘങ്ങള്‍ മൊത്തം പാലുത്പാദനമായ 25.42 ലക്ഷം ടണ്ണിന്റെ 27 ശതമാനം പാല്‍ സംഭരിക്കുന്നു. ചാരിറ്റബിള്‍-സ്വകാര്യ മേഖലകളും ഈ രംഗത്തുണ്ട്. പാലു ത്പാദകരില്‍ 38 ശതമാനം വനിതാ സംരംഭകരാണെന്ന പ്രത്യേകതയുമുണ്ട്.

പാലിനു പകരം പാല്‍ മാത്രം

പാലിനു പകരം പാല്‍ മാത്രം. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും നല്‍കാവുന്ന ഭഷ്യവസ്തുവും പാല്‍ തന്നെ. പശു പരിപാലന വിജ്ഞാനം തലമുറകളില്‍ നിന്നു തലമുറകളിലേക്ക് അന്നു പകര്‍ന്നുനല്‍കിയിരുന്നത് വായ്‌മൊഴിയിലൂടെയാണ്. ആധുനികകാലത്ത് വിജ്ഞാനം വിരല്‍ത്തുമ്പിലെത്തി നില്‍ക്കുന്നു. ഗോത്ര-നാടോടി പാരമ്പര്യ വിജ്ഞാന ശൃംഖലയുടെ കണ്ണികള്‍ അറ്റുപോയിരിക്കുന്നു. ഋവേിീ ഢലലേൃശിമൃ്യ പഠനശാഖയിലൂടെ ഒരുപക്ഷേ അതു പുനര്‍ജ്ജനിച്ചേക്കാം. പാലിന്റെയും പാലുത്പന്നങ്ങളുടെയും ഉത്പാദനവും ഉപഭോഗവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമുക്കൊന്നിക്കാം. രണ്ടു പ്രളയങ്ങളും കോവി ഡും സൃഷ്ടിച്ച മഹാദുരന്തങ്ങളുടെ മൗനനൊമ്പരങ്ങള്‍ക്കും കെടുതികള്‍ക്കുമിടയില്‍ അവസരങ്ങളുടെ ചാരു തയുള്ള ചെരാതുകള്‍ തെളിയിക്കാന്‍ ക്ഷീരമേഖലയ്ക്കാകും.

ഡോ. എന്‍. അജയന്‍ കൂടല്‍
റിട്ട. ജോയിന്‍റ്ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്
ഫോണ്‍: ഡോ. എന്‍.അജയന്‍:- 9447324846