പുതിയ കൃഷി മന്ത്രിക്ക് പത്ത് നിര്‍ദേശങ്ങള്‍
പുതിയ കൃഷി മന്ത്രിക്ക് പത്ത് നിര്‍ദേശങ്ങള്‍
1. കൃഷിഭവന്‍ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു

ഓരോ പഞ്ചായത്തിലും ഒരു കൃഷിഭവന്‍ എന്ന സംവിധാനം കാര്‍ഷിക വികസനം ഫലപ്രദമാക്കാന്‍ പ്രയോജനപ്പെടുത്തണം. കൃഷി ഓഫീസറും അസിസ്റ്റന്റുമാരും കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാതെ കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് കൃഷിഭവനിലിരുന്നു തന്നെ വിലയിരുത്തുന്ന സമ്പ്രദായം നിയന്ത്രിക്കണം.

2. കാര്‍ഷിക സബ്‌സിഡികള്‍ അര്‍ഹതയുള്ളവര്‍ക്കുമാത്രം

സബ്‌സിഡികളുടെ അപേക്ഷയോടൊപ്പം കരമടച്ച രസീസും ആധാര്‍ കോപ്പിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ കൃഷി ചെയ്താലുമില്ലെങ്കിലും വിള നശിച്ചാലുമില്ലെങ്കിലും സഹായം അക്കൗണ്ടിലെത്തുന്നത് തടയണം. ഒരു വാഴ വീണുപോയാല്‍ പത്താകുന്നതും ഒരു സെന്റ് സ്ഥലത്തെ നാശം പത്തു സെന്റാകുന്നതും സാധാരണ സംഭവിക്കുന്നതാണ്. ഈ പ്രവണത കര്‍ശനമായും തടയണം.

3. അവാര്‍ഡുകള്‍ വാരിക്കോരി നല്‍കലല്ല ആദരം

കാര്‍ഷിക അവാര്‍ഡുകളുടെ എണ്ണം ഇന്നു വളരെയധികമാണ്. പ്രത്യേകിച്ച് കൃഷി ഉദ്യോഗസ്ഥ തലത്തില്‍ നല്‍കുന്ന അവാര്‍ഡുകള്‍. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരു കൃഷി ഉദ്യോഗസ്ഥന് സംസ്ഥാന തലത്തിലുള്ള കര്‍ഷകമിത്ര അവാ ര്‍ഡ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സംസ്ഥാ നതലത്തിലും ജില്ലാ തലത്തിലുമായി ഇരുന്നോറോളം ഉദ്യോഗസ്ഥര്‍ക്കാണ് ഒരു വര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്. പലപ്പോഴും മാനദണ്ഡങ്ങള്‍ പോലും തോറ്റുപോകും ഇത്തരം അവാര്‍ഡ് നിര്‍ണയത്തില്‍. അവാര്‍ഡ് ലഭിച്ച ഒരു കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞതോര്‍ക്കുന്നു- 'എന്തിനാണ് എനിക്ക് ഈ അവാര്‍ഡ് ലഭിച്ചതെന്നു മനസിലാകുന്നില്ല'. ജില്ലയുടെ മേധാവിയായിരുന്നതുകൊണ്ടു മാത്രം അവാര്‍ഡ് ലഭിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരുണ്ട്. തങ്ങളുടെ താഴെ അവാര്‍ഡു ജേതാക്കള്‍ ഏറെയുണ്ടായാല്‍ അതിന്റെ പേരിലും മേധാവികള്‍ക്ക് അവാര്‍ഡുണ്ടാകും. അവാര്‍ ഡുകള്‍ അര്‍ഹതനോക്കി നല്‍കുമ്പോഴാണ് അതിന് വിലയുണ്ടാകുക.

4. ഉത്പാദന മാന്ദ്യം എത്രമാത്രം? എങ്ങനെ സംഭവിക്കുന്നു-പരിഹാരമുണ്ടോ?

നെല്‍കൃഷിയില്‍ മാത്രമാണ് നേരിയൊരു ഉത്പാദന വര്‍ധനവ് നാം നേടിയത്. അതിനു കാരണം താങ്ങുവിലയില്‍ വര്‍ധനവുണ്ടായതു തന്നെയാണ്. സര്‍ക്കാര്‍ നെല്ലെടുപ്പിനു നേതൃത്വം കൊടുത്തതും കാരണമാണ്. വിപണി ഉറപ്പായാല്‍ ഏതു കൃഷിയും അഭിവൃദ്ധി നേടുമെന്ന തിനു തെളിവാണിത്. നെല്ലിനും തേങ്ങയ്ക്കും പച്ചക്കറികള്‍ക്കും തറവില പ്രഖ്യാപിച്ചത് തെറ്റുകുറ്റങ്ങള്‍ കൂടാതെ നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാവണം. ഇത് നിസാരപ്രശ്‌നമല്ല. തരിശിടങ്ങള്‍ കൃഷിയിടങ്ങളാക്കുന്നതിന് വായ്പയും സബ്‌സിഡികളും നല്‍കാന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ അവിടെ ഉത്പാദിപ്പിക്കുന്നവ വില്‍ക്കാനാവാതെ നശിച്ചുപോയാല്‍ നിസഹായതയോടെ നോ ക്കിനില്‍ക്കാനേ വകുപ്പിനു പോലും കഴിയൂ! ഹോര്‍ട്ടികോര്‍പ്പ് എന്ന സംസ്ഥാന പഴം, പച്ചക്കറി വിപണനകേന്ദ്രത്തിന്റെ ഇന്നത്തെ കപ്പാസിറ്റി പോലും വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടിവരും.

5. തദ്ദേശ ആസൂത്രണ പദ്ധതികള്‍ക്കൊപ്പം കൃഷി വകുപ്പ് നീങ്ങണം

ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട ജനകീയാസൂത്രണ പദ്ധതികളോടു ചേര്‍ന്നു പോകാന്‍ വിമുഖതകാട്ടുന്ന വകുപ്പ് മേധാവികളെയും ഉദ്യോഗസ്ഥരെയും തിരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൃഷിയില്‍ അനുചിതമായ ഇടപെടുന്നു എന്നു വിശ്വസിക്കുന്ന ഉദ്യോഗസ്ഥ മേധാവികളുണ്ട്. ഇതുമൂലം ഒരു ദ്വന്ദ്വ നിയന്ത്രണത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിസഹായരും നിഷ്‌ക്രിയരുമാകുന്ന ഉദ്യോഗസ്ഥരുണ്ട്.

6. കോണ്‍ഫറന്‍സുകളും ട്രയിനിംഗുകളും നിയന്ത്രിക്കണം

ഏതു നേരവും കോണ്‍ഫറന്‍സുകളും പരിശീലനങ്ങളും ഓഡിറ്റും മാത്രമാണ് കൃഷിഭവനിലെത്തുന്ന പാവപ്പെട്ട കര്‍ഷകര്‍ കാണുന്നതും കേള്‍ ക്കുന്നതും. ഒരു വാട്‌സാപ്പ് മെസേജിലൂടെ ഉദ്യോഗസ്ഥര്‍ക്കു നല്‍കാവുന്ന വിവരങ്ങള്‍ കൈമാറാന്‍ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥരെ തുടരെ തുടരെ ക്ഷണിച്ചുവരുത്തുന്ന രീതി അവസാനിപ്പിക്കണം. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ ഈ രീതിയില്‍ ചിന്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. വികേന്ദ്രീകൃതാസൂത്രണം നടപ്പിലായിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടെങ്കിലും നമ്മുടെ സര്‍ക്കാര്‍ സര്‍വീസിലെ അനര്‍ഹവും അമിതവുമായ യാത്രബത്തകളും മറ്റ് അലവന്‍സുകളുമെല്ലാം അഭംഗുരം തുടരുന്നു. നമ്മുടെ വികസന പദ്ധതികള്‍ക്ക് അനുവദിക്കുന്ന ചെലവു തുകയില്‍ നല്ലൊരു പങ്ക് ഇത്തരം യാത്രാബത്തകള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങി യ സംഘാടന ചെലവുകള്‍ക്കാണെന്ന് ഓര്‍ക്കണം.

7. കാര്‍ഷിക പ്രശ്‌നങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താനും വാട് സാപ്പ് ഗ്രൂപ്പുകള്‍

സര്‍ക്കാര്‍ അനുമതിയോടെ കൃഷി വികസന ഉദ്യോഗസ്ഥരുടെ വാട് സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാകുന്നതും കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും കാര്‍ഷികരംഗത്ത് ആരോഗ്യകരമായ മാറ്റത്തിനു സഹായിക്കും. അതാത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച കര്‍ഷകരെയും ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

8. കൃഷി ഡയറക്ടറേറ്റും കൃഷിഭവനും തമ്മില്‍ ഒരു പാലം

സംസ്ഥാന കൃഷി ഡയറക്ടറേറ്റ് മുതല്‍ കൃഷിഭവന്‍ വരെ നേരിട്ടു ബന്ധിക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍ ശ്യംഖല രൂപപ്പെടുത്തണം. കൃഷി ഡയറക്ടര്‍ക്ക് ഏതു ജില്ലയിലേയും ഏതു കൃഷി ഭവനിലേയും ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധപ്പെടാനും പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും അവസരമുള്ള സുതാര്യവും സുഗമവുമായ ഒരു പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കണം.

9.അഗ്രോസര്‍വീസുകള്‍, കര്‍മ്മസേനകള്‍ ശക്തിപ്പെടുത്തല്‍

എല്ലാ ഗ്രാമപഞ്ചായത്തുകളിലും കാര്‍ഷിക കര്‍മ്മസേനകളും എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അഗ്രോ സര്‍വീസ് സേനകളും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുവാന്‍ സഹായങ്ങള്‍ ചെയ്യണം. ഇന്ന് എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മേല്‍പ്പറഞ്ഞ സന്നദ്ധസംഘങ്ങള്‍ രൂപീകരിച്ചിട്ടില്ല. നിലവിലുള്ള സംഘങ്ങളില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ പേരിനു മാത്രം. അവ പുനഃ സ്ഥാപിക്കാനും നടപടികള്‍ ഉണ്ടാകണം.

10. തൊഴിലുറപ്പുപദ്ധതിയും ലേബര്‍ ബാങ്കുകളും

തൊഴിലുറപ്പു പദ്ധതിയില്‍ പ്രവര്‍ ത്തിക്കുന്ന കുറച്ചുപേരെങ്കിലും കൃഷിയില്‍ നല്ല വൈദഗ്ധ്യമുള്ളവരാണ്. അറിവും ആരോഗ്യവുമുള്ള തൊഴിലുറപ്പു പ്രവര്‍ത്തകരെ തെരഞ്ഞെടുത്ത് ലേബര്‍ ബാങ്ക് രൂപീകരിക്കണം. നെല്‍ കൃഷി, ഇടവിളകൃഷി, തെങ്ങുകൃഷി, പച്ചക്കറി കൃഷി തുടങ്ങിയ മേഖലകളിലെ തൊഴിലാളിക്ഷാമം പരിഹരിക്കുകയാണ് ലേബര്‍ ബാങ്കിന്റെ മുഖ്യലക്ഷ്യം. കൃഷിയിലെ യന്ത്രവത് കരണ പരിശീലനവും ലേബര്‍ ബാങ്കിലെ അംഗങ്ങള്‍ക്കു നല്‍കണം. കൃഷി മാത്രമല്ല, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം ലേബര്‍ ബാങ്കിലനെ സജമാക്കണം. എല്ലാവിധ ഉത്പാദന ഉപാധികളുടെയും സംഭരണം, വിതരണം തുടങ്ങിയ ചുമതലകള്‍ ലേബര്‍ ബാങ്കിനു കീഴില്‍ നടത്തണം. കൃഷിയില്‍ താത്പര്യമുള്ള കോളജ് വിദ്യാര്‍ ഥികളുടെയും നാട്ടിലെ കൃഷി യെ സ്‌നേഹിക്കുന്ന യുവതീയുവാക്കളുടെയും പ്രവര്‍ത്തന കേന്ദ്രമായി ഈ ലേബര്‍ ബാങ്ക് മാറണം. ഭാവിയില്‍ കാര്‍ഷിക മേഖലയുടെ കരുത്താകണമിത്.

ടി. എസ്. വിശ്വന്‍
കര്‍ഷകമിത്ര, മുന്‍ കൃഷി ഓഫീസര്‍
ഫോണ്‍: 94968 84318.