വൈറലായി സപ്തപുഷ്പ പായസം: മിന്നും താരമായി മിലു
വൈറലായി സപ്തപുഷ്പ പായസം: മിന്നും താരമായി മിലു
ഒരു തൂശനിലയില്‍ ശംഖുപുഷ്പം, ചെമ്പരത്തി, തുമ്പപ്പൂ, അശോകചെത്തി, മുല്ലപ്പൂ, താമരപ്പൂ, പനിനീര്‍ റോസ് എന്നിവ നിരയൊരുക്കിയിരിക്കുന്നു. ഞവര അരിയും പശുവിന്‍പാലും പഞ്ചസാരയും തൊട്ടടുത്ത പാത്രങ്ങളില്‍ ശേഖരിച്ചിട്ടുണ്ട്. ഏതോ പൂജയ്ക്കുള്ള ഒരുക്കുകളാണെന്നു കരുതിയാല്‍ തെറ്റി. ലേശം വിപുലമായ ഒരു പായസ മത്സരത്തിന്റെ അരങ്ങാണു കുറിച്ചത്.

നിശ്ചിത സമയത്തിനുള്ളില്‍ പായസം ഉരുളിയില്‍ തിളച്ചു കുറുകി. ഞവര അരിയും പാലും നെയ്യും വെന്ത് നറുമണം പരന്നു. അടച്ചിരുന്ന തളിക ഒന്നുയര്‍ത്തിയപ്പോള്‍ താമരയുടെയും മുല്ലയുടെയും റോസിന്റെയും വശ്യമായ ഗന്ധം അവിടമാകെ പരന്നു. അടയ്ക്കും മുമ്പ് ഏലയ്ക്കാപൊടി കൂടി തൂകിയപ്പോള്‍ രൂചിയുടെ പെരുമയ്ക്കുമേല്‍ മണത്തിന്റെ ആസ്വാദ്യത ഇരട്ടിയായി.

വൈവിധ്യതകള്‍ നിറഞ്ഞ മത്സരം വിധികര്‍ത്താക്കളുടെ കൗതുകവും ഫല നിര്‍ണയത്തിന്റെ ഗൗരവവും വര്‍ധിപ്പിച്ചു. സപ്തപുഷ്പ പായസമൊരുക്കിയ ചേര്‍ത്തല മാര്‍ട്ടിന്റോഡ് വടക്കന്‍പറമ്പില്‍ മിലു ജോര്‍ജ് ഒന്നാം സമ്മാനാര്‍ഹയായി. ആയിരങ്ങള്‍ പങ്കെടുത്ത അത്തംപത്തുരുചി മത്സരത്തില്‍ അങ്ങനെ മിലു താരമായി. പാരമ്പര്യ സമ്പ്രദായങ്ങളില്‍ നിന്നു മാറി വേറിട്ട വഴികളിലൂടെ പാചകക്കൂട്ട് ഒരുക്കുന്നതില്‍ ജീവിത പങ്കാളിയും കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമായ കെ.ജെ. ജോര്‍ജ് ഏറെ കരുത്തുപകരുന്നു.

ചെമ്പരത്തിപ്പൂവും കാരറ്റും ബ്ര ഡും മുഖ്യചേരുവകളാക്കിയ ചെമ്പരത്തി പായസവും കറ്റാര്‍വാഴ പായസവും നെല്ലിക്കകൊണ്ടുള്ള ഔഷധക്കൂട്ടു പായസവും വേറിട്ട പരീക്ഷണങ്ങളായി. വൈറ്റ് പാലട, പാലട ട്രഡീഷണല്‍, ഡേറ്റ്‌സ് പ്രഥമന്‍, പരിപ്പ് പ്രഥമന്‍ എന്നിവയുടെ സഞ്ചയമായ ചതുര്‍മധുരവും ഒക്കെയായി മിലു-ജോര്‍ജ് ദമ്പതികള്‍ മത്സരവേദികള്‍ കീഴടക്കുകയാണ്. എറണാകുളം സെന്റ് തേരാസസ് കോളജില്‍ ഹിസ്റ്റ റി ബിരുദ പഠനകാലത്തു തന്നെ അലങ്കാരമത്സരങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കുമ്പളം കോയില്‍പ്പറമ്പില്‍ കുടുംബാംഗമായ മിലു പാചകമത്സരങ്ങളിലും താത്പര്യം കാട്ടിയിരുന്നു. രുചിപാകത്തില്‍ ഏറെ വൈദഗ്ധ്യമു ള്ള അമ്മ ലില്ലിയില്‍ നിന്നാണ് പുതുമയുള്ള ചേരുവകള്‍ പരീക്ഷിക്കാന്‍ പ്രേരണ ലഭിച്ചത്. പിതാവ് മൈക്കിള്‍, ജോര്‍ജിന്റെ മാതാപിതാക്കളായ ജോ സഫ്, മറിയാമ്മ എന്നിവരുടെ പ്രോ ത്സാഹനങ്ങളും കരുത്തായി.

വീട്ടുപരിസരങ്ങളിലെ ഇലക്കറിത്തരങ്ങളും പുഷ്പ,ഫലങ്ങളും യുക്തമായ ചേരുവയില്‍ പാകം ചെയ്ത് പോഷക സമ്പന്നവും ആരോഗ്യവര്‍ധകവുമായ ഭക്ഷണം എങ്ങനെയുണ്ടാക്കാമെന്ന അന്വേഷണം അന്നേ ആരംഭിച്ചു. നിരവധി കൗതുകക്കൂട്ടുകളും പാകപ്പെടുത്തി. നമ്മള്‍ ആഹാരം കഴിച്ചു സ്വയം തൃപ്തിയടയുമ്പോള്‍ മറ്റാളുകള്‍ രുചിച്ച് ആസ്വദിക്കുന്നതു കാണുന്നത് ഒരു സംതൃപ്തി നല്‍കിയിരുന്നു മിലുവിന്.

മൃഷ്ടാന്നദാതാ...

'മ മ വന്ദനീയ' അഥവാ രുചിയുള്ള ഭക്ഷണം തരുന്നയാളിനെ ഞാന്‍ വന്ദിക്കുന്നു എന്ന തത്വം ചെറുപ്പത്തിലെ പാഠമാക്കി. സ്വജീവിതത്തിലും അതൊരു ശീലമാക്കി. വിവാഹശേഷം ചേര്‍ത്തലയിലേക്കുള്ള പറിച്ചുനടല്‍. സ്വകാര്യബസ് സ്റ്റാന്‍ഡിനടുത്തുള്ള ഓറഞ്ച് വസ്ത്രവ്യാപാരസ്ഥാപനം കേന്ദ്രബിന്ദുവാക്കി പാചക കലയിലെ സാധ്യതകള്‍ തേടാനുള്ള വേറിട്ടവഴികള്‍ മിലു കണ്ടെത്തി. ഒരു സംരംഭകയുടെ തുടക്കം ഇങ്ങനെ.

മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, അമ്പഴം, കറിവേപ്പ് എന്നിവയുടെ ഇലകള്‍ അരച്ച പച്ചിലമസാലക്കൂട്ടൊരുക്കി ഒരു പരീക്ഷണം. നാട്ടുമീനായ തിലാപ്പിയ വാഴയിലയില്‍ പൊതിഞ്ഞ് പൊള്ളിച്ചെടുത്തപ്പോള്‍ മത്സരഇനങ്ങളില്‍ താരപ്രഭയായി അതിന്. ചെറിയ റിസപ്ഷന്‍ സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കിത്തുടങ്ങിയതോടെ സ്വന്തം പാചക ഇനങ്ങള്‍ക്ക് പ്രശസ്തിയായി. ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ഹൗസ് വാമിംഗ് തുടങ്ങിയ ലഘുവിരുന്നുകള്‍ മിലുവിന്റെ കൈകളില്‍ ഭദ്രമായി മാറി.


ചേര്‍ത്തല മുഹമ്മ ഭാഗത്ത് സുലഭമായി കിട്ടുന്ന കായല്‍ ഞണ്ടിലായിരുന്നു രുചിക്കൂട്ടിന്റെ മനോധര്‍മ്മപ്രയോഗം. ഇളം കുരുമുളകു വള്ളി നാമ്പില്‍ നിന്ന് 15 സെന്റീമീറ്റര്‍ മുറിച്ചെടുത്ത് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചക്കുരുമുളക്, മല്ലിപ്പൊടി എന്നിവ സമൂലം ചേര്‍ത്തരച്ച് ഒരു മസാലക്കൂട്ട്. അങ്ങനെ കുരുമുളകു വള്ളി ഞണ്ട് സ്വാദിന്റെ ചാര്‍ട്ടില്‍ കയറിപ്പറ്റി.


ആഹാരപാകത്തില്‍ ആരോഗ്യം ശ്രദ്ധിച്ചുള്ള ഗ്രാമപാചകക്രമങ്ങള്‍ കണ്ടെത്തിത്തുടങ്ങിയ മിലു ജോര്‍ജ് ഇതിനകം എസ്എസ്‌ഐ രജിസ്‌ട്രേഷനും നേടി. ഭക്ഷ്യഉത്പന്നങ്ങളുടെ വിപണി ആരംഭിച്ചു. വ്യത്യസ്ത ഇനം കേക്കുകള്‍, അച്ചാറുകള്‍, കഡ്‌ലറ്റുകള്‍, അപ്പത്തരങ്ങള്‍ എന്നിവയൊക്കെ ഫുഡ് ഗ്യാലറികളില്‍ അന്വേഷണങ്ങള്‍ നേടി. കോവിഡ്കാല നിയന്ത്രണങ്ങളില്‍ സമൂഹ സദ്യകള്‍ നിയന്ത്രിതമായപ്പോള്‍ കുട്ടനാടന്‍ രുചിത്തരങ്ങളും വിവിധ ഇനം കേക്കുകളും വീട്ടിലെ കുശിനിയില്‍ തയാറാക്കി ഓണ്‍ലൈന്‍ പരസ്യത്തിലൂടെ വിതരണം സാധ്യമാക്കിയതും മിലുവിന്റെ സ്ഥിരോ ത്‌സാഹം കൊണ്ടുതന്നെ. മക്കളായ ഒലീവിയയും ഒഡോണിയയും രുചിഭേദങ്ങള്‍ തൃപ്തിപ്പെട്ട് തയാറാക്കപ്പെടുന്ന ചോക്ലേറ്റും പായസവും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക കൗണ്ടറിലാ ണു വില്‍പന നടക്കുന്നത്. തങ്ങളുടെ പാചക അന്വേഷണങ്ങളും കണ്ടെത്തലുകളും കോര്‍ത്തിണക്കി 'എരിപൊരികിച്ചന്‍' എന്ന യൂടൂബ് ചാനലിലും സജീവമാണിന്ന് മിലു- ജോര്‍ജ് ദമ്പതികള്‍.

നിങ്ങള്‍ക്കുമുണ്ടാക്കാം സപ്തപുഷ്പ പായസം

ഞവരഅരിയും ഏഴു പുഷ്പങ്ങളും ചേര്‍ത്തു തയാറാക്കുന്ന സപ്തപുഷ്പ പായസം നിങ്ങളുടെ വീടുകളിലും രുചിയും സുഗന്ധവും പകരാന്‍ എത്തുകയായി. തയാറാക്കുന്ന വിധം ഇതാ.

ചേരുവകള്‍

ഞവര അരി -150 ഗ്രാം
പാല്‍ -ഒരു ലിറ്റര്‍
ഏലയ്ക്കാപ്പൊടി -ഒരു ടീസ്പൂണ്‍
പഞ്ചസാര - 100 ഗ്രാം

പുഷ്പങ്ങള്‍

ചെന്താമര, പനീര്‍റോസ്, നീല ശംഖുപുഷ്പം, തുമ്പ, അശോകചെത്തി, മുല്ല, ചെമ്പരത്തി- ഒരു പിടി വീതം.

നെയ്യ് - ഒരു ടേബിള്‍സ്പൂണ്‍

കശുവണ്ടി - 10 എണ്ണം
എള്ള് - ഒരു ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

ഞവര അരി കഴുകി, വൃത്തിയാക്കി അരക്കപ്പ് പാലും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ ഏഴു വിസില്‍ കേള്‍ക്കുന്ന വരെ തിളപ്പിക്കുക. ഇത് ഒരു ഉരുളിയിലേക്കു പകര്‍ത്തി പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കുക. പായസം കുറുകുമ്പോള്‍ തീയണക്കുക. ശേഷം പിച്ചിക്കീറി വച്ചിരിക്കുന്ന പുഷ്പങ്ങള്‍ ചേര്‍ത്ത് 10 മിനിറ്റു മൂടി വയ്ക്കുക. നെയ്യില്‍ കശുവണ്ടിയും എള്ളും വറുത്തു ചേര്‍ത്തു വിളമ്പാം.

പൂക്കള്‍ എങ്ങനെ പാകപ്പെടുത്തണം?

1. നമ്മുടെ വീട്ടുമുറ്റത്തു ലഭിക്കുന്ന പൂക്കള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി, പൂമ്പൊടി നീക്കിയ ശേഷം ഉപയോഗിക്കാം.
2. കടയില്‍ നിന്നു ലഭിക്കുന്ന പുഷ്പങ്ങളാണെങ്കില്‍ പത്തുമിനിട്ട് ഉപ്പുവെള്ളത്തില്‍ മുക്കിവച്ചശേഷം നന്നായി കഴുകി യെടുക്കണം.
3. പൂക്കള്‍ മുറിക്കുവാനായി കത്തി ഉപയോഗിക്കരുത്. കൈ കൊണ്ടു പിച്ചിക്കീറി യിട്ടാല്‍ മതി.
4. എല്ലാ പൂക്കളും ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ മറ്റു പൂക്കള്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ?
ഫോണ്‍: മിലുജോര്‍ജ് - 80896 75655

ഹരികുമാര്‍ വാലേത്ത്
ഫോണ്‍:94479 09238.