വിരിയുന്ന പൂ ഇതളുകള്‍, ചുളയാകുന്ന ചക്ക
വിരിയുന്ന പൂ ഇതളുകള്‍, ചുളയാകുന്ന ചക്ക
Friday, May 21, 2021 5:01 PM IST
55 കിലോഗ്രാം വരെ ഭാരം വരുന്ന കരയിലെ ഏറ്റവും വലിയ ഫലമാണു ചക്ക. ഓരോ പൂവിന്‍റേയും ഇതളുകളാണു മാംസളമായ ചക്കച്ചുളയായി രൂപപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചക്ക വിളയുന്നത് നമ്മുടെ കൊച്ചു കേരളത്തിലാണ്. ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഇന്ത്യയില്‍ ചക്ക കൃഷി ചെയ്തിരുന്നു.

'മൊറാസിയേ' കുടുംബത്തിലെ 'ആര്‍ട്ടോകാപ്പസ്' ജനുസില്‍ 'ഹെറ്ററോഫില്ലസ്' എന്ന ഇനമാണു ചക്ക. പോര്‍ട്ടുഗീസുകാരുടെ 'ജക്ക' എന്ന വാക്കില്‍ നിന്നാണ് മലയാളികളുടെ ചക്ക എന്ന പേരുവന്നത്. ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളകറ്റാനും ചക്കക്കുരുവിനു ശക്തിയുണ്ട്. അതിനാല്‍ ചക്കയ്‌ക്കൊപ്പം അതിന്റെ കുരുവും പ്രശസ്തിനേടുകയാണ്.

ചരിത്രത്തിലെ ചക്ക

ചക്ക എന്ന പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തിയത് 1678 ല്‍ 'ഹെന്‍ട്രിക് വാന്‍ റീഡ്' ആണ്. വില്യം ജാക്ക് എന്ന ഇംഗ്ലണ്ടിലെ സസ്യശാസ്ത്രജ്ഞന്റെ സ്മരണയ്ക്കായി 1563-ല്‍ ഗാര്‍ഷ എന്ന ഭിഷഗ്വരന്‍ ചക്കയ്ക്ക് ജാക്ക് ഫ്രൂട്ട് എന്ന പേരു നല്‍കി.

ചക്കച്ചുളയിലെ ഘടകങ്ങള്‍

ചക്കയിലുള്ള ജൈവ ഘടകങ്ങളാണ് മണം നല്‍കുന്നത്. ഇതിലുള്ള നാരുകള്‍ ആരോഗ്യദായകമാണ്. ചക്കച്ചുളയില്‍ 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവും രണ്ടുശതമാനം മാംസ്യവും ഒരു ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ,സി,ഇ, ബികോംപ്ലക്‌സ് (ബി 1, ബി 2, ബി 3, ബി 5, ബി 6, ബി 9) പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ്.

മദ്യപാനികള്‍ക്കു മറുമരുന്ന്

രക്തം ശുദ്ധിയാക്കാനും പാന്‍ക്രിയാസിലെ രോഗങ്ങളെ തടയാനും ചക്കയിലുള്ള വിറ്റാമിന്‍ എ, സി, പെക്ടിന്‍ എന്നിവ സഹായിക്കുന്നു. മദ്യപാനികള്‍ക്ക് മറുമരുന്നായും ചക്ക ഉപയോഗിക്കുന്നു.

പൊണ്ണത്തടി കുറയ്ക്കാന്‍ ചക്കക്കുരു

100 ഗ്രാം ചക്കക്കുരവില്‍ 140 ക ലോറി ഊര്‍ജമുണ്ട്. പൊണ്ണത്തടി കുറയ്ക്കാനും ഹൃദ്‌രോഗങ്ങളെ അകറ്റാനും പര്യാപ്തമാണ്. ഏറ്റവും കുറഞ്ഞ തോതില്‍ അന്നജവും ഏറ്റവും കൂടിയ തോതില്‍ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇതു ഹൃദയപേശികള്‍ക്ക് ആരോഗ്യം നല്‍കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കിഡ്‌നിയുടെ അപര്യാപ്തതകള്‍ ദൂരീകരിക്കാനും സഹായിക്കുന്നു. മാനസികസമ്മര്‍ദ്ദം മാറ്റുന്നു. ഇതിലടങ്ങിയിരിക്കുന്ന സോഡിയം, രോഗികളുടെ രക്തസമ്മര്‍ദ്ദം കുറക്കുന്നു. ഭക്ഷ്യയോഗ്യനാരുകള്‍ കുടലിലെ കാന്‍സറിനെ പ്രതിരോധിക്കുന്നു. പഞ്ചസാരയില്ലാത്തതിനാല്‍ പ്രമേഹരോഗികള്‍ക്കും ധൈര്യമായി കഴിക്കാം. ചക്കക്കുരുവിലെ മാംസ്യം നമ്മുടെ ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നു. കോശങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന തേയ്മാനങ്ങള്‍ മാറ്റാനും സഹായിക്കുന്നു. ധാരാളം ആന്റിഓക്‌സിഡ ന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ സിങ്ക് രോഗപ്രതിരോധത്തിനു സഹായിക്കുന്നു.


നമ്മുടെ ആഹാരത്തില്‍ ചക്കക്കുരു ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലായല്ലോ? കോശങ്ങളിലെ ഡിഎന്‍എ നിര്‍മാണത്തിനുള്ള സല്‍ഫര്‍, ഫോസ്ഫറസ് എന്നിവയും ചക്കക്കുരു പ്രോട്ടീനില്‍നിന്നു ലഭിക്കുന്നു. ഈ പ്രോട്ടീനുകള്‍ അമിനോ ആസിഡുകളായി വിഘടിച്ച് ശരീരപ്രവര്‍ത്തനങ്ങളെ യും ഹോര്‍മോണുകളുടെ അളവു ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ചക്കക്കുരുപാടയിലുള്ള മാംസ്യ മായ 'ജക്കാലിന്‍' രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് എച്ച്‌ഐവി വൈറസുകളെ നശിപ്പിക്കുന്നുവെന്ന് 1987 ല്‍ മോര്‍ട്ടനും കുട്ടരും കണ്ടുപിടിച്ചു. വ്യാവസായികാടിസ്ഥാനത്തില്‍ ചക്കക്കുരു മാവ് ഉത്പാദിപ്പിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും നമുക്കു കഴിയും.

ശരീരസംരക്ഷണത്തിന് ചക്കക്കുരുപൊടി

കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണ് ചക്കക്കുരു പൊടി. ലവണങ്ങളും നാരുകളും വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്. ചക്കക്കുരുവിലുള്ള ഫൈറ്റോന്യൂട്രിയന്റുകളും ഫ്‌ളാവനോയിഡുകളും ഫ്രീറാഡിക്കലുകള്‍ ശരീര കോശങ്ങളിലെ ഡിഎന്‍ എയിലുണ്ടാക്കുന്ന തകരാറുകള്‍ പരിഹരിക്കുന്നു. അമിതവണ്ണമുള്ളവര്‍ക്ക് ചക്കക്കുരു പൊടി പ്രധാനാഹാരമാക്കാം. ലഘു ഭക്ഷണത്തിനും സാലാഡുകളില്‍ ചേര്‍ക്കാനും ചക്കക്കുരു നന്ന്. കൂടാതെ നല്ല ദഹനത്തിനും മലശോധനക്കും ചക്കക്കുരു വിഭവങ്ങള്‍ കഴിക്കാം. എല്ലുകളെ ശക്തമാക്കുന്നതിനും കലകളുടെ നിര്‍മാണത്തിനും ചക്കക്കുരുവിലെ മഗ്നീഷ്യം സഹായിക്കുന്നു. ഇത് വിറ്റാമിന്‍- എ യുടെ സ്രോതസുകൂടിയായതിനാല്‍ നല്ല കാഴ്ചക്കും വളരെ നന്നാണ്. നിശാന്ധതയും തിമിരവും തടയും. ചക്കയില്‍ കൊളസ്‌ട്രോളില്ല. രക്തസ്രാവം, ഹൃദായാഘാതം എന്നിവയില്‍ നിന്നു നമ്മെ രക്ഷിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ജലദോഷം, രോഗാണുബാധ എന്നിവയേയും തടയുന്നു.


സൗന്ദര്യത്തിനും മുടിവളര്‍ച്ചക്കും

ചക്കക്കുരു സൗന്ദര്യ വര്‍ധനവിനും മുടിവളര്‍ച്ചയ്ക്കും നല്ലതാണ്. ചക്കക്കുരു, പാല്‍, തേന്‍ എന്നിവ ചേര്‍ത്തരച്ച മിശ്രതം ത്വക്കില്‍ തേച്ചാല്‍ ത്വക്ക് തിളങ്ങും, പുതിയ കോശങ്ങള്‍ രൂപപ്പെടും. ത്വക്കിലെ ചുളിവുകള്‍ മാറ്റാ നും യൗവനം നിലനിര്‍ത്താനും ചക്ക ക്കുരു സഹായിക്കുന്നു.

കാരറ്റും ചക്കക്കുരുവും ഉപയോഗിച്ച് ലഡുവും ബിസ്‌ക്കറ്റും ബ്രെഡും ഉണ്ടാക്കാം.

ചുരുക്കത്തില്‍

* വിലപ്പെട്ട ചക്കക്കുരു നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തൂ.
* ചൂള തിന്നിട്ട് കുരു പാഴാക്കല്ലേ
* പണച്ചെലവില്ലാതെ ചക്കയിലൂടെ ആരോഗ്യം സംരക്ഷിക്കൂ.

പ്രഫ. കെ. നസീമ
മുന്‍ സീനിയര്‍ മൈക്രോ ബയോളജിസ്റ്റ്
ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ഫോണ്‍: - 96335 52460.