ആഫ്രിക്കന്‍ സ്‌നേഹപ്പക്ഷികള്‍: ആദായവും ആനന്ദവും
ആഫ്രിക്കന്‍ സ്‌നേഹപ്പക്ഷികള്‍: ആദായവും ആനന്ദവും
കൂട്ടിനുള്ളിലെ ചില്ലയില്‍ കൊക്കുരുമ്മി പ്രണയവിവശരായിരിക്കുന്ന കുഞ്ഞിതത്തകളെ ലോകം ലവ്‌ബേര്‍ഡ്‌സ്' എന്നു വിളിക്കുന്നു. സ്വദേശം ആഫ്രിക്കയായതിനാല്‍ മുഴുവന്‍ പേര് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് എന്നുമാണ്. നമ്മുടെ നാട്ടില്‍ ബഡ്ജറിഗറുകളെ ലവ് ബേര്‍ഡ്‌സ് എന്നു വിളിക്കാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ സ്‌നേഹപ്പക്ഷികള്‍ എന്ന പേരിന് അവകാശികള്‍ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് തന്നെയാണ്.

ചെറിയവാലും കൊഴുത്തുരുണ്ട ശരീരവും തീക്ഷ്ണ വര്‍ണങ്ങളും കൈമുതലാക്കിയ ഈ കുഞ്ഞിതത്തകള്‍ ഇന്ന് പക്ഷിപ്രേമികളുടെ മനവും വിപണിയും കീഴടക്കിയിരിക്കുന്നു. പച്ചനിറത്തിലുള്ള ഈ ചെറുപക്ഷികള്‍ മഞ്ഞ, വെള്ള, നീല തുടങ്ങിയ വര്‍ണഭേദങ്ങളിലും കാണപ്പെടുന്നു. ശ്രദ്ധയോടെ പരിപാലിച്ചാല്‍ പ്രജനനം നടത്താന്‍ മടിയില്ലാത്ത ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് ആനന്ദത്തോടൊപ്പം ആദായവഴിയും തുറക്കുന്നവയാണ്.

ഇനവൈവിധ്യം

'സ്റ്റാസിഡേ' എന്നു പേരുള്ള തത്തകളുടെ കുടുംബത്തിലെ 'അഗാപോര്‍ണിസ്'' ജനുസിലെ ഒമ്പതു ജാതി പക്ഷികളാണ് ലവ്‌ബേര്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ആഫ്രിക്ക, മഡഗാസ്‌കര്‍ ദ്വീപ് എന്നിവയാണ് ഇവയുടെ സ്വാഭാവിക വാസസ്ഥലങ്ങള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തിന്റെ പല ഭാഗത്തും വളര്‍ത്തുപക്ഷികളായി ഇവ പ്രചരിക്കപ്പെട്ടു. ഏകദേശം 13 സെന്റിമീറ്റര്‍ നീളം വരു ന്ന കൊഴുത്തുരുണ്ട് വര്‍ണശബളമായ മേനിയുള്ള ഒമ്പതിനം ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകളില്‍ എട്ടെണ്ണം മധ്യ ആഫ്രിക്കക്കാരും ഒരെണ്ണം മെഡഗാസ്‌കര്‍ സ്വദേശിയുമാണ്.

പീച്ച് ഫേസ്ഡ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നീ മൂന്നു സ്പീഷീസുകളും അവയുടെ ഉപസ്പീഷീസുകളുമാണ് നമുക്കു സുപരിചിതര്‍. നിയാസ, ബ്ലാക്ക് ചീക്ക്ഡ്, മെഡഗാസ്‌ക്കര്‍, അബിസീനിയന്‍, റെഡ് ഫെയ്‌സ്ഡ്, ബ്ലാക്ക് കോളേഡ് എന്നീ ആറിനങ്ങള്‍ നമുക്ക് തീര്‍ത്തും അപരിചിതരുമാണ്. പീച്ച് ഫേസുകള്‍ തലയില്‍ വെള്ള, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയായിരിക്കും. ഒപ്പം കൊക്കിന്റെ നിറം മഞ്ഞ കലര്‍ന്ന വെള്ള നിറവുമാണ്. ലൂട്ടിനോ, ഗ്രീന്‍പീച്ച് ഫേസ്, ലൂട്ടിനോ പീച്ച് ഫേസ്, ഒലീവ് പീച്ച്, സിന്നമണ്‍ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, അക്വാ ബ്ലൂ പീച്ച് എന്നീ നിറഭേദങ്ങളില്‍ പീച്ച് ബേസ്ഡ് ലൗബേര്‍ഡുകള്‍ പക്ഷിപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമാണ്.

മാസ്‌ക്ഡ് ലവ്‌ബേര്‍ഡുകള്‍ക്ക് പച്ചനിറത്തിലുള്ള ഉടലും കറുപ്പ് നിറത്തിലുള്ള തലയും കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവും, ചുവന്ന ചുണ്ടുകളുമാണുള്ളത്. ബ്ലൂ മാസ്‌ക്, മാവോ മാസ്‌ക്, ഒലിവ് മാസ്‌ക്, കൊബാള്‍ട്ട് മാസ്‌ക്, വയലറ്റ് മാസ്‌ക് തുടങ്ങിയ നിറഭേദങ്ങള്‍ സൃഷ്ടിക്കാന്‍ പ്രജനനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഫിഷര്‍ ആഫ്രിക്കന്‍ ലവ്‌ബേര്‍ ഡുകള്‍ മാസ്‌ക്കുകളുമായി സാമ്യമുള്ളവയാണ്. ഫിഷറുകളുടെ തലയുടെ നിറം ചുവപ്പുകലര്‍ന്ന ഓറ ഞ്ചാണ്. നെഞ്ചുഭാഗത്ത് ഓറഞ്ചു കലര്‍ന്ന മഞ്ഞ നിറവുമായിരിക്കും.

പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളില്‍ നിന്ന് ഉരുത്തിരിച്ചെടുത്തവയാണ് 'ഒപലീന്‍' എന്ന ഇനം. പീച്ച് ഫേസ് ലവ്‌ബേര്‍ഡുകള്‍ക്ക് മുഖത്തു മാത്രമാണ് ചുവപ്പ്,ഓറഞ്ച്, വെള്ള നിറം ഉള്ളതെങ്കില്‍, ഒപലീന്‍ ഇനത്തില്‍ തലമുഴുവന്‍ ചുവപ്പ്, ഓറഞ്ച് അല്ലെങ്കില്‍ വെള്ള നിറം പടര്‍ന്നിരിക്കും. ഇവയുടെ വാലില്‍ ചുവപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളുടെ മിശ്രണം കാണാം. 'പൈഡ്‌സ്' എന്നു വിളിക്കപ്പെടുന്ന ഇനങ്ങളില്‍ ശരീരത്തില്‍ നിരവധി നിറങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പീച്ച് ഫേസ്ഡ്, ഫിഷര്‍, മാസ്‌ക്ക്ഡ് എന്നീ മൂന്നു വിഭാഗങ്ങളിലും പൈഡ്‌സ് നിറഭേദങ്ങള്‍ കാണപ്പെടുന്നു.

മേല്‍പ്പറഞ്ഞ വിധത്തിലുള്ള വര്‍ ണഭേദങ്ങളുടെ സാന്നിധ്യം ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകളെ വിപണിയില്‍ ഏറെ പ്രിയങ്കരരാക്കുന്നു.

ഒരു ജോഡി പക്ഷികളെ പ്രത്യേകമായി വളര്‍ത്താന്‍ ആവശ്യമായ കമ്പിവലക്കൂടുകളുടെ ചുരുങ്ങിയ അളവ് 78 x 60 x 60 സെന്റീമീറ്ററാണ്. ചില ബ്രീഡര്‍മാര്‍ 89 x 50 x 50എന്ന അളവും പിന്‍തുടരാറുണ്ട്. ചെറിയ കൂടുകളിലും ലവ്‌ബേര്‍ഡുകള്‍ പ്രജനനം നടത്തുമെങ്കിലും പക്ഷികളുടെ പൊതുവായ ക്ഷേമത്തിന് വലിയ കൂടുകള്‍ തന്നെയാണുത്തമം. പാമ്പ്, എലി തുടങ്ങിയ ശത്രുക്കളില്‍ നിന്ന് രക്ഷനല്‍കുന്ന വിധം ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് കൂടുകള്‍ ഒരുക്കണം. ലവ്‌ബേര്‍ഡുകള്‍ക്ക് അനുയോജ്യമായ പെര്‍ച്ചുകള്‍ അഥവാ ഇരിക്കാനുള്ള കൊമ്പുകള്‍ ഉചിതമായ രീതിയില്‍ കൂടുകള്‍ക്കുള്ളില്‍ സ്ഥാപിക്കണം. നേരിട്ട് മഴയേല്‍ക്കാത്തതും ഉത്തമമായ താപനില ക്രമീകരണം സാധ്യമാകുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ അത്യാവശ്യമാണ്.

ഇത്തിരി തീറ്റ ഒത്തിരി കാര്യം

മാംസ്യസമൃദ്ധമായ പയറിനങ്ങളും ഊര്‍ജം നല്‍കുന്ന ധാന്യങ്ങളും ഇലത്തീറ്റകളും ചേരുന്നതാവണം ലവ്‌ബേര്‍ഡുകള്‍ക്കൊരുക്കുന്ന തീറ്റമിശ്രിതം. പയര്‍, വന്‍പയര്‍, വെള്ളക്കടല, കടല, ഗ്രീന്‍പീസ് തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചു നല്‍കാം. നെല്ല്, തിന, സൂര്യകാന്തിക്കുരു എന്നിവ കഴുകി ഉണക്കിയാണ് നല്‍കേണ്ടത്. കാരറ്റ്, ബീറ്റ്‌റൂട്ട്, കുക്കുംബര്‍, വെള്ളരി മുതലായ പച്ചക്കറികളും തീറ്റയില്‍ ഉള്‍പ്പെടുത്തണം. തുളസിയില, പുതിനയില, മല്ലിയില, ചീരയില, ആര്യവേപ്പില എന്നിവയും നല്‍കാം. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന സമയത്ത് മുട്ട, റൊട്ടിപ്പൊടി എന്നിവ ചേര്‍ത്തു തയാറാക്കുന്ന എഗ് ഫുഡ് നല്‍കുന്നത് ഏറെ പ്രയോജനം ചെയ്യും.പ്രജനനം പ്രധാനം

മികച്ച ഇണകളെ കണ്ടെത്തുന്നതിലാണ് പ്രജനനത്തിന്റെ വിജയം കുടികൊള്ളുന്നത്. പക്ഷിക്കുഞ്ഞുങ്ങളെ ആദ്യം വാങ്ങുമ്പോള്‍ അവയെ കൂട്ടമായി ഒരു വലിയ കോളനി കൂട്ടില്‍ പാര്‍പ്പിക്കുക. ആറുമാസം പ്രായമെത്തുന്നതോടെ അവ സ്വയം ഇണകളെ കണ്ടെത്തിക്കൊള്ളും. ഇണകള്‍ ഒന്നിച്ചിരുന്ന് സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്നതും ആഹാരം പങ്കുവയ്ക്കുന്നതുമൊക്കെ കാണാം. പക്ഷികളെല്ലാം ഒരുപോലെ കാണപ്പെടുന്നതിനാല്‍ ഇണകളെ തിരിച്ചറിയുന്നതിനായി മാര്‍ക്കര്‍ പേന ഉപയോഗിച്ച് വ്യക്തമായി കാണാന്‍ സാധിക്കുന്ന ശരീരഭാഗങ്ങളില്‍ അടയാളങ്ങള്‍ നല്‍കണം. പക്ഷികളെ തുടര്‍ന്നും നിരീക്ഷിക്കുകയും ഇണകളെ തിരിച്ചറിയുകയും ചെയ്യണം. 2-3 പ്രാവശ്യം കൂടി പരിശോധനയും നിരീക്ഷണവും നടത്തിയതിനു ശേഷം ഇണകളെന്ന് ഉറപ്പിച്ച പക്ഷികളെ പ്രത്യേക കൂടുകളിലേക്കു മാറ്റാം. ആണ്‍, പെണ്‍ കിളികളെ തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്നതാണ് പ്രധാന വെല്ലുവിളി. തലയുടെ വലിപ്പം, ചുണ്ടിന്റെ ആകൃതി, പെല്‍വിക് ബോണിന്റെ (ഇടുപ്പെല്ല്) അകലം എന്നിവയൊക്കെ പരിശോധിച്ച് ലിംഗനിര്‍ണയം സാധ്യമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഡിഎന്‍എ പരിശോധന വഴി ലിംഗനിര്‍ണയം നടത്തുന്നതാണ് ഉത്തമം. ഇതിനായി മുതുകിലെയോ, നെഞ്ചിലെയോ തൂവല്‍ പറിച്ചെടുത്ത് ഉചിതമായി പാക്ക് ചെയ്ത് ലബോറട്ടറികളില്‍ അയച്ച് പരിശോധന നടത്തണം. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകും. രണ്ടു പെണ്‍കിളികള്‍ തമ്മിലും രണ്ട് ആണ്‍കിളികള്‍ തമ്മിലും ഇണകളാകുന്ന ലൗബേര്‍ ഡിന്റെ സ്വഭാവ രീതി മറികടക്കാന്‍ ഡിഎന്‍എ ലിംഗനിര്‍ണയം സഹായിക്കുന്നു. ഇണകളാകുന്ന പക്ഷികളെ 10 മാസത്തിനു ശേഷമാവണം ഇണചേര്‍ക്കേണ്ടത്.

ഒരു വര്‍ഷം പ്രായമെത്തുമ്പോഴേക്കും ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകള്‍ പൂര്‍ണമായും പ്രജനനസജ്ജരാകുന്നു. രണ്ടരയടി നീളവും ഒന്നരയടി വീതം വീതിയും ഉയരവുമുള്ള കൂടുകളാണ് പ്രജനനത്തിനായി തെരഞ്ഞെടുത്ത ഒരു ജോഡിക്കായി നല്‍കേണ്ടത്. അതുവരെ വെവേറെ പാര്‍പ്പിച്ചിരിക്കുന്ന ഇണക്കിളികളിലെ പെണ്‍കിളിയെ ആദ്യം പ്രജനന കൂട്ടിലേക്കു മാറ്റണം. ഒരു ദിവസം കഴിഞ്ഞാല്‍ ആണ്‍പക്ഷിയേയും മാറ്റാം. വൈക്കോലും ചെറുനാരുകളും പച്ചപ്പുല്ലും ചുള്ളിക്കമ്പുകളും ഇട്ടുകൊടുത്ത് മുട്ടയിടാനുള്ള അറയൊരുക്കാന്‍ പ്രേരണ നല്‍കണം. നല്ല വലിപ്പമുള്ള കുടങ്ങളോ, 8- x 6 x 6 ഇഞ്ച് വലിപ്പമുള്ള ചതുരപ്പെട്ടികളോ മുട്ടയിടാനുള്ള അറ അഥവാ നെസ്റ്റ് ബോക്‌സ് ആയി ഉപയോഗിക്കാം. ഇവയില്‍ നല്‍കുന്ന പ്രവേശന ദ്വാരം 2-2.5 ഇഞ്ച് വ്യാസമുള്ള വൃത്തവുമായിരിക്കണം. പ്രജനന സമയത്ത് വൈകാരികമായി പ്രത്യേക അവസ്ഥയിലായതിനാല്‍ പക്ഷികളെ ഒരു രീതിയിലും ശല്യപ്പെടുത്താന്‍ പാടില്ല. ഉയര്‍ന്ന മാംസ്യമടങ്ങിയ ആഹാരം നല്‍കാ നും മറക്കരുത്. കൃത്യമായി ജോഡി തിരിച്ച് കൂടുകളില്‍ പാര്‍പ്പിക്കുന്ന രീതിയാണ് ഏറെ മെച്ചം.

പെണ്‍കിളി ഒരു ശീലില്‍ 3-4 വരെ മുട്ടകളിടുന്നു. വര്‍ഷത്തില്‍ 3-4 ശീലുകളുണ്ടാകും. സാധാരണഗതിയില്‍ പെണ്‍കിളികള്‍ അടയിരിക്കുകയും 21-23 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയുകയും ചെയ്യും. ആണും, പെണ്ണും ചേര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കുകയാണു പതിവ്. കുഞ്ഞുങ്ങള്‍ കണ്ണു തുറക്കാന്‍ 10 ദിവസമെങ്കിലും കഴിയണം. 40-42 ദിവസം കഴിയുമ്പോള്‍ ഇവ കൂട്ടില്‍ നിന്നു വെളിയിലിറങ്ങി തുടങ്ങുന്നു. പെണ്‍കിളികളെ അടുത്ത ശീലിലേക്ക് കൊണ്ടുവരാന്‍ പുതിയ കലങ്ങള്‍ കൂട്ടില്‍ സ്ഥാപിക്കാം. ഒരു വര്‍ഷം പന്ത്രണ്ടു കുഞ്ഞുങ്ങള്‍ വരെ ഒരു ജോഡിയില്‍ നിന്നു ലഭിക്കാം. പീച്ച് ഫേസ്, മാസ്‌ക്, ഫിഷര്‍ എന്നിവയെ ഒരുമിച്ചു പാര്‍പ്പിച്ച് ഇണചേര്‍ക്കുന്നത് ഒഴിവാക്കണം.

ആരോഗ്യം അതല്ലേ എല്ലാം

പരിപാലനത്തിലെ വീഴ്ചകള്‍, സമീകൃതമല്ലാത്ത തീറ്റക്രമം എന്നിവയുടെ പരിണിത ഫലമാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍. കൂടുകളില്‍ ആവശ്യത്തിനു സ്ഥലം നല്‍കാതെ കൂട്ടമായി വളര്‍ത്തുന്നത് പക്ഷികളെ സമ്മര്‍ദ്ദത്തിലാക്കും. വൃത്തിയുള്ള പരിസരം ഇഷ്ടപ്പെടുന്ന ലവ്‌ബേര്‍ഡുകള്‍ വിജയകരമായി പ്രജനനം നടത്തണമെങ്കില്‍ മെച്ചപ്പെട്ട പരിസരമൊരുക്കണം. ബാഹ്യ, ആന്തര പരാദങ്ങളെ അകറ്റിനിര്‍ത്താന്‍ ശുചിത്വവും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും ആവശ്യമാണ്.

ഡോ. സാബിന്‍ ജോര്‍ജ്
അസി. പ്രഫസര്‍, കേരള വെറ്ററിനറി സര്‍വകലാശാല
e-mail: [email protected]
ഫോണ്‍: 9446203839.