മുഖകവചവും ചില പ്രകൃതി ചിന്തകളും
മുഖകവചവും ചില പ്രകൃതി ചിന്തകളും
Wednesday, March 17, 2021 3:50 PM IST
ലോക ജനതമുഴുവന്‍ മാസ്‌ക് ധരിച്ചു നടക്കുന്ന അവസ്ഥയിലേക്കു ആധുനിക ജീവിതരീതി മാറി. രോഗങ്ങളെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ കൃഷിയിടങ്ങളില്‍ മാസ്‌ക് ധരിച്ച കന്നുകാലികളെയും കിടാക്കളെയും കാണാമായിരുന്നു. ഇന്നും ചില ഗ്രാമീണ മേഖലകളില്‍ ഈ കാഴ്ച കാണാം. മുളച്ചു വരുന്ന കാര്‍ഷിക വിളകള്‍ നശിപ്പിക്കാതിരിക്കാനും മണ്ണു തിന്നാതി രിക്കാനുമാണ് കിടാക്കളുടെ വായയും മൂക്കും തുണിസഞ്ചിപോലുള്ള കവചമുപയോഗിച്ചു മൂടിക്കെട്ടുന്നത്. മണ്ണു തിന്നുന്നതു രോഗങ്ങള്‍ക്കു കാരണമാകും. വിളകള്‍ തിന്നു നശിപ്പിക്കുന്നതു കര്‍ഷകര്‍ക്കു സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇതു തടയാന്‍ പഴയതുണികള്‍ ഉപയോഗിച്ചാണ് കവചങ്ങളുണ്ടാക്കിയിരുന്നത്. ഇതുപോലെ കൃഷിയിടത്തില്‍ ഉഴവിനു കൊണ്ടുവരുന്ന കാളകളുടെ വായയും മൂക്കും ചേര്‍ത്തു മൂടിക്കെട്ടിയിരുന്നു. തൊട്ടടുത്തുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

എന്നാല്‍ മനുഷ്യര്‍ ആധുനിക രീതിയിലുള്ള കവചങ്ങള്‍ ധരിക്കുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്താനാണ്. തൊട്ടതിലെല്ലാം മായം ചേര്‍ത്തും മായം നിറഞ്ഞ ഭക്ഷണം കഴിച്ചും പ്രകൃതിയില്‍ നിന്ന് അകന്നു ജീവിക്കുമ്പോള്‍ ശരീരം രോഗാതുരമാകുന്നു. മണ്ണിനെ നശിപ്പിക്കാതെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് മണ്ണിനോടു ചേര്‍ന്നു ജീവിച്ചാല്‍ ശരീരത്തിനു പ്രതിരോധശേഷി വര്‍ധിക്കുമെന്നും രോഗങ്ങളെ അകറ്റി നിര്‍ത്താനാകുമെന്നുമാണ് ഇടുക്കി ഉടുമ്പന്നൂര്‍ കരിമണ്ണൂര്‍ കരിമ്പംകയം കൈതവേലില്‍ ജോസിന്റെ അഭിപ്രായം. അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ഉത്പാദിപ്പിച്ചെടുക്കുന്ന പഴങ്ങളും കിഴങ്ങുവിളകളും പച്ചക്കറികളും നിത്യേന ഉപയോഗിക്കുന്ന ശീലമുണ്ടായാല്‍ മാസ്‌ക് ധിരിക്കേണ്ടിവരില്ലെന്ന് നാല്ലതു വര്‍ ഷത്തെ കൃഷി ജീവിതം കൊണ്ട് തെളിയിക്കുകയാണ് ജോസ്.

ജീവിക്കുന്നിടത്തോളം പൂര്‍ണ ആരോഗ്യവാനായിരിക്കണമെന്ന കാഴ്ചപ്പാടാണ് ജോസിന്. ഇതിനായാണ് ഇദ്ദേഹം കൃഷിചെയ്യുന്നത്. മൂന്നര ഏക്കര്‍ സ്ഥലത്ത് സമ്മിശ്ര കൃഷിയാണ്. ഇടുക്കി ജില്ലയില്‍ വളരുന്ന നല്ലൊരു ശതമാനം വിളകളും ഇദ്ദേഹം കൃഷി ചെയ്തിട്ടുണ്ട്. നാനൂറ് കൊക്കോച്ചെടികളോടൊപ്പം 25-ല്‍പരം ജാതിയും ഗ്രാമ്പൂവും നാടന്‍ കാപ്പിയും തെങ്ങുകളും ഈ പറമ്പിലുണ്ട്. 200-ല്‍ പരം റബര്‍ മരങ്ങളുള്ള ഈ കൃഷിയിടത്തിലെ പ്രധാന സുഗന്ധവിള കുരുമുളകു തന്നെയാണ്. കരിമുണ്ട, വെള്ളനാമ്പ, ആര്‍ക്കാട്, ചെപ്പുകുളം കൊടി എന്നീ ഇനങ്ങളിലായി 600 ല്‍പരം ചുവട് കുരുമുളകുണ്ട്. വിളവു തുടര്‍ച്ചയായി കുറഞ്ഞാല്‍ കൊടി നശിപ്പിച്ച് പുതിയതു നടുന്ന രീതിയാണുള്ളത്. മൂന്നു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ പ്രായമുള്ള കൊടികള്‍ ഇവിടെയുണ്ട്.


വാഴ, കാച്ചില്‍, ചേമ്പ്, എന്നിവയോടൊപ്പം വിവിധതരം പച്ചക്കറികളും വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്നു. കൂടുതലുള്ളത് ആവശ്യക്കാര്‍ക്കു നല്‍കുന്നു. നന പൊതുവേ ഇല്ല. പുതയിട്ട് വിളകളെ വേനലില്‍ സംരക്ഷിക്കുന്നു. വര്‍ഷത്തില്‍ ഒരു വളപ്രയോഗം മാത്രമാണ് വിളകള്‍ക്കെല്ലാം നല്‍ കുന്നത്. ചാണകമോ കോഴിക്കാഷ്ഠമോ ആണ് പ്രധാന വളം. പറമ്പു കിളച്ചൊരുക്കുന്ന രീതിയില്ല. കളകള്‍ വീശി ഒതുക്കുകയാണു പതിവ്. എന്നും കൃഷിയിടത്തിലൂടെ സഞ്ചരിച്ച് വിളകളെ പരിപാലിക്കുന്നു. കര്‍ഷകന്റെ സമീപ്യം ചെടികളുടെ വളര്‍ച്ചയ്ക്ക് ഉത്തേജകമാണ്. കൂടുതല്‍ സമയം മൂക്കും വായും മൂടിക്കെട്ടിയ മാസ്‌ക് ധരിച്ചു നടക്കുമ്പോളുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ തടയാന്‍ കൃഷിയിടത്തിലേക്ക് ഇറങ്ങണമെന്നും ജോസ് പറയുന്നു. പ്രകൃതി സൗഹൃദ കൃഷിയിടങ്ങളില്‍ നിന്ന് ആരോഗ്യമുള്ള വായു ശ്വസിക്കാന്‍ കഴിയും. ഇന്ന് നേരെ ചൊവ്വേ ശ്വാസോച്ഛ്വാസം ചെയ്യാനും സ്വതന്ത്രമായി നടക്കാനും കഴിയുന്ന ഏക സ്ഥലം പ്രകൃതി സൗഹൃദകൃഷിയിടങ്ങളും പരിസരവും മാത്രമാണെ ന്നാണ് ജോസിന്റെ അഭിപ്രായം. മുഖംമൂടി അഴിച്ചുവയ്ക്കാന്‍ കഴിയുന്നതരത്തിലേക്കു കടന്നുചെല്ലാന്‍ എല്ലാവരും അല്പം കൃഷിയെങ്കിലും ചെയ്യണമെന്നാണ് ഇദ്ദേഹത്തിന്റെ അപേക്ഷ.
ഫോണ്‍: ജോസ്- 9496075790.

നെല്ലി ചെങ്ങമനാട്‌