തയാറെടുക്കാം, തേന്‍ കൊയ്ത്തിന്
ജനുവരി മുതല്‍ ഒരു മികച്ച തേന്‍കാലത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് തേനീച്ച കര്‍ഷകര്‍. മികച്ച ഇലശേഖരമുള്ള റബര്‍ തോട്ടങ്ങള്‍ തെരഞ്ഞെടുത്തു തേനീച്ചകൂടുകളെ വിന്യസിച്ചു കഴിഞ്ഞു പലരും. നമ്മുടെ സംസ്ഥാനത്തു വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഇന്ത്യന്‍ അഥവാ ഞൊടിയന്‍ തേനീച്ചയില്‍ നിന്ന് കൂടൊന്നിന് 15-20 കിലോഗ്രാം തേന്‍ ലഭിക്കും. കേരളത്തിലെ തേനിന്റെ അക്ഷയഖനിയാണ് ഇവിടത്തെ എട്ടു ലക്ഷം ഹെക്ടര്‍ വരുന്ന റബര്‍ തോട്ടങ്ങള്‍. ആയിരക്കണക്കിനു തേനീച്ചകൂടുകള്‍ മാറ്റിവച്ച് അടിതട്ടിനുമുകളില്‍ തേന്‍ തട്ടുകള്‍ സ്ഥാപിക്കാനുള്ള തിടുക്കത്തിലാണ് കര്‍ഷകര്‍. ഈ തട്ടുകളില്‍ രൂപപ്പെടുന്ന വേലക്കാരി തേനീച്ചയുടെ എണ്ണമനുസരിച്ചായിരിക്കും വിളവ് അഥവാ തേനുത്പാദനം.

ജനുവരി-ഫ്രെബ്രുവരി മാസത്തില്‍ റബര്‍ തോട്ടങ്ങളിലെ സ്വാഭാവിക ഇലപൊഴിച്ചിലിനെ തുടര്‍ന്നു ഫെബ്രുവരി മാസങ്ങളില്‍ പുതിയ തളിരിടുന്നു. പകുതി മൂപ്പെത്തിയ ഇലകളുടെ തണ്ട് ആരംഭിക്കുന്ന സ്ഥലത്തുകാണുന്ന മൂന്നു ഗ്രന്ഥിയില്‍ നിന്നു തേന്‍ കിനിയാന്‍ തുടങ്ങുന്നതോടെ തേനീച്ചയുടെ വസന്തകാലം ആരംഭിക്കുകയായി. മേയ് മാസം വരെ നീണ്ടു നില്ക്കുന്ന തേന്‍ ചൊരിയല്‍ ഇലകള്‍ മൂപ്പെത്തുന്നതോടെ അവസാനിക്കും. രാവിലെ ആറു മുതല്‍ 10 വരെയുള്ള സമയത്താണ് ഏറ്റവും കൂടുതല്‍ തേന്‍ കിനിയുന്നത്. ഹെക്ടറൊന്നിന് 10 തേനീച്ച കോളനികള്‍ എന്ന തോതില്‍ വ്യാപിപ്പിച്ചു സ്ഥാപിക്കുന്നത് മെച്ചപ്പെട്ട വിളവെടുപ്പിനു സഹായിക്കും.

തേന്‍ ശേഖരണം

തേന്‍ സ്രോതസ് കണ്ടെത്താന്‍ നിയോഗിക്കപ്പെടുന്നത് 21 ദിവസത്തിലധികം പ്രായമുള്ള നിരീക്ഷകരായ വേലക്കാരി തേനീച്ചകളാണ്. ഇവര്‍ ആദ്യമായി കൂടിനുചുറ്റും 100 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവില്‍ തേന്‍ സ്രോതസിനു വേണ്ടി പരിശോധന നടത്തും. സുഗന്ധം, നിറം എന്നിവ സ്രോതസ് കണ്ടെത്തുന്നതിനു സഹായിക്കും. കൂടിന് ഏറ്റവും അടുത്തുള്ള സ്രോതസാണ് ഈച്ചകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അടുത്തെങ്ങും മധു ലഭ്യമല്ലെങ്കില്‍ മാത്രം ദൂര സ്ഥലത്തേക്കു പോകുന്നു. സ്രോതസ് കണ്ടെത്തിയാല്‍ കൂട്ടിലെത്തി നൃത്തരീതികളിലൂടെ തേന്‍ശേഖരിക്കാന്‍ തയാറായിരിക്കുന്ന മറ്റു വേലക്കാരി ഈച്ചകള്‍ക്കു വിവരം കൈമാറും. ലക്ഷ്യം മനസിലാക്കുന്ന ഈച്ചകള്‍ വഴിതെറ്റാതെ സ്രോതസ് കണ്ടെത്തി സ്ഥലത്തെത്തുകയും തേന്‍ ശേഖരിക്കുകയും ചെയ്യുന്നു. ഒരു പ്രാവശ്യം 20 മില്ലിഗ്രാം മധുവരെ വഹിച്ചു കൊണ്ടുവരാന്‍ ഒരു വേലക്കാരി തേനീച്ചയ്ക്കു കഴിയും. അതായത് ശരീരഭാരത്തിന്റെ 80 ശതമാനം. ഒരു ലോഡിനായി 150-300 സന്ദര്‍ശനം വരെ നടത്താറുണ്ട്. ഒരു സമയം ഒരു തരം ചെടികളേ സന്ദര്‍ശിക്കൂ എന്നതും വിചിത്രമാണ്.

റബറിലെ ഇലകളിലുള്ള പുഷ്‌പേതര ഗ്രന്ഥിയില്‍ നിന്ന് ഊറി വരുന്ന മധുരദ്രാവകം തേനീച്ച ശേഖരിച്ച് ഹണി സ്റ്റൊമക്കില്‍ വച്ച് ഇന്‍വെര്‍ട്ടേഴ്‌സ്, ഡയാസ്റ്റേഴ്‌സ് എന്നീ എന്‍സൈമുകളുടെ സഹായത്തോടെ ഗ്ലൂക്കോസ്, ഫ്രക്‌ടോസ് എന്നീ ലഘു പഞ്ചസാരകളാക്കി കൂടിനുള്ളിലെ വേലക്കാരി ഈച്ചകള്‍ക്കു കൈമാറുന്നു. ഇതിനെ ടൊഫൈലാക്‌സിസ് എന്നാ ണ് അറിയപ്പെടുന്നത്. തുടര്‍ന്നു തേനറകളില്‍ നിക്ഷേപിക്കുന്ന തേനിന് ഗാഢത വളരെ കുറവായിരിക്കും. തേനീച്ചകള്‍ ഗാഢതയുള്ള തേനാക്കി മാറ്റി പാകപ്പെടുത്തിയശേഷം തേനീച്ചയുടെ ഉദരത്തിലെ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മെഴുക് ഉപയോഗിച്ച് അടച്ചു സൂക്ഷിക്കുന്നു. ഈ തേനില്‍ വിവിധയിനം പഞ്ചസാരകള്‍ കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍, മാംസ്യം, ധാതുക്കള്‍, ജീവകങ്ങള്‍, രാസാ ഗ്നികള്‍, അമിനോ അമ്‌ളങ്ങള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. റബര്‍ തേന്‍ ഏറെ മികവുള്ള മോണോഫ്‌ളോറല്‍ തേനാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തേന്‍കാല പരിചരണം

* അഞ്ചുദിവസം ഇടവിട്ട് കൂടുകള്‍ തുറന്നു പരിശോധിച്ച് അടിത്തട്ടില്‍ രൂപപ്പെടുന്ന റാണി സെല്ലുകളെ നശിപ്പിച്ചുകളയണം.

* വര്‍ധിച്ച തോതില്‍ ആണീച്ച മുട്ടകളുണ്ടെങ്കില്‍ അടകളെ നശിപ്പിച്ചു കളയണം. ഇത്തരത്തിലുള്ള അടകളെ തേന്‍ തട്ടുരൂപപ്പെടുത്താനായി വെട്ടി സൂപ്പറില്‍ മാറ്റി നല്‍കാ വുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളം സ്‌പ്രേ ചെയ്ത് പുഴുക്കളെ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

* തേനെടുക്കാന്‍ കൂടുകള്‍ സജ്ജമാക്കുമ്പോള്‍ തേന്‍ തട്ടിലെ മേല്‍ മൂടി (ടോപ്പ് കവര്‍) സൂക്ഷ്മതയോടെ എടുത്ത് ഒരു സ്റ്റൂളിലോ നിലത്തോ സൗകര്യപ്രദമായി കമഴ്ത്തി വയ് ക്കുക. ഈച്ചയ്ക്ക് അനക്കമോ-ആഘാതമോ തട്ടാതെ അതിനു മുകളില്‍ ഒന്നാമത്തെ തേന്‍തട്ട് മെല്ലെ തട്ടിനെ ചുറ്റിച്ച് എടുത്തു വയ്ക്കുക. അടുത്ത തേന്‍ തട്ടുകളും സൂക്ഷ്മതയോടെ ഇറക്കി അതിനു മുകളില്‍ സുരക്ഷിതമായി വയ്ക്കുക.

* അടിത്തട്ടിലെ ആറ് അടകളും ഓരോന്നായി എടുത്ത് പരിശോധിച്ച് റാണി സെല്‍ ഇല്ലെന്നുറപ്പാക്കണം.

* അടിത്തട്ടിലെ ബോട്ടം ബോര്‍ഡ് ബ്രഷ് കൊണ്ട് വൃത്തിയാക്കണം.

* താഴെയിറക്കി വച്ചിരിക്കുന്ന തേന്‍തട്ടില്‍ നിന്ന് അടകളെടുത്ത് ഫ്രേമിലുള്ള ഈച്ചകളെയും സാവധാനം കുടഞ്ഞ് ഒഴുവാക്കണം.

* ഇരുവശങ്ങളിലെയും മെഴുകു സീലുകള്‍ തേനട കത്തി ഉപയോഗിച്ച് ലോലമായി അരിഞ്ഞു മാറ്റണം.

$ ഈ തേനടകള്‍ തേനെടുക്കല്‍ യന്ത്രത്തിന്റെ കമ്പി വലയ്ക്കുള്ളില്‍ ഇറക്കി വച്ചശേഷം ലിവര്‍ കറക്കുമ്പോള്‍ ഹണി കോമ്പില്‍ നിന്നു യന്ത്രത്തിന്റെ വശങ്ങളില്‍ തേന്‍ തെറിച്ചുവീഴും. തേനടകള്‍ വശം മാറ്റിയിട്ട് വീണ്ടും ലിവര്‍ കറക്കുമ്പോള്‍ രണ്ടുവശത്തുള്ള അറകളിലെയും തേന്‍ മുഴുവന്‍ ഊറിയെത്തും. തേന്‍ മാറ്റിയ അടകള്‍ അതേ കൂടില്‍ തന്നെ വീണ്ടും വയ്ക്കണം. ഇപ്രകാരം എല്ലാ തേന്‍ തട്ടുകളില്‍ നിന്നു തേന്‍ ശേഖരിച്ചു കഴിഞ്ഞാലുടനെ അടിതട്ടിനു മുകളില്‍ നേരത്തെ വച്ചിരുന്ന രീതിയില്‍ തേന്‍ തട്ടുകള്‍ വച്ച് കെട്ടി സുരക്ഷിതമാക്കണം. അനുകൂല കാലാവസ്ഥയില്‍ ഏഴെട്ടു ദിവസം ഇടവിട്ട് 5-6 പ്രാവശ്യം തേനെടുക്കാം.


* തയാറാക്കുന്ന തേന്‍ തട്ടുകളില്‍ ആറ് അടകള്‍ നല്‍കുന്നത് തേനിലെ ജലാശം കാര്യമായി കുറയ്ക്കാന്‍ സഹായിക്കും.


തേനിന്‍റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍

* വാണിജ്യാടിസ്ഥാനത്തില്‍ തേന്‍ ശേഖരണം ആരംഭിക്കുന്നതിനു മുമ്പായി വളര്‍ച്ചാക്കാലത്ത് തേനീച്ചയ്ക്കു ഭക്ഷണമായി നല്‍കിയ പഞ്ചസാര ലായനിയുടെ അംശം എക്‌സ്ട്രാക്റ്റു ചെയ്തു മാറ്റണം. ഇത് തേനില്‍ ഷുഗര്‍ സിറപ്പിന്റെ അംശം ഒഴിവാക്കാന്‍ സഹായിക്കും. തുടര്‍ന്നുവരുന്ന ക്ഷാമകാലത്ത് ഇത് തേനീച്ചയ്ക്ക് ഭക്ഷണമായി നല്‍കാനുമാകും.

* അടിതട്ടിനു മുകളില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന തേന്‍ തട്ടുകളില്‍ നിന്നുമാത്രമേ തേനെടുക്കാവു. അടിത്തട്ടില്‍ നിന്ന് ഒരു കാരണവശാലും തേന്‍ ശേഖരിക്കാന്‍ പാടില്ല. അടിത്തട്ടില്‍ നടക്കുന്ന പുഴു വളര്‍ത്തല്‍ പ്രകൃയയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണിത്.

* തേനെടുക്കുമ്പോള്‍ മാസ്‌കും കൈ ഉറകളും ധിരിക്കണം.

* തേനെടുക്കല്‍ യന്ത്രം (എക്‌സ്ട്രാക്ടര്‍) ഉപയോഗിച്ചു വേണം തേന്‍ ശേഖരിക്കാന്‍.

* തേനെടുക്കല്‍ യന്ത്രങ്ങള്‍, പാത്രങ്ങള്‍, കത്തികള്‍ ഇവ ചൂടുവെള്ളത്തില്‍ കഴുകി ഉണക്കി എന്നു ഉറപ്പുവരുത്തണം.

* സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ അഥവാ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഉപകരണങ്ങളും പാത്രങ്ങളുമായിരിക്കണം തേനെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കേണ്ടത്.

* ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ടിന്നുകളും പാത്രങ്ങളും ഉപയോഗിക്കുന്നത് തേനില്‍ ലോഹ മാലിന്യങ്ങള്‍ അടിയുന്നതിനിടയാക്കും.

* തേനീച്ച പാകപ്പെടുത്തി 75 ശതമാനമെങ്കിലും മെഴുകകൊണ്ട് അടച്ച തേനടകളില്‍ നിന്നു മാത്രമേ തേനെടുക്കാവൂ. ഇത് തേനിലെ ജലാംശം കുറയ്ക്കാന്‍ സഹായിക്കും. 4-5 ദിവസം ഇടവിട്ട് തേനെടുക്കുന്ന രീതി മാറ്റി 7-8 ദിവസമാക്കുന്നത് തേനിന്റെ മികവു വര്‍ധിപ്പിക്കും. ഇത് തേനിനു മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനു പുറമെ തേന്‍ പുളിക്കല്‍, തേന്‍ കട്ടപിടിക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമാകും.

* തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നിടത്തു നിന്നു കഴിയുന്നത്ര ദൂരത്തു വച്ചുവേണം തേനെടുക്കേണ്ടത്. തേനെടുക്കല്‍ യന്ത്രത്തില്‍ നിന്നു സംഭരണികളിലേക്ക് പകരുന്നതിനു മുമ്പ് നല്ല അരിപ്പയില്‍ തേന്‍ അരിക്കണം. മെഴുകിന്റെ അംശങ്ങള്‍, തേനീച്ചകള്‍, ലാര്‍വകള്‍ എന്നിവ തേനില്‍ വീണിട്ടുണ്ടെങ്കില്‍ മാറ്റാന്‍ ഇതു സഹായിക്കും. തേന്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഇതു സഹായിക്കും. കോവിഡിനെതിരേ പ്രതിരോധം വര്‍ധിപ്പിക്കാന്‍ തേന്‍ മൂല്യവര്‍ധന നടത്തണം. ചൂടാക്കാത്ത 'റോ ഹണി' യില്‍ നിന്നു നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് മൂല്യം കൂടുതലാണ്.

ചൈനീസ് പഞ്ചസാര ചേര്‍ന്ന കോര്‍പ്പറേറ്റുകളുടെ തേന്‍ ബഹിഷ്‌കരിച്ച് കേരളത്തിലെ തേനീച്ച ശേഖരിക്കുന്ന തേന്‍ ഉപയോഗം നമുക്ക് പ്രോത്സാഹിപ്പിക്കാം.

പണ മധുരമുള്ള തേനീച്ച വളര്‍ത്തല്‍

തേനീച്ചകള്‍ നമ്മുടെ സുഹൃത്തുക്കളും അന്നദാതാക്കളുമാണെന്നാണ് പാലക്കാട് ആനക്കര നയ്യൂരിലെ അമീര്‍ഫൈസല്‍ പറയുന്നത്. പരിസര വാസികള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഭീഷണിയായി മാറാവുന്ന തേനീച്ച കൂടുകളെ കുറിച്ചറിഞ്ഞാല്‍ അമീര്‍ ഫൈസല്‍ ഓടിയെത്തും. ശാസ്ത്രീയ പരിശീലനത്തിലൂടെ ലഭിച്ച അനുഭവത്തഴക്കത്തോടെ വളരെ സുരക്ഷിത മായി അവയെ വളര്‍ത്തു തേനീച്ചകളാക്കും.

മുഖാവരണം മാത്രമിട്ടു കൊണ്ട് തേനടകള്‍ പതുക്കെ അടര്‍ത്തും. പിന്നീടിവയെ തേനീച്ചപ്പെട്ടിയിലേക്കു മാറ്റും. സ്ഥിരമായി കൂടുവയ്ക്കുന്ന മുണ്ട്ര ക്കോടുള്ള റബര്‍ തോട്ടത്തിലേക്കു രാത്രിയിലാണു മാറ്റുന്നത്.

സീസണായാല്‍ ഇരുപതു കിലോ വരെ തേന്‍ ഓരോ പെട്ടിയില്‍ നിന്നു ലഭിക്കുന്നു. കിലോയ്ക്ക് അ ഞ്ഞൂറു രൂപ വരെ ലഭിക്കുന്നു. ചെറു തേനീച്ചക്കോളനികള്‍ വീടി നോടു ചേര്‍ന്നാണു സ്ഥാ പിച്ചി രിക്കുന്നത്. തേനീച്ചകളുടെ സഞ്ചാര ദിശയറിഞ്ഞ് സ്‌നേഹ ത്തോടെയുള്ള ഇടപെടലും മനസുറപ്പും ചെറിയൊരു മുതല്‍ മുടക്കുമുണ്ടെങ്കില്‍ തേനീച്ച വളര്‍ത്തലിലേക്ക് ആര്‍ക്കും കടന്നുവരാം. റബര്‍ തോട്ടങ്ങ ളുള്ളവര്‍ക്ക് വലിയ മുതല്‍ മുടക്കില്ലാതെ അധിക സാമ്പത്തിക നേട്ടവും തേനീച്ച വളര്‍ ത്തലിലൂടെ നേടാം. ചെറുതേനീ ച്ചയോടു തോന്നിയ കൗതുക ത്തില്‍ തേനീച്ച വളര്‍ത്തലിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ച അമീര്‍ ഫൈസലിന് മലപ്പുറം, തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നാണ് ശാസ്ത്രീയ പരിശീലനം ലഭിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന തേനീച്ച വളര്‍ത്തലിലൂടെ മികച്ച സാമ്പ ത്തിക വിജയം നേടിയിരി ക്കുകയാണ് അമീര്‍ ഫൈസല്‍.ഫോണ്‍: അമീര്‍ ഫൈസല്‍ 960 51 09 852, 974 68 29 852.

ഡോ. സ്റ്റീഫന്‍ ദേവനേശന്‍
മുന്‍ മേധാവി, ഡീന്‍, തേനീച്ച പരാഗണ ഗവേഷണവിഭാഗം, കേരള കാര്‍ഷിക സര്‍വകലാശാല
ഫോണ്‍: 9400 18 5001.