ആടു നല്‍കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന്‍ ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട്ടനാടുമായി തുടങ്ങിയ സംരംഭം ഇന്ന് നാല്‍പ്പത് ആടുകളിലെത്തി നില്‍ക്കുന്നു. മുട്ടനാടുകളെ കിലോയക്ക് 350 രൂപയ്ക്കാണു വില്‍ക്കുന്നത്. കോട്ടയം നെടുംകുന്നം നെടുമണ്ണിയിലെ ഇദ്ദേഹത്തിന്റെ കരയില്‍ കുഴിയാത്ത് വീട്ടിലെ ആട്ടിന്‍ കൂട് ലളിതമാണ്. പനയും മറ്റുമുപയോഗിച്ചാണ് അടിത്തട്ട് തീര്‍ത്തിരിക്കുന്നത്. തറയില്‍ നിന്ന് അഞ്ചടി ഉയരത്തിലാണ് ആടുകള്‍ നില്‍ക്കുന്നത്. താഴെ വീഴുന്ന ആട്ടിന്‍കാഷ്ഠം ശേഖരിച്ചു നെടുമണ്ണി ഇക്കോഷോപ്പിലൂടെ വില്‍ക്കുന്നു. കാര്‍ഷിക മേഖലയായതുകൊണ്ട് ആട്ടിന്‍കാഷ്ഠത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ആട്ടിന്‍കാഷ്ഠവും മൂത്രവും ചേര്‍ന്ന കൂട്ടിലെമിശ്രിതം ചെടികള്‍ക്ക് ഒരു ജൈവടോണിക്കാണെന്നു പച്ചക്കറി കര്‍ഷകര്‍ പറയാറുണ്ട്. കപ്പ, ചേന, വാഴ, കുരുമുളക്, കാപ്പി, തീറ്റപ്പുല്ല്, പച്ചക്കറി മുതലായ കൃഷികള്‍ക്കെല്ലാം ആട്ടിന്‍കാഷ്ഠവും മൂത്രവും ചേര്‍ന്ന മിശ്രിതമാണ് വളമായി നല്‍കുന്നത്.

കൂടിനുള്ളില്‍ തീറ്റയും വെള്ളവും ലഭ്യമാക്കുന്നതിനൊപ്പം ദിവസവും 3-4 മണിക്കൂര്‍ അഴിച്ചു വിട്ടു തീറ്റിക്കുന്നു. പുരയിടത്തിലുള്ള ഔഷധസസ്യങ്ങളായ തൊട്ടാവാടി, കുറുന്തോട്ടി, കൊടിവേലി, തുളസി, പെരിയിലം, ഇരുവേലി ഇവയെല്ലാം ആടുകള്‍ ഭക്ഷിക്കും. നാം കളയെന്നു കരുതുന്ന പല സസ്യങ്ങളും ഔഷധഗുണമുള്ളവയാണ്. ഇവ ആടുകളുടെ ഇഷ്ടഭക്ഷണവുമാണ്. ഇവയൊക്കെ ആഹരിക്കുന്ന ആട്ടിന്‍ കുട്ടികള്‍ യഥാര്‍ഥത്തില്‍ ഔഷധകൂടാണ്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വിലയുടെ കാരണവും മറ്റൊന്നല്ല.

ചെറുകിട വ്യവസായമായും വന്‍കിട ഫാമായും ആടു വളര്‍ത്തലിനെ കാണുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പ്രതിരോധശേഷി കൂടുതലുള്ള മലബാറി ആടുകളെയാണ് കുറുവച്ചന്‍ വളര്‍ത്തുന്നത്. ഒരു പ്രസവത്തില്‍ രണ്ടും അതി ലധികവും കുട്ടികള്‍ക്കു ജന്മം നല്‍കാനുള്ള കഴിവും ഇവയ്ക്കു സ്വന്തം. ആട്ടിന്‍കുട്ടികള്‍ക്കു കുടിക്കാനായി പാല്‍ നല്‍കുന്നതിനാല്‍ കറവയില്ല.

ആടിനെ കുളിപ്പിക്കേണ്ട, കൂടു കഴുകേണ്ട, പച്ചിലകള്‍ ഭക്ഷിച്ച് പുരയിടം വൃത്തിയാക്കും ഇവയൊക്കെയാണ് ആടു വളര്‍ത്തലിന്റെ പ്രത്യേകതകളെന്ന് കുറുവച്ചന്‍ പറയുന്നു.


ജനിച്ച് അരമണിക്കുറിനകം ആട്ടിന്‍കുട്ടികള്‍ക്ക് കന്നിപ്പാല്‍ നല്‍കും. മുപ്പതു ദിവസം വരെ ആട്ടിന്‍പാല്‍ മാത്രമാണു ഭക്ഷണം. ഒരു മാസത്തിനുശേഷം പുല്ലും മറ്റു ഖരതീറ്റകളും കൊടുത്തു തുടങ്ങും. ശരാശരി 150 ദിവസമാണ് ആടുകളുടെ ഗര്‍ഭകാലം. മലബാറി ആടുകള്‍ രണ്ടു വര്‍ഷത്തില്‍ മൂന്നു തവണ പ്രസവിക്കും. മലബാറി ആടുകളെ തെരഞ്ഞെടുക്കാനുള്ള കാരണവും ഇതുതന്നെയാണ്. കൂട്ടിലും പരിസരത്തുമായി തുള്ളിച്ചാടി നടക്കുന്ന ആട്ടിന്‍ കുട്ടികള്‍ കുറുവച്ചനെ പോലെ മറ്റുള്ളവര്‍ക്കും സന്തോ ഷം പ്രദാനം ചെയ്യുന്നു. ഒരു മാസം മുതല്‍ ആട്ടിന്‍ കുട്ടികള്‍ പുല്ലും മറ്റു ഖരആഹാരങ്ങളും കഴിച്ചു തുടങ്ങും. കൃത്യമായ ഇടവേളകളില്‍ വിരമരുന്നു നല്‍കാനും ഇവര്‍ മറക്കില്ല. ആട്ടിന്‍പാല്‍ മുഴുവന്‍ കുട്ടികള്‍ കുടിക്കുന്നതിനാല്‍ ഇവയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലാ ണ്. ഓമനകളായി താലോലിച്ചും തലോടിയും ചീകിയും തുടച്ചും വളര്‍ത്തുന്നതിനാല്‍ പേന്‍, ചെള്ള് തുടങ്ങിയവ ആട്ടിന്‍കുട്ടികളുടെ ദേഹത്തു കാണില്ല. ഇറച്ചിക്കായി മുട്ടനെ വില്‍ക്കുന്നതില്‍ അല്‍പം മനപ്രയാസമൊക്കെ തോന്നും. ഇവിടത്തെ പെണ്‍ ആട്ടിന്‍ കുട്ടികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ആടു ഫാമിന്റെ കാര്യങ്ങളില്‍ കുറുവച്ചന്റെ കൂടെ സുഹൃത്തും അയല്‍വാസിയുമായ അഞ്ചുപങ്കില്‍ ബേബിച്ചനും കുടുംബവുമുണ്ട്. അഞ്ചേക്കര്‍ റബര്‍ തോട്ടത്തില്‍ മേയുന്ന ആടുകള്‍ നയനാനന്ദകരമായ കാഴ്ചയാണ്. ആട്ടിന്‍ തീറ്റയ്ക്കായി കൃഷിയും നടത്തുന്നു.


സമ്മിശ്ര കൃഷി എന്‍ജിനീയറിംഗ്

മുംബൈ സെന്‍ട്രല്‍ റയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറായിരുന്നു കുറുവച്ചന്‍. വോളണ്ടറി റിട്ടയര്‍മെന്റെ ടുത്ത് നാട്ടില്‍ വന്നപ്പോള്‍ പ്രായമായ മാതാപിതാക്കള്‍ക്ക് ഒരു താങ്ങാകണമെന്നേ കരുതിയുള്ളൂ. ദിവസങ്ങള്‍ തള്ളിനീക്കല്‍ വിരസമായപ്പോഴാണ് ആടുവളര്‍ത്തല്‍ തുടങ്ങിയത്. അതോടൊപ്പം മുട്ടക്കോ ഴി, താറാവ്, കരിങ്കോഴി, നാടന്‍കോഴി തുടങ്ങിയവയും വളര്‍ത്താനാരംഭിച്ചു. മുട്ടവില്‍പ്പനയും നല്ല രീതിയില്‍ നടത്തുന്നു. ഒരു ചെറിയ മീന്‍കുളവും കുറുവച്ചന്റെ വീട്ടുമുറ്റത്തുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭാര്യ മേര്‍ളിയുടെയും മക്കളായ അനിറ്റ, ഐറിന്‍ എന്നിവരുടെയും പിന്തുണയുള്ളതുകൊണ്ടാണ് എല്ലാം ഭംഗിയായി നടക്കുന്നത്.

നെടുമണ്ണി ജൈവ കര്‍ഷകസംഘം എന്ന കര്‍ഷക കൂട്ടായ്മ യാണ് ഇതിനെല്ലാം പ്രചോദനമായതെന്നു കുറുവച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം ഓര്‍ഗാനിക് പച്ചപ്പ് എന്ന വാട്‌സാപ്പ് കൂട്ടായ്മ വഴിയും മുട്ടയും മറ്റുത്പന്നങ്ങളും വിറ്റഴിക്കുന്നു. നെടുംകുന്നം മൃഗാശുപത്രിയിലെയും കൃഷിഭവനിലെയും ജീവനക്കാര്‍ സഹായിക്കുന്നുണ്ടെന്നും കുറുവച്ചന്‍ പറഞ്ഞു.

ഇവയ്ക്കു പുറമെ ആട്ടിന്‍കാഷ്ഠം ഒരുത്തമ ജൈവവളവുമാണ്. രാസകൃഷിയില്‍ നിന്നു ജൈവകൃഷിയിലേക്കു കര്‍ഷകര്‍ ചുവടെടുത്തു വച്ചപ്പോള്‍ ഏറ്റവും മികച്ച ജൈവവളമായി കണ്ടത് ആട്ടിന്‍ കാഷ്ഠമാണ്. ആട്ടിന്‍ കാഷ്ഠത്തില്‍ അടങ്ങിയിരിക്കുന്ന മൂന്നു ശതമാനം നൈട്രജന്‍, ഒരു ശതമാനം ഫോസ്ഫറസ് രണ്ടു ശതമാനം പൊട്ടാസ്യം എന്നിവ ജൈവകൃഷിക്ക് അനുയോജ്യമാണ്. ഉയര്‍ന്ന അളവിലുള്ള നൈട്രജന്‍ പച്ചക്കറി കൃഷിയിലെ വളര്‍ച്ച ത്വരിതപ്പെടുത്താനും 20 ശതമാനത്തോളം വിള വര്‍ധവിനും സഹായിക്കുന്നു.

വി.ഒ. ഔതക്കുട്ടി
ഫോണ്‍: 9745322416