ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്‌സറിക്കൊപ്പം 'കൃഷി വിജ്ഞാന്‍ ഭവന്‍' എന്നപേരില്‍ കൃഷി വായനശാല, സ്‌കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക പരിശീലനം, ഒപ്പം നഴ്‌സറിയുടെ പ്രവര്‍ത്തനങ്ങളും. ആലപ്പുഴ കലവൂരുള്ള ലിറ്റില്‍ഫ്‌ളവര്‍ നഴ്‌സറിയാണ് ഈ വിധത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പി.സി. വര്‍ഗീസും ലിറ്റില്‍ഫ്‌ളവര്‍ നഴ്‌സറിയും കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് പരിചിത പേരുകളാണ്. പരേതനായ പി.സി. വര്‍ഗീസിന്റെ മകന്‍ എ.വി. സുനിലിന്റെ നേതൃത്വത്തിലാണ് നഴ്‌സറി മുന്നേറുന്നത്.

ഹരിതാഭമായ ലൈബ്രറി

നഴ്‌സറിയുടെ ഓഫീസിനു പിറകിലായി വെര്‍ട്ടിക്കല്‍ ഗാര്‍ഡനാല്‍ മനോഹരമാക്കിയ കെട്ടിടത്തിനുള്ളിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. 'കൃഷി വിജ്ഞാന്‍ ഭവന്‍'- എന്നാണ് ഔദ്യോഗിക വിളിപ്പേര്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 6.30 വരെ ആര്‍ക്കും ഇവിടെത്തി കാര്‍ഷിക പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാം. കാര്‍ഷിക സര്‍വകലാശാലയുടെ 'കൃഷി പാക്കേജ് ഓഫ് പ്രാക്ടീസും' ഇവിടെ വായനയ്ക്കു ലഭ്യമാണ്. വിവിധ സര്‍വകലാശാലകളുടെയും വിദഗ്ധരുടെയും 3000 ത്തിലധികം പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. സംശയങ്ങളുണ്ടെങ്കില്‍ തീര്‍ക്കാന്‍ നേരിട്ടും ഫോണിലും വിദഗ്ധരും റെഡി. സംശയ ദുരീകരണത്തിനുള്ള ക്രമീകരണങ്ങള്‍ നഴ്‌സറിയില്‍ നിന്നു ചെയ്തു തരും. 'പി.സി വര്‍ഗീസ് ഫൗണ്ടേഷന്‍' എന്ന പ്രസ്ഥാനത്തിനു കീഴിലാണ് ലൈബ്രറി. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് അസോസിയേറ്റ് ഡയറക്ടറായി വിരമിച്ച ഡോ. ആര്‍.ആര്‍. നായരാണ് ഫൗണ്ടേഷന്‍ പ്രസിഡന്റ്. രവി പാലത്തിങ്കല്‍, സ്ഥാപന ഉടമ സുനില്‍ എന്നിവര്‍ യഥാക്രമം സെക്രട്ടറിയും ട്രഷററുമാണ്.

കൃഷിയില്‍ പ്രായോഗിക പരിശീലനം

വിഎച്ച്എസ്ഇ, ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം വിത മുതല്‍ വിളവെടുപ്പുവരെ പത്തു ദിവസത്തെ പ്രായോഗിക പരിശീലനവും നല്‍കുന്നുണ്ട്. കാര്‍ ഷിക പഠനഗ്രൂപ്പുകള്‍ക്കും കൃഷി സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് വര്‍ക്ക് എക്‌സ്പീരിയന്‍സായി ലെയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, പച്ചക്കറി വളര്‍ത്തല്‍ എന്നിവയില്‍ ഒരു വര്‍ഷം ഒരു പ്രവൃത്തി പരിചയമേള നടത്തുന്നു. ഒരാഴ്ചയില്‍ പത്തു പേര്‍ക്കാണു പരിശീലനം നല്‍കുക. തെങ്ങില്‍ യന്ത്രമുപയോഗിച്ചു കയറുന്നതിനു വരെ പരിശീലിപ്പിച്ചാണ് ഇവിടത്തെ കോഴ്‌സ് അവസാനിക്കുന്നത്.


ഔഷധോദ്യാനം

350 ഇനം ഔഷധസസ്യങ്ങളുമായി ഔഷധോദ്യാനവും ശ്രദ്ധയാകര്‍ഷിക്കുന്നു. പുരാണങ്ങളിലുള്ള ശിംശിപ വൃക്ഷം, ഒലിവു മരം, മധുരതുളസി എന്നറിയപ്പെടുന്ന സ്റ്റീവിയ, നക്ഷത്രവൃക്ഷങ്ങള്‍, ദശമൂലം, ദശപുഷ്പം, നാല്‍പാമരങ്ങള്‍, ത്രിഫലച്ചെടികള്‍, പരുന്തുകള്‍ അധിവസിക്കുന്ന സോമലത തുടങ്ങിയവയെല്ലാം ഔഷധോദ്യാനത്തിലെ അപൂര്‍വ കാഴ്ചകളാണ്.

പഴയ ഫലവര്‍ഗങ്ങളുടെ ശേഖരം

പൂച്ചപ്പഴം, തൊണ്ടിപ്പഴം, മുട്ടപ്പഴം തുടങ്ങി കേരളത്തില്‍ അന്യം നിന്നു പോകുന്ന 30 ഇനം പഴയ ഫലവര്‍ഗത്തെകളുടെ ശേഖരം എടുത്തുപറയേണ്ടതാണ്. റംബുട്ടാന്‍, പഴം തിന്ന ശേഷം വിയര്‍ത്താല്‍ വിയര്‍പ്പിനു വരെ സുഗന്ധം ലഭിക്കുന്ന കെപ്പല്‍, മിറക്കിള്‍ ഫ്രൂട്ട്, റംബൂട്ടാന്‍ പോലുള്ള പുതിയ ഫലങ്ങളും ഇവിടുണ്ട്.

കൃഷികാര്യ സൂപ്പര്‍ മാര്‍ക്കറ്റ്

നഴ്‌സറിയില്‍ തന്നെയുള്ള കൃഷികാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ കൃഷിക്കാവശ്യമായ എല്ലാം ലഭ്യമാണ്. ചാണകം, കോഴിവളം, ഗോമൂത്രം, പിണ്ണാക്കുകള്‍ തുടങ്ങിയവയെല്ലാം അര, ഒരു കിലോ പാക്കറ്റുകളില്‍ ലഭ്യമാണ്. മത്തി-ശര്‍ക്കര മിശ്രിതം, നാടന്‍പശുവിന്റെ ചാണകവും മൂത്രവും, എഫക്ടീവ് മൈക്രോ ഓര്‍ഗാനിസം (ഇഎം) സൊല്യൂഷന്‍, പഞ്ചഗവ്യം തുടങ്ങി ജൈവ വളങ്ങളെല്ലാം ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ സഹിതം നല്‍കുന്നു. തൂക്കിയിടുന്ന ചെടികളുടെ 30 ഇനങ്ങളും ഇവിടെ ലഭ്യമാണ്. അടിയില്‍ അലങ്കാരമത്സ്യങ്ങളും മുകളില്‍ ചെടികളും വളരുന്ന അക്വാപോണിക്‌സിന്റെ മിനിയേച്ചര്‍ രൂപവും മേശപ്പുറത്തു വയ്ക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്.

തെങ്ങിലെ 'ചന്ദ്രശങ്കര'

അത്യുത്പാദനശേഷിയുള്ളതും നാടനുമായ തെങ്ങുകളുടെ വലിയശേഖരവും ഇവിടെയുണ്ട്. ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫും വെസ്റ്റ് കോസ്റ്റ് ടോളും ചേര്‍ന്ന 'ചന്ദ്രശങ്കര' എന്ന അത്യുത്പാദനശേഷിയുള്ള തെങ്ങിനമാണ് ഇവിടത്തെ വിഐപി. കരിക്കിനും എണ്ണയ്ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രോഗപ്രതിരോധശേഷി കൂടുതലുള്ള ഈയിനത്തിന് ആവശ്യക്കാരും ഏറെയാണ്.

പുഷ്‌പോദ്യാനം

റോസ്, ബുഷ് ബൊഗൈന്‍വില്ല, ഡ്രസീന തുടങ്ങി അലങ്കാരച്ചെടികളുടെ വലിയൊരു ശേഖരവും ലിറ്റില്‍ഫ്‌ളവറിനു സ്വന്തം.

വൈകുന്നേരമാകുന്നതോടെ ലിറ്റില്‍ ഫ്‌ളവറില്‍ തിരക്കു കൂടുകയാണ്. സുനില്‍ നഴ്‌സറിയില്‍ വരുന്ന കര്‍ഷകര്‍ക്കൊപ്പം കൃഷിയറിവുകള്‍ പകര്‍ന്ന് ഒപ്പം കൂടി. പിന്നൊരിക്കല്‍ കാണാമെന്നറിയിച്ച് ഞങ്ങളുമിറങ്ങി.ഫോണ്‍: സുനില്‍- 93493 04500.

ടോം ജോര്‍ജ്
ഫോണ്‍: 93495 99023