കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില്‍ ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്‍സിസിന്റെ തോട്ടത്തില്‍. ജീവിതത്തിന്റെ നല്ലൊരുഭാഗം കളിക്കളത്തില്‍ കായിക പരിശീലനം നല്‍കി ഫ്രാന്‍സിസ് മാഷ്. മാരുതോങ്കര സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അവസാനത്തെ വിസിലൂതി പടികളിറങ്ങിയത് കൃഷിയിലേക്കാണ്.

മൂന്നേക്കറിലെ 13 വര്‍ഷം പ്രായമായ റബര്‍ വെട്ടിമാറ്റി തെങ്ങു വച്ചായിരുന്നു തുടക്കം. 150 കുറ്റ്യാടി തെങ്ങിന്‍ തൈകളില്‍ തുടങ്ങിയ കൃഷിയിന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ചു. പാലായില്‍ നിന്നു മരുതോങ്കരയിലെത്തിയ ഈ കുടിയേറ്റ കുടുംബത്തിന് പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇന്ന് ഫ്രാന്‍സിസ് മാഷിന്റെ മൂന്നേക്കര്‍ സമ്മിശ്ര കൃഷി ലോകമാണ്. പ്രതിവര്‍ഷം കിട്ടുന്ന അറ്റാദായത്തിന്റെ മുക്കാല്‍ പങ്കും തെങ്ങില്‍നിന്നു തന്നെ. ഒരു വര്‍ഷം 14 ലക്ഷത്തിലധികമാണ് അദ്ദേഹത്തിന്റെ കൃഷി വരുമാനമെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

തെങ്ങിനെ പ്രണയിച്ച ജീവിതം

ഇരുന്നൂറിലേറെ തെങ്ങുകളുടെ കാവലാളാണിദ്ദേഹം. കൊക്കോ, കുരുമുളക്, ഏലം, കാപ്പി, കുള്ളന്‍ കവുങ്ങ് തുടങ്ങി വനവൃക്ഷങ്ങള്‍ വരെ ഈ മൂന്നേക്കറിലുണ്ട്.

കുറ്റ്യാടി, വെസ്റ്റ് കോസ്റ്റ് ടോള്‍ തെങ്ങിന്‍ തൈകളുടെ പ്രചാരകനും പരിപാലകനുമാണ് ഇദ്ദേഹമിന്ന്. ഒരു വര്‍ഷം ഒരു തെങ്ങില്‍ നിന്ന് 150-ല്‍ പരം തേങ്ങ കിട്ടുമെന്ന പ്രത്യേകതയും കുറ്റ്യാടി തെങ്ങുകള്‍ക്കുണ്ട്. ഇതിന്റെ കാമ്പും വെള്ളവും ഒരുപോലെ രുചിപ്രദം. എഴുപത് ശതമാനത്തിലേറെ വെളിച്ചെണ്ണ കിട്ടുന്നവയാണ് കുറ്റ്യാടി തെങ്ങുകള്‍. കൊപ്രയ്ക്കും തൂക്കം കൂടും. കരിക്കിന് ഉത്തമം. വെള്ളത്തിന്റെ അനുപാതവും മധുരവും കൂടുതല്‍. രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.


തെങ്ങുകൃഷിയിലെ രീതികള്‍

തെങ്ങു കൃഷിയിലും അതിന്റെ തുടര്‍ പരിപാലനത്തിലും തന്റേതായ ചില ശൈലികള്‍ ഫ്രാന്‍സിസ് മാഷ് രൂപപ്പെടുത്തിയിട്ടുണ്ട്. രണ്ടു മീറ്റര്‍ വീതിയിലും ആഴത്തിലും കുഴിയെടുത്തു വേണം തെങ്ങിന്‍ തൈകള്‍ നടാന്‍. നടുന്നതിനു മുമ്പ് കുഴിയില്‍ ഒരു മീറ്റര്‍ കനത്തില്‍ ചകിരിച്ചോര്‍ നിറയ്ക്കും. മഴക്കാലാരംഭത്തില്‍ ഈ കുഴിയില്‍ രണ്ടുകുട്ട വീതം ചാണകപ്പൊടിയിടും. ജലം വലിച്ചെടുക്കാന്‍ പാകത്തില്‍ ചുറ്റിലും ചകിരി മലര്‍ത്തി അടുക്കിവയ്ക്കുന്ന പതിവുമുണ്ട്. ഓല കൊണ്ടുള്ള പുതയും ഇട്ടു കഴിഞ്ഞാല്‍ തെങ്ങിന്‍ തൈ വെച്ചടി വെച്ചടി വളരുമെന്നിദ്ദേഹം പറയുന്നു.


തെങ്ങിന്‍റെ പരിചരണങ്ങള്‍

തെങ്ങിന്‍തൈകള്‍ക്ക് തൊണ്ടടുക്കല്‍, വളം വിതറല്‍, എന്നിവയെല്ലാം തുടരേണ്ടതുണ്ട്. രണ്ടു മാസത്തിലൊരിക്കല്‍ വളം നല്‍കുന്നത് കൂടുതല്‍ വിളവു കിട്ടാന്‍ സഹായിക്കും. കോഴിവളമാണ് തെങ്ങിന് ഉത്തമമെന്ന് മാഷ് പറയുന്നു. പക്ഷേ, മഴക്കാലത്തു മാത്രമേ നല്‍കാവൂ എന്നു മാത്രം. കാരണം കോഴിവളം നല്ല ചൂടുള്ളതാണ്. ചകിരി കമ്പോസ്റ്റും തെങ്ങിനു ഫലപ്രദമാണ്. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും പയര്‍ വിതയ്ക്കുന്നത് തെങ്ങിന്‍ തടങ്ങളില്‍ വളലഭ്യത ഉറപ്പിക്കും. കാടുവെട്ടി പുതയിടുന്നതും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുമ്മായ പ്രയോഗം നടത്തുന്നതും നല്ലതാണ്. തെങ്ങിന്‍ ചുവട്ടില്‍ കല്ലുപ്പ് പ്രയോഗം നടത്തിയാല്‍ ഏറ്റവും ഉത്തമം. നാളികേരം അങ്ങനെ തന്നെ വില്‍ക്കുന്നതിനു പകരം വിത്തുത്പാദനത്തിനാണു മാഷ് ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ മാത്രം 4000 ലധികം തെങ്ങിന്‍ തൈകള്‍ വിറ്റു. തേങ്ങയില്‍ നല്ല പങ്ക് കൃഷി വകുപ്പ് നേരിട്ടു വാങ്ങുന്നുമുണ്ട്.

ഈ തെങ്ങു പ്രേമിയുടെ കൃഷിയിടത്തില്‍ ഫലവൃക്ഷങ്ങളുടെ നല്ല ശേഖരമുണ്ട്. ആ ഇനത്തില്‍ നല്ല വരുമാനം വേറെയും. എല്ലാറ്റിനും ജൈവ വളമാണു നല്‍കുക. പ്രാവുകളും അരയന്നവും, ലൗബേര്‍ഡ്‌സും പുരയിടത്തില്‍ സൗന്ദര്യത്തിന്റെയും ശബ്ദത്തിന്റെയും സിംഫണി ഒരുക്കുന്നു. ഇതിനെയെല്ലാം കാണാനും പഠിക്കാനും ഓരോ ദിവസവും ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കു മുമ്പിലും സദാ പുഞ്ചിരിച്ചും വാചാലനായും മാഷുണ്ട്. ഇക്കാലയളവില്‍ ധാരാളം അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അതില്‍ പ്രധാനമാണ് 2017-18 ലെ കൃഷിവകുപ്പിന്റെ ഏറ്റവും നല്ല കൃഷിക്കാരനുള്ള അവാര്‍ഡ്. 2019-20 ല്‍ ദേശീയ അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. സുഗന്ധ വിള കര്‍ഷകനുള്ള പുരസ്‌കാരമാണ് മറ്റൊന്ന്. കോക്കനാട് ഡവലപ്പ്‌മെന്‍റ് ബോര്‍ഡിന്‍റെ ചെറുകിട കര്‍ഷകനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഫോണ്‍: 9947142849

അബ്ദുള്ള പേരാമ്പ്ര
കോഴിക്കോട്