ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് മുന്‍പന്തിയില്‍. നടുന്ന സമയത്ത് മിതമായ മഴയും വളരുന്ന സമയത്ത് ക്രമമായ മഴയും ഇഞ്ചികൃഷിക്കാവശ്യമാണ്. വിളവെടുപ്പിന്റെ തൊട്ടുമുമ്പു വരണ്ടകാലാവസ്ഥയാണു വേണ്ടത്. ജലസേചന സൗകര്യമുള്ള മറ്റു പ്രദേശങ്ങളിലും ഇഞ്ചി കൃഷി ചെയ്യാം.

ഇനങ്ങള്‍

മാരന്‍, ഹിമാചല്‍, നാദിയ, റിയോഡി ജനിറോ തുടങ്ങിയ നാടന്‍ ഇനങ്ങളും ഐഐഎസ്ആര്‍ വരദ, രജത, മഹിമ, സുപ്രഭ, സുരുചി, സുരവി, ഹിമഗിരി തുടങ്ങിയ വികസിപ്പിച്ചെടുത്ത ഇനങ്ങളും കൃഷിക്കാരുടെ ഇടയില്‍ വ്യാപകമാണ്.

നടുന്ന സമയം

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഇഞ്ചി നടാന്‍ ഏറ്റവും യോജിച്ച സമയം വേനല്‍മഴ ലഭിച്ചതിനുശേഷമാണ്. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ വേനല്‍ മഴയ്ക്കു മുമ്പേ ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലും നടാം. മഴക്കാലം തുടങ്ങുന്നതിനു മുമ്പേ ഇഞ്ചി മുളച്ചു പൊങ്ങണം. അതല്ലെങ്കില്‍ അത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും.

നിലമൊരുക്കലും നടീലും

നിലം അഞ്ചോ ആറോ പ്രാവശ്യം ഉഴുത് വെയില്‍ കൊള്ളിക്കണം. മണ്ണിന്റെ പിഎച്ച് മൂല്യം നോക്കി അഞ്ചില്‍ താഴെയാണെങ്കില്‍ ഏക്കറിന് 800 കിലോ എന്നതോതില്‍ കുമ്മായമിട്ട് ഉഴുന്നത് നല്ലതാണ്. രണ്ടാഴ്ച കഴിഞ്ഞശേഷം ഒരു മീറ്റര്‍ വീതിയും ആവശ്യത്തിന് നീളവുമുള്ള തവാരണകളെടുക്കണം. തവാരണകള്‍ തമ്മില്‍ അര മീറ്റര്‍ അകലം പാലിക്കണം. ജലസേചനം നടത്തി കൃഷിചെയ്യുന്ന പ്രദേശങ്ങളില്‍ 40 സെന്റീമീറ്റര്‍ അകലത്തില്‍ ബണ്ടുകളെടുക്കുന്നതാണു നല്ലത്.

ഇഞ്ചിവിത്ത് 25-50 ഗ്രാം തൂക്കവും ഒന്നോ രണ്ടോ മുകുളങ്ങളുമുള്ള കഷണങ്ങളാക്കി മുറിച്ചതിനുശേഷം 0.3 ശതമാനം വീര്യമുള്ള മങ്കോസെബ് 0.2 ശതമാനം വീര്യമുള്ള ക്വിനാല്‍ഫോസ് എന്നിവ അടങ്ങിയ മിശ്രിതലായനിയില്‍ 30 മിനിട്ട് മുക്കിവച്ചശേഷം 3-4 മണിക്കൂര്‍ തണലില്‍ ഉണക്കി നടാം. ഇതിനായി വാരങ്ങളില്‍ 25 സെന്റീമീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് ഏക്കറിന് 10 ടണ്‍ എന്ന നിരക്കില്‍ കാലിവളം, കമ്പോസ്റ്റ്, എന്നിവയും 800 കിലോ വേപ്പിന്‍ പിണ്ണാക്കും കലര്‍ത്തി വിതറിയശേഷം വിത്തു നടണം. നട്ടശേഷം ഏക്കറിന് അഞ്ചുടണ്‍ എന്ന തോതില്‍ കൃഷിയിടത്തില്‍ ലഭ്യമായ കരിയില, വൈക്കോല്‍, കരിമ്പിന്‍ചണ്ടി, നെടുകെപിളര്‍ത്തി കഷണങ്ങളാക്കിയ തെങ്ങോല എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് പുതവയ്ക്കണം. മഴയില്ലെങ്കില്‍ നനച്ചുകൊടുക്കണം.

പരിപാലനം

നട്ട് 45 ദിവസം കഴിഞ്ഞ് തവാരണകളില്‍ കളകളെടുത്ത് ഏക്കറിന് രണ്ടു ചാക്ക് യൂറിയ, ഒരു ചാക്ക് ഡിഎപി, ഒരുചാക്ക് പൊട്ടാഷ് എന്നിവ കൂട്ടികലര്‍ത്തി വിതറികൊടുക്കണം. വളപ്രയോഗം നടത്തിയതിനു ശേഷം അരികു കിളച്ച് ചെറുതായി മണ്ണിടണം. കൃഷിയിടത്തിനടുത്ത് ലഭിക്കുന്ന പച്ചില, കരിയില, വൈക്കോല്‍ എന്നിവ വച്ച് പുതയിടേണ്ടതാണ്. വളപ്രയോഗം നടത്തി 10 ദിവസം കഴിഞ്ഞ് സൂക്ഷ്മപോഷക മൂലകക്കൂട്ട് ഒരുകിലോ 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചുകൊടുക്കണം. ഈ രീതിയിലുള്ള രാസവളപ്രയോഗവും ഇലകളില്‍ തളിക്കലും പുതയിടലും നട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞ് ഒന്നുകൂടി ആവര്‍ത്തിക്കണം. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗത്തില്‍ മാറ്റങ്ങള്‍ വരുത്തുകയുമാകാം.



വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ മേല്‍പറഞ്ഞ വളപ്രയോഗങ്ങള്‍ക്കു പുറമെ ഇടക്കാലയളവില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന രാസ-ജൈവ വളക്കൂട്ട് 2.5 കിലോ 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒന്നോ രണ്ടോ തവണ ഇലകളിലും തവാരണകളിലും ഒഴിച്ചുകൊടുത്താല്‍ വിളവു വര്‍ധിക്കും.

രോഗങ്ങള്‍ കരുതിയിരിക്കുക

മൂടുചീയല്‍, ഇലപ്പുള്ളിരോഗം, ബാക്ടീരിയല്‍ വാട്ടം എന്നിവയാണ് ഇഞ്ചിയുടെ പ്രധാന രോഗങ്ങള്‍. രോഗങ്ങളില്ലാത്ത സ്ഥലങ്ങളില്‍ നിന്നു വിത്തു ശേഖരിക്കണം. കൃഷിയിടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. ഈ രോഗങ്ങള്‍ക്ക് ഒരു ശതമാനം ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ 0.2 ശതമാനം മാങ്കോസെബ് അല്ലെങ്കില്‍ 0.05 ശതമാനം ടില്‍റ്റ് എന്നീ കുമിള്‍നാശിനികള്‍ ഇലകളില്‍ തളിക്കണം. മൂടുചീയല്‍ വരികയാണെങ്കില്‍ അവ എടുത്തുമാറ്റിയ ശേഷം 0.2 ശതമാനം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായനി തടങ്ങളില്‍ ഒഴിച്ചുകൊടുക്കണം.

അതുപോലെ തണ്ടുതുരപ്പന്‍ കീടങ്ങളുടെ ആക്രമണം ഒഴിവാക്കാന്‍ ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ 21 ദിവസങ്ങള്‍ ഇടവിട്ട് 0.1 ശതമാനം മാലത്തിയോണ്‍ 6.2 ശതമാനം നുവാക്രോണ്‍, 0.6 ശതമാനം നീം ഗോള്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നു തളിച്ചു കൊടുക്കണം.

വിളവെടുപ്പും സംസ്‌കരണവും

നട്ട് ഏകദേശം എട്ടു മാസം കഴിയുമ്പോള്‍ ഇലകളില്‍ മഞ്ഞനിറം പ്രത്യക്ഷപ്പെട്ട് കരിയാന്‍ തുടങ്ങുമ്പോള്‍ കിളച്ചെടുക്കാം. ഇങ്ങനെ ലഭിക്കുന്ന ഇഞ്ചി വെള്ളത്തില്‍ കഴുകി വേരും ചെളിയും കളഞ്ഞശേഷം പുറന്തൊലി ചുരണ്ടി വീണ്ടും കഴുകി വെയിലത്തുണക്കി ചുക്കാക്കി സൂക്ഷിക്കാം. പച്ച ഇഞ്ചിയായി ഉപയോഗിക്കുന്നതിന് ആറാംമാസം മുതല്‍ വിളവെടുപ്പു നടത്താം.

വിത്തിഞ്ചിക്കായി രോഗ,കീടബാധയില്ലാത്ത ചെടികള്‍ തെരഞ്ഞെടുത്ത് മൂപ്പെത്തിയശേഷം പറിച്ചെടുത്ത് വൃത്തിയാക്കി 0.2 ശതമാനം ക്വിനാല്‍ഫോസ്, 0.3 ശതമാനം മക്കോസെബ് എന്നിവ അടങ്ങിയ മിശ്രിതത്തില്‍ 30 മിനിട്ട് മുക്കിവച്ച് തണലത്തിട്ട് വെള്ളം വാര്‍ത്തെടുക്കണം. ഇവ തണലുള്ള സ്ഥലങ്ങളില്‍ കുഴികള്‍ ഉണ്ടാക്കി മണലോ അറക്കപൊടിയോ ഉപയോഗിച്ച് അടുക്കി സംഭരിക്കാം.

ഡോ. ഹംസ സ്രാമ്പിക്കല്‍
ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ (റിട്ട.),ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്
ഫോണ്‍: ഡോ. ഹംസ-96561 02601.