കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക്കിയ കഥയാണ് കശുമാവിന്റേത്.

കശുമാവ് നടാം, പരിപാലിക്കാം

കശുവണ്ടി ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഇതര സംസ്ഥാനങ്ങളേക്കാള്‍ തെല്ല് പിന്നിലാണ് കേരളം. മികച്ച തൈകള്‍ യഥാസമയം കിട്ടാത്തതും ശാസ്ത്രീയമല്ലാത്ത വിളപരിചരണവുമാണ് ഇതിനു കാരണം. എങ്കിലും സശ്രദ്ധം പരിപാലിച്ചാല്‍ ഏറ്റവുമധികം ലാഭം തരാനും കശുമാവിനു കഴിയും.

ശാസ്ത്രീയപരിപാലനം ഇങ്ങനെ

ആറുമാസം പ്രായമായ ഒട്ടുതൈകള്‍ 50ഃ50ഃ50 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഴിയില്‍ നടണം. വളക്കൂറ്കുറഞ്ഞ മണ്ണില്‍ വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 7.50 മീറ്റര്‍ മുതല്‍ എട്ട് മീറ്റര്‍ വരെ അകലം നല്‍കണം. വളക്കൂറ്കൂടിയ മണ്ണില്‍ 10 മീറ്റര്‍ അകലം നല്‍കാം.

നടുമ്പോള്‍ 5-10 കിലോ ജൈവവളവും 200 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും ഓരോ തൈയ്ക്കും ചേര്‍ക്കണം. അഞ്ചു വര്‍ഷവും അതിലേറെയും പ്രായമായ മരങ്ങള്‍ക്ക് 1.6 കിലോ വീതം യൂറിയയും റോക്ക് ഫോസ്‌ഫേറ്റും 1.3 കിലോ പൊട്ടാഷും നല്‍കണം. അഞ്ചു വര്‍ഷത്തിനു താഴെയുള്ളവയ്ക്ക് ആനുപാതികമായി 1:5, 2:5, 3:5, 4:5 എന്ന തോതില്‍ ജൈവ-രാസവളങ്ങള്‍ ചേര്‍ക്കാം. ഏതു ജൈവവളവും മഴയുടെ തുടക്കത്തില്‍ നല്‍കാം. രാസവളം രണ്ടുതവണയായി നല്‍കാം. മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍. തൈകളുടെ ചുവട്ടില്‍ 100-150 സെന്റീമീറ്റര്‍ ചുറ്റളവില്‍ വളം ചേര്‍ക്കാം. വലിയ മരത്തിന് ചുവട്ടില്‍നിന്ന് 50 സെന്റീമീറ്റര്‍ വിട്ട് 2-3 മീറ്റര്‍ വൃത്താകാരത്തില്‍ കളനീക്കി, വളം വിതറി ഒതുക്കി ചേര്‍ക്കാം.

തൈച്ചുവട്ടില്‍ പുതയിട്ടാല്‍ കളശല്യം കുറയ്ക്കാം. വാണിജ്യകൃഷിയില്‍ കള നിയന്ത്രണത്തിന് 160 ഗ്രാം പാരാക്വാറ്റ്, 400 ഗ്രാം റ്റുഫോര്‍ഡി എന്നിവയിലൊന്ന് ഒരേക്കറിനു വേണ്ടിവരും.

കശുമാവില്‍ കുള്ളന്‍ 'നിഹാര'

ഇരുപത്തിയഞ്ചു വര്‍ഷത്തെ പരീക്ഷണ, നിരീക്ഷണങ്ങള്‍ ക്കൊടുവില്‍ പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കശുമാവിനമാണ് 'കെഎയു നിഹാര'. നഗര പ്രാന്തപ്രദേശങ്ങളിലെ പുരയിട കൃഷിക്കനുയോജ്യമാണ് ഈ ഇനം.


ഏതാണ്ട് രണ്ടര മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍വരെ ഉയരംവരുന്ന നിഹാര, മരമൊന്നിന് രണ്ടു കിലോ വിളവു നല്‍കും. ഒരു കശുവണ്ടിക്ക് അഞ്ചുമുതല്‍ ഏഴു ഗ്രാം വരെ തൂക്കമുണ്ടാകും.

കുറിയ ഇനത്തില്‍പ്പെട്ട കശുമാവുകളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വലിപ്പവും കൂടുതല്‍ വിളവും നിഹാരക്കാണ്. 1994-ല്‍ തളിപ്പറമ്പിനടുത്തുളള കറുമാത്തൂരിലെ കര്‍ഷകന്റെ തോട്ടത്തില്‍ നിന്നു കണ്ടെടുത്ത് വികസിപ്പിച്ചതാണ് ഈ ഇനം. പീലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രം മുന്‍ മേധാവി ഡോ. ജയപ്രകാശ് നായ്ക്ക്, ഡോ. മീരാമഞ്ജുഷ എന്നിവരാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.തൈകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് പീലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രം: ഫോണ്‍ - 04672 -260632


തൈകള്‍ എവിടെ കിട്ടും

തിരുവന്തപുരം

പെരിങ്ങമല ഫാം-04972 2846488
ബനാന നഴ്‌സറി - 0472 2846622

കൊല്ലം

അഞ്ചല്‍ ഫാം 0475 2270447

കൊട്ടാരക്കര കശുമാവ് ഫാം-0474 2045235

ആലപ്പുഴ
മാവേലിക്കരജില്ലാ ഫാം- 0479 2357690

ഇടുക്കി
അരിക്കുഴ ഫാം-04862 278599

എറണാകുളം
നേര്യമംഗലം ഫാം-0485 2554416

തൃശൂര്‍
ചേലക്കര ഫാം-04884 2526636

പാലക്കാട്
എരുത്തേന്‍പതി ഫാം-0492 3236007

മലപ്പുറം
ചുങ്കത്തറ ഫാം- 04931 230104

കോഴിക്കോട്
കുത്താളി ഫാം-0496 2662264

കണ്ണൂര്‍
തളിപ്പറമ്പ് ഫാം-0460 2203154
ആറളം ഫാം-0490 444740

കാസര്‍ഗോഡ്
കശുവണ്ടി വികസന ഓഫീസ്,
ഗ്വാളിമുഖം-04994 262272

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം