തലനാട് കരയാമ്പൂ ഭൗമസൂചിക പദവിയിലേക്ക്
തലനാട് കരയാമ്പൂ ഭൗമസൂചക പദവിയിലേക്ക്. ഇതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന കൃഷിവകുപ്പ് തുടങ്ങിക്കഴിഞ്ഞു. കോട്ടയം ജില്ലയുടെ കിഴക്ക് മീനച്ചില്‍ താലൂക്കില്‍ ഇടുക്കി ജില്ലയോടു ചേര്‍ന്നു കിടക്കുന്നതാണ് തലനാട് പഞ്ചായത്ത്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഭൗമസൂചക പദവി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തലനാട്ടിലും സമീപപ്രദേശങ്ങളിലും കരയാമ്പൂ (ഗ്രാമ്പൂ) കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തലനാട് ഗ്രാമപഞ്ചായത്തും നടപ്പിലാക്കുന്നു.

കേരളത്തില്‍ കരയാമ്പൂ കൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്ന പഞ്ചായത്താണ് തലനാട്. നവംബര്‍-ജനുവരി മാസങ്ങളില്‍ തലനാടിലെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കുന്നത് കരയാമ്പൂവിന്റെ മാസ്മരികഗന്ധമാണ്. ഈ മാസങ്ങളിലാണ് വിളവെടുപ്പുത്സവം. കരയാമ്പൂവിന്റെ പൂമൊട്ടുകള്‍ പറിക്കുമ്പോഴും ഉണക്കുമ്പോഴും ഹൃദ്യമായ ഒരു സുഗന്ധം തലനാട്ടിലെങ്ങും പൊങ്ങിപ്പരക്കും.

കോട്ടയം ജില്ലയില്‍ ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലത്തു ഗ്രാമ്പൂ കൃഷിയുണ്ട്. അതില്‍ 120 ഹെക്ടറും തലനാട്ടിലാണ്. തലനാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലമടക്കുകളിലെ തണുത്ത കാലാവസ്ഥയും കോടമഞ്ഞും മഴയും അന്തരീക്ഷത്തിലെ ഉയര്‍ന്ന ബാഷ്പനിലയും കരയാമ്പൂകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. കരയാമ്പൂ മൊട്ടുകള്‍ തണുപ്പേറിയ കാലാവസ്ഥയില്‍ വിളയുമ്പോള്‍ അവയിലെ തൈലം ബാഷ്പീകൃതമാകുന്നതിന്റെ തോത് താരതമ്യേന കുറവായിരിക്കും. അതിനാല്‍ തന്നെ തലനാടന്‍ ഗ്രാമ്പൂവിനു സുഗന്ധമേറും. തലനാടന്‍ ഗ്രാമ്പൂ നിറഭംഗിയിലും മുന്നിട്ടു നില്‍ക്കുന്നു. ഗുണത്തിലും വലിപ്പത്തിലും നിറഭംഗിയിലും മുന്നിട്ടു നില്‍ക്കുന്ന തലനാടന്‍ ഗ്രാമ്പൂവിന് കമ്പോളത്തില്‍ പ്രിയമേറെയുണ്ട്. അതിനനുസരിച്ച് വിലയും.

തുറക്കുന്നത് സാധ്യതകളുടെ വാതായനം

പ്രകൃതിഭംഗിയും ഗ്രാമീണ സൗന്ദര്യവും കോടമഞ്ഞിറങ്ങുന്ന കാലാവസ്ഥയുമാണ് തലനാടിന്റെ ആകര്‍ഷണം. തലനാട്ടിലും അടുത്ത പഞ്ചായത്തുകളിലും വിനോദസഞ്ചാരത്തിനും സാധ്യതകളേറെയുണ്ട്. ഈ പ്രദേശത്തുള്ള ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ തലനാട് ഗ്രാമ്പൂവിന്റെ ഗുണമഹിമ ബോധ്യപ്പെടുത്തിയാല്‍ വിപണിയായി. ഇതിനായി ബോര്‍ഡുകളും കമാനങ്ങളും എക്‌സ്‌ക്യൂസീവ് ഗ്രാമ്പൂ ഔട്ട്‌ലറ്റുകളും സ്ഥാപിക്കണം.

തലനാടു പഞ്ചായത്തിന്റെ തൊട്ടുടുത്ത പഞ്ചായത്തുകളായ തീക്കോയി, തിടനാട്, മൂന്നിലവ്, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലും കരയാമ്പൂ കൃഷി ചെയ്യുന്നുണ്ട്. ഇവിടെയെല്ലാം കൂടി ഒരു വര്‍ഷം ഏതാണ്ട് 40 ടണ്‍ ഉണങ്ങിയ ഗ്രാമ്പൂവാണ് ഉത്പാദിപ്പിക്കുന്നത്. തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ കേരളത്തിലെ ഉത്പാദനക്ഷമത വളരെ കുറവാണ്.

വാക്കിന്റെ ഉത്ഭവം

ഒരു സുഗന്ധവ്യഞ്ജനം, ഔഷധം എന്നീ നിലകളില്‍ കരയാമ്പൂവിന് ആവശ്യക്കാരേറെയുണ്ട്. ഇംഗ്ലീഷില്‍ കരയാമ്പൂവിനെ 'ക്ലോവ്' (clove) എന്നു പറയുന്നു. 'ക്ലോ' എന്ന ഫ്രഞ്ചുവാക്കില്‍ നിന്നാണത്രേ 'ക്ലോവ്' എന്ന പദം ഉത്ഭവിച്ചത്. 'ക്ലോ' എന്നു പറഞ്ഞാല്‍ ആണി എന്നര്‍ഥം. ഇന്തോനേഷ്യയാണ് ഗ്രാമ്പൂവിന്റെ ജന്മദേശം. ഇന്തോനേഷ്യയിലെ സുഗന്ധദ്വീപുകള്‍ എന്നറിയപ്പെട്ടിരുന്ന മൊളൂ ക്കാസ് ദ്വീപിലാണ് കരയാമ്പൂമരങ്ങള്‍ ഉണ്ടായിരുന്നത്. അവിടെനിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കരയാമ്പൂ ചെടികളെത്തി. ഇന്ന് ടാന്‍സാനിയ, ഇന്തോനേഷ്യ, മഡ്ഗാസ്‌കര്‍ എന്നീ രാജ്യങ്ങളാണ് കരയാമ്പൂ കൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യ, മലേഷ്യ, ഹെയ്ത്തി, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും കരയാമ്പൂ കൃഷിയുണ്ട്. കുരുമുളകു പോലെത്തന്നെ വളരെ വിലപിടിച്ച സുഗന്ധവ്യഞ്ജനമാണ് കരയാമ്പൂവും. പണ്ട് ഒരു കിലോഗ്രാം കരയാമ്പൂവിനു പകരം ഏഴു ഗ്രാം സ്വര്‍ണം കിട്ടുമായിരുന്നത്രേ.

ഇന്ത്യയിലെത്തിച്ചത് ഈസ്റ്റ് ഇന്ത്യാ കമ്പനി

1860- ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഗ്രാമ്പൂ ചെടികള്‍ ഇന്ത്യയില്‍ ആദ്യമായി എത്തിച്ചതും നട്ടതും. തമിഴ്‌നാട്ടിലെ കുറ്റാലത്തായിരുന്നു ആദ്യതോട്ടം. തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നും ഗ്രാമ്പൂ കൃഷി കൂടുതലുള്ളത്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഗ്രാമ്പൂ വിളയുന്നു. കേരളത്തില്‍ കോട്ടയം, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കരയാമ്പൂതോട്ടങ്ങള്‍ കൂടുതലുള്ളത്.

തൈ തെരഞ്ഞെടുക്കലും നടീലും

വിത്തുപാകി ഉണ്ടാക്കുന്ന തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. നട്ട് 7-8 വര്‍ഷം കഴിയുമ്പോള്‍ വിളവെടുക്കാം. 15-20 വര്‍ഷം പ്രായമായ മരങ്ങളാണ് കൂടുതല്‍ വിളവു നല്‍കുന്നത്. ചെടികളില്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ പൂമൊട്ടുകള്‍ ഉണ്ടായിത്തുടങ്ങും. ശാഖാഗ്രങ്ങളിലാണ് മൊട്ടുകള്‍ ഉണ്ടാകുന്നത്. ഇവ വിടരുന്നതിനുമുമ്പേ ശരിയായ സമയത്തുതന്നെ പറിച്ചെടുക്കണം. പൂമൊട്ടുകളിലെ പച്ചനിറം മാറി ചെറിയ പിങ്കുനിറം പ്രത്യക്ഷപ്പെടുമ്പോള്‍ വിളവെടുപ്പിനു സമയമായി എന്നു മനസിലാക്കാം. വിരിഞ്ഞു കഴിഞ്ഞ പൂമൊട്ടുകള്‍ക്ക് വില കുറവാണ്. പൂങ്കുലകള്‍ ശ്രദ്ധാപൂര്‍വം കൈകൊണ്ടുതന്നെ പറിച്ചെടുക്കുകയാണു ചെയ്യുന്നത്. നാലുവശത്തേക്കും കയറിട്ടുകെട്ടി ഉറപ്പിക്കുന്ന ഉയരമേറിയ ഏണികളില്‍ കയറിനിന്നു പൂങ്കുലകള്‍ പറിച്ചെടുക്കുന്നത് വൈദഗ്ധ്യം വേണ്ട മേഖലയാണ്. കരയാമ്പൂകൃഷിയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയും ഇതുതന്നെ.

പറിച്ചെടുക്കുന്ന കുലകളില്‍ നിന്ന് കൈ ഉപയോഗിച്ചുതന്നെ മൊട്ടുകള്‍ വേര്‍പ്പെടുത്തും. പിന്നീട് 4-5 ദിവസം വെയിലില്‍ ഉണക്കിയെടുക്കും. ഉണങ്ങുന്നതോടെ പൂമൊട്ടുകള്‍ക്കു ഭംഗിയേറിയ തവിട്ടുനിറം കൈവരും. പൂര്‍ണവളര്‍ച്ചയെത്തിയ മരത്തില്‍ നിന്ന് നാലു മുതല്‍ എട്ടു കിലോഗ്രാം വരെ ഉണങ്ങിയ കരയാമ്പൂ ലഭിക്കും.

തൈലത്തിന് വിപണിയേറെ

പൂമൊട്ടുകളില്‍ ഏതാണ്ട് 16-21 ശതമാനം വരെ തൈലമുണ്ടാക്കും. യൂജിനോള്‍ എന്ന രാസഘടകമാണ് കരയാമ്പൂവിന് അതിന്റേതായ രുചിയും മണവും നല്‍കുന്നത്. ഗ്രാമ്പൂതൈലത്തില്‍ 90 ശതമാനവും യൂജിനോളാണ്. ഇതിനുപുറമെ അഞ്ചു മുതല്‍ 12 ശതമാനം വരെ യൂജിൈനല്‍ അസറ്റേറ്റ് എന്ന രാസഘടകവുമുണ്ട്. ഉണങ്ങിയ പൂമൊട്ടുകളില്‍ നിന്നാണ് മുഖ്യമായും തൈലം വാറ്റിയെടുക്കുന്നത്. പൂമൊട്ടില്‍ മാത്രമല്ല ഇലയിലും തടിയിലും തൈലം ചെറിയ തോതിലുണ്ട്.

ഹൃദ്യമായ സുഗന്ധമാണ് കരയാമ്പൂവിന്റെ ആകര്‍ഷണീയത. ദഹനത്തെ ഉദ്ദീപിപ്പിക്കാന്‍ ഗ്രാമ്പൂവിന് കഴിവുണ്ട്. ഭക്ഷണത്തില്‍ കരയാമ്പൂ ചേര്‍ക്കുന്നത് ദഹനത്തെ സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. കരയാമ്പൂ വായിലിട്ടു ചവയ്ക്കുന്നത് വായ്‌നാറ്റമകറ്റും. ഔഷധനിര്‍മാണത്തില്‍ ഗ്രാമ്പൂതൈലം വ്യാപകമായി ഉപയോഗിക്കുന്നു. ദഹനത്തെ ഉദ്ദീപിപ്പിക്കാനുള്ള ഔഷധങ്ങളിലെ പ്രധാന ചേരുവയാണിത്. ടൂത്ത്‌പേസ്റ്റ്, മൗത്ത്‌വാഷ് എന്നിവയുടെ നിര്‍മാണത്തിലും ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഇന്തോനേഷ്യയില്‍ ക്രെട്ടക് എന്നറിയപ്പെടുന്ന സിഗററ്റുണ്ടാക്കുന്നത് ഗ്രാമ്പൂവില്‍ നിന്നാണ്.

ഇന്ത്യയുടെ ആവശ്യത്തിനുവേണ്ടിയുള്ള ഗ്രാമ്പൂ ഏറെയും ഇറക്കുമതി ചെയ്യുകയാണ്. 2018- ലെ ഒരു കണക്കനുസരിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഗ്രാമ്പൂവിന്റെ ഇറക്കുമതിയില്‍ മൂന്നിരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2010-11 ല്‍ 7000 ടണ്‍ ഇറക്കുമതി ചെയ്ത് 2015-16 ല്‍ 20,235 ടണ്‍ ആയി വര്‍ധിച്ചു. 2014-15 ടണ്‍ 1260 ടണ്‍ കരയാമ്പൂമാത്രമാണ് ഇന്ത്യയില്‍ വിളഞ്ഞത്. ഏതാണ്ട് 85 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലയുള്ള ഗ്രാമ്പൂ തൈലം 2016 ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗ്രാമ്പൂവിന്റെയും ഗ്രാമ്പൂതൈലത്തിന്റെയും ഇറക്കുമതിയിലൂടെ ഇന്ത്യക്കു നഷ്ടപ്പെടുന്ന വിദേശനാണ്യത്തിന്റെ അളവു കുറക്കാന്‍ ഇന്ത്യയിലെയും കേരളത്തിലെയും കരയാമ്പൂകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

ഭൗമസൂചക പദവി ലഭിച്ചാലുള്ള നേട്ടങ്ങള്‍

ഭൗമസൂചക പദവി ലഭിക്കുന്നതോടെ 'തലനാട് ഗ്രാമ്പൂ' എന്ന പേര് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനുള്ള അവസരമൊരുങ്ങും. കയറ്റുമതിയിലും പ്രാദേശികവിപണിയിലും ഇരട്ടിയിലേറെ വിലവര്‍ധനയ്ക്കും വഴിയൊരുങ്ങും. ഈ പേരില്‍ ഗ്രാമ്പൂ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അവകാശം ഇവിടത്തെ കര്‍ഷകര്‍ക്കു ലഭിക്കും. 'തലനാട് ഗ്രാമ്പൂ' എന്ന പേരില്‍ മറ്റുസ്ഥലങ്ങളിലുള്ളവര്‍ ഗ്രാമ്പൂ വില്‍ക്കുന്നത് കുറ്റകരമാകും. തലനാട്ടില്‍ കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഈ ഗ്രൂപ്പുകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കായിരിക്കും 'തലനാട് ഗ്രാമ്പൂ' വിളയിക്കാനും വില്‍പന നടത്താനും അവകാശമുണ്ടായിരിക്കുക.

ഡോ. സി.ആര്‍. എല്‍സി, അശ്വതി പി. പി.
ബൗദ്ധിക സ്വത്തവകാശ സെല്‍.
കേരള കാര്‍ഷിക സര്‍വകലാശാല, തൃശൂര്‍, ഫോണ്‍ 94478 78968.