നിശബ്ദ കൊലയാളിയായി മാണം അഴുകല്‍
നിശബ്ദ കൊലയാളിയായി മാണം അഴുകല്‍
Tuesday, August 11, 2020 3:37 PM IST
വാഴയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് മാണം അഴുകല്‍. 'എര്‍വീനിയ കരോട്ടോവോറ' എന്ന ബാക്ടീരിയയാണ് രോഗകാരി. തുടക്കത്തില്‍ ഒന്നോ രണ്ടോ വാഴകളില്‍ കണ്ടുതുടങ്ങുന്ന രോഗം, ആവശ്യമായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റു വാഴകളിലേക്കും വ്യാപിക്കും. രോഗലക്ഷണങ്ങള്‍ നേരത്തെ മനസിലാക്കുയെന്നതു വളരെ പ്രാധാനമാണ്.

എങ്ങനെ തിരിച്ചറിയാം?

രോഗാരംഭത്തില്‍ വാഴയിലയുടെ പല ഭാഗങ്ങളിലായി മഞ്ഞളിപ്പു കാണും. തവിട്ടു നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. അവ അഴുകി ഉണങ്ങും. ഇതേത്തു ടര്‍ന്ന് നാമ്പിലകള്‍ വിടരാതെ നില്‍ക്കും. വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും ഈ രോഗം കാണപ്പെടാം. രോഗത്തിന്റെ തീവ്രതകൂടിയാല്‍ വാഴ കുലയ്ക്കില്ല. അഥവാ കുലച്ചാല്‍ ത്തന്നെ കുലകള്‍ വളരെ ചെറുതായിരിക്കും. രോഗം മൂര്‍ച്ഛിക്കുന്നതോടെ വാഴ കടയോടെ ചരിഞ്ഞു വീഴും. വേരുകളും മാണവും കറുത്ത് ചീഞ്ഞിരിക്കുന്നതായി കാണാം. മാണത്തിലെ ചീയലിനുമുണ്ട് പ്രത്യേകത. മാണം നെടുകെ പിളര്‍ന്നു നോക്കിയാല്‍ നടുഭാഗം വളയാകൃതിയില്‍ അഴുകിയതായികാണാം. എന്നാല്‍ ചുറ്റുമുള്ള ഭാഗം ചീഞ്ഞിട്ടുമുണ്ടാവില്ല. അഴുകിയ ഭാഗത്ത് ദുര്‍ഗന്ധമുണ്ടാകും. ഇവിടെ സ്പര്‍ശിച്ചാള്‍ കുഴിഞ്ഞു പോകും. രോഗബാധ മൂര്‍ച്ഛിച്ചാല്‍ അഴുകിയ മാണത്തില്‍ നിന്നു തടഭാഗം വേര്‍ പെട്ടു വരും. വാഴകള്‍ മുകളിലേക്കു വലിച്ചാലും ഇതു തന്നെ സംഭവിക്കും.

വെള്ളക്കെട്ടുള്ള ഭാഗങ്ങളിലാണ് ഈ രോഗം കാണപ്പെടുന്നത്. ഈ ര്‍പ്പവും ചൂടുമുള്ള കാലാവസ്ഥ, മണ്ണിലെ ജലാംശം, അധികരിച്ച നൈ ട്രജന്റെ അംശം എന്നിവ രോഗം കൂടുന്നതിനും രോഗവ്യാപനത്തിനും അനുകൂല സാഹചര്യമാണ്.

രോഗബാധയുള്ള കന്നുകളാണ് രോഗവ്യാപനത്തിന്റെ മുഖ്യസ്രോതസ്. ഇത്തരത്തിലുള്ള കന്നുകളാണ് നടുന്നതെങ്കില്‍ എല്ലാ വാഴകളിലും ഒരേസമയം രോഗലക്ഷണങ്ങളു ണ്ടാവാം. രോഗബാധയില്ലാത്ത ആരോഗ്യമുള്ള കന്നുകള്‍ രോഗാണു സാധ്യതയുള്ള മണ്ണില്‍ നടുമ്പോള്‍ ഒറ്റതിരിഞ്ഞുള്ള വാഴകളിലായിരിക്കും രോഗലക്ഷണങ്ങള്‍ കാണുന്നത്. പിന്നീട് അടുത്തടുത്തു നില്‍ ക്കുന്ന വാഴകളിലേക്കും പടരുന്നതായി കാണാം. മഴയും രോഗവ്യാപനത്തിന്റെ ആക്കം വര്‍ധിപ്പിക്കാം. രോഗാണുക്കളടങ്ങിയ മണ്ണ് മഴയില്‍ തെറിച്ച് വാഴകളിലെ മുറിവുകളില്‍ വീണാണ് മഴക്കാല രോഗവ്യാപനം നടക്കുന്നത്.

നിങ്ങളുടെ തോട്ടത്തില്‍ രോഗബാധയുണ്ടോ?

നിങ്ങളുടെ വാഴത്തോട്ടത്തില്‍ രോഗബാധയുണ്ടോ എന്നറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ചാല്‍ ഇതു മനസിലാകും. മാണം അഴുകല്‍ രോഗമുള്ള വാഴകള്‍ വളര്‍ച്ച നിലച്ച് പുതിയ ഇലകള്‍ വരാതെ നില്‍ക്കും. കായകള്‍ മൂക്കാതെ വാഴ മുരടിക്കും. കടഭാഗത്ത് ദുര്‍ഗന്ധം അനുഭവപ്പെടും. വാഴ മറിഞ്ഞു വീഴാം, ചരിഞ്ഞു നില്‍ക്കാം.


പ്രതിരോധ മാര്‍ഗങ്ങള്‍ നടുന്നതിനു മുമ്പ്

* ആരോഗ്യമുള്ള, രോഗബാധയില്ലാത്ത വാഴകളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും മാത്രം കന്നുകള്‍ ശേഖരിക്കുക. രോഗവിമുക്തമായ സ്രോതസില്‍ നിന്നു തയാറാക്കിയ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ നടുന്നതുവഴിയും രോഗവ്യാപനം തടയാം.

* മണ്ണിന്റെ നീര്‍വാര്‍ച്ച സൗകര്യം മെച്ചപ്പെടുത്തുക.

* കോപ്പര്‍ ഓക്‌സിക്ലോറൈഡ് നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ കന്നുകളുടെ ചുവട് മുക്കിവച്ച് അര മണിക്കൂറിനു ശേഷം നടുക.

* സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് എന്ന മിത്രബാക്ടീരിയ പൊടിരൂപത്തിലുള്ളത് ഒരു കിലോ 20 കിലോ ഉണങ്ങിയ ചാണകപ്പൊടിയോ മണലുമായോ ചേര്‍ത്ത് 50-100 ഗ്രാം വീതം വാഴയുടെ കടയ്ക്കല്‍ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മണ്ണില്‍ ഊര്‍പ്പം ഉറപ്പുവരുത്തണം.

* മണ്ണില്‍ ജൈവാംശം ഉണ്ടെങ്കില്‍ സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴത്തടത്തില്‍ ഒഴിക്കുന്നതും രോഗത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്.

രോഗലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍?

* രോഗബാധയുള്ള വാഴകളും അവയുടെ കന്നുകളും കടയോടെ പിഴുതെടുത്ത് നശിപ്പിക്കണം.

* ഇങ്ങനെയുള്ള വാഴ നിന്നിരുന്ന കുഴിയിലും അടുത്തുനില്‍ ക്കുന്ന വാഴകള്‍ക്കും അരക്കിലോ വീതം കുമ്മായം ചേര്‍ത്തുകൊടുക്കുക.

* രോഗാരംഭത്തില്‍ കുമ്മായമിട്ട് ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്‌സിക്ലോറൈഡ് എന്ന കുമിള്‍നാശിനി മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണുകുതിരത്തക്കവിധം വാഴയുടെ കടയ്ക്കല്‍ ഒഴിച്ചു കൊടു ക്കണം.

* വാഴത്തോട്ടങ്ങളിലെ ചാലുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ബ്ലീ ച്ചിംഗ് പൗഡര്‍ കിഴികെട്ടിയിടാം. അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രോഗബാധയുള്ള ഒരു വാഴയുടെ ചുവട്ടില്‍ ഒഴിക്കുക.

* രോഗബാധയുള്ള വാഴത്തോട്ടങ്ങളില്‍ ഉപയോഗിച്ച പണിയായുധങ്ങളും പാദരക്ഷകളും മറ്റും അണുവിമുക്തമാക്കിയതിനുശേഷം മാത്രം മറ്റു ഭാഗങ്ങളില്‍ ഉപയോഗിക്കുക. ഇത് രോഗാണു വ്യാപനം തടയാന്‍ സഹായിക്കും.

* രോഗം നേരത്തെ കണ്ടെത്തുന്നതും രോഗബാധയേറ്റ വാഴകള്‍ നശിപ്പിക്കുന്നതും രോഗവ്യാപനം തടയാന്‍ സഹായിക്കും. ശരിയായ നിരീക്ഷണവും പ്രതിരോധമാര്‍ഗങ്ങളും വഴി ഈ രോഗത്തെ തടയാന്‍ സാധിക്കും.
ഫോണ്‍: 9447474058.

ലേഖ ജി.
കെവികെ, ആലപ്പുഴ