ജീവിതത്തിനു തണലായി പൂച്ചെടികള്‍
ജീവിതത്തിനു തണലായി പൂച്ചെടികള്‍
Friday, May 15, 2020 3:56 PM IST
പൂന്തോട്ട നിര്‍മാണം നല്ലൊരു ഹോബിയാണ്. ഒപ്പം ഒത്തൊരു വരുമാന മാര്‍ഗവും. കാഞ്ഞിരപ്പള്ളി കണിച്ചുകാട്ട് വീട്ടില്‍ ബിസ്മി ബിനു എന്ന ചെറുപ്പക്കാരി ഇതു തെളിയിച്ചതാണ്. സ്വന്തമായി കൃഷിഭൂമി ഇല്ലെന്ന പരിമിതിയെയാണ് വാടകവീടിനോടു ചേര്‍ന്ന പത്തുസെന്റിനെ പൂന്തോട്ടവും പൂന്തോട്ട ബിസിനസ് കേന്ദ്രവുമാക്കി ബിസ്മി മറികടന്നത്. അപ്രതീക്ഷിതമായി ജീവിതത്തിനുണ്ടായ മുറിവ് മറക്കുന്നതിനാണ് തിരുഹൃദയച്ചെടി എന്നു വിളിപ്പേരുള്ള കോളിയസിന്റെ വിവിധയിനങ്ങള്‍ വച്ചുപിടിപ്പിച്ചത്. രൂപത്തിലും നിറത്തിലുമുള്ള വൈവിധ്യമാണ് കോളീയസിനഴകു പകരുന്നത്. കോളിയസിന്റെ മനം മയക്കുന്ന കളക്ഷന്‍ കണ്ട കൂട്ടുകാരും ബന്ധുക്കളും ചെടിത്തണ്ടുകള്‍ നടുന്നതിനായി ചോദിച്ചു തുടങ്ങിയപ്പോഴാണ് തിരുഹൃദയച്ചെടിയുടെ വിപണന സാധ്യത നാമ്പെടുത്തത്. വാടക വീട്ടിലെ പത്തുസെന്റില്‍ മികച്ചൊരു പൂന്തോട്ടമൊരുക്കലായി ആദ്യ പണി. വിവിധയിനം ചെടികള്‍ ശേഖരിച്ച് തോട്ടത്തിനു പൊലിവു പകര്‍ന്നു.

റോസ്, മുല്ലകള്‍, പിച്ചി, പിച്ചകം, നിറവൈവിധ്യമൊരുക്കുന്ന ബൊഗൈന്‍വില്ല എന്ന കടലാസുചെടിയുടെ മുപ്പതിലധികം ഇനങ്ങള്‍, ഓര്‍ക്കിഡ്, ആന്തൂറിയം, യൂഫോര്‍സിയ, യൂക്കോപോളി, സൈക്കസ്, ജെറിനിയം, ബ്രൊമിലിയാഡ്‌സ്, കലാഞ്ചിയ, അസ്പരാഗസ് തുടങ്ങി ഒരു മാതൃകാ പൂന്തോട്ടത്തിനുവേണ്ടവയെല്ലാം ബിസ്മിയുടെ തോട്ടത്തിലുമെത്തി. ഇന്‍ഡോര്‍ പ്ലാന്റിനങ്ങള്‍ക്ക് ഇന്നു കണ്ടുവരുന്ന വിപണന സാധ്യത മനസിലാക്കി വിവിധയിനം ബിഗോണിയ, ചൈനീസ് എവര്‍ഗ്രീന്‍, ലക്കി ബാംബൂ, വുഡ് സോറല്‍സ്, ലില്ലിച്ചെടികള്‍, ലിപ്സ്റ്റിക് പ്ലാന്റ്, ഇംമ്പേഷ്യന്‍സ്, ആഫ്രിക്കന്‍ വയലറ്റ്‌സ്, സിംഗോണിയ, മറാന്ത ഡ്രസീനിയ തുടങ്ങിയവയ്ക്ക് തോട്ടത്തില്‍ പ്രമുഖ സ്ഥാനം ഒരുക്കി. അകത്തള അലങ്കാര ചെടികള്‍ക്കൊപ്പം മുറ്റമൊരുക്കലന് ഉപയോഗിക്കാവുന്ന ചെടികളുടെ അതിവിപുലമായ ശേഖരവും ബിസ്മിക്കുണ്ട്. സ്ഥല പരിമിതിയെ മറികടക്കാന്‍ വെര്‍ട്ടിക്കല്‍ ഫാമിംഗ് രീതി ശരിക്കും ഉപയോഗിക്കുന്നുണ്ടിവിടെ. വിവിധ രൂപത്തിലുള്ള സ്റ്റാന്‍ഡുകള്‍ തോട്ടത്തിന് പുതുരൂപമാണ് പകരുന്നത്.

അലങ്കാരച്ചെടികള്‍ക്കു പുറമേ ഫലവൃക്ഷത്തൈകളുടെ വിപുലമായ ശേഖരവും ഒരുക്കുന്നതിന് ബിസ്മി മനസുവച്ചു. വിവിധയിനം പ്ലാവുകള്‍, മാവുകള്‍, പ്ലാവിനങ്ങള്‍, ലിച്ചി, ഞാവല്‍, മാതളം, കുടംപുളി, വാളന്‍പുളി, പേര, ഞാവല്‍, അമ്പഴം, സീതപ്പവം, ഓറഞ്ച്, മുസമ്പി എന്നിങ്ങനെ ഒരു വീട്ടുമുറ്റത്ത് വേണമെന്നാഗ്രഹിക്കുന്നവയെല്ലാം ബിസ്മിയുടെ ശേഖരത്തിലുണ്ട്. ഔഷധ സസ്യങ്ങള്‍ക്കും തോട്ടത്തില്‍ കാര്യമായ പരിഗണനയാണു നല്‍കുന്നത്. മദര്‍ പ്ലാന്റുകളുടെ വിപുലമായ ശേഖരമാണ് ബിസ്മിയുടെ തോട്ടത്തിലുള്ളത്. അതിനാല്‍ വില്‍പ്പനയ്ക്കുള്ള ചെടികള്‍ക്ക് താരതമ്യേനെ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്. ഇത് ബിസ്മിയുടെ ചെടിയിനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെ എത്തിക്കുന്നുണ്ട്. സ്ത്രീയെന്ന നിലയ്ക്കുള്ള പരിമിതികള്‍ മറന്നാണ് ബിസ്മി തോട്ടത്തിലേക്ക് ചെടികള്‍ എത്തിക്കുന്നതും തോട്ടമൊരുക്കുന്നതുള്‍പ്പെടെയുള്ള ശ്രമകരമായ വിവിധ പണികളില്‍ ഏര്‍പ്പെടുന്നതും. ഭര്‍ത്താവ് ബിനുവും കുട്ടികളും തന്റെ കാര്‍ഷിക സപര്യയ്ക്ക് കൂട്ടായുണ്ടെന്ന് ബിസ്മി പറയുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കോളിയസില്‍ തുടങ്ങിയ ചെറു പൂന്തോട്ടം ഇന്ന് കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു വനിതാസംരംഭകയുടെ മാതൃകാ പൂന്തോട്ട നഴ്‌സറി എന്ന നിലയ്ക്ക് മാറി കഴിഞ്ഞിരിക്കുന്നു. കൃഷിയുടെ മുഴുവന്‍ ശാസ്ത്രീയ സമീപനങ്ങളും ഹൃദിസ്ഥമാക്കിയാണ് ബിസ്മിയുടെ ചുവടുവയ്പ്പുകള്‍. പിതാവിന്റേതായുള്ള കൃഷിഭൂമിയില്‍ വിജയകരമായി വിവിധയിനം പച്ചക്കറി ഇനങ്ങള്‍ കൃഷിചെയ്ത് വിപണിയിലെത്തിക്കുന്നതിനും ബിസ്മിക്ക് ഈ തിരക്കിനിടയില്‍ കഴിയുന്നുണ്ട്.


കൃഷി അനുബന്ധ വകുപ്പുകള്‍ തീര്‍ത്തും അനുഭാവപൂര്‍ണമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് ബിസ്മി പറയുന്നു. ചിറക്കടവ് കൃഷി ഓഫീസര്‍ ജെഫിന്‍ ജെ.എസ്., അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഡി. ദീപു, എസ്.എച്ച്.എം. ഫീല്‍ഡ് അസിസ്റ്റന്റ് ടിന്‍സ് ആന്റണി തുടങ്ങിയവര്‍ കൃത്യമായ ഇടവേളകളില്‍ തോട്ടത്തിലെത്തി നിര്‍ദേശങ്ങളും സഹായങ്ങളുമായി ഒപ്പമുണ്ട്. ഇന്ന് കേരളത്തിലുടനീളം ഒട്ടനവധി യുവതികളാണ് ബിസ്മിയുടെ മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്ന് കൃഷിയിലേക്കും ജീവിതത്തിലേക്കും കടന്നുവരുന്നത്. വെറും പാവംചെടിയായ കോളിയസിനുമുണ്ട് അതിന്റേതായ ഇടം. മുള്ളുകള്‍ നിറഞ്ഞ റോസാണ് മനോഹരപുഷ്പങ്ങള്‍ സമ്മാനിക്കുന്നത്. സാധ്യതകള്‍ കണ്ടെത്തി ചുവടുവച്ചാല്‍ മുന്നോട്ടുള്ള യാത്ര സുഗമമമാകുമെന്ന് ബിസ്മി ഉറപ്പിച്ചു പറയുന്നു. ഉദ്യാനകൃഷി ജീവിതചര്യയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ബിസ്മിയെ വിളിക്കണം... കാണണം... ബിസ്മിയെന്നത് ഉറപ്പുള്ളൊരു വിജയമാതൃകയാണ്.
ഫോണ്‍: 9446123110

എ.ജെ. അലക്‌സ് റോയ്
അസിസ്റ്റന്റ് കൃഷി ഓഫീസര്‍, എലിക്കുളം, കോട്ടയം