കൊറോണയെ തോല്‍പിച്ച് അശോകന്റെ പച്ചക്കറി വില്പന
കൊറോണയെ തോല്‍പിച്ച് അശോകന്റെ പച്ചക്കറി വില്പന
പോലീസില്‍ സബ് ഇന്‍പെക്ടറായിരുന്നു എന്ന അഹംഭാവമൊന്നും അശോകന്റെ പച്ചക്കറിവില്‍പനയ്ക്ക് തടസമാകാറില്ല. കൊറോണക്കാലത്തും അശോകന്‍ തന്റെ പച്ചക്കറിയുമായി റോഡിലെത്തി. വാഹനങ്ങള്‍ കുറവാണെങ്കിലും അശോകന്റെ പച്ചക്കറി വില്‍ക്കാന്‍ റോഡിലുള്ള വാഹനങ്ങള്‍ ധാരാളമായിരുന്നു. രാവിലെ 10 ന് ചേര്‍ത്തല റെയില്‍വേസ്‌റ്റേഷന് എതിര്‍വശമെത്തിയാല്‍ പാന്‍ഡും ഷര്‍ട്ടുമൊക്കെ ഇന്‍ ചെയ്ത് കാന്‍വാസ് ഷൂസുമൊക്കെയിട്ട് ഒരു മീറ്റര്‍ നീളമുള്ള പയര്‍ ഉയര്‍ത്തിക്കാട്ടി വാഹനങ്ങളില്‍ പോകുന്നവരെ വാങ്ങാന്‍ ക്ഷണിക്കുന്ന അശോകനെ കാണാം. പലരും വണ്ടി നിര്‍ത്തും. വിലചോദിച്ചാല്‍ അരക്കിലോ 40 രൂപ. ജൈവരീതിയില്‍ ഉത്പാദിപ്പിച്ചതാണെന്നും ഫാം അടുത്താണെന്നും പറയും. പിന്നേയും വിവരങ്ങള്‍ ചോദിച്ചാല്‍ കൃഷിരീതിയും ഉപയോഗിച്ച വളക്കൂട്ടുകളുമെല്ലാം പറഞ്ഞു മനസിലാക്കും. തന്റെ സ്‌കൂട്ടറില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ത്രാസുമൊക്കെ വച്ച് കസ്റ്റമറെ കാണിച്ച് തൂക്കി തന്നെയാണ് വില്‍പന. ആരും വില കൂടുതലാണെന്നു പരാതി പറയാറില്ലെന്നും ഇദ്ദേഹം പറയുന്നു. അശോകന്റെ പച്ചക്കറി കഴിച്ചിട്ടുള്ളവര്‍ രുചിയറിഞ്ഞ് ഇദ്ദേഹത്തെ തേടിയെത്തുന്നു. കൃഷി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് നല്ലൊരു സുഹൃദ് വലയവുമുണ്ട് ഇദ്ദേഹത്തിന്.

നാലേക്കറിലെ പ്ലാവും പച്ചക്കറിയും

ചേര്‍ത്തല കടക്കരപ്പള്ളി കളപ്പുരയ്ക്കല്‍ വീട്ടില്‍ താമസിക്കുന്ന അശോകന്‍ വി.ആര്‍. എന്ന ഈ മുന്‍പോലീസുകാരന്‍ ചേര്‍ത്തല കുറ്റിക്കാട്ടു കവലയ്ക്കു സമീപമാണ് കൃഷി നടത്തുന്നത്. ശ്രീധന്യ കണ്‍സ്ട്രക്ക്ഷന്‍ കമ്പനി ഉടമ കിളിമാനൂര്‍ ചന്ദ്രബാവുവിന്റെ നാലേക്കര്‍ സ്ഥലത്താണ് അശോകന്റെ കൃഷി. ഈ സ്ഥലം വെറുതേകിടക്കുന്നതുകണ്ട് കൃഷി ചെയ്‌തോട്ടെയെന്നു ചോദിച്ചു. മൂന്നു വര്‍ഷം കൊണ്ട് അഞ്ചുലക്ഷം രൂപ വരുമാനമുള്ള കൃഷിയിടമാക്കിക്കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ ഉടമയ്ക്കും സന്തോഷം. അങ്ങനെ കൃഷിയിടം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതു. തുടര്‍ന്ന് പൂഴിയടിച്ച് അതും ഉഴുത് കൃഷിയിടം പാകപ്പെടുത്തി. അതിനു ശേഷം ഒരേ നിരയില്‍ അഞ്ചുമീറ്റര്‍ അകലത്തില്‍ 700 ഡാങ്ങ് സൂര്യ എന്ന ചുളയ്ക്ക് ചുവന്ന കളറുള്ള പ്ലാവിന്റെ ഒട്ടുതൈകള്‍ വച്ചു. ആറുമാസം പ്രായമുള്ള ബഡ്ഡുതൈകള്‍ നട്ടിട്ട് ഇപ്പോള്‍ അഞ്ചുമാസമായി. തുള്ളിനന സംവിധാനത്തിലൂടെയാണ് ജലസേചനം. മണ്ണുഴുമ്പോള്‍ തന്നെ പച്ചകക്കപ്പൊടി ഇട്ട് ഉഴുതു. ശേഷം കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, ചാരം, മീന്‍പൊടി, കരിമ്പിന്‍ വേസ്റ്റ്, ചാണകം, കോഴിവളം, ചാണകം, എല്ലുപൊടി തുടങ്ങിയവയെല്ലാം ചേര്‍ത്ത മിശ്രിതമാണ് അടിവളമായി നല്‍കുന്നത്. ഇനി മഴയ്ക്കു മുമ്പ് തടം തുറന്ന് ഒരു വളപ്രയോഗം കൂടി നടത്തിയാല്‍ പിന്നെ വെള്ളം മാത്രം നല്‍കിയാല്‍ മതിയെന്ന് അശോകന്‍ പറയുന്നു. മൂന്നാംവര്‍ഷം കായ്ക്കുന്ന ഇനമാണ് ഡാങ്ങ് സൂര്യ.

ഇടവിളയായി പച്ചക്കറികള്‍

പ്ലാവ് വലുതായി വരുന്നതുവരെ ഇടവിളയായി പച്ചക്കറികള്‍ നടുന്നു. പയര്‍, വെണ്ട, പാവല്‍ തുടങ്ങി ഇവിടെ അശോകന്‍ വിളയിക്കാത്തതൊന്നുമില്ല. നിലവില്‍ 400 ചുവട് അച്ചിങ്ങയാണ് വിളവെടുക്കുന്നത്. പ്രതിദിനം 10-13 കിലോ അച്ചിങ്ങ വില്‍പനയ്ക്ക് റെഡി.

രുചിക്കൂട്ടൊരുക്കുന്ന വളത്തൊട്ടിയിലെ വളം

അശോകന്റെ വളക്കൂട്ടാണ് വിളകളുടെ രുചിക്കു പിന്നില്‍. കൃഷി തുടങ്ങുന്നതിനുമുമ്പേ പച്ചകക്കയിട്ട് മണ്ണുപരുവപ്പെടുത്തുമെങ്കിലും അതിനും ഒരുമാസംമുമ്പേ അശോകന്‍ വളമുണ്ടാക്കാന്‍ തുടങ്ങും. ഇതിന് മണ്ണുചാക്കുകള്‍ ദീര്‍ഘചതുരാകൃതിയില്‍ അടുക്കും. അതിനുശേഷം അതിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കും. ഇതിലേക്ക് കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, ആവണക്ക് പിണ്ണാക്ക്, മീന്‍പൊടി, കരിമ്പിന്‍ചണ്ടി, പച്ചച്ചാണകം, കോഴിവളം, എല്ലുപൊടി, ചാരം, എന്നിവയെല്ലാം ഇടും. അതിനുശേഷം വെള്ളമൊഴിക്കും. രണ്ടു ദിവസം കഴിയുമ്പോള്‍ ഇവ കുഴമ്പുപരുവമാകും. പിന്നീട് ഇളക്കിക്കൊടുത്തുകൊണ്ടേയിരിക്കും. ഒരു മാസത്തിനുശേഷം പരുവപ്പെടുത്തിയ തടങ്ങള്‍ നനഞ്ഞ് കുതിരത്തക്കരീതിയില്‍ ഈ വളക്കൂട്ട് ഒഴിച്ചു കൊടുക്കും. നാലഞ്ചു ദിവസം നനച്ചശേഷമാണ് പച്ചക്കറിതൈകള്‍ നടുക. ഈസ്റ്റ് വെസ്റ്റ് എന്ന കമ്പനിയുടെ ഫോള എന്നയിനം അത്യുത്പാദന ശേഷിയുള്ള പയറാണ് കൃഷിചെയ്യുന്നത്. 100 ഗ്രാം വിത്തിന് 90 രൂപ നിരക്കിലാണ് ഇതു വാങ്ങുന്നത്. പൊള്ളാച്ചിയിലെ ശരവണന്‍ എന്ന വിത്തു വിതരണക്കാരനില്‍ നിന്നാണ് അത്യുത്പാദനശേഷിയുള്ള വിത്തുകള്‍ വാങ്ങുന്നത്. ഇവ ലഭിച്ചാല്‍ കൃഷിയിടത്തിനു മധ്യേയായുള്ള വീടിനു സമീപത്തെ ചെറിയ ചായ്പില്‍ പ്രോട്രേകളില്‍ പോട്ടിംഗ് മിശ്രിതം നിറച്ചു നടും. പിന്നീട് ഇത് ഒരുക്കിയിട്ടിരിക്കുന്ന കൃഷിയിടത്തിലേക്കു പറിച്ചു നടും.


പയര്‍, വള്ളിവീശിയാല്‍ പത്തടി നീളത്തിലുള്ള ജി.പി. പൈപ്പുകള്‍ പന്തലിനായി സ്ഥാപിക്കും. ഇതിന്റെ അഗ്രഭാഗത്ത് വെല്‍ഡ് ചെയ്ത് പിടിപ്പിച്ചിരിക്കുന്ന ക്‌ളാമ്പില്‍ നെടുകേ പൈപ്പു വച്ച്, അതില്‍ പ്ലാസ്റ്റിക്ക് നെറ്റ് വലിച്ചുകെട്ടിയാണ് പയര്‍ പടര്‍ത്തുക. ഇത്തരത്തില്‍ പൈപ്പ് ക്രമീകരിക്കാന്‍ 48,000 രൂപ ചെലവുവന്നതായി അശോകന്‍ പറയുന്നു. 400 ചുവട് പയര്‍ വിളവെടുപ്പു കഴിയുന്ന മുറയ്ക്ക് 1000 ചുവട് വിളവെടുപ്പു പാകമാകുന്നു. കൂടുതല്‍ വിളവുവന്നാല്‍ എറണാകുളത്തെ ലുലു ഉള്‍പ്പെടെയുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അവയെത്തിച്ചാണ് വില്‍പന.


ഞാനെന്ന ഭാവം അല്‍പം മാറ്റിവച്ചാല്‍ പച്ചക്കറി വിപണനം ഒരു പ്രശ്‌നമേയല്ലെന്നാണ് അശോകന്റെ അഭിപ്രായം. ആലപ്പുഴയിലെ ത്രേസ്യാമ്മവധം ഉള്‍പ്പെടെ നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചയാളാണ് അശോകന്‍. ഇതിന് ഡിജിപിയുടെ കൊമന്റേഷന്‍ ഉള്‍പ്പെടെ ലഭിക്കുകയും ചെയ്ത വ്യക്തി. പോലീസിലായിരിക്കുമ്പോഴും വെറുതേകിടക്കുന്ന സ്ഥലങ്ങള്‍ കണ്ടാല്‍ ഒരാവേശമായിരുന്നു. ഉടമയോടു ചോദിച്ച് അവിടെ കൃഷി തുടങ്ങും. മണ്ണിന്റെ പിഎച്ച് അളക്കുന്നതിനും അശോകന് തന്റേതായ രീതിയുണ്ട്. മണ്ണില്‍ അഞ്ചാറ് പയര്‍ വിത്തിടും. അതു മുളയ്ക്കുന്നതുള്‍പ്പെടെ ശ്രദ്ധിച്ചാല്‍ ഇദ്ദേഹത്തിന് മണ്ണിലെ അമ്‌ളത കണ്ടുപിടിക്കാനാവും. പച്ചക്കറി വില്‍ക്കാനായി ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ നില്‍ക്കുമ്പോള്‍ പണ്ട് കേസില്‍ പിടിച്ചവരെയൊക്കെ കാണുന്നതും അവരുടെ പെരുമാറ്റവുമൊക്കെ ഒരു കഥയെഴുതാന്‍ പോന്നതാണെന്ന് ഈ മുന്‍ എസ്‌ഐ പറയുന്നു. ജോലിചെയ്തു ജീവിക്കുന്നതില്‍ അഭിമാനിക്കുന്ന ഈ പോലീസുകാരന് വിപണി എവിടെയായാലും കുഴപ്പമില്ല. തന്റെ സ്‌കൂട്ടറില്‍ ത്രാസ് ഉള്‍പ്പെടെ കൊണ്ടുവന്ന് ഗുണഗണങ്ങള്‍ പറഞ്ഞാണ് മാര്‍ക്കറ്റിംഗ്. അശോകന്റെ കൃഷിയും വില്‍പനയും തുടരുകയാണ്, കൊറോണയ്ക്കും തോല്‍പ്പിക്കാനാവാതെ.ഫോണ്‍: അശോകന്‍- 790 786 03 78.

ടോം ജോര്‍ജ്
ഫോണ്‍: 93 495 99 023.