വിളിച്ചാല്‍ വിളികേള്‍ക്കാത്ത കൃഷി ഓഫീസുകള്‍
വിളിച്ചാല്‍ വിളികേള്‍ക്കാത്ത കൃഷി ഓഫീസുകള്‍
Tuesday, April 21, 2020 3:32 PM IST
എഡിറ്റേഴ്‌സ് ഐ/ടോം ജോര്‍ജ്

എന്റെ കഴിഞ്ഞ ലക്കത്തിലെ 'എഡിറ്റേഴ്‌സ് ഐ' കോളം വായിച്ച ശേഷം തന്റെ അനുഭവം പങ്കുവയ്ക്കാനാണ് ആലപ്പുഴ മാവേലിക്കരയിലെ കൃഷ്ണകുമാര്‍ എന്ന കര്‍ഷകന്‍ വിളിച്ചത്. കൃഷ്ണകുമാറിന്റെ വാക്കുകളിലൂടെ ചില അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ഒന്നെത്തിനോക്കാം. ഇദ്ദേഹം തന്റെ പുരയിടത്തില്‍ 600 ചുവട് വഴുതന നട്ടു. വളര്‍ന്നു വന്നപ്പോള്‍ ചെടികള്‍ ഓരോന്നായി വാടാന്‍ തുടങ്ങി. സാമ്പിളുമായി കൃ ഷി ഓഫീസില്‍ ചെന്നു. എന്താണ് അസുഖമെന്നറിയാതെ ഇവിടെ നിന്നു കൊടുത്ത മരുന്നു കുറേനാള്‍ തളിച്ചു. കൂടുതല്‍ തൈകള്‍ വാടിക്കൊണ്ടേയിരുന്നു. പല കൃഷി ഭവനുകളിലിരിക്കുന്നവര്‍ക്കും സാമ്പിള്‍ കണ്ടാ ല്‍ രോഗം ഏതെന്നു തിരിച്ചറിയാനാവുന്നില്ലെന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍ എനിക്ക് പുതുമയുള്ളതല്ല. ഇവരില്‍ ചിലര്‍ കുറിക്കുന്ന മരുന്നുകള്‍ തളിച്ചാല്‍ ചെടികരിയുന്നതല്ലാതെ മറ്റു പ്രയോജനമില്ലന്ന കൃഷ്ണകുമാറിന്റെ നിരീക്ഷണം പല കര്‍ഷകരും എന്നോട് ആവര്‍ത്തിച്ചിട്ടുള്ളതുമാണ്. ഭൂരിഭാഗം കര്‍ഷകരും പറയുന്ന ഈ ആരോപണം സിസ്റ്റത്തിന്റെ കുഴപ്പമല്ല, മറിച്ച് ആര്‍ജിത തിയറി ഫീല്‍ഡില്‍ പ്രയോഗിച്ച്, അത് ഫീല്‍ഡില്‍ ഓടുമോയെന്നു പരീക്ഷിക്കാത്തതിന്റെ കുഴപ്പമാണ്.

കര്‍ഷകരുടെ ഒപ്പം നിന്ന് മാറുന്ന കാലാവ സ്ഥയെ കുറിച്ചും രോഗങ്ങളെ കുറി ച്ചും പഠിക്കാത്തതിന്റെ പ്രശ്‌നമാണ്. പുസ്തകത്തിലെ പശു പുല്ലുതിന്നില്ല, അത്രതന്നെ. ഇങ്ങനെ പഠിക്കാന്‍ സമയം കണ്ടെത്തുന്ന ഓഫീസര്‍മാര്‍ മികച്ചരീതിയില്‍ കര്‍ഷകരെ സഹായിക്കുന്നുമുണ്ട്. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് മറുപടി ലഭിക്കാതാകുമ്പോള്‍ കൃഷി മാസികകളില്‍ എഴുതുന്ന തൃശൂര്‍ പഴയന്നൂര്‍ കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തേറാട്ടിലിനെ താന്‍ വിളിക്കാറുണ്ടെന്നും രോഗബാധയുള്ള ചെടിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെയും മറ്റും നോക്കി ഇദ്ദേഹം പരിഹാരം നിര്‍ദ്ദേശിച്ചു തരാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.

തന്റെ വഴുതനയ്ക്ക് എന്താണ് പ്രശ്‌നമെന്നറിയാന്‍ കൃഷ്ണകുമാര്‍ കൃഷ്ണപുരം കെവികെയിലെത്തി. അവിടെ ഡോ. ടി. ശിവകുമാറിനെ കണ്ടു. അദ്ദേഹമാണ് ഇത് ബാക്ടീരിയല്‍ വാട്ടമാണെന്നും അവസാനഘട്ടമാണെന്നും കണ്ടുപിടിച്ചത്. ആന്റി ബയോട്ടിക്കുകള്‍ നല്‍കിയെങ്കിലും സമയം വൈകിയതിനാല്‍ 600 ചുവട് വഴുതനയും നശിച്ചു. ഒരു ഓഫീസിന്റെ കാര്യക്ഷമതയില്ലായ്മ ഉണ്ടാക്കിയ നഷ്ടം. ഇതിനു പ്രതിവിധി അന്വേഷിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ 'ഹരിത' എന്ന വഴുതന ഇനം ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കുമെന്ന് കെവികെ പറഞ്ഞതനുസരിച്ച് ഇറങ്ങി പുറപ്പെട്ട കൃഷ്ണകുമാറിന്റെ അനുഭവമാണ് ഇത്തവണത്തെ കഥയുടെ ഇതിവൃത്തം.

'ഹരിത' എന്ന വിത്തിനെക്കുറിച്ച് പല കാര്‍ഷിക മാസികകളിലും വായിച്ചിട്ടുള്ളതിനാല്‍ ഈ വിത്തു വാങ്ങാന്‍ തീരുമാനിച്ചു. ആദ്യം വിത്തിനായി പത്തനംതിട്ട പുല്ലാടുള്ള കെവികെയില്‍ വിളിച്ചു. എടുത്തയാള്‍ എന്താണെന്നു തിരക്കി, ഹരിതയോ എന്താണെന്നു പോലും അറിയാത്തതു പോലെ മറുപടി. ആ ശ്രമം വിഫലമായി. അടുത്തതായി വീയപുരം സ്റ്റേറ്റ് സീഡ് ഫാമില്‍ വിളിച്ചു. അവിടെയും ഹരിതയില്ല. കര്‍ഷകന്‍ സാഹചര്യങ്ങളോട് മല്ലിട്ടു ജീവിക്കാന്‍ പഠിക്കണമല്ലോ, ശ്രമം തുടര്‍ന്നു... ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രം, പത്തനംതിട്ട, ആലപ്പുഴ വിഎഫ്പിസികെകള്‍, മാവേലിക്കര ജില്ലാ കൃഷിത്തോട്ടം, പന്തളം കെവികെ എന്നിവിടങ്ങളില്‍ വിളിച്ചും നേരിട്ടുചെന്നും അന്വേഷിച്ചു. അവിടെങ്ങും ഹരിത എന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇനത്തിന്റെ വിത്തില്ല, ചിലര്‍ക്ക് ഇതിനെക്കുറിച്ച് അറിവുപോലുമില്ല. അവസാനം തിരുവനന്തപുരം വെള്ളായണിയിലെ കാര്‍ഷികകോളജില്‍ വിത്തുണ്ടെന്ന വിവരം ലഭിച്ചു. ആലപ്പുഴയിലെ ചെറിയനാടുനിന്ന് ഹരിത വിത്തിനായി നൂറില്‍ പരം കിലോമീറ്ററുകള്‍ താണ്ടി തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലേക്ക് വണ്ടി കയറാന്‍ തീരുമാനിച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍. അതിനിടക്ക് ഡോ. ടി. ശിവകുമാര്‍ തന്റെ കൈവശമുണ്ടായിരുന്ന കുറച്ചു വിത്ത് കൃഷ്ണകുമാറിനു നല്‍കി.

ഇതാണ് സ്ഥിതി. വിത്തുകണ്ടുപിടിച്ച വിവരമൊക്കെ വളരെ കൊട്ടിഘോഷിച്ച് പത്രമാധ്യമങ്ങളില്‍ നല്‍കും. ഇതുകണ്ട് വാങ്ങാന്‍ ഇറങ്ങിപുറപ്പെട്ട കര്‍ഷകന്റെ ഗതിയേ. ഇതും സിസ്റ്റത്തിന്റെ പ്രശ്‌നമാണെങ്കില്‍ അത് തിരുത്തേണ്ടതല്ലേ? കേരളത്തിലെ കാര്‍ഷിക സര്‍വകലാശാല ഇറക്കുന്ന ഒരു വിത്തിനെക്കുറിച്ച് കൃഷിഭവനുകളും കൃഷിവിജ്ഞാന കേന്ദ്രങ്ങളിലും വിഎഫ്പിസികെകളിലും അറിവുണ്ടാകേണ്ടേ? അതന്വേഷിച്ച് വിളിക്കുമ്പോള്‍ കര്‍ഷകനോട് മാന്യമായി മറുപടി പറയേണ്ടേ? കസ്റ്റമറെ രാജാവിനെപ്പോലെ കാണണമെന്ന ബിസിനസ് മാനേജ്‌മെന്റ് പാഠമൊക്കെ പഠിക്കാഞ്ഞിട്ടല്ല, കൃഷിഭവനിലെ രാജാവ് കര്‍ഷകരാണെന്ന് അറിയാഞ്ഞിട്ടുമല്ല. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന ഹുങ്ക്, അതു കൂടിപ്പോകുന്നതാണ് പ്രശ്‌നം. തങ്ങളാണ് രാജാക്കന്‍മാര്‍ എന്നു ചില ഓഫീസര്‍ മാരും തെറ്റിധരിക്കുന്നു.

ചില ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണെടുക്കാറുപോലുമില്ലെന്ന് കൃഷ്ണകുമാര്‍ തന്റെ അനുഭവത്തില്‍ നിന്നു പറയുന്നു. കര്‍ഷകരുടെ ഇടയിലേക്ക് ഇറങ്ങാനാകാത്തവിധം ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് കൃഷി ഓഫീസര്‍മാരില്‍ ചിലര്‍ പങ്കുവച്ച പരാതി. അങ്ങനെ ഓഫീസിലിരിക്കുകയാണെങ്കില്‍ അവിടെ വരുന്ന കര്‍ഷകരുടെ ഫോണ്‍ കോളുകള്‍ നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയില്ലേ?

കോഴിക്കോട് ഫറൂക്ക് എടക്കാട് വീട്ടിലെ രവീന്ദ്രന്‍പിള്ള എന്ന കര്‍ഷകന്‍ കത്തുമുഖാന്തിരം ഞങ്ങളെ എഴുതിയറിയിച്ച ഇതേ പരാതിയും കൂടി ശ്രദ്ധയില്‍പ്പെടുത്താം. മാസികയില്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ക്കായി വിളിക്കുമ്പോള്‍ പറഞ്ഞ സംരംഭങ്ങളെക്കുറിച്ച് അറിവില്ലാത്തരീതിയിലും തികച്ചും പ്രോത്സാഹനജനകമല്ലാത്ത തരത്തിലുമാണ് പ്രതികരിക്കുന്നത്. മറ്റു മാസികകളില്‍ നല്‍കുന്ന സഹായവാര്‍ത്തകള്‍ കണ്ടുവിളിച്ചാലും പലയിടത്തും സ്ഥിതി ഇതാണ്. കര്‍ഷകര്‍ വിളിച്ചാല്‍ പ്രയോജനമില്ലാത്ത ഓഫീസുകളുടെ നമ്പരുകള്‍ കൊടുക്കുന്നത് എന്തിനെന്നു ചോദിച്ചാണ് കത്ത് അവസാനിക്കുന്നത്. കൃഷിവകുപ്പിന്റെ പദ്ധതികളേക്കുറിച്ചുപോലും അറിയാത്ത കൃഷിഭവനുകളുണ്ട്. പദ്ധതികളേക്കുറിച്ച് വാര്‍ ത്ത നല്‍കി, കൂടുതല്‍ വിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭ്യമാണെന്നാ ണു മാസികയില്‍ നല്‍കാറ്. ഇവിടെ അന്വേഷിച്ചു ചെല്ലുമ്പോള്‍ ഏതുപദ്ധതി, ഞങ്ങള്‍ക്കൊന്നും അറിയില്ല, മാസികയില്‍ കൊടുത്തെങ്കില്‍ അവരോടു ചോദിക്ക് എന്ന മറുപടിയാണു ലഭിച്ചതെന്ന് പാലക്കാടുള്ള പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കര്‍ ഷക പറയുന്നു. പിന്നീട് മാസിക ഇടപെട്ട് കൃഷിവകുപ്പിന്റെ തിരുവനന്തപുരം ഡയറക്ടറേറ്റില്‍ നിന്ന് ആ കൃഷിഭവനില്‍ വിളിപ്പിച്ച് പദ്ധതിയേക്കുറിച്ച് ബോധവത്കരിപ്പിച്ച ശേഷമാണ് ആ കര്‍ഷകയ്ക്ക് പദ്ധതി പ്ര കാരമുള്ള സഹായം ലഭിച്ചത്.



തന്റെ ഓഫീസില്‍ ഒരു ഫോണ്‍ വന്നാല്‍ മര്യാദയ്ക്ക് സംസാരിക്കാ നും അവര്‍ ആവശ്യപ്പെടുന്ന വിവരം തങ്ങളുടെ പക്കലില്ലെങ്കില്‍ അതു കിട്ടുന്നിടം പറഞ്ഞു കൊടുക്കാനുള്ള മാനസീകാവസ്ഥ പോലുമില്ലാത്തവരെയാണോ ഓഫീസുകളിലെ ഫോ ണ്‍ എടുക്കാന്‍ നിയോഗിച്ചിരിക്കുന്നത്? പണ്ടെത്ത രാജാക്കന്‍മാര്‍ വേഷംമാറിനടന്ന് കാര്യങ്ങള്‍ മനസിലാക്കുന്ന പോലെ കര്‍ഷകരെന്ന പേരില്‍ കൃഷിമന്ത്രിയോ വകുപ്പു സെക്രട്ടറിയോ ഒക്കെ ഒന്ന് ഓഫീസുകളിലേക്ക് വിളിക്കാനെങ്കിലും മനസുകാണിച്ചാല്‍ കര്‍ഷകരുടെ പരാതി ന്യായമാണെന്നു വ്യക്തമാകും. ഇത്തരത്തില്‍ ഈ ലേഖകന്‍ വിളിച്ചപ്പോള്‍ കര്‍ഷകരുടെ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ഇത്ത വണ അവതരിപ്പിക്കുന്നത്. വിത്തുകള്‍ സര്‍ക്കാര്‍ വഴി ലഭിക്കാന്‍ കൃഷ്ണകുമാറിന് അനുഭവപ്പെട്ട തരത്തിലുള്ള ബുദ്ധിമുട്ടുകാരണം കര്‍ഷകര്‍തന്നെ ഓണ്‍ലൈന്‍ വഴി പരതി വന്‍കിട വിത്തുത്പാദക കമ്പനികളുടെ വിത്തുകള്‍ വലിയവിലയ്ക്ക് വാങ്ങിയാണ് വ്യാവസായിക ഉത്പാദനം നടത്തുന്നത്. ഇവയുടെ കവറിനു പുറത്ത് ഈ വിത്ത് ഉപയോഗിക്കാന്‍ നല്‍കിയിരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ പലതിലും കേരളമില്ല.

അതായത് നമ്മുടെ മണ്ണിലും കാലാവസ്ഥയിലും കൃഷിചെയ്യാന്‍ ഉദ്ദേശിച്ചു തയാറാക്കിയിട്ടുള്ളതല്ല ഇവയില്‍ പലതും. അതുകൊണ്ടു തത്കാലം നല്ല വിളവൊക്കെ ലഭിക്കുന്നുണ്ടെങ്കിലും കീടാക്രമണമോ മറ്റു ഉത്പാദനപ്രശ്‌നങ്ങളോ എപ്പോഴും അലട്ടാം. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനുമിണങ്ങിയ വിത്തിനങ്ങളല്ല ഗതികെട്ട കര്‍ഷകര്‍ പുറത്തു നിന്നു വാങ്ങിക്കുന്നതെന്നര്‍ഥം. ആലപ്പുഴ ജില്ലില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറികൃഷിനടക്കുന്ന കഞ്ഞിക്കുഴിയിലും ചെറിയനാട്ടും മൂന്നാര്‍ വട്ടവടയിലുമെല്ലാം ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി മുന്നോട്ടു പോകുന്നത്. കര്‍ഷകര്‍ ആവശ്യപ്പെടുന്ന പ്രത്യേകതകളുള്ള വിത്തുകള്‍ ഇവിടെ ഉത്പാദിപ്പിച്ച് കര്‍ഷകരുടെ ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കുക്കാനു ള്ള സംവിധാനം എന്നുണ്ടാകുമോ ആവോ? കോടിക്കണക്കിനു വിത്തു പായ്ക്കറ്റുകള്‍ സ്‌കൂളുകള്‍ വഴിയും മറ്റും എത്തിക്കാന്‍ കാണിക്കുന്ന ഉത്സാഹം കര്‍ഷകര്‍ക്ക് വിത്തെത്തിക്കുന്നതില്‍ എന്തുകൊണ്ട് കാണിക്കുന്നില്ല.

കഴിഞ്ഞമാസം പൊള്ളാച്ചിയിലെ തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാലാ കേന്ദ്രത്തില്‍ മൂലന്നൂര്‍ മുരിങ്ങ എന്ന തമിഴ്‌നാട്ടിലെ ഒരു നാട്ടുമുരിങ്ങയുടെ വിത്തന്വേഷിച്ചെത്തിയ ആലപ്പുഴയിലെ കര്‍ഷകന്‍ സുരേഷ് കുമാറിന്റെ അനുഭവം വിവരിച്ചുകൊണ്ട് നിര്‍ത്താം. വൈകുന്നേരം അഞ്ചരയോടെയാണ് അദ്ദേഹം ഇവിടെയെത്തുന്നത്. ഓഫീസ് അടയ്ക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥര്‍. എന്തിനാണ് വന്നതെന്ന് അവര്‍ അന്വേഷിച്ചു. കാര്യം പറഞ്ഞു. വിത്തു നല്‍കുന്ന സെക്ഷനിലെ ഉദ്യോഗസ്ഥന്‍ ഇറങ്ങിയല്ലോ, അല്‍പം കാത്തുനില്‍ക്കാമോ എന്നവര്‍ തിരക്കി. തിരക്കുണ്ടെന്നു പറഞ്ഞിറങ്ങിയ സുരേഷിന്റെ മൊബൈല്‍ നമ്പര്‍ അവര്‍ വാങ്ങി. രാത്രി ഏഴോടെ പൊള്ളാച്ചിയില്‍ നിന്നും സെക്ഷന്‍ ഓഫീസര്‍ വിളിച്ചു. താങ്കള്‍ ഇവിടം വിട്ടുപോയോ, വിത്ത് റെഡിയാണെന്നറിയിച്ചു. പോയെന്നു മറുപടി പറഞ്ഞ സുരേഷിനോട് വിത്ത് ഇവിടെ ഏല്‍പിക്കാമെന്നും നാളെ വാങ്ങിക്കൊള്ളണമെന്നും പറഞ്ഞു. നല്‍കിയിരിക്കുന്ന സമയത്തിനു മുന്നേതന്നെ ഓഫീസടച്ചു പോകുന്ന കേരളത്തിലെ ചില വിത്തുവിതരണ കേന്ദ്രങ്ങളുടെ അനുഭവം വിവരിച്ചാണ് സുരേഷും സംസാരം നിര്‍ത്തിയത്. കേരളത്തില്‍ നിന്നെത്തിയ കര്‍ഷകന്‍ വിത്തുതിരക്കിയെത്തിയെന്നറിഞ്ഞ് അയാളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ തിരിച്ചെത്തി കര്‍ഷകനെ വിളിച്ച തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥന്റെ മനോഭാവം കണ്ടുപഠിക്കേണ്ടതല്ലേ.

ഇവിടെയോ, കാര്‍ഷിക സര്‍വകലാശാല ഇറക്കുന്ന വിത്തുകള്‍ കര്‍ഷകര്‍ക്ക് അവരുടെ കൈയെത്തും ദൂരത്തുള്ള കൃഷി ഓഫീസുകളില്‍ എത്തിക്കാന്‍ പോലും നമുക്കാവുന്നില്ല. എന്തിന് അവയെക്കുറിച്ചുള്ള അറിവുപോലും വകുപ്പുകളിലില്ല. വകുപ്പിന്റെ പേരില്‍ മാത്രം കര്‍ഷകക്ഷേമം ചേര്‍ത്തിട്ടു കാര്യമൊന്നുമില്ല. ഓരോ ഉദ്യോഗസ്ഥന്റെ പ്രവൃത്തിയിലൂടെയും അതു കര്‍ഷകര്‍ക്കു ബോധ്യപ്പെടണം. കേരളത്തില്‍ കൃഷി സെക്രട്ടറി മുതല്‍ ഇങ്ങോട്ടുള്ള ഉദ്യോഗസ്ഥരുടെ ലിസ്‌റ്റെടുത്താല്‍ ഒരു പേജ് എഴുതിയാലും തികയില്ലാത്തതിനാല്‍ ഇവിടെ എഴുതുന്നില്ല. അവരെല്ലാം ചേര്‍ന്ന് വാങ്ങിക്കുന്ന ശമ്പളം കോടികളും. എല്ലാം കര്‍ഷകക്ഷേമത്തിന്. ഇവരെല്ലാം കൂടി ശ്രമിച്ചിട്ടും വെള്ളായണിയിലുള്ള ഒരു വിത്ത് ആലപ്പുഴയില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നില്ലത്രേ. കൃഷിയുടെ അടിസ്ഥാന ആവശ്യമായ നല്ല വിത്തുപോലും എത്തിച്ചുകൊടുക്കാന്‍ സാധിക്കാത്ത ഇവരെല്ലാം കൂടെ എന്താണു ചെയ്തു കൂട്ടുന്നത്? നവമാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ ഫയലുകള്‍ നോക്കുകയാണ് സൂര്‍ത്തുക്കളെ ഫയലുകള്‍ നോക്കുകയാണ്.