പച്ചക്കറികളിലെ വിഷം സോപ്പ് ഉപയോഗിച്ചാല്‍ പോകുമോ?
പച്ചക്കറികളിലെ വിഷം സോപ്പോ, സോപ്പുപൊടിയോ ഉപയോഗിച്ച് കഴുകിയാല്‍ മാറ്റാം എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അബദ്ധമെന്ന് ശാസ്ത്രജ്ഞര്‍. പച്ചക്കറികള്‍ പ്രത്യേകിച്ച് തൊലി കൂടി അരിഞ്ഞ് കറിക്കുപയോഗിക്കുന്നവ നിര്‍ബന്ധമായും സോപ്പുപൊടിചേര്‍ത്ത ലായനിയില്‍ കഴുകി വൃത്തിയാക്കണമെന്നും ഇങ്ങനെ ചെയ്ത ശേഷം ഉപയോഗിച്ചാല്‍ വിഷം പോകുമെന്നും കാന്‍സര്‍ ഉണ്ടാക്കില്ലെന്നുമൊക്കെയാണു പ്രചാരണം. സോപ്പുപൊടികൊണ്ട് ഒരിക്കലും വിഷം നിര്‍വീര്യമാകില്ലെന്നു കേരള കാര്‍ഷികസര്‍വകലാശാലയിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജിന്റെ മുന്‍ ഡീനും കളനാശിനി പഠനത്തില്‍ സ്‌പെഷലിസ്റ്റുമായ ഡോ. സി.റ്റി. ഏബ്രഹാം പറഞ്ഞു. സോപ്പുപൊടിയില്‍ ഉപയോഗിക്കുന്ന രാസഘടകങ്ങള്‍ പച്ചക്കറിയില്‍ പറ്റിപ്പിടിക്കും. പരുപരുത്ത പ്രതലമുള്ള പാവയ്ക്ക പോലുള്ള പച്ചക്കറികളില്‍ നിന്ന് ഇവ പോകണമെങ്കില്‍ പല ആവൃത്തി കഴുകേണ്ടി വരും. ഇങ്ങനെ ചെയ്താലും സോപ്പിലെ രാസഘടകങ്ങള്‍ പച്ചക്കറിയില്‍ നിന്നു പൂര്‍ണമായും മാറണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പച്ചക്കറികളിലെ വിഷം നിര്‍വീര്യമാക്കാന്‍ ഭക്ഷ്യയോഗ്യമായിട്ടുള്ള താരതമ്യേന ചെലവു കുറഞ്ഞ വസ്തുക്കള്‍ തന്നെയുള്ളപ്പോള്‍ എന്തിനു രാസഘടകങ്ങള്‍ അടങ്ങിയ സോപ്പുപൊടിയിലേക്കു തിരിയണമെന്ന് കേരളകാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ് ഡീന്‍ ഡോ. സി. നാരായണന്‍ കുട്ടി ചേദിച്ചു. പുളിവെള്ളം, വിന്നാഗിരി പത്തു മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കുന്ന ലായനി, ഉപ്പുവെള്ളം, കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ചടുത്ത പുളി അടിസ്ഥാനമായ വെജി വാഷ് എന്നിവയെല്ലാം ഉപയോഗിച്ച് പച്ചക്കറി കഴുകിയാല്‍ വിഷ ഭീഷണി ഇല്ലാതാക്കാം. വെജിവാഷ് സാങ്കേതികവിദ്യ നിരവധി സ്വകാര്യകമ്പനികള്‍ക്ക് സര്‍വകലാശാല നല്‍കിയിട്ടുണ്ട്. ഇവര്‍ ഈ ഉത്പന്നം പുറത്തിറക്കുന്നുമുണ്ട്. ഇതൊക്കെ മനുഷ്യശരീരത്തിനുള്ളില്‍ച്ചെന്നാലും കുഴപ്പമില്ലാത്തവയാണ്.


സോപ്പുപൊടിയില്‍ ശരീരത്തിനു ഹാനികരമായ ധാരാളം രാസഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അവ പച്ചക്കറിയില്‍ പിടിച്ചാല്‍ അതുപോകാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സോപ്പ് വയറ്റില്‍ പോയാല്‍ ഗാസ്ട്രിറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ദഹനേന്ദ്രിയത്തില്‍ ഉണ്ടാകുമെന്ന് ആലപ്പുഴ മെഡിക്കല്‍കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു. തുടര്‍ച്ചയായ രാസവസ്തു പ്രവാഹം മൂലം ആമാശയത്തില്‍ വിള്ളല്‍ വീഴുന്ന അവസ്ഥയാണിത്. ഇതുമൂലം ഭക്ഷണപദാര്‍ഥങ്ങളിലെ ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് കുറയും. ഛര്‍ദ്ദി, വയറിളക്കം, മലമൂത്ര വിസര്‍ജനത്തിലെ തടസങ്ങള്‍ എന്നിവയും ഇതുമൂലം സംഭവിക്കാം. ദിവസങ്ങളെടുക്കും വയറ്റിലെ പ്രശ്‌നങ്ങള്‍ മാറാന്‍. അതിനാല്‍ പച്ചക്കറി കഴുകുന്നതിനു സോപ്പുപൊടി ഉപയോഗിക്കാതിരിക്കുന്നതാണുത്തമം.

ടോം ജോര്‍ജ്