എന്‍ബിപിജിആര്‍ കാക്കുന്നു, സസ്യ പൂര്‍വീകരെ
നമ്മുടെ വെണ്ടയുടെയും മത്തന്റെയുമൊക്കെ മുത്തച്ഛന്‍മാരെയോ മുതുമുത്തച്ഛരെയുമൊക്കെ കാണണോ? ഒന്നു തൃശൂരുവരെ വന്നാല്‍മതി. നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്‌സസില്‍- ഇവിടെ ഒരു പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും സഹശാസ്ത്രജ്ഞരുമുണ്ട്. ഇവരെല്ലാവരും ചേര്‍ന്നു സംരക്ഷിക്കുന്നത് കേരളത്തിലും ദക്ഷിണേന്ത്യയിലുമൊക്കെ വളര്‍ന്നിരുന്ന, നമ്മുടെയൊക്കെ ഓര്‍മയില്‍ നിന്നു പോലും മാഞ്ഞു തുടങ്ങിയ പരമ്പരാഗത വിളകള്‍. ആദ്യമൊക്കെ ശാസ്ത്രജ്ഞരുടെ പഠനാവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഈ ജനിതകശേഖരം ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കും ഇവ ലഭ്യമാണെന്നതാണ് പ്രത്യേകത. കേരള കാര്‍ഷിക സര്‍വകലാശാലയുടെ തൃശൂര്‍ വെള്ളാനിക്കരയിലെ ആസ്ഥാനത്തിനടുത്തു തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ബിപിജിആര്‍ പ്രാദേശിക കേന്ദ്രം. കര്‍ഷകര്‍ നേരിട്ടെത്തി ആവശ്യപ്പെട്ടാല്‍ പ്രത്യേക ചാര്‍ജുകള്‍ ഒന്നും കൂടാതെ തന്നെ കൃഷിക്കായി പരമ്പരാഗത ഇനങ്ങളുടെ വിത്തുകള്‍ ഇവിടെ നിന്നു ലഭിക്കും.

കേരളം, തമിഴ്‌നാട്ടിലെ നീലഗിരി, കന്യാകുമാരി, കര്‍ണാടകത്തിന്റെ തീരപ്രദേശങ്ങള്‍, ആന്‍ഡമാന്‍- നിക്കോബാര്‍ ദീപസമൂഹങ്ങള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സസ്യഇനങ്ങളുടെ പൂര്‍വീകരായ വന്യഇനങ്ങള്‍, സസ്യജനിതക സമ്പത്ത് എന്നിവയാണ് ബ്യൂറോയില്‍ സംരക്ഷിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. ജോസഫ് ജോണ്‍ പറയുന്നു. ഇതിനായി ഇദ്ദേഹവും സഹപ്രവര്‍ത്തകരും ചില്ലറ യാത്രകളല്ല നടത്തുന്നത്. 1977-ല്‍ സ്ഥാപിതമായ ബ്യൂറോയില്‍ ഇന്ന് 10,000 പ്രത്യേക സാമ്പിളുകളും അതിലധികം ശേഖരങ്ങളുമുണ്ട്. ബ്യൂറോയ്ക്കു കീഴില്‍ തൃശൂരുള്ള 25 ഏക്കറിലും ഏഴു ഡിഗ്രി സെല്‍ഷ്യസില്‍ ഇവിടത്തെ മീഡിയം ടേം സ്‌റ്റോറേജുകളിലുമെല്ലാം(എംടിഎസ്) പരതിയാല്‍ കണ്ടെത്തുന്നത് ഒരുകാലത്തെ സസ്യലോകത്തിന്റെ ചരിത്രം തന്നെയാണ്. 3000 വിത്തുകള്‍ അടങ്ങുന്ന 50,000 വിത്തുപാക്കറ്റുകള്‍ സൂക്ഷിക്കാന്‍ ശേഷിയുള്ള എംടിഎസില്‍ 20 വര്‍ഷം വരെ അങ്കുരണശേഷി നഷ്ടപ്പെടാതെ വിത്തുകള്‍ സൂക്ഷിക്കാനാകും. എന്നാല്‍ ബ്യൂറോയുടെ ഡല്‍ഹിയിലുള്ള ജീന്‍ ബാങ്കില്‍ മൈനസ് 18 ഡിഗ്രിസെല്‍ഷ്യസില്‍ 100 വര്‍ഷം വരെ വിത്തുകള്‍ സൂക്ഷിക്കാം. ഇതിനെ ലോംഗ് ടേം സ്‌റ്റോറേജ് എന്നാണു പറയുന്നത്. ഒരു വിത്തിനം കണ്ടെത്തി അത് ബ്യൂറോയില്‍ കൊണ്ടുവരുമ്പോള്‍ അതിനെ ശേഖരം അഥവാ കളക്ഷന്‍ എന്നാണ് വിശേഷിപ്പിക്കുക. അത് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തില്‍ ജനിതകശുദ്ധി നഷ്ടപ്പെടാതെ കൃഷിചെയ്ത് പുതിയ വിത്തെടുത്ത് അതിന്റെ 3000 വിത്തുകള്‍ ഡല്‍ഹിയിലും ഇവിടെയും സൂക്ഷിക്കാനായി ലഭിക്കുമ്പോള്‍ അത് ആക്‌സെഷന്‍(പ്രത്യേക സാമ്പിള്‍) ആയി മാറുന്നു.

കര്‍ഷകരേയും കൂട്ടി

കഴിഞ്ഞ ആറു വര്‍ഷമായി കര്‍ഷകരെക്കൂടി പങ്കെടുപ്പിച്ചാണ് ബ്യൂറോയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. കര്‍ഷകര്‍ക്ക് നാടന്‍ ഇനങ്ങള്‍ നല്‍കി കൃഷി ചെയ്യിപ്പിച്ച് വിത്തുകള്‍ മറ്റുകര്‍ഷകര്‍ക്ക് കൈമാറ്റം ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നത്. കൃഷിയിടങ്ങളില്‍ ജനിതകശേഖരം സംരക്ഷിക്കുന്ന ഓണ്‍ ഫാം കണ്‍സര്‍വേഷന്‍ രീതിയാണ് മറ്റൊന്ന്. ലാബില്‍ സൂക്ഷിക്കുന്ന വിത്തുകള്‍ക്ക് ഇപ്പോഴത്തെ കാലാവസ്ഥയുമായി ചേര്‍ന്നു പോകാനുള്ള സഹനശീലം ഉണ്ടാകില്ല. ഇതു വര്‍ധിപ്പിക്കാനാണ് ഓണ്‍ ഫാം കണ്‍സര്‍വേഷന്‍ രീതി പ്രാവര്‍ത്തികമാക്കുന്നത്. സ്വയം മുന്നോട്ടുവരുന്നവര്‍ക്ക് വിളകള്‍ സൗജന്യമായി കൃഷി ചെയ്യാന്‍ നല്‍കും. എന്നാല്‍ പ്രത്യേക ധനസഹായമൊന്നും കൃഷിക്കനുവദിക്കില്ല. പരമ്പരാഗതമല്ലാത്ത അലങ്കാരപ്പന പോലുള്ള സസ്യങ്ങള്‍ ചെറിയ ചാര്‍ജ് ഈടാക്കി ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നുമുണ്ടിവിടെ. സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ഓരോ 12 വര്‍ഷം കഴിയുമ്പോഴും കൃഷിചെയ്ത് പുതിയവിത്തുകളും ബ്യൂറോ ഉത്പാദിപ്പിക്കുന്നു. പച്ചക്കറികള്‍, നെല്ല്, ചെറുധാന്യങ്ങള്‍, മുതിരയുടെ 2800 ഇനങ്ങള്‍, എള്ള്, വെണ്ട, പാവല്‍, മത്തന്‍, കുമ്പളം, കണിവെള്ളരി, സലാഡ് കുക്കുംബര്‍, അച്ചിങ്ങ, പയര്‍, ചീര എന്നിവയുടെയെല്ലാം മുതുമുത്തച്ഛന്‍മാരും സമകാലീനരുമെല്ലാം തോട്ടങ്ങളില്‍ കാറ്റത്ത് ആടിപ്പാടി വളരുന്നു. പൊട്ടുവെള്ളരിയുടെ 20 ഇനങ്ങള്‍, ഉഴുന്ന്, പടവലം, ചെറുപയര്‍, വന്‍പയര്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനായി നല്‍കും. എന്നാല്‍ വിദേശത്തേക്കു കൊണ്ടുപോകാനോ, വ്യാവസായിക നഴ്‌സറി ഉത്പാദകര്‍ക്കോ ഇവ നല്‍കില്ല. പരമ്പരാഗത മാവിനങ്ങള്‍ ഉള്ളവര്‍ ബന്ധപ്പെട്ടാല്‍ ഇവയുടെ പത്ത് കമ്പുകളെടുത്ത് ബഡ്ഡുചെയ്ത് ഓരോ പഞ്ചായത്തിലുമുള്ള ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് മൂന്നെണ്ണം വീതവും ഒന്ന് തന്ന കര്‍ഷകനും പിന്നീടു ള്ളതു ബാംഗളൂര്‍ ഐഐഎച്ച്ആറി നും നല്‍കും. സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്നുള്ള പുറംപോക്കുകൃഷിക്കും ഇവ നല്‍കുന്നുണ്ട്.

പ്ലാസ്റ്റിക്ക് പ്ലേറ്റിനു പകരം ഉപയോഗിക്കാവുന്ന ഭീമന്‍വട്ടയിലയുടെ ചെടികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൃഷിക്കായി നല്‍കുന്നുണ്ടിവിടെ. പയറിനങ്ങളുടെ 150 ഇനങ്ങളും കൃഷിക്കായി ലഭ്യമാണ്. ഊരാളി മത്തന്‍ ഉള്‍പ്പെടെയുള്ള വെള്ളരി ഇനങ്ങള്‍, അടതാപ്പ്, ഫ്രാ എന്ന പീച്ചില്‍, രാമ്ദ്‌രേ ചതുരപ്പീച്ചില്‍, മാറാമ്പ് ചേമ്പ്, വിവിധതരം വഴുതനകള്‍ എന്നിവയെല്ലാം ബ്യൂറോയുടെ 25 ഏക്കറിലെ സജീവ സാന്നിധ്യമാണ്. കരോട്ടിനോയ്ഡുകള്‍ കൂടുതലുള്ള, വിളവെടുത്തു മൂന്നു മാസം വരെ കേടാകാതിരിക്കുന്ന കരോട്ടിന്‍ റിച്ച് കുക്കുംബര്‍, മിസോറം, ത്രിപുര എന്നിവിടങ്ങളില്‍ കാണുന്നതാണ്. അതും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

സംരക്ഷിക്കപ്പെടുന്ന 1400-ല്‍ അധികം വെണ്ടയിനങ്ങളില്‍ ജെഡിയു-174 ആണ് നാവില്‍ രുചിയുടെ ഓര്‍മകള്‍ അവശേഷിപ്പിക്കുന്ന ഇനം. പശ്ചിമഘട്ടത്തിലെ വന്യഇനങ്ങളില്‍പ്പെടുന്ന നാലിനം കുക്കുംബറാണ് വിഐപികള്‍. ഗാക്ക്, ഗന്റോല, എരുമപ്പാവല്‍, പോത്തുപാവല്‍ തുടങ്ങി നിരവധി പാവല്‍ ഇനങ്ങള്‍. ഇതില്‍ ഗാക്കും, ഗന്റോലയുമെല്ലാം കയ്പ്പില്ലാത്ത രുചിയേറെയുള്ള പാവല്‍ ഇനങ്ങളാണ്. ഇവയുടെ ഔഷധമേന്മയാണ് എടുത്തു പറയത്തക്ക മറ്റൊരു ഗുണം. ആഫ്രിക്കന്‍ ക്വിവാനോ എന്നയിനം പടവലം ടേബിള്‍വെയ്റ്റായി ഉപയോഗിക്കാവുന്നവയാണ്. കാട്ടുകാച്ചിലിന്റെ 64 ഇനങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നു. കുടംപുളിയുടെയും കുരുമുളകിന്റെയും ഒരു വലിയശേഖരമുണ്ടിവിടെ. ഇതില്‍ മഴയ്ക്കുമുമ്പ് വിളവെടുക്കാന്‍ സാധിക്കുന്ന കുടംപുളിയാണു താരം. നമ്മള്‍ ആനയ്ക്കു കൊടുക്കുന്ന പന തന്നെ പൊക്കം കുറഞ്ഞയിനം ഇവിടെ സംരക്ഷിക്കപ്പെടുന്നു. ബര്‍മീസ് ഫിഷ് ടെയില്‍ എന്നാണ് ഇതിന്റെ പേര്. ഒരു ഇലക്ട്രിക് പോസ്റ്റിന്റെ അത്രപോലും പൊക്കം വരാത്ത ഈ ഇനം ആനയ്ക്കു തീറ്റയായി നല്‍കാന്‍ ഉത്തമമാണ്. ചുവട്ടില്‍ നിന്ന് തൈവളരുന്നതിനാല്‍ പുതിയവ വളര്‍ത്താനും എളുപ്പമാണ്.


പുറത്തു മുള്ളുള്ള ഇനം കാട്ടുകാച്ചിലാണ് ആന്‍ഡമാനില്‍ നിന്നെത്തിച്ചവയില്‍ പ്രധാനി. പന്നി കടിക്കില്ലെന്നതാണിതിന്റെ പ്രത്യേകത. കുമാരിപത്രം എന്ന കയ്പ്പില്ലാത്ത കറ്റാര്‍വാഴ, നിക്കോബാര്‍ ചേമ്പ്, അലങ്കാരച്ചെടിയായ കാവളം, തടി ഇടിച്ച് കറിയിലിടാനുപയോഗിക്കുന്ന ആന്‍ഡമാന്‍ വുഡ്‌പെപ്പറായ ചോയ്ജാല്‍, നീളം വളരെക്കൂടിയ ജാഫ്‌ന മുരിങ്ങ, മധുരളൂവി, നാരകം, നിക്കോബാര്‍ ഓറഞ്ച്, വെളിച്ചെണ്ണയിലിട്ട് വെയിലത്തുവച്ചശേഷം ഉപ്പൂറ്റിയില്‍ തേച്ചാല്‍ വിണ്ടുകീറല്‍ മാറ്റുന്ന ബാള്‍സം ആപ്പിള്‍, ഇലക്കറിയായി ഉപയോഗിക്കുന്ന കുരുമുളക്, ചോറുണ്ണാന്‍ ഇലയായി ഉപയോഗിക്കുന്ന ഇലവാഴ, പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഇലക്കറിയായി ഉപയോഗിക്കുന്ന ചുരുളി, റിച്ച് മെന്‍ സലാഡ്, പയ്യൂം എന്ന മങ്കോസ്റ്റീനു പകരമുള്ള നിക്കോബാറി പഴം തുടങ്ങി 25 ഏക്കറിലേക്കിറങ്ങിയാല്‍ കണ്ണെടുക്കാതെ നോക്കിയാല്‍ തീരാത്ത ഇനവൈവിധ്യമാണ് ബ്യൂ റോ ഒരുക്കുന്നത്. ഉരച്ച് കൂവപ്പൊടിപോലെ ഉണക്കി ഉപയോഗിക്കാവുന്ന ഫിജി ആരോറൂട്ട് വയറ്റിലെ അസുഖങ്ങള്‍ക്ക് നല്ലതാണെന്ന് ഇതു ചൂണ്ടിക്കാട്ടി ഡോ. ജോസഫ് ജോണ്‍ പറഞ്ഞു. നമുക്ക് ജാതി ബഡ്ഡുചെയ്യുമ്പോള്‍ റൂട്ട്‌സ്‌റ്റോക്കായി ഉപയോഗിക്കാവുന്നതാണ് ആന്‍ഡമാനില്‍ നിന്നെത്തിച്ച കാട്ടുജാതി. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന പോതാണ്ടന്‍ നെല്ലുള്‍പ്പെടെ ജനിതകശേഖരത്തിലെ അപൂര്‍വതകള്‍ അനവധി. അടുത്തത് ആന്‍ഡമനില്‍ കപ്പലടുക്കാതെ ക്ഷാമം വരുമ്പോള്‍ ഇവിടത്തെ ജനങ്ങള്‍ ഉപയോഗിക്കുന്ന ചേമ്പിനങ്ങളുടെ നീണ്ട നിരയായിരുന്നു. വള്ളി വെട്ടിയാല്‍ മഞ്ഞക്കളറുള്ള ആയൂര്‍വേദ ഔഷധക്കൂട്ടിലെ പ്രധാനിയായ മരമഞ്ഞളാണ് ഇതിനു സമീപത്തു നില്‍ക്കുന്നത്.

കൊക്കം തോട്ടവും പുളിയും

നല്ല പൂഴിമണലുള്ള കൃഷിയിടങ്ങള്‍ക്ക് അതിരു തീര്‍ക്കുന്നത് കൊക്കം എന്ന പുളിയിനത്തില്‍പ്പെട്ട പഴവര്‍ഗത്തിന്റെ തോട്ടമാണ്. ഇവിടെ 70 ഇനം കുടംപുളി വൃക്ഷങ്ങളും 210 ഇനം പ്ലാവും വളരുന്നു. വയറ്റിലെ അസുഖങ്ങള്‍ക്ക് ഔഷധമാണ് കൊ ക്കം. ഇത് ജ്യൂസുണ്ടാക്കിയും സ്‌ക്വാഷാക്കിയും ഉപയോഗിക്കാം. വെറുതേ കഴിക്കാനും ബഹുകേമം. മീന്‍കറിയില്‍ പുളിക്കുപകരം ഇതിന്റെ തൊണ്ട് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. പഴമുണ്ടാകുന്ന സമയത്ത് മരങ്ങള്‍ മൊത്തവിലയ്ക്ക് വിളവെടുക്കാനായി നല്‍കുന്ന രീതിയാണ് പിന്‍തുടരുന്നത്.

നാട്ടുമാവുകളും മാവു നടത്തവും

നാടന്‍മാവുകള്‍ വളര്‍ന്ന് കായ്ച്ചിരിക്കുകയാണ് ഒരു പ്രദേശം മുഴുവന്‍. കാട്ടുപ്ലാവ്, കുരങ്ങുപ്ലാവ് തുടങ്ങി കേരളത്തില്‍ അപൂര്‍വമായി കാണുന്ന മാവിനങ്ങള്‍ നിറയെ കായ്ക്കുന്നിവിടെ. ഇങ്ങനെ കായ്ച മാങ്ങ പഴുത്ത് താഴെ വീഴുമ്പോള്‍ മാവു നടത്തത്തിനായി തോട്ടം തുറക്കുകയായി. ബുക്കുചെയ്തിട്ടുള്ള പൊതുജനങ്ങള്‍ക്ക് ഈ സമയം തോട്ടത്തില്‍ കയറി, വീണുകിടക്കുന്ന മാമ്പഴങ്ങള്‍ ഭക്ഷിക്കാം. ഭക്ഷിക്കുന്ന മാമ്പഴത്തിന്റെ വിത്തു കൊണ്ടുപോയി സ്വന്തം വീട്ടില്‍ കിളിര്‍പ്പിക്കുകയുമാകാം. മാവുനടത്തത്തിനു വലിയ ജനപ്രീതിയാണ് കൈവന്നിരിക്കുന്നതെന്നും ഇത്തവണ നിരവധിപേര്‍ മുന്‍കൂട്ടി ബുക്കുചെയ്തിട്ടുണ്ടെന്നും ഡോ. ജോസഫ് ജോണ്‍ പറയുന്നു.

വിശ്വംഭന്‍, ബെന്നി മാത്യു മാവുകള്‍

ഇത് വിശ്വംഭരന്‍മാവ്, ഇത് ബെന്നിമാത്യു മാവ്- വിളകള്‍ കണ്ടുകൊണ്ടുള്ള നടത്തത്തിനിടയില്‍ ഡോ. ജോസഫ് പറഞ്ഞു. അങ്ങനെയുള്ള ഇനങ്ങളുണ്ടോ? കേട്ടിട്ടില്ല കെട്ടോ എന്നു പറഞ്ഞ എന്നോട് മറുപടിയായി ഡോ. ജോസഫ് പറഞ്ഞു- അങ്ങനെ മാവൊന്നുമില്ല, തങ്ങളുടെ പ്രദേശത്തു മാത്രം കണ്ടുവരുന്ന മാവുകളും മറ്റിനങ്ങളും ജനിതകശേഖരത്തിലേക്കു തരുന്ന കര്‍ഷകരുടെ പേരുതന്നെ ഇവയ്ക്കു നല്‍കുന്നതാണ്.

പഴവര്‍ഗങ്ങളുടെ പറുദീസ

പഴവര്‍ഗങ്ങളുടെ പറുദീസ കൂടിയാണ് ബ്യൂറോയുടെ കൃഷിയിടം. കോക്കം തോട്ടത്തില്‍ വെട്ടി, മൂക്കട്ട, കൊരണ്ടി, പൂച്ച പഴങ്ങള്‍ എല്ലാ വര്‍ഷവും ലഭിക്കും. ചന്ദ്രക്കാരന്‍ പ്ലാവും പശക്കൊട്ട മുള്ളുളൂവി, കഴിക്കുന്ന കൂവളം എന്നിങ്ങനെ കണ്ടാല്‍ തീരാത്ത വൈവിധ്യങ്ങളാണ് ബ്യൂറോ ഒരുക്കുന്നത്. സുനാമി അടിക്കുന്ന തീരപ്രദേശങ്ങളില്‍ നട്ട് തീരത്തെ സംരക്ഷിക്കാന്‍ ശേഷിയുള്ള ലിറ്ററാലിസ് എന്ന കാട്ടുസപ്പോര്‍ട്ടയും ഇവിടെ വളരുന്നു. ചായയില്‍ ഇട്ടുകുടിക്കാന്‍ രുചിക്കൂട്ടൊരുക്കുന്ന നിക്കോബാറി ഇഞ്ചിയും ഇത്തവണത്തെയാത്രയില്‍ കേരളത്തിലെത്തിയ പരമ്പരാഗത നിക്കോബാറി ഇനമാണ്. പരമ്പരാഗത വിളകളെ സ്‌നേഹിക്കുന്നവര്‍ക്കും ഇവയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടെയെത്താം. വിത്തുകളും വിജ്ഞാനവും സ്വന്തമാക്കാം.

ഡോ. ജോസഫ് ജോണ്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്)

ഫോണ്‍: - 94478 89787, 0487-2370499
ഇ-മെയില്‍- [email protected]
വെബ് സൈറ്റ്:www.nbpgr.ernet.in

ടോം ജോര്‍ജ്
ഫോണ്‍: 93495 99023