അനുമതിയില്ലാതെ കൃഷി, ആരുണ്ടിവിടെ ചോദിക്കാന്‍?
കൃഷി ചെയ്യാന്‍ അനുമതിയില്ലാത്ത ജിഎം വിത്തിനങ്ങളുടെ കൃഷി രാജ്യത്തു വ്യാപിക്കുന്നു. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷേത്കാരി സംഘഠന്‍ എന്ന സംഘടനയാണ് കര്‍ഷകരെ സംഘടിപ്പിച്ച് നിയമവിരുധമായി ജി.എം. വിത്തിനങ്ങള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ജൂണ്‍ 10- നു വിത്തു സത്യഗ്രഹം എന്ന പേരില്‍ ആയിരം കര്‍ഷകര്‍ക്കാണ് ജി.എം.(-genetically modified) വിത്തുകള്‍ നല്‍കിയത്. മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ അകോലി ജഹാംഗീര്‍ ഗ്രാമത്തിലാണ്എച്ച്ടിബിടി (herbicide-tolerant Bacillus thuringiensis) പരുത്തിയുടെ വിത്തുകള്‍ ഷേത്കാരി സംഘഠന്‍ നേതാക്കന്മാര്‍ വിതരണം ചെയ്തത്. സമരത്തിന്റെ രണ്ടാം ഘട്ടമായി കഴിഞ്ഞ ജനുവരി അഞ്ചിന് യവത്മാല്‍ ജില്ലയിലെ ഹിവാരി ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത എച്ച്ടിബിടി പരുത്തിയുടെ രണ്ടാം തലമുറവിത്തുകള്‍ കര്‍ഷകര്‍ക്കു നല്‍കിക്കൊണ്ട് സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഷേത്കാരി സംഘഠന്‍. രാജ്യത്ത് കൃഷി ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലാത്ത വിത്തിനമാണ് ജനിതക പരിവര്‍ത്തനം ചെയ്ത എച്ച്ടിബിടി പരുത്തി.

വിത്തു വ്യവസായത്തില്‍ വന്‍നി ക്ഷേപമുള്ള ഒരു അന്താരാഷ്ട്ര നി ക്ഷേപ സ്ഥാപനവും ആഗോള വിത്തു കമ്പനികളുമാണ് ജിഎം വിത്തിനങ്ങളുടെ അനധികൃത കൃഷിക്ക് പിന്തുണ നല്‍കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍ സികള്‍ വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ ക്കാരിന്റെ ഒരു സമിതിയുടെ റിപ്പോര്‍ട്ടുപ്രകാരം 2017 ഖാരിഫ് സീസണില്‍ രാജ്യത്തെ ആകെ പരുത്തി കൃഷിയുടെ 15 ശതമാനവും അനധികൃത എച്ച്ടിബിടി വിത്തിനമായിരുന്നു. ഇപ്പോള്‍ ഇത് 20 ശതമാനം കടന്നിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. ഷേത്കാരി സംഘഠന്‍ പോലുള്ള സംഘടനകളുടെ പിന്‍ബലത്തോടെ പിന്‍വാതിലിലൂടെ കൂടുതല്‍ സ്ഥാനങ്ങളിലേക്ക് ഈ വിത്തിനത്തിന്റെ കൃഷി വ്യാപിപ്പിക്കുകയാണ് അന്താരാഷ്ട്ര വിത്തുകമ്പനികളുടെ ലക്ഷ്യം. അങ്ങനെ മറ്റു രാജ്യങ്ങളില്‍ നേരിടുന്ന തിരിച്ചടി മറികടക്കാമെന്നും ബിസിനസ് വര്‍ധിപ്പിച്ച് ഇന്ത്യന്‍ വിത്തുവിപണി കോര്‍പ്പറേറ്റുകളുടെ പിടിയിലാക്കാമെന്നും ഈ കമ്പനികള്‍ പ്രതീക്ഷിക്കുന്നു. അനധികൃത എച്ചടിബിടി പരുത്തിയുടെ കൃഷി 40 ശതമാനത്തിലേറെ വ്യാപിപ്പിച്ചാല്‍ പരുത്തി വിത്തുത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ വിത്തു കമ്പനികള്‍ തകരും. ഈ അനധികൃത വിത്തിനത്തിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ ബന്ധിതമാകും. എച്ച്ടിബിടി പരുത്തിക്ക് അനുമതി നല്‍കിയില്ലെങ്കില്‍ വിദേശനിക്ഷേപം മറ്റു രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുമെന്ന് ആഗോള നിക്ഷേപക കമ്പനിയുടെ ഭീഷണിയുള്ളതായും മാധ്യമ റി പ്പോര്‍ട്ടുകളുണ്ട്.

ഏതു വിത്തു കൃഷിചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നാണ് ജിഎം വിത്തിനങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരുടെ ന്യായവാദം. എച്ച്ടിബിടി പരുത്തി, മൊറട്ടോറിയം നിലവിലുള്ള ബിടി വഴുതന എന്നിവ വ്യാപകമായി കൃഷിയിറക്കിക്കൊണ്ടാണ് കര്‍ഷകരുടെ സമരം. കേന്ദ്രഗവണ്‍മെന്റ് അനുമതി നല്‍ കാത്ത ജിഎം വിളകളുടെ വിത്തു സംഭരണം, സൂക്ഷിക്കല്‍, വില്‍ പ്പന എന്നിവ നിലവിലെ പരിസ്ഥിതി നിയമപ്രകാരം ഒരു ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം വരെ തടവും കിട്ടാവുന്ന കുറ്റമാണ്. ഇതു ലം ഘിച്ചാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ ജിഎം വിളകള്‍ കൃഷിയിറക്കി സമരം ചെയ്യുന്നത്. നിരോധനം അവസാനിപ്പിച്ച് ജിഎം കൃഷി ചെ യ്യാന്‍ അനുവദിക്കണമെന്നതാണ് കര്‍ ഷകരുടെ ആവശ്യം. സുഗമമായി ബി സിനസ് ചെയ്യാനുള്ള അവസരം കര്‍ ഷകര്‍ക്കു മാത്രം നിഷേധിക്കരുതെന്നും ഇവര്‍ പറയുന്നു. നിയമം ലം ഘിച്ചുള്ള കൃഷി വ്യാപകമായിട്ടും നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. വ്യാജ ജിഎം വിത്തുകള്‍ വില്‍പ്പന നടത്തുന്ന കമ്പനികള്‍ക്ക് ഇത് ചാകരക്കാലമാണ്.

ബിടി വഴുതന, റൗണ്ടപ്പ് എന്ന കളനാശിനിയോടു പ്രതിരോധശേഷിയുള്ള റൗണ്ടപ്പ് റെഡി പരുത്തി, പരുത്തിമൊട്ടു പുഴുവിനെ നശിപ്പിക്കുന്ന ബിടി ജീനും കളനാശിനിയോടുള്ള പ്രതിരോധശേഷിയും കൂടിച്ചേര്‍ത്ത എച്ച്ടിബിടി പരുത്തിയുമാണ് ഇപ്പോള്‍ ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ഇന്ത്യന്‍ കര്‍ഷകരുടെ ഇടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കള്ളക്കടത്തിലൂടെ ഈ ജിഎം വിത്തിനങ്ങള്‍ ഇന്ത്യയിലെ കര്‍ഷകരുടെ ഇടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കീടപ്രതിരോധശേഷിയുള്ള ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് 2013- ല്‍ ബംഗ്ലാദേശ് അനുമതി നല്‍കി. ഇതിനു ശേഷം ബിടി വഴുതനവിത്ത് പശ്ചിമ ബംഗാളിലൂടെ ഇന്ത്യയിലെത്തി രാജ്യമാകെ വ്യാപിച്ചു. മൊറട്ടോറിയം നിലനില്‍ക്കുന്ന ബിടി വഴുതനയുടെ നിയമവിരുധമായ കൃഷി 2017- നു ശേഷം ഉത്തരേന്ത്യയില്‍ വ്യാപകമാണ്. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ കൃഷിചെയ്യുന്ന ബിടി വഴുതന 2010- ല്‍ ഇന്ത്യ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ അതെ ഇനമല്ല. ബിടി വഴുതനയ്ക്കും എച്ചിടിബിടി പരുത്തിക്കും പുറമെ അനുമതിയില്ലാത്ത ജിഎം വെണ്ട, കളനാശിനിയോട് പ്രതിരോധശേഷിയുള്ള സോയാബീന്‍ എന്നിവയുടെ അനധികൃത കൃഷിയും രാജ്യത്തു വ്യാപകമാണ്.

തുടര്‍ച്ചയായി റൗണ്ടപ്പ് തളിച്ചതിനു ശേഷം അജ്ഞാതമായ വൃക്കരോ ഗത്തെ തുടര്‍ന്ന് അരിസോണയിലെ സ്‌കൂള്‍ മൈതാനം കാവല്‍ക്കാരന്‍ ഡെയ്ന്‍ ലീ ജോണ്‍സണ് ബെയര്‍ കമ്പനി 289 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കലിഫോര്‍ണിയ കോടതി 2018 ഓഗസ്റ്റില്‍ വിധിച്ചിരുന്നു. റൗണ്ടപ്പിലടങ്ങിയിരിക്കുന്ന ഗ്ലൈഫോസേറ്റ് മനുഷ്യര്‍ക്കു ഹാനികരമാണെന്ന വസ്തുത കമ്പനി പൊതുജനങ്ങളില്‍ നിന്നും ബോധപൂര്‍വം മറച്ചുവച്ചെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. നിയമപരമായ കാരണങ്ങളാല്‍ കോടതി ഈ നഷ്ടപരിഹാരം പിന്നീട് 78 ദശലക്ഷം ഡോളറായി കുറച്ചു. 2019 ജനുവരി ആദ്യം രണ്ടാമതൊരു കേസില്‍ കോടതി 80 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം വിധിച്ചു. 2019 മേയ് മാസം മൂന്നാമതൊരു കേസില്‍ ദമ്പതികള്‍ക്ക് 200 കോടി ഡോളറാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മൊണ്‍സാന്റോയെ ഏറ്റെടുത്ത യൂറോപ്യന്‍ കമ്പനിയായ ബെയറിന്റെ സാമ്പത്തികാടിത്തറയെ പോലും തകര്‍ക്കുംവിധമാണ് കോടതികളില്‍ റൗണ്ടപ്പ് കളനാശിനിക്കെതിരേയുള്ള വ്യവഹാരങ്ങള്‍ പെരുകുന്നത്. 2016- ല്‍ മൊണ്‍സാന്റൊയെ ഏറ്റെടുക്കാന്‍ ബെയര്‍ തീരുമാനിക്കുമ്പോള്‍ റൗണ്ടപ്പ് കേസുകളുടെ എ ണ്ണം വെറും 120 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ കോടതികളില്‍ മാത്രം റൗണ്ടപ്പിനെതിരേ നഷ്പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 18,000 ത്തിലേറെ കേസുകളുണ്ട്.

ഇന്ത്യയില്‍ ജനിതക പരിവര്‍ ത്തനം വരുത്തിയ വിളകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നത് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള ജനറ്റിക് എന്‍ജിനിയറിംഗ് അപ്രൈസല്‍ കമ്മിറ്റിയാണ്(ജിഇഎസി). ലോകത്തിലെ ഏറ്റവും കുത്തഴിഞ്ഞ പ്രവര്‍ത്തന സംവിധാനമാണ് ഈ കമ്മിറ്റിയുടേത്. ജിഇഎസിയുടെ അനുമതിയില്ലാതെ അനധികൃത ജിഎം വിത്തുകളുടെ കൃഷി രാജ്യത്ത് അതിവേഗം വ്യാപിക്കുന്നത് നിലവിലുള്ള നിയന്ത്രണ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയെ സൂചിപ്പിക്കുന്നു. പരീക്ഷണം പൂര്‍ത്തി യാകാത്തതും കള്ളക്കടത്തിലൂടെ വിദേശത്തു നിന്നുമെത്തുന്നതുമായ ജിഎം വിത്തുകള്‍ കര്‍ഷകരുടെ വയലുകളില്‍ വ്യാപകമാകുന്നതു തടയാന്‍ ഒരു നടപടിയുമില്ല. ഏതെല്ലാം കമ്പനികളാണ് അനുമതിയില്ലാത്ത ജിഎം വിത്തുകള്‍ വില്‍ക്കുന്നതെന്നും ആരുടെ പിന്തുണയാണ് ഇതിനു പി ന്നിലെന്നും എല്ലാവര്‍ക്കും അറിയാം.

കര്‍ഷകരെ തെറ്റിധരിപ്പിച്ചു കൊണ്ടാണ് രാജ്യത്ത് ജിഎം വിളകള്‍ക്കുവേണ്ടി ഷേത്കാരി സംഘഠനയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം. ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചോ നഷ്ടസാധ്യതകളെക്കുറിച്ചോ സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ബോധവാന്മാരല്ല. ഈ സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത് ജിഎം വിളകളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരും ബഹുരാഷ്ട്ര വിത്തുകമ്പനികളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളവരുമാണ്.നിയന്ത്രണ സംവിധാനങ്ങളെയും പരിസ്ഥിതി നിയമങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടു നടത്തുന്ന ഈ കര്‍ഷക സമരത്തിനു പിന്നില്‍ ഒരു ഗുഢാലക്ഷ്യമേയുള്ളു-അനധികൃത ജിഎം വിളകളുടെ കൃഷി വ്യാപകമാക്കിയതിനു ശേഷം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അതിന് നിയമപരമായ അനുമതി വാങ്ങിയെടുക്കുക. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നി സംഗതയും പുതിയ സാങ്കേതിക വിദ്യകള്‍ യഥാസമയം കര്‍ഷകര്‍ക്കു നല്‍ കുന്നതിലുള്ള പൊതുമേഖലാ കാ ര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ പരാജയവും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിനു പിന്നിലുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ തടസമില്ലാതെ വേണമെന്ന കര്‍ഷകരുടെ ആവശ്യം ന്യായമാണ്. പക്ഷെ അത് വിത്തിന്റെ കള്ളക്കടത്തിലൂടെയും നിയമവിരുധമാര്‍ഗങ്ങളിലൂടെയുമായിരിക്കരുത് നേടിയെയുക്കുന്നത്.

ഗുജറാത്ത്: അനധികൃത വിത്തിന്റെ ഉത്ഭവകേന്ദ്രം

റൗണ്ടപ്പ് എന്ന കളനാശിനിയോട് പ്രതിരോധ ശേഷിയുള്ള എച്ച്ടിബിടി പരുത്തിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഗുജറാത്താണ് അനധികൃത വിത്തിന്റെ ഉത്ഭവ കേന്ദ്രം. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പരുത്തിക്കൃഷിയുടെ 20 ശതമാനത്തോളം എച്ച്ടിബിടി വിത്തിനമാണ്. പഞ്ചാബില്‍ ഇത് 15 ശതമാനത്തോളം വരും. റൗണ്ടപ്പ് എന്ന കളനാശിനി തളിച്ചാല്‍ ഈ ഇനത്തിന്റെ പരുത്തിച്ചെടിക്ക് ദോഷമൊന്നുമുണ്ടാകില്ല. അതേ സമയം കളകള്‍ കരിഞ്ഞു നശിക്കും. തൊഴിലാളികളെ വച്ച് കള നീക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏക്കറിന് 10,000 രൂപ കൃഷിച്ചെലവില്‍ ലാഭിക്കാമെന്നതാണ് കര്‍ഷകരെ എച്ച്ടിബിടി പരുത്തിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. 'അഗ്രോ ബാക്ടീരിയം ടൂമിഫേസിയന്‍സ്'എന്ന ബാക്ടീരിയയില്‍ നിന്നു വേര്‍തിരിച്ചെടുത്ത സിഡി-4 ഇപിഎസ്പിഎസ് എന്ന ജീനാണ് കളനാശിനിയോടുള്ള പ്രതിരോധശേഷി പകരാന്‍ ജനറ്റിക്ക് എന്‍ജിനിയറിംഗിലൂടെ ഈ ഇനം പരുത്തിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. ഈ വിത്തു വ്യാപിപ്പിച്ചാല്‍ കളനാശിനി പ്രയോഗം തുടരാം. പക്ഷെ റൗണ്ടപ്പ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളോ?

നിയമങ്ങളുടെ നഗ്നലംഘനം

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം, 1989 ലെ അതിന്റെ ചട്ടങ്ങള്‍, 1966 ലെ വിത്തു നിയമം, 1983 ലെ സീഡ് കണ്‍ട്രോള്‍ ഓര്‍ഡര്‍, സസ്യഇനങ്ങളുടെയും കര്‍ഷകരുടെ അവകാശങ്ങളുടെയും സംരക്ഷണം സംബന്ധിച്ച 2001 ലെ പിപിവി & എഫ്ആര്‍ ആക്ട്, കസ്റ്റംസ് ആക്ട് തുടങ്ങിയ നിയമങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് കര്‍ഷകരുടെ സമരം. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയാറാക്കിയിരിക്കുന്ന 2019- ലെ കരടു വിത്തുനിയമവും പരിസ്ഥിതി നിയമവും ലംഘിച്ചുകൊണ്ടുള്ള ജിഎം വിത്തിനങ്ങളുടെ കൃഷി നിരോധിച്ചിട്ടുണ്ട്.

2002- ല്‍ പുറത്തിറക്കിയ ബിടി പരുത്തി മാത്രമാണ് ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് അനുമതിയുള്ള ഏക ജിഎം വിള. ബിടി വഴുതന പുറത്തിറക്കുന്നതിനുള്ള അന്തിമഘട്ടത്തില്‍ എത്തിയിരുന്നുവെങ്കിലും 2010 ഫെബ്രുവരിയില്‍ അന്നത്തെ വനം- പരിസ്ഥതി വകുപ്പു മന്ത്രി ജയറാം രമേഷ് അനിശ്ചിതകാല മൊറട്ടോറിയം പ്രഖ്യാപിച്ചു. വഴുതനയുടെ ഉത്ഭവകേന്ദ്രങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ ബിടി വഴുതനയുടെ വ്യാപകമായ കൃഷി ജൈവവൈവിധ്യത്തെ തകര്‍ക്കുമെന്നതായിരുന്നു മൊറട്ടോറിയം പ്രഖ്യാപിക്കാനുണ്ടായ പ്രധാനകാരണം. മൂവായിരത്തോളം നാടന്‍ വഴുതന ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. ബിടി വഴുതന മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല എന്ന് സംശയകരമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതും മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ധാരാ മസ്റ്റാര്‍ഡ് ഹൈ ബ്രീഡ് (ഡിഎംഎച്ച്-11) എന്ന ജിഎം കടുക് 2016-ല്‍ വാണിജ്യ കൃഷിയുടെ തൊട്ടടുത്ത് എത്തിയിരുന്നു. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്ന് ഇതും പുറത്തിറങ്ങിയില്ല.

റൗണ്ടപ്പും ഗൈഫോസേറ്റും പിന്നെ കാന്‍സറും

ലോകത്തും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കളനാശിനിയാണ് ബഹുരാഷ്ട്ര കുത്തകയായ ബെയറിന്റെ സബ്‌സിഡിയറിയായ മൊ ണ്‍സാന്റോയ്ക്ക് പേറ്റന്റ് അവകാശമുള്ള റൗണ്ടപ്പ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന രാസവസ്തു 'നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ' എന്ന രക്താര്‍ബുര്‍ദത്തിന് കാരണമാകുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റര്‍ നാഷണല്‍ ഏജന്‍സി ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് (ഐഎസിആര്‍) 2015 ല്‍ ആയിരത്തോളം സ്വതന്ത്രപഠനങ്ങള്‍ പരിശോധിച്ച ശേഷം ഗ്ലൈഫോസേറ്റ് മനുഷ്യരില്‍ അര്‍ബുദത്തിനു കാരണമായേക്കുമെന്ന് വിലയിരുത്തി. ഇതിനെ തുടര്‍ന്ന് 20 ഓളം രാജ്യങ്ങള്‍ ഗ്ലൈഫോസേറ്റ് നിരോധിക്കുകയോ നിയന്ത്രണമേര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ശ്രീലങ്കയില്‍ റൗണ്ടപ്പ് കൂടുതലായി തളിച്ച മേഖലകളില്‍ അജ്ഞാതമായ വൃക്കരോഗത്തെ തുടര്‍ന്ന് 25,000ത്തോളം പേര്‍ മരിച്ചു. റൗണ്ടപ്പാണ് ഈ രോഗത്തിന് കാരണമെന്ന് ശരത് ജയതിലകെ, ചണജയസുമാന എന്നീ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ബംഗ്ലാദേശാണ് റൗണ്ടപ്പിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ പോകുന്ന ഏറ്റവും ഒടുവിലത്തെ രാജ്യം. റൗണ്ടപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനുള്ള പദ്ധതി ആറുമാസത്തിനകം സമയബന്ധിതമായി നടപ്പാക്കണമെന്ന് ജനുവരി ആദ്യം ബംഗ്ലാദേശ് ഹൈക്കോടതി ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചു.

റൗണ്ടപ്പ് കേസുകള്‍ കാരണം ബെയറിന്റെ ഓഹരിയില്‍ ഇടക്കാലത്ത് വന്‍ ഇടിവുണ്ടായിരുന്നു. വിദേശങ്ങളിലുണ്ടായ ഈ നഷ്ടം ഇന്ത്യന്‍ വിപണിയില്‍ നിന്നും നികത്തിയെടുക്കാനുള്ള തന്ത്രമാണ് കര്‍ഷകരെ മുന്നില്‍ നിര്‍ത്തി സത്യഗ്രഹം എന്ന പേരില്‍ നടത്തുന്ന സമരം. ഇന്ത്യയില്‍ കളനാശിനികളോട് പ്രതിരോധശേഷിയുള്ള ജിഎം വിത്തിനങ്ങളുടെ കൃഷി അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പല വിദഗ്ധ സമിതികളും ശിപാര്‍ശ ചെയ്തിട്ടുണ്ട്. 2013- ല്‍ സുപ്രീം കോടതി നിയോഗിച്ച ഒരു സാങ്കേതിക വിദഗ്ധ സമിതിയും ഈ വിത്തിനങ്ങള്‍ നിരോധിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഈ വിളകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കര്‍ഷകര്‍ക്ക് പിന്‍വാതിലിലൂടെ വിതരണം ചെയ്യുന്ന ഈ വിത്തിനങ്ങളുടെ ശുദ്ധിയും ഫലപ്രാപ്തിയും ഉറപ്പാക്കാനാവില്ല. ഒരു ശാസ്ത്രീയ ശിപാര്‍ശയും പിന്തുടരാതെ സ്വന്തം നിലയ്ക്കാണ് ഈ വിത്തിനങ്ങള്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. ജനിതക ശുദ്ധിയില്ലാത്ത വിത്തിനങ്ങള്‍ കൃഷി ചെയ്താല്‍ കളനാശിനിയേറ്റ് കളകള്‍ക്കൊപ്പം വിളകളും കരിഞ്ഞു പോയേക്കാം. മണ്ണും ജലവും വിഷലിപ്തമാകും. മനുഷ്യന്റെ ആരോഗ്യം തകരും. ഒരു രീതിയിലും നിയന്ത്രിക്കാനാവാത്ത സൂപ്പര്‍ കളകള്‍ ഉരുത്തിരിഞ്ഞു വരും.

ഡോ. ജോസ് ജോസഫ്
ഫോണ്‍: 93871 00 119.