വിഷമുള്ള പച്ചക്കറിക്ക് വിട- നാട്ടുചന്ത, നല്ല ചന്ത
വിഷമുള്ള പച്ചക്കറിക്ക് വിട- നാട്ടുചന്ത, നല്ല ചന്ത
Friday, February 7, 2020 3:10 PM IST
വിഷമുള്ള ഇതരസംസ്ഥാന പച്ചക്കറികള്‍ ഏറെ നാളായി മലയാളിയുടെ സ്വപ്നങ്ങളില്‍ മരണഭീതി വളര്‍ത്തുന്നു. എന്നാല്‍ നാട്ടില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നവയ്ക്ക് വിപണിയുമില്ല. ഈ വിരോധാഭാസങ്ങള്‍ക്ക് പരിഹാരമായാണ് കോട്ടയത്ത് നാട്ടുചന്തകള്‍ രൂപപ്പെട്ടത്. വിപണിയില്‍ ഉണ്ടായ വലിയൊരു മാറ്റത്തിന്റെ കാറ്റായിരുന്നു നാട്ടുചന്തകള്‍. പഴമയുടെയും പെരുമയുടെയും ഒരുമയുടെയും പ്രതീകമായ നാട്ടുചന്തകളെ ഒരു ഗൃഹാതുരതയോടെയാണ് കോട്ടയംകാര്‍ നെഞ്ചിലേറ്റിയത്. കോട്ടയത്ത് 2008 ലാണ് നാട്ടുചന്തയുടെ പുതുരൂപമെന്ന നിലയില്‍ മുണ്ടക്കയം ഫാര്‍മേഴ്‌സ് ഓപ്പണ്‍ മാര്‍ക്കറ്റ് രൂപപ്പെടുന്നത്.

കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവയുടെ ഒത്തൊരുമയിലാണ് ഈ പുതുവിപണന ശൃംഖലയക്ക് തുടക്കമാകുന്നത്. സ്ഥലം കണ്ടെത്തി മുതല്‍മുടക്കുന്നതിന് കൃഷിവകുപ്പും ജനപ്രതിനിധികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കൂട്ടിക്കല്‍, കോരുത്തോട്, മണിമല, കാഞ്ഞിരപ്പള്ളിയിലെ കാളകെട്ടി, ഞള്ളമറ്റം, തമ്പലക്കാട് എന്നിവിടങ്ങളിലും പാറത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിലും ഇത്തരം കര്‍ഷകപക്ഷ വിപണികള്‍ യാഥാര്‍ഥ്യമായി. കാഞ്ഞിരപ്പള്ളിയുടെ 'ആത്മ' കര്‍ഷക ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഗ്രീന്‍ഷോര്‍, കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും സുശക്തമായ കര്‍ഷകവിപണിയാണ് ഒരുക്കിയിട്ടുള്ളത്.

സുതാര്യം - സുശക്തം

ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടുന്ന തരത്തില്‍ വാര്‍ഡുതല കര്‍ഷക സഭകളും, വാര്‍ഡ് കാര്‍ഷിക വികസന സഭകളും ചേര്‍ന്ന് പ്രതിനിധികളെ കണ്ടെത്തി കുടുംബശ്രീ, ജനപ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സുശക്തമായ കമ്മിറ്റികള്‍ രൂപീകരിച്ചായിരുന്നു തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും കൃഷി ഓഫീസര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.

'കാന്താരി മുതല്‍ കറവപ്പശു വരെ'

കുറഞ്ഞ അളവില്‍ ലഭിക്കുന്ന കാന്താരി മുതല്‍ കറവപ്പശുവിനെ വരെ ശരിയായി കൈമാറ്റം ചെയ്യുന്നതിനുള്ള വേദികളായി നാട്ടുചന്തകള്‍. പരസ്യ ലേലസമ്പ്രദായമാണ് സ്വീകരിച്ചത്. വിഷരഹിത വിളകള്‍ തേടിയുള്ള നാട്ടുകാരുടെ വരവു കൂടിയപ്പോള്‍ റീട്ടെയില്‍ കൗണ്ടറുകളും തുറന്നു. പൂര്‍ണമായും സന്നദ്ധ പ്രവര്‍ത്തനമായാണ് ആഴ്ചകളിലെ നാട്ടുചന്തയുടെ സംഘാടനം. പ്രാഥമിക ചെലവുകളിലേക്കുള്ള തുക കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുക്കളുടെ വില്പന വിലയില്‍ നിന്ന് ഈടാക്കുന്നു.

'കൃത്യം - വ്യക്തം'

സമൂഹം മാനിക്കുന്ന കര്‍ഷക സന്നദ്ധ പ്രവര്‍ത്തകരാണ് വിപണി പ്രവര്‍ത്തകരായി വര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇടപാടുകളെല്ലാം കൃത്യവും വ്യക്തവുമാണ്. ഈ ആഴ്ചയിലെ വില്പനയുടെ തുക അടുത്തയാഴ്ച കൃത്യമായും കര്‍ഷകന്റെ കൈകളിലെത്തുന്നു. കച്ചവടക്കാരും ഒത്തൊരുമയുള്ള ഈ കര്‍ഷക കൂട്ടായ്മയുടെ ഒപ്പം ചേരുന്നതിനാല്‍ തുക കൃത്യമായും നല്‍കാന്‍ കഴിയുന്നു.

'വാഴൂരിന്റെ നേരങ്ങാടി'

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2017ല്‍ ബ്ലോക്ക് പരിധിയിലെ വാഴൂര്‍, ചിറക്കടവ്, വെള്ളാവൂര്‍, നെടുങ്കുന്നം, കറുകച്ചാല്‍, കങ്ങഴ എന്നിങ്ങനെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നാട്ടുചന്ത ഒരുക്കി.


വാഴൂരില്‍ തിങ്കളാഴ്ചകളില്‍ ആഴ്ചച്ചന്തയില്‍ തുടങ്ങി കറുകച്ചാലില്‍ ശനിയാഴ്ചയെന്ന തരത്തില്‍ ആഴ്ചയിലെ ആറു ദിവസവും നാട്ടുചന്തകള്‍ പ്രവര്‍ത്തിക്കുന്നതരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേരായി കാര്യങ്ങള്‍ നടക്കുന്ന അങ്ങാടികളുള്ള ഇടം എന്ന നിലയ്ക്ക് നേരങ്ങാടി ബ്ലോക്കായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



'പാമ്പാടിയിലും പാലായിലും ചന്ത'

പാമ്പാടി ബ്ലോക്കിലെ കൂരോപ്പട വിപണി കര്‍ഷക പങ്കാളിത്തത്താല്‍ ശ്രദ്ധേയമാണ്. പാമ്പാടി, അയര്‍ക്കുന്നം, മണര്‍കാട്, തൊട്ടടുത്ത് ചങ്ങനാശേരിയിലെ മാടപ്പള്ളി, എലിക്കുളത്തെ പ്ലാന്‍കോസ്, പൂഞ്ഞാറില്‍ പൂഞ്ഞാര്‍ തെക്കേക്കരയിലെ നാട്ടുചന്ത ഇവയെല്ലാം കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യംകൊണ്ട് സമ്പുഷ്ടമാണ്. എലിക്കുളം ഗ്രാമപഞ്ചായത്തിലെ തളിര്‍ പച്ചക്കറി ഉത്പാദകസംഘം കുരുവിക്കൂട് കേന്ദ്രമാക്കി നടത്തുന്ന എലിക്കുളം നാട്ടുചന്തയുടെ മാതൃക പകര്‍ത്തി പാലാ നഗരസഭയും കഴിഞ്ഞ ഡിസംബറില്‍ കര്‍ഷകപക്ഷ വിപണി യാഥാര്‍ഥ്യമാക്കി.

'ഇക്കോ ഷോപ്പുകളും ആഴ്ചച്ചന്തകളും'

കുടുംബശ്രീയുമായി സഹകരിച്ച് കൃഷിവകുപ്പ് നടത്തുന്ന ആഴ്ചച്ചന്തകളും ഇക്കോ ഷോപ്പുകളും വി.എഫ്.പി.സി.കെ.യുടെ വിപണികളും നാട്ടുചന്തകള്‍ക്കൊപ്പം വിഷരഹിത ഉത്പന്നങ്ങളുടെ ശരിയായ കൈമാറ്റം സാധ്യമാക്കുന്നു. കേരളത്തിലെ ഇക്കോഷോപ്പുകള്‍ക്ക് മാതൃകയായ എലിക്കുളം ഗ്രാമപഞ്ചായത്തിലെ കൂരാലിയില്‍ പ്രവര്‍ത്തിക്കുന്ന 'ഫെയ്‌സ്' കോട്ടയത്തിന്റെ നാട്ടുചന്ത പെരുമയ്ക്ക് മികവ് കൂട്ടുന്നു.

'എല്ലാവരുടെയും ഇടം'

എല്ലാവര്‍ക്കും ഒത്തുകൂടാവുന്ന ഇടം എന്നുള്ള നിലയ്ക്ക് കോട്ടയത്തിന്റെ നാട്ടുചന്തകള്‍ക്ക് കാലികമായ സാംസ്‌കാരിക പ്രസക്തിയുമുണ്ട്. കൃഷിയും ജീവനവും ചര്‍ച്ച ചെയ്യപ്പെടുന്ന നാടിന്റെ ഒത്തൊരുമയുടെ ഉത്തമ ഇടങ്ങളാണ് നാട്ടുചന്തകള്‍.

'ഹരിതമൈത്രിയും സംഘമൈത്രിയും'

കുറുപ്പന്തറ കേന്ദ്രമാക്കി കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമൈത്രി കാര്‍ഷിക വിപണി കോട്ടയത്തിന്റെ നാട്ടുചന്ത ചിന്തകള്‍ക്ക് പൊലിവേകുന്നു. ഹരിതമൈത്രി കേരളമെന്ന നാട്ടുചന്തകളുടെ ഒത്തുചേര്‍ന്നുള്ള സംഘരൂപം ഈ കര്‍ഷകപപക്ഷ വിപണികള്‍ക്ക് പുതുദിശയാണ് പകരുന്നത്. കോട്ടയത്തിന്റെ ഈ കര്‍ഷകപക്ഷ വിപണികള്‍ ശരിയായി നടത്തുന്നതിന് കൃഷിവകുപ്പും ത്രിതല പഞ്ചായത്തുകളും നല്‍കുന്ന പിന്തുണ ചെറുതല്ലാത്തതാണ്. കോട്ടയത്തിന്റെ നേരിന്റെ ഈ വിപണി മാതൃക കേരളമാകെ പടരുന്ന കാലം വിദൂരമല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ.ജെ. കുര്യന്‍ കൊച്ചുപുരയ്ക്കല്‍, വാഴൂര്‍ നേരങ്ങാടി - 9446604961
വി.എസ്. സെബാസ്റ്റ്യന്‍ വെച്ചൂര്‍, പ്രസിഡന്റ് എലിക്കുലം നാട്ടുചന്ത - 9446921635

എ. ജെ. അലക്‌സ് റോയ്
അസി. കൃഷി ഓഫീസര്‍, കൃഷിഭവന്‍, എലിക്കുളം